അക്ഷരശുദ്ധിയും ആത്മവിശുദ്ധിയും

അക്ഷരശുദ്ധിയും ആത്മവിശുദ്ധിയും

അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് ഒരുവന്‍ സ്വയവും മറ്റൊരുവനാലും നയിക്കപ്പെട്ടാല്‍ അത് വിദ്യാഭ്യാസമാണ്. നമ്മിലുള്ള അന്ധകാരത്തെ പൂര്‍ണമായും ഇല്ലാതാക്കി നന്മയുടെ വെള്ളി വെളിച്ചം ഉള്‍ക്കൊള്ളുവാന്‍ ഏതാണോ, ഏതൊന്നാണോ നമ്മെ പ്രാപ്തമാക്കുന്നത് അതിനെ വിദ്യാഭ്യാസമെന്നു വിളിക്കാം.
മോചനമരുളുന്നതെന്തോ അതാണ് വിദ്യാഭ്യാസം. മോചനമെന്നതിന് ഇന്നത്തെ ജീവിതത്തിലേതുള്‍പ്പെടെ എല്ലാത്തരം ദാസ്യത്തില്‍ നിന്നുമുള്ള മോചനമെന്നാണര്‍ത്ഥം. ദാസ്യം രണ്ടുതരത്തിലാണ്. ബാഹ്യമായ അധീശാധികാരത്തില്‍ കീഴിലുള്ള അടിമത്തവും സ്വന്തം കൃത്രിമാവശ്യങ്ങള്‍ക്കടിമപ്പെടലും. ഈ ആദര്‍ശം സാക്ഷാത്ക്കരിക്കുന്നതിനുള്ള അന്വേഷണത്തില്‍ നിന്നും സിദ്ധിക്കുന്ന വിജ്ഞാനം മാത്രമാണ് ശരിയായ പഠിപ്പ് എന്ന് വിദ്യാഭ്യാസത്തെപ്പറ്റി മഹാത്മാഗാന്ധി അഭിപ്രായപ്പെടുന്നു. വിദ്യാഭ്യാസത്തിന്റെ തനതായ ലക്ഷ്യം ഉയര്‍ന്ന മാനവീകതയിലേക്ക് എത്തിച്ചേരലായിരിക്കണം.
പഴയ വിദ്യാഭ്യാസ രീതി അധ്യാപക കേന്ദ്രീകൃതമായിരുന്നു. ഗുരുമുഖത്തുനിന്നു കേള്‍ക്കുന്ന വചനങ്ങള്‍ യാതൊരു ചോദ്യം ചെയ്യലുമില്ലാതെ അതേപടി തലച്ചോറിലേക്കാവാഹിച്ച് ബുദ്ധിയുടെയും വെളിച്ചത്തിന്റേയും എളിമയുടെയും അതോടൊപ്പം വിരല്‍ ചൂണ്ടലിന്റെയും മഹനീയ മാതൃകകളായി മാറിയ ധാരാളം മഹാന്മാരെ വാര്‍ത്തെടുത്ത രാജ്യമാണ് ഇന്ത്യ.
ബ്രിട്ടീഷ് ആധിപത്യത്തിനുമുമ്പ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ ദിശ നിര്‍ണയിച്ചിട്ടുള്ളത് ജാതി-മത വ്യവസ്ഥയായിരുന്നു. ഭരണാധികാരികളും ഉയര്‍ന്ന ജാതിക്കാര്‍ക്കും മാത്രം വിദ്യ പ്രഖ്യാപ്യമായിരുന്ന കാലഘട്ടത്തില്‍ നിന്ന് ബെഞ്ചമിന്‍ ബെയ്‌ലിയും ഹെര്‍മന്‍ഗുണ്ടര്‍ട്ടും അടക്കമുള്ള വിദേശ മിഷണറിമാരുടെ അകമഴിഞ്ഞ പ്രവര്‍ത്തനങ്ങളും സഹായിച്ചു. മിഷനറി വിദ്യാഭ്യാസവും നാടുവാഴികളുടെ നയസമീപനവുമാണ് കേരളത്തിലെ ആധുനിക വിദ്യാഭ്യാസത്തിന് തുടക്കമിട്ടത്.
19-ാം നൂറ്റാണ്ടിന്റെ അവസാനം കേരള സമൂഹത്തില്‍ വമ്പിച്ച മുന്നേറ്റങ്ങളുടെ കാലമായിരുന്നു. സംഘടിത പ്രസ്ഥാനങ്ങളും സമരങ്ങളും ആവിര്‍ഭവിച്ച മണ്ണില്‍ വിദ്യാഭ്യാസം വിപ്ലവമായി. പിന്നീട് വിദ്യാഭ്യാസം ജനകീയമായി. എല്ലാവരിലും വിദ്യാഭ്യാസമെത്തി. വിദ്യാഭ്യാസം ജനങ്ങളെ ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചു. പുതിയ തൊഴില്‍ മേഖലകളിലേക്ക് മനസിനെ പറിച്ചു നടുവാനുള്ള ഒരു ഊര്‍ജ്ജ സ്രോതസ്സായി വിദ്യാഭ്യാസം മാറി. അധ്യാപകന്‍ എല്ലാമായി. മാതാപിതാ ഗുരുദൈവം എന്ന വാക്യത്തിലൂടെ മാതാവിനും പിതാവിനും ദൈവത്തിനും തുല്യനായി ഗുരു അംഗീകരിക്കപ്പെട്ടു. എവിടെ പൂര്‍ണനായ ഗുരുവുണ്ടായോ അവിടെ സര്‍വമയമായ പ്രകാശം ലഭിച്ചു.
