അക്ഷരങ്ങളുടെ ആനന്ദം

അക്ഷരങ്ങളുടെ ആനന്ദം

സ്വന്തം ചിന്തകള്‍ മറ്റൊരാള്‍ക്ക് സംവേദനമാകാന്‍ തക്കവിധം പകര്‍ത്തിവെക്കാന്‍ കഴിയുക എന്നത് ദൈവദത്തമായ കല തന്നെയാണ്. എഴുത്തിന്റെ ആനന്ദവും ശക്തിയും മാധുര്യവും ധാരാളം അനുഭവിച്ചിട്ടുള്ള അനുഗൃഹീത പുരോഹിതനാണ് ബിഷപ് ഡോ. അലക്‌സ് വടക്കുംതല. വിശുദ്ധ ഗ്രന്ഥത്തിന്റെ വെളിച്ചത്തില്‍ സ്വന്തം അനുഭവങ്ങളെയും, മറ്റ് എഴുത്തുകാരുടെ രചനകളെയും മുന്‍നിര്‍ത്തി നടത്തുന്ന ഒരു ധ്യാനമാണ് ശാന്തിയേകുന്ന സുവിശേഷങ്ങള്‍ എന്ന ലേഖനസമാഹാരം. 33 ലേഖനങ്ങളാണിതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ബഹളമാനമായ ലോകത്തില്‍ നമ്മെ പൊതിഞ്ഞു നില്‍ക്കുന്ന നിശബ്ദതയെ വെളിപ്പെടുത്തി തരികയാണ് ഈ ലേഖനങ്ങള്‍. തനിക്കു ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെ വ്യത്യസ്ത കോണുകളിലൂടെ അദ്ദേഹം നിരീക്ഷിക്കുന്നു. ആ അടയാളപ്പെടുത്തലുകള്‍ വായനക്കാരന്റെ മനസില്‍ ഗാഢമായി പതിയുന്നു.
എഴുതാന്‍ വേണ്ടിയുള്ള ഗവേഷണങ്ങളല്ല ബിഷപ് അലക്‌സ് നടത്തുന്നത്. അദ്ദേഹത്തിന്റെ എഴുത്താണ് ഗവേഷണങ്ങളിലേക്കു നയിക്കുന്നത്. വിശുദ്ധ ഗ്രന്ഥം തന്നെയാണ് ബിഷപ് അലക്‌സിന്റെ രചനകള്‍ക്ക് ആധാരം. എന്നാല്‍ വിശാലവും ആഴമേറിയതുമായ തന്റെ വായനക്കിടയില്‍ മനസില്‍ കോറിയിട്ട നിരവധി വാചകങ്ങള്‍ എഴുത്തിനെ സമ്പുഷ്ടമാക്കുന്നുണ്ട്. പൂമുഖവാതില്ക്കല്‍ പ്രത്യാശയോടെ എന്ന ആദ്യലേഖനത്തില്‍ സോറെന്‍ കിര്‍ക്കെഗാര്‍ഡിനെയും റിക് വാറനെയും ഉദ്ധരിക്കുമ്പോള്‍ തന്നെ പഴങ്കഥകളുടെ പെട്ടി തുറന്ന് മനോഹരമായ ഒരു കൊച്ചുകഥയും പറയുന്നു. പഴയനിയമത്തില്‍ നിന്നും പുതിയ നിയമത്തില്‍ നിന്നുമുള്ള വാക്യങ്ങള്‍ ചേര്‍ത്തിട്ടുമുണ്ട്. ലേഖനം അവസാനിക്കുന്നതാകട്ടെ വാട്‌സാപില്‍ വന്ന ചില സന്ദേശങ്ങളോടെയാണ്. ആധുനിക ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യങ്ങളായ സാങ്കേതികജ്ഞാനങ്ങളെ എപ്രകാരം സുവിശേഷവത്കരണത്തിന് ഉപയോഗിക്കാമെന്ന് ലളിതമായി സൂചിപ്പിക്കുകയാണ് ലേഖകന്‍. നാവായാലും ഫോണായാലും ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് മറ്റൊരു ലേഖനത്തില്‍ (അന്തോണീസിന്റെയും എന്റെയും നാവ്) പറയുന്നുമുണ്ട്. ജീവിതം ദൈവത്തിന്റെ കൂടെയുള്ള യാത്രയാണെന്ന ഓര്‍മപ്പെടുത്തലാണ് ഈ ലേഖനം. ഇതേ മാതൃക മറ്റു ലേഖനങ്ങളിലും പിന്തുടരുന്നു.
