അക്രമങ്ങള്‍ വേണ്ട ജനാധിപത്യബോധമുണ്ടാകട്ടെ

യൂണിവേഴ്സിറ്റി കോളജിനുമുന്നില്‍ നിന്നു സെക്രട്ടേറിയറ്റ് പടിക്കലേക്ക് വിദ്യാര്‍ഥിനി സമൂഹം പഠിക്കാനുള്ള അവകാശത്തിനായും കാമ്പസിനുള്ളിലെ സ്വാതന്ത്ര്യത്തിനായും പ്രക്ഷോഭജാഥയായി നീങ്ങുന്നതു കണ്ടതിനുശേഷമാണ് ഈ കുറിപ്പെഴുതുന്നത്. കൊടികളുടെ നിറമില്ലാതെ, രാഷ്ട്രീയ സംഘടനകളുടെ പിന്‍ബലമില്ലാതെ, ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒത്തുകൂടി ഭരണസിരാകേന്ദ്രത്തിന്റെ പടിക്കലേയ്ക്കു നീങ്ങി. തല്ലല്ലേ! കൊല്ലല്ലേ! ചാവിന് പാട്ടുകള്‍ മൂളല്ലേ! എന്ന മുദ്രവാക്യത്തിന് ഏതെങ്കിലും പാര്‍ട്ടികളുടെ മുദ്രാവാക്യത്തിന്റെ പിന്തുണയുണ്ടായിരുന്നില്ല. ക്ഷുഭിതരായ ചെറുപ്പക്കാരുടെ സമൂഹത്തെ ആര്‍ക്കാണ് തടയാനാകുന്നത്? കൊടിയില്‍ അക്ഷരങ്ങളായി മാത്രം ഉറങ്ങിക്കിടന്നിരുന്ന സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ വാക്കുകള്‍ പൊടുന്നനെ മുഖത്തുനോക്കി അവയുടെ അര്‍ഥങ്ങളായി സംസാരിക്കുന്നതുകണ്ട് പാര്‍ട്ടിയെ ഉപജീവിച്ചു കഴിഞ്ഞവര്‍ പരിഭ്രാന്തരായി.
കേരളത്തിലെ പ്രസിദ്ധമായ കലാലയങ്ങളിലെ രാഷ്ട്രീയത്തെപ്പറ്റിയും അവയുടെ സമകാലീന സാംഗത്യത്തെപ്പറ്റിയും ഏറെ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. കേരളത്തിലെ കലാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട വിദ്യാര്‍ഥിനി-വിദ്യാര്‍ഥി സംഘടനകള്‍ യഥാര്‍ഥത്തില്‍ അവയുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങള്‍ മാത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നത് നാട്ടില്‍ പാട്ടായ കാര്യമാണ്. മര്ക്കടമുഷ്ടിയിലെ ചുടുചോറുതന്നെ കാര്യം. കൊടികളുടെ നിറം മാറുമ്പോഴും ജനാധിപത്യ വിരുദ്ധത, സ്വാതന്ത്ര്യധ്വംസനം എന്നീ കാര്യങ്ങളില്‍ പ്രകടമായ ഐക്യം തന്നെയാണ് പാര്‍ട്ടികള്‍ തമ്മിലുള്ളത്. അവരവര്‍ക്ക് തിണ്ണമിടുക്കുള്ള സ്ഥലങ്ങളില്‍ ഭിന്നാഭിപ്രായങ്ങളുള്ളവരെ അടിച്ചമര്‍ത്തിയും ഉന്മൂലനം ചെയ്തും മുന്നേറുന്ന ഫാസിസ്റ്റ് പ്രവണത ജനാധിപത്യത്തിനും ഭരണഘടനാമൂല്യങ്ങള്‍ക്കും നിരക്കുന്നതല്ല. ജനാധിപത്യത്തിന്റെ മഹത്തായ ഈ സത്യം എങ്ങനെയാണ് ഇന്ത്യയിലിപ്പോള്‍ കശാപ്പു ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്നത് സമകാലീന രാഷ്ട്രീയ സംഭവങ്ങളില്‍ നിന്ന് വ്യക്തമാണല്ലോ? മറുകണ്ടം ചാടിയും ചാക്കിട്ടുപിടിച്ചും കോടികള്‍ നല്കി പ്രലോഭിപ്പിച്ചും അധികാരത്തിന്റെ പച്ചിലനീട്ടി മോഹിപ്പിച്ചും ജനപ്രതിനിധികളെ തൊഴുത്തുമാറ്റിക്കെട്ടുന്ന കര്‍ണ്ണാടക, ഗോവ നാടകങ്ങള്‍ നമ്മള് കണ്ടുകൊണ്ടിരിക്കുന്നു. