അടിമത്തം പുനര്‍ജനിക്കുന്ന പുതിയ തൊഴില്‍കാലം: ഗാസ്