അടുത്ത ലേഖനങ്ങളിലും പ്രസിദ്ധരായ പലരുടെയും ഉദ്ധരണികളും വാക്യങ്ങളുമുണ്ട്-തീര്‍ച്ചയായും ബൈബിളിലേയും. ശാന്തമാകുകെന്‍ മനമേ! എന്ന രണ്ടാമത്തെ ലേഖനത്തില്‍ ബിഷപ് ഇപ്രകാരം കുറിക്കുന്നു: ‘ജീവിതത്തെ തന്നെയും ജീവിതത്തിന്റെ അവസ്ഥകളെയും അംഗീകരിക്കുകയും സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യുക. പ്രണയത്തിലായാലും പ്രശ്‌നത്തിലായായും രോഗം വന്നാലും സൗഖ്യമുണ്ടെങ്കിലും പ്രശാന്തതയോടെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യാനാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം’. ഒരു ഗൃഹനാഥന്‍ ജോലിത്തിരക്ക് കഴിഞ്ഞ് വൈകീട്ട് വീട്ടിലെത്തി പത്രപാരായണത്തില്‍ മുഴുകുമ്പോള്‍ മക്കള്‍ ചുറ്റും വന്ന് അവരുടേതായ രീതിയില്‍ ശല്യപ്പെടുത്തുമ്പോള്‍ അദ്ദേഹമെങ്ങനെ പ്രതികരിക്കുന്നുവെന്ന ഒരു കൊച്ചുകഥയിലൂടെയാണ് ഈ ലേഖനത്തിന്റെ തുടക്കം. പിതാവിന്റെ സമീപത്ത് ശാന്തിയും സമാധാനവും സന്തോഷവും ആഗ്രഹിച്ചാണ് മക്കള്‍ എത്തുന്നത്. ‘അവന് അപ്പച്ചന്റെ മടിയിലിരിക്കണം. നെഞ്ചിലേക്ക് ചാരിക്കിടന്ന് ആ ഹൃദയമിടിപ്പ് കേട്ടുകിടക്കുന്നത് അവന് വലിയ ആനന്ദമാണ് ‘ എന്ന വാചകം പലരെയും തങ്ങളുടെ കുട്ടിക്കാലത്തേക്കും മാതാപിതാക്കന്മാരുടെ സമീപത്തേക്കും കൂട്ടിക്കൊണ്ടുപോകും.
ക്ഷേത്രത്തിലെ സോപാനക്കല്ലും കല്‍വിഗ്രഹവും തമ്മിലുള്ള സംവാദത്തിലൂടെ തുടങ്ങുന്നു സഹനത്തിലൂടെ സൗഭാഗ്യമെന്ന മൂന്നാം ലേഖനം. കുരിശിലൂടെ തന്നെയാണ് സൗഭാഗ്യവും മഹത്വവും. ക്രിസ്തുശിഷ്യന്മാര്‍ പ്രത്യേകം ഓര്‍ക്കേണ്ടത് ഗുരുവിന്റെ ക്ഷണവും ആഹ്വാനവുമാണെന്നും പറഞ്ഞവസാനിപ്പിക്കുന്നു.
കാരുണ്യത്തിന്റെ നക്ഷത്രവിളക്കുകളെന്ന നാലാം ലേഖനത്തില്‍ കാരുണ്യത്തോടൊപ്പം ദൈന്യം എന്ന വിശുദ്ധ അഗസ്റ്റിന്‍ എഴുതിയ യോഹന്നാന്റെ സുവിശേഷ വ്യാഖ്യാനത്തെക്കുറിച്ചാണ് പറഞ്ഞുതുടങ്ങുന്നത്. കാരുണ്യവര്‍ഷത്തിലെ ഫ്രാന്‍സിസ് പാപ്പായുടെ സന്ദേശത്തിലൂടെ കടന്ന്, ‘ കാരുണ്യത്തിന്റെ ഉപകരണങ്ങളാകുക എന്നതാണ് ഇന്ന് ഏറ്റവും കരണീയം. അതു തന്നെയാണ് നമുക്കു മുന്നിലുള്ള വെല്ലുവിളിയും’ എന്ന് ലേഖകന്‍ സമര്‍ഥിക്കുന്നു.