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുത്തന്‍ സംഭവമൊന്നുമല്ല. ഒരുകാലത്ത് ശക്തരായിരുന്ന കോണ്‍ഗ്രസ് നടത്തിയ ജനാധിപത്യവിരുദ്ധ നാടകങ്ങള്‍ ഇന്ന് അതിലും ശക്തരായ ബിജെപി ചെയ്യുന്നു, അത്രയേയുള്ളൂ. കൊടുത്താല്‍ കര്‍ണാടകയിലും കിട്ടും. വേണ്ടിവന്നാല്‍ മധ്യപ്രദേശിലും ഗോവയിലും രാജസ്ഥാനിലും കിട്ടും. കര്‍മ്മഫലം തന്നെ.
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സങ്കീര്‍ണമായ നൂലാമാലകള്‍ അറിയില്ലെങ്കിലും അവയെപ്പറ്റി നവീന സാമൂഹ്യമാധ്യമങ്ങളിലൂടെ ചെറുപ്പക്കാരിലേക്കെത്തുന്ന കഥകള്‍ അത്രയ്ക്ക് ശുഭകരമല്ല. കരുത്തും പണവും അധികാരവുമുള്ളവര്‍ക്ക് ഈ നാട്ടില്‍ എന്തുമാകാം എന്ന ചിന്ത ചെറുപ്പക്കാര്‍ക്കിടയില്‍ പ്രബലമാണ്. രാഷ്ട്രീയസ്വാധീനം നമുക്കുണ്ടെങ്കില്‍, കൈക്കരുത്തുണ്ടെങ്കില്‍ എന്തുമാകാം, ആരെയും കൊല്ലാം, ഏതുവമ്പനെയും വെല്ലുവിളിക്കാം, ആക്രമിക്കാം എന്നിങ്ങനെ പോകുന്ന മൂല്യനിരാസത്തിന്റെ പുത്തനാശയങ്ങള്‍ ചെറുപ്പക്കാരില്‍ വേരൂന്നി തിടംവച്ചുകഴിഞ്ഞു. അവര്‍ കാണുന്നത് എന്തെല്ലാമാണ്? കൊലപാതക കേസുകളിലടക്കം പിടിക്കപ്പെടുന്ന പ്രതികള്‍ക്ക് നാട്ടിലെ ജയിലറകളില്‍ എല്ലാവിധ സംരക്ഷണവും കിട്ടുന്നു. പ്രത്യേകിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെ നടക്കുന്ന അക്രമങ്ങളില്‍. ചാവേറുകളാണെങ്കില് വീരപരിവേഷം തന്നെ കിട്ടും, പട്ടും വളയും കിട്ടും. ജാമ്യത്തിലിറങ്ങുമ്പോള്‍ ഹാരാര്പ്പണമുണ്ടാകും. പാര്‍ട്ടികളിലെ വേണ്ടപ്പെട്ടവര്‍ ജയിലിനുമുന്നിലെത്തി സ്വീകരിക്കും. പണം, അധികാരഹുങ്ക് എല്ലാം ആവശ്യത്തിനുണ്ട്. താരപരിവേഷം വേറെ. ചങ്കൂറ്റമുണ്ടായാല്‍ മാത്രം മതി. കോടികള്‍ വാരുന്ന മലയാള സിനിമകളിലെ നായകരും ഇതേ മുഖത്തോടെയെത്തുന്നു. പാവം ചെറുപ്പക്കാര്‍ മോഹിച്ച് വശാകുന്നു. തല്ലാനും കൊല്ലാനും വിരട്ടാനും തയ്യാറായിവരുന്ന ചെറുപ്പക്കാരെ രാഷ്ട്രീയ പാര്‍ട്ടികള്‍, നേതാക്കള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച് പോയി പറഞ്ഞത് ചെയ്തിട്ടുവരൂ എന്ന് യാത്രയാക്കുന്നു. ഞങ്ങള്‍ നോക്കിക്കൊള്ളാമെന്ന് വാഗ്ദാനം! പിന്നെന്തുവേണം? യൂണിവേഴ്സിറ്റി കോളജ് കാമ്പസില്‍ പ്രതിയോഗിയെ കുത്തിയയാള്‍, രണ്ടുമാസംമുന്‍പ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും പ്രതിയാണെന്ന് പത്രവാര്‍ത്തകള്‍. അയാള്‍ ഒളിവിലായിരുന്നെന്ന് പൊലീസ് ഭാഷ്യം ഉള്ളപ്പോഴും ജില്ലയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി പരിപാടികളില്‍ അയാളുടെ സാന്നിധ്യമുണ്ടായിരുന്നു. പത്രങ്ങളുടെ ജാഗ്രതയില്‍ അയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ജാമ്യത്തിലിറങ്ങി. ഇപ്പോഴിതാ വീണ്ടുമൊരു കേസില്‍ പെട്ടിരിക്കുന്നു. വിവിധ സംഘടനകളുടെ രൂപത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഘടകങ്ങള്‍ പല മേഖലയിലുമുള്ളതുകൊണ്ട് പാര്‍ട്ടികള്‍ ചെല്ലും ചെലവും നല്കി പോറ്റുന്ന ചാവേറുകളിലേക്കെത്താന് രാജ്യത്തെ നിയമവ്യവസ്ഥ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. ഇത് ഏറെ സങ്കീര്‍ണമായ, മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള പ്രസ്താവനയല്ല. നാട്ടിലെ കര്‍ഷകര്‍ ആയിരത്തിന്റെയോ പതിനായിരത്തിന്റെയോ കടക്കെണിയില്‍ നട്ടംതിരിഞ്ഞ് ജീവനൊടുക്കുമ്പോള്‍ നീരവ് മോദിയും വിജയ് മല്യയും കോടികളുടെ തട്ടിപ്പുമായി വിദേശത്ത് സുഖവാസം നടത്തുന്നതിന്റെ പിറകിലെ ലളിതമായ യുക്തി തന്നെയാണ് ഇതിനുപിന്നിലും.
കാമ്പസുകളില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ നാട്ടിലെ ചര്‍ച്ച മുഴുവന്‍ കാമ്പസ് രാഷ്ട്രീയ നിരോധനത്തെപ്പറ്റിയാണ്. പാര്‍ട്ടി രാഷ്ട്രീയവും ജനാധിപത്യബോധത്തിലൂന്നിയ സൂക്ഷ്മരാഷ്ട്രീയവും പൗരബോധവും തമ്മിലുള്ള വ്യത്യാസങ്ങളെപ്പറ്റി ആലോചിക്കാതെയുള്ള ചര്‍ച്ചകള്‍ വിഫലമാണ്. ഭരണഘടനയിലൂന്നിയ ജനാധിപത്യബോധമുള്ള, പൗരബോധമുള്ള യുവസമൂഹമെന്ന ക്രിയാത്മകചിന്ത കൂടിച്ചേര്‍ന്നതാണ് ഉന്നത വിദ്യാഭ്യാസദര്‍ശനം. സമൂഹത്തിലെ മൂല്യനിരാസവും ചിന്താദൗര്ബല്യങ്ങളും മനുഷ്യാവകാശധ്വംസനങ്ങളും ജനാധിപത്യവിരുദ്ധതയും കാമ്പസുകളിലേക്കും ഇഴഞ്ഞെത്തിയാലും, അവയെ പ്രതിരോധിക്കുന്ന സൂക്ഷ്മ രാഷ്ട്രീയബോധം ഉന്നത വിദ്യാഭ്യാസം നടക്കുന്ന കാമ്പസുകളില്‍ പരിപോഷിപ്പിക്കപ്പെടേണ്ടതു തന്നെയാണ്. കാമ്പസുകള്‍ പാര്‍ട്ടി രാഷ്ട്രീയത്തിന്റെ കളരികള്‍ മാത്രമായി ചുരുങ്ങിയ കാലത്തും ഈ ദര്‍ശനം പ്രസക്തമായി തുടരുമെന്ന് തിരിച്ചറിയണം.