ഇരുപതാം നൂറ്റാണ്ട് പിന്നിടുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസം അധ്യാപക കേന്ദ്രീകൃത വ്യവസ്ഥയില്‍ നിന്നും ശിശുകേന്ദ്രീകൃതമായി. ഒരു കുടുംബത്തിന്റെ പിതാവിനെക്കാള്‍ ശക്തനായി, ശ്രദ്ധിക്കപ്പെടുന്നതായി കുഞ്ഞ് മാറിയപ്പോള്‍ അധ്യാപകനേക്കാള്‍ ശ്രദ്ധിക്കപ്പെടുന്നയാളായി വിദ്യാര്‍ഥി മാറിയപ്പോള്‍ കുടുംബത്തില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും ക്രമം ഇറങ്ങിപ്പോവുകയും അക്രമം നടമാടുകയും ചെയ്തു. കുട്ടിയെ കേന്ദ്രബിന്ദുവാക്കി കുടുംബത്തില്‍ നിന്നും അണു കുടുംബമുണ്ടായപ്പോള്‍, നമ്മുടെ കുട്ടിയാണ് ഊര്‍ജ്ജത്തിന്റെ മഹാസാഗര രംഗം എന്ന് മാധ്യമങ്ങളും പുതിയ വായനകളും നമ്മുടെ തലമുറയെ ആവര്‍ത്തിച്ചു പഠിപ്പിച്ചപ്പോള്‍, നമ്മള്‍ വേഗതയുടെ സ്രഷ്ടാക്കളായപ്പോള്‍ ചരിത്രത്തിനൊന്നു കാലിടറി. നമ്മള്‍ കാത്തുപാലിച്ച മൂല്യങ്ങള്‍ കൊടുങ്കാറ്റുകൊണ്ടു പോയി. നൂറ്റാണ്ടുമണക്കുന്ന ഏതോ വന്യപുരാതന ദുര്‍ഗങ്ങളിലേക്ക് നമ്മുടെ നല്ല ചിന്തകളും നന്മകളും വലിച്ചെറിയപ്പെട്ടു. പുതിയ വിദ്യാഭ്യാസ സംസ്‌കാരം ധാരാളം ഐഎഎസ്, ഐപിഎസ്‌കാരെ, ഡോക്ടര്‍മാരെ, എന്‍ജീനീയര്‍മാരെ സൃഷ്ടിച്ചു. ഇവരില്‍ എത്ര മാനുഷീകതയുള്ളവരുടെ ഗ്രാഫുമാത്രം താഴെ തട്ടിലായിപ്പോയി.
ഈ പറഞ്ഞുവന്നത് പുതിയ വിദ്യാഭ്യാസ സമ്പ്രദായം മോശമാണെന്നും പഴയത് ഉന്നതമാണെന്നുമല്ല. എല്ലാം എല്ലായിപ്പോഴും നന്നാവണമെങ്കില്‍ അതിന്റെ അന്തഃസത്ത എപ്രകാരം നാം മനസിലാക്കിയെന്നും ആത്മാര്‍ത്ഥത ചോരാതെ എപ്രകാരം പ്രവര്‍ത്തിക്കാനാവും എന്നതിലുമാണ്. പ്രശസ്ത വിദ്യാഭ്യാസ ചിന്തകരായ കൊമീനിയസും റൂസോയും ജോണ്‍ഡ്യൂയലും ടാഗോറും ഇവാന്‍ ഇല്ലിച്ചും പൗലോ ഫ്രയ്‌റെയും പറഞ്ഞ വിദ്യാഭ്യാസ സങ്കല്പങ്ങളില്‍ ജനാധിപത്യവും സ്വതന്ത്ര്യവും മാനവികതയും സാമൂഹികതയും പ്രകൃതിയും നിറഞ്ഞ ചിന്തകളുണ്ടായിരുന്നു. മേല്പറഞ്ഞ ചിന്തകരെ യഥാര്‍ത്ഥ ചിന്തകളും വിദ്യാഭ്യാസ സമ്പ്രദായവുമായി ബന്ധിപ്പിക്കാതെ ഉപരിപ്ലവമായി കുറെ തൊഴില്‍ അന്വേഷകരെയും ഉയര്‍ന്ന ഗ്രേഡ് വാങ്ങുന്നവരെയും മാത്രം സൃഷ്ടിക്കുവാന്‍ മാതാപിതാക്കളും അധ്യാപകരും ചേര്‍ന്നു പ്രയത്‌നിച്ചിടത്താണ് നമുക്കു തെറ്റിയത്.
ഇന്ന് സമൂഹത്തില്‍ മദ്യത്തിനേക്കാള്‍ മയക്കുമരുന്ന് ഭീകരമാകുന്നു. അതിന്റെ ഭവിഷത്ത് നാം തിരിച്ചറിയുന്നു, പീഡനമെന്നപേരിലും അപകടമരണങ്ങളെന്ന പേരിലും കൊലപാതകങ്ങളെന്ന പേരിലും. കവി സച്ചിദാനന്ദന്‍ പറഞ്ഞതുപോലെ-
നമുക്ക് മുന്‍പ് ഭൂമി ഭരിച്ചിരുന്നത് മനുഷ്യരായിരുന്നു. നാമും മനുഷ്യര്‍ ആണെന്നു കരുതുന്നവര്‍ ഇപ്പോഴുമുണ്ട്. അവര്‍ മൂഢരായ ശുഭാപ്തി വിശ്വാസികള്‍ മാത്രമാണ.് ഇനി മനുഷ്യര്‍ ഉണ്ടാവുകയേയില്ല. അവര്‍ നമ്മുടെ സന്തതികള്‍ക്ക് ഒരു ഗവേഷണ വിഷയം മാത്രം. ഇങ്ങനെ നാം കാലഹരണപെടാതിരിക്കാന്‍, മാനുഷികത അന്യം നിന്നുപോകാതിരിക്കാന്‍ കാമ്പുള്ള വിദ്യാഭ്യാസ രീതി വേണം. നമ്മള്‍ ചിലര്‍ തലപുകഞ്ഞാലോചിച്ചാല്‍ വിദ്യാഭ്യാസത്തെയും സിലബസിനേയും മാറ്റാനാവില്ല. എന്നാല്‍ കാഴ്ചപ്പാടുകളെ മാറ്റാം. വിദ്യാഭ്യാസ സമ്പ്രദായത്തിലും പുസ്തകങ്ങളിലും എല്ലാമുണ്ട്. എന്നാല്‍ ക്ലാസ് മുറികളില്‍, സമൂഹത്തില്‍ നല്ല സംസ്‌ക്കാരങ്ങളെ വെച്ചുനീട്ടുവാന്‍ നമുക്കെങ്കിലും ആകട്ടെ. അവന്‍ ശരിയല്ല എന്ന് പറയുന്നതിന് മുമ്പ് ഞാന്‍ ശരിയാണോ എന്ന് പരിശോധിക്കുവാന്‍ അതിനായി പ്രയത്‌നിക്കുവാന്‍ എനിക്കും നിങ്ങള്‍ക്കുമെങ്കിലും ആകട്ടെ.