അലസ്സാന്ത്രോയെന്ന കൊലപാതകിയോടു ക്ഷമിക്കുന്ന മരിയ ഗൊരേത്തിയേയും അവളുടെ മാതാവിനെയും കാണിച്ചുതരുന്നു അടുത്ത ലേഖനത്തില്‍. സുവിശേഷ പ്രഘോഷണത്തിനിടെ ഒറീസയില്‍ ചുട്ടെരിക്കപ്പെട്ട ഗ്രഹാം സ്റ്റൈയിന്‍സിന്റെ പ്രിയതമ ഭര്‍ത്താവിന്റെയും മക്കളുടെയും ഘാതകരോട് ക്ഷമിച്ചു. സിസ്റ്റര്‍ റാണി മരിയയുടെ കൊലപാതകിയുടെ കയ്യില്‍ രാഖി കെട്ടിയ റാണി മരിയയുടെ സഹോദരി പറയുന്നു, നീ ഘാതകനല്ല, എന്റെ സഹോദരനാണ്. മലയാറ്റൂര്‍ മലയില്‍ ഫാ. സേവ്യറച്ചനെ കൊലപ്പെടുത്തിയ ജോണിയോട് അച്ചന്റെ പ്രിയ മാതാവ് ത്രേസ്യ ഹൃദയപൂര്‍വം ക്ഷമിച്ചു. കാരുണ്യത്തിന്റെ ഈ നീരുറവകളെല്ലാം ഗാഗുല്‍ത്തായിലെ ശിഖരത്തില്‍ നിന്നൊഴുകിയെത്തിയതായിരുന്നുവെന്ന് ബിഷപ് അലക്‌സ് വടക്കുംതല നമ്മെ ഓര്‍മപ്പെടുത്തുന്നു. അഗസ്റ്റിന്റെയും സേവ്യറിന്റെയും കഥ പറയുന്ന അടുത്ത ലേഖനവും തന്നെ വധിക്കാന്‍ ശ്രമിച്ച മെഹ്മദ് അലി അഗയോട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ക്ഷമിച്ചതും അഗയില്‍ പാപ്പായുടെ കാരുണ്യം വരുത്തിയ പരിവര്‍ത്തനവും വിവരിക്കുന്ന ‘ക്ഷമിക്കുന്ന സ്‌നേഹവും’ ഈ ലേഖനത്തിന്റെ തുടര്‍ച്ച തന്നെ.
അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെയും നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെയും അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ലേഖനത്തില്‍ നശ്വരമായ അധികാര കുമിളകളെപ്പറ്റിയാണ് പറയുന്നത്. അധികാരത്തിന്റെ ക്രിസ്തുമുഖത്തെക്കുറിച്ച് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. ‘ആശ്വസിപ്പിക്കുന്ന സഹയാത്രികനില്‍’ യേശുവിന്റെ കാരുണ്യത്തിന്റെ മുഖമാണ് വെളിപ്പെടുന്നതെങ്കില്‍ ക്രിസ്തുവിന്റെ വഴികളെന്ന ലേഖനത്തില്‍ അലക്‌സാണ്ടര്‍ പറമ്പിത്തറയെ പോലെയുള്ള യഥാര്‍ഥ ജനസേവകരെ ചൂണ്ടിക്കാണിക്കുന്നു.
ധന്യതയാര്‍ന്ന അഭിഷിക്ത ജീവിതം, വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍, കാരുണ്യത്തിന്റെ വാത്സല്യക്കണ്ണുകള്‍, മാതൃകയായി ഒരു സ്‌നേഹിതന്‍ തുടങ്ങിയ ലേഖനങ്ങളിലൂടെ മരണംവരെ വിശ്വസ്തനായിരിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കേണ്ട പുരോഹിതരെക്കുറിച്ചും, സന്യസ്തരെക്കുറിച്ചും അല്‍ബേനിയ പോലുള്ള രാജ്യങ്ങളില്‍ ക്രിസ്തുവില്‍ വിശ്വസിച്ചതിന് രക്തസാക്ഷികളായ നൂറുകണക്കിനു പേരെക്കുറിച്ചും പറയുന്നു. വിശുദ്ധ ഡാമിയനും, വിശുദ്ധ ഡോമിനിക് സാവിയോയും, വിശുദ്ധ ജോസഫ് വാസും, വിശുദ്ധ ജോസ് ലൂയീസ് സാഞ്ചെസും, ഫാ. ഇഗ്നാസിയും, ഫാ. സിമോണിയും, സിസ്റ്റര്‍ ഫെലിച്ചിത്താസും, സിസ്റ്റര്‍ സ്റ്റെഫാനിയായും, കാണ്ഡമാലില്‍ കൊലക്കത്തിക്കിരയായ അനേകരും കൊളുത്തിയ വിശ്വാസദീപത്തിന്റെ പ്രകാശം ഹൃദയങ്ങളില്‍ നിറയുന്ന അനുഭവമാണ് ഈ വായന പകരുന്നത്. കത്തോലിക്കാ സഭ വിട്ടുപോകുന്നവരെക്കുറിച്ചും തിരിച്ചുവരുന്നവരെക്കുറിച്ചും സഭ വിടുന്നതിനു മുമ്പ് എന്ന ലേഖനത്തില്‍ പറയുന്നുണ്ട്. തീര്‍ച്ചയായും ഇടവക വികാരിമാരും കുടുംബയൂണിറ്റ് ഭാരവാഹികളും മറ്റും വായിച്ചിരിക്കേണ്ട ലേഖനം. നിസാരകാര്യങ്ങള്‍ക്ക് വിശ്വാസികളെ നഷ്ടപ്പെടുത്തുന്നതില്‍ ഒരു മത്സരം തന്നെ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. സഭ വിട്ടുപോകുന്നവരെ കാത്തിരിക്കുന്നതെന്താണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ജീവിച്ചിരിക്കുന്ന വിശുദ്ധനായി പലരും വാഴ്ത്തുന്ന ഫ്രാന്‍സിസ് പാപ്പായുടെ കാരുണ്യത്തിന്റെ മുഖം വിവിധ ലേഖനങ്ങളിലൂടെ ബിഷപ് അലക്‌സ് വെളിപ്പെടുത്തുന്നു. മദര്‍ തെരേസയെക്കുറിച്ചും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെക്കുറിച്ചും സാധാരണക്കാര്‍ക്ക് അധികമൊന്നും അറിയാത്ത ചില കാര്യങ്ങള്‍ പറഞ്ഞുതരുന്നുണ്ട്. കുടുംബജീവിതത്തെക്കുറിച്ചും മദ്യം നഷ്ടപ്പെടുത്തുന്ന
ജീവിതസൗഭാഗ്യങ്ങളെക്കുറിച്ചും ലേഖനങ്ങളുണ്ട്. ഒഴിഞ്ഞ പാത്രത്തിനും ഒട്ടിയവയറിനും പൊറുക്കാനാവാത്തത് എന്ന ലേഖനത്തില്‍ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന ഹൃദയസ്പര്‍ശിയായ കഥയുടെ അകമ്പടിയോടെ ലോകത്തില്‍ പട്ടിണികിടക്കുന്ന ലക്ഷക്കണക്കിനു പേരെ വേദനയോടെ സ്മരിക്കുന്നു.
സ്‌കോട്ടീഷ് ചരിത്രകാരനും എഴുത്തുകാരനുമായ വില്യം ഡാല്‍റിംപിള്‍ ഡല്‍ഹിയിലാണ് താമസിക്കുന്നത്. അദ്ദേഹമെഴുതിയ 8 പുസ്തകങ്ങളും ബെസ്റ്റ് സെല്ലറുകളാണ്. നിരവധി രാജ്യാന്തരപുരസ്‌കാരങ്ങളും ഈ പുസ്തകങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. അദ്ദേഹം നോവലോ കഥകളോ എഴുതിയിട്ടില്ല. യാത്രാവിവരണങ്ങളും ലേഖനങ്ങളുമാണവ. എന്നാല്‍, ഡാല്‍റിംപിളിന്റെ എഴുത്തുകളെല്ലാം കൊട്ടിഘോഷിക്കപ്പെടുന്ന നോവലുകളെക്കാള്‍ വായനക്കാരെ ചേര്‍ത്തുപിടിച്ചുകൊണ്ടുപോകുന്നവയാണ്. ജീവിതം അനുഭവിപ്പിക്കുന്ന അക്ഷരക്കൂട്ടം. ബിഷപ് അലക്‌സിന്റെ ലേഖനങ്ങളും അപ്രകാരം തന്നെ. സാധാരണക്കാരനെയും പണ്ഡിതനെയും ഇരുകൈകളിലും ചേര്‍ത്തുനിര്‍ത്തി അദ്ദേഹം നയിക്കുന്ന യാത്ര ചേതാഹരമാണ്.
പ്രസാധനം: സോഫിയാ ബുക്‌സ്. വില 110 രൂപ.