രാഷ്ട്രീയ-സാമൂഹ്യ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ കുടുംബങ്ങള്‍ എന്ന അടിസ്ഥാന സാമൂഹ്യ യൂണിറ്റുകളിലടക്കം കാണുന്ന ജനാധിപത്യമൂല്യങ്ങളുടെ ധ്വംസനവും നിരാസവും കാമ്പസുകളില്‍ വെല്ലുവിളിക്കപ്പെടണം. കാരണം സ്വാതന്ത്ര്യചിന്തയുടെ, ജനാധിപത്യബോധത്തിന്റെ പഠനക്കളരികളാണ് ഉന്നത വിദ്യാഭ്യാസം നടക്കുന്ന സ്ഥലങ്ങള്‍. തൊഴിലിനെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ മാറുന്ന കാലത്ത്, തൊഴില്‍ നേടാനുള്ള ശേഷിയാര്ജിക്കുന്ന കാര്യം മാത്രമല്ല ഉന്നത വിദ്യാഭ്യാസം.
അക്രമരാഷ്ട്രീയത്തിനെതിരായ, ജീര്‍ണതകള്‍ക്കെതിരായ, ജനാധിപത്യവിരുദ്ധ ആശങ്ങള്ക്കെതിരായ ജാഗ്രതയാണ് ഉന്നത വിദ്യാര്‍ജ്ജനത്തിന്റെ കളരികളില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്. വിദ്യാര്‍ഥിനീ വിദ്യാര്‍ഥികള്‍ പാര്‍ട്ടി രാഷ്ട്രീയത്തിനതീതമായി നടത്തിയ പ്രക്ഷോഭം, അക്രമത്തിനെതിരായി ഒരുമിച്ചുനിന്നത് ആ അര്‍ഥത്തില്‍ ശുഭസൂചന തന്നെ. അവസരം മുതലെടുക്കാന്‍ പതിവുപോലെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പാര്‍ട്ടിക്കാരെ അവഗണിക്കുക. കാരണം ജനാധിപത്യബോധമുള്ള സമൂഹമാണ് എന്നും ഈ നാടിന്റെ ജാഗ്രതയും കരുത്തും.
Related
Related Articles
‘ടു പോപ്സ്’
ഇത്തവണത്തെ ഓസ്കര് പുരസ്കാരത്തിനുള്ള നോമിനേഷനില്‍ ഇടംപിടിച്ച രണ്ടു നടന്മാരാണ് അന്റോണി ഹോപ്കിന്‍സും ജൊനാഥന് പ്രൈസും. രണ്ടുപേരും ‘ടു പോപ്സ്’ എന്ന ചിത്രത്തിലാണ് കിടയറ്റ അഭിനയചാതുരി പ്രദര്‍ശിപ്പിച്ചത്. ഫ്രാന്‍സിസ്
അഴീക്കോട്-മുനമ്പം ജങ്കാര്‍:ചരമവാര്‍ഷികം ആചരിച്ചു
കോട്ടപ്പുറം: ഒരു വര്‍ഷക്കാലമായി നിര്‍ത്തിവച്ച അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. ഇതോടനുബന്ധിച്ച് കെസിവൈഎം കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. എറിയാട്
ബിജെപി എംപി ഭരത്സിംഗിനെതിരെ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ പരാതി
എറണാകുളം: ചരിത്രബോധമില്ലാത്തതും മതഭ്രാന്ത് കലര്‍ന്നതുമായ പ്രസ്താവനകള്‍ നടത്തുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിനു തന്നെ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി കെഎല്‍സിഎ സംസ്ഥാന സമിതിക്കുവേണ്ടി ജനറല്‍ സെക്രട്ടറി അഡ്വ.