Related Articles

പ്രളയഭീതിയകറ്റാന്‍ കൈപ്പുസ്തകം മതിയെങ്കില്‍

ഒരാഴ്ച വൈകിയെങ്കിലും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളതീരത്ത് വന്നണഞ്ഞത് ‘വായു’ ചുഴലിക്കാറ്റിന്റെ കേളികൊട്ടുമായാണ്. മലയാളക്കരയില്‍ 90 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമായി മാറിയ കഴിഞ്ഞ വര്‍ഷത്തെ പെരുമഴക്കാലത്തിന്റെ നടുക്കുന്ന

ഫാദർ ജേക്കബ് പട്ടരുമഠത്തിൽ അന്തരിച്ചു

വരാപ്പുഴ അതിരൂപത മുൻ ചാൻസിലർ റവ:ഫാ. ജേക്കബ് പട്ടരുമഠത്തിൽ (55) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖം മൂലം അദ്ദേഹം ചികിത്സയിലായിരുന്നു നിലവിൽ ചേരാനല്ലൂർ സൈന്റ്ജെയിംസ് ഇടവക അ

അര്‍ത്തുങ്കലിനെ സ്വര്‍ഗീയ ആരാമമാക്കി റോസറി പാര്‍ക്ക്

ആലപ്പുഴ: അര്‍ത്തുങ്കല്‍ ബസിലിക്ക അങ്കണത്തില്‍ നിര്‍മിച്ച റോസറി പാര്‍ക്ക് ആശിര്‍വദിച്ചു. അര്‍ത്തുങ്കല്‍ പെരുന്നാള്‍ ആരംഭ ദിനമായ ജനുവരി 10ന് വൈകിട്ട് 6.30നായിരുന്നു ജപമാല ഉദ്യാനം ഇറ്റലിയിലെ ചെസേന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*