Related Articles

വത്തിക്കാനും ചൈനയും തമ്മില്‍ അടുക്കുമ്പോള്‍

അമേരിക്കയും കമ്യൂണിസ്റ്റ് ക്യൂബയും തമ്മില്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതില്‍ മധ്യസ്ഥത വഹിച്ച ഫ്രാന്‍സിസ് പാപ്പ ലോകത്തിലെ വന്‍ശക്തികളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് ചൈനയെ സാര്‍വത്രിക, അപ്പസ്‌തോലിക സഭയുടെ സംസര്‍ഗത്തിലേക്ക് നയിച്ചുകൊണ്ട്

എറണാകുളത്ത് കടല്‍ക്ഷോഭം 21 മത്സ്യബന്ധനവള്ളങ്ങള്‍ തകര്‍ന്നു

നായരമ്പലം, എടവനക്കാട്, ഞാറയ്ക്കല്‍, മാലിപ്പുറം. ചെല്ലാനം പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറുന്നു നാനൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു എറണാകുളം: കനത്ത മഴയില്‍ എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം.

മറ്റൊരു വന്‍മതിലായി ചേതേശ്വര്‍ പൂജാര

കംഗാരുക്കളെ അവരുടെ നാട്ടില്‍ ചെന്ന് തളയ്ക്കുക എന്നത് എളുപ്പമുളള കാര്യമല്ല. ക്രിക്കറ്റിലെ ഏറ്റവും ശക്തരെന്ന് അറിയപ്പെടുന്ന ഓസ്‌ട്രേലിയയെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് കീഴടക്കിയപ്പോള്‍ ചരിത്രം വിരാട്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*