അജ്ഞാത സംരക്ഷകന്‍

by admin | July 15, 2019 10:31 am

അമേരിക്കയിലെ റെഡ് ഇന്‍ഡ്യന്‍സിന്റെ ഇടയില്‍ കൗമാരപ്രായക്കാരെ നല്ല ശക്തരും ധൈര്യവാന്മാരും ആക്കിത്തീര്‍ക്കുവാന്‍ ഒരു പ്രത്യേക ആചാരമുണ്ട്. വേട്ടയാടാനും അമ്പെയ്യാനും മീന്‍പിടിക്കാനുമൊക്കെ അവരെ പ്രാപ്തരാക്കുന്നത് ഇത്തരത്തിലുള്ള ആചാരങ്ങളിലൂടെയാണ്.
പതിമൂന്നു വയസ് പ്രായമാകുന്ന ആണ്‍കുട്ടിയെ വീടിന്റെ സുരക്ഷിതത്വത്തില്‍നിന്ന് അകറ്റി ദൂരെയുള്ള ഒരു വനത്തിലേക്കു കൊണ്ടുപോകും. അങ്ങോട്ട് കൊണ്ടുപോകുന്നതിനുമുമ്പ് കുട്ടിയുടെ കണ്ണുകള്‍ മൂടിക്കെട്ടും. കൊടും വനത്തിലെത്തുമ്പോള്‍ രാത്രിയായിരിക്കും. അവിടെ ചെല്ലുമ്പോള്‍ അവന്റെ കണ്ണിലെ കെട്ടുകളഴിച്ച് മറ്റുള്ളവര്‍ അവന്റെ അടുത്തുനിന്ന് മാറിക്കളയും.
രാത്രി കാട്ടിലെ ഭീകരത ഭയാനകമാണ്. ചുറ്റും ചീവിടുകളുടെയും മൃഗങ്ങളുടെയും മുരള്‍ച്ചയും അമറലും അവനെ ഭയപ്പെടുത്തും. എപ്പോഴാണ്, ഏതു മൃഗമാണ് തന്നെ ആക്രമിക്കാന്‍ ചാടുന്നത് എന്ന ഭയത്താല്‍ അവന്‍ ചുറ്റുപാടും നോക്കും. അന്നു രാത്രി അവന് ഉറങ്ങാന്‍ സാധിക്കില്ല. അന്നുവരെ കുടിലിനകത്ത്, മാതാപിതാക്കന്മാരുടെയും സഹോദരങ്ങളുടെയും ഗ്രാമവാസികളുടെയും സംരക്ഷണയില്‍ കഴിഞ്ഞിരുന്ന അവന് എങ്ങനെ ഒറ്റയ്ക്ക് കൊടുംകാട്ടില്‍ ഉറങ്ങുവാന്‍ സാധിക്കും?
നേരം വെളുക്കുന്നതുവരെ അവന്‍ കാട്ടില്‍ വിറച്ച് ചുറ്റുപാടും ദൃഷ്ടികള്‍ പായിച്ച് ഇരിക്കും. പിറ്റേന്ന് സൂര്യപ്രകാശം മരച്ചില്ലകളിലൂടെ കടന്നുവരുമ്പോഴാണ് അവന് ചുറ്റുപാടും കാണുവാന്‍ സാധിക്കുക. തന്റെ സമീപത്തുള്ള മരങ്ങളും ചെടികളും കായ്കനികളും ഒക്കെ അപ്പോള്‍ അവന്‍ കാണും. കുറച്ചകലെയായി ഒരു പാറയുടെ പുറത്ത് ഒരാള്‍ ഒരു അമ്പും വില്ലുമായി നില്‍ക്കുന്നതും അവന്റെ ശ്രദ്ധയില്‍പ്പെടും. അത് അവന്റെ അച്ഛനാണ് എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോള്‍ അവനുണ്ടാകുന്ന ആശ്വാസം ചെറുതൊന്നുമല്ല.
ആ മനുഷ്യന്‍, ഈ കുട്ടിയുടെ പിതാവ്, അന്ന് രാത്രി മുഴുവനും മകന് കാവല്ക്കാരനായി അവന്റെ സമീപത്തുതന്നെ ഉണ്ടായിരുന്നു. എന്തെങ്കിലും അപകടസാധ്യത ഉണ്ടായാല്‍ മകനെ സംരക്ഷിക്കുന്നതിനായി സദാ ജാഗ്രതയോടെ അയാള്‍ ആ രാത്രി മുഴുവനും ഉറക്കമിളച്ച് അവനോടൊപ്പം അവിടെ നിന്നിരുന്നു. പക്ഷേ അത് അയാളുടെ മകന് അറിയില്ലായിരുന്നുവെന്നുമാത്രം.
ഇതുതന്നെയല്ലേ സ്വര്‍ഗസ്ഥനായ നമ്മുടെ പിതാവും നിരന്തരം ചെയ്യുന്നത്! നമ്മളോരോരുത്തരും അവിടുത്തെ പ്രിയമക്കളാണ്. നമ്മളെ ആപത്തുകളില്‍നിന്ന് കാത്തുരക്ഷിക്കാന്‍ അവിടുന്ന് സദാ നമ്മുടെ സമീപത്തു തന്നെയുണ്ട്. പക്ഷേ പലപ്പോഴും നമ്മള്‍ ആ സാന്നിധ്യം തിരിച്ചറിയാതെ പോകുന്നു. അതുകൊണ്ടാണ് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകുമ്പോള്‍ നമ്മള്‍ ഭയപ്പെടുന്നതും നിരാശപ്പെടുന്നതും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതും ഒക്കെ. ദൈവം അറിയാതെ എന്തെങ്കിലും നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ടോ?
139-ാമത്തെ സങ്കീര്‍ത്തനം നമ്മള്‍ മനഃപാഠമാക്കുന്നത് നല്ലതാണ്. ”കര്‍ത്താവേ അവിടുന്ന് എന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു. ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും അവിടുന്ന് അറിയുന്നു; എന്റെ വിചാരങ്ങള്‍ അവിടുന്ന് അകലെ നിന്നു മനസിലാക്കുന്നു. എന്റെ നടപ്പും കിടപ്പും അങ്ങ് പരിശോധിച്ചറിയുന്നു; എന്റെ മാര്‍ഗങ്ങള്‍ അങ്ങേയ്ക്കു നന്നായറിയാം.”
ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനുമുന്‍പുതന്നെ കര്‍ത്താവേ, അത് അവിടുന്ന് അറിയുന്നു. മുന്‍പിലും പിന്‍പിലും അവിടുന്ന് എനിക്ക് കാവല്‍നില്‍ക്കുന്നു. അവിടുത്തെ കരം എന്റെമേലുണ്ട്.
ഈ അറിവ് എന്നെ വിസ്മയിപ്പിക്കുന്നു. എനിക്ക് അപ്രാപ്യമാംവിധം അത് ഉന്നതമാണ്. അങ്ങയില്‍നിന്നു ഞാന്‍ എവിടെപ്പോകും? അങ്ങയുടെ സന്നിധിവിട്ട് ഞാന്‍ എവിടെ ഓടിയൊളിക്കും?
ആകാശത്തില്‍ കയറിയാല്‍ അങ്ങ് അവിടെയുണ്ട്; ഞാന്‍ പാതാളത്തില്‍ കിടക്കവിരിച്ചാല്‍ അങ്ങ് അവിടെയുണ്ട്.
ഞാന്‍ പ്രഭാതത്തിന്റെ ചിറകുധരിച്ച് സമുദ്രത്തിന്റെ അതിര്‍ത്തിയില്‍ ചെന്നു വസിച്ചാല്‍ അവിടെയും അങ്ങയുടെ കരം എന്നെ നയിക്കും; അങ്ങയുടെ വലതുകൈ എന്നെ പിടിച്ചുനടത്തും.
ഇരുട്ട് എന്നെ മൂടട്ടെ, എന്റെ ചുറ്റുമുള്ള പ്രകാശം ഇരുട്ടായിത്തീരട്ടെ എന്നു ഞാന്‍ പറഞ്ഞാല്‍, ഇരുട്ടുപോലും അങ്ങേക്ക് ഇരുട്ടായിരിക്കുകയില്ല; രാത്രി പകല്‍പോലെ പ്രകാശപൂര്‍ണമായിരിക്കും. എന്തെന്നാല്‍ അങ്ങേയ്ക്ക് ഇരുട്ട് പ്രകാശംപോലെ തന്നെയാണ്. (സങ്കീ. 139:1-12)
യേശുനാഥന്‍ തന്നെ പറയുന്നില്ലേ, ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നില്ല. എങ്കിലും നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാള്‍ എത്രയോ വിലപ്പെട്ടവരാണ് നിങ്ങള്‍… അതിനാല്‍ എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും എന്തു ധരിക്കും എന്നു വിചാരിച്ച് നിങ്ങള്‍ ആകുലരാകേണ്ട. വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗീയപിതാവ് അറിയുന്നു. (മത്താ. 6:26, 31-32)
പ്രവാചകനായ ഹബുക്കൂക്കിന്റെ വിശ്വാസതീക്ഷ്ണത നമുക്കുണ്ടാകട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന
അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും മുന്തിരിയില്‍ പഴങ്ങളില്ലെങ്കിലും ഒലിവുമരത്തില്‍ കായ്കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും. എന്റെ രക്ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും.
അടുത്ത ലക്കം:
ചക്ക് ഫീനി അജ്ഞാതനായ ലോകോപകാരി

Source URL: https://jeevanaadam.in/%e0%b4%85%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%be%e0%b4%a4-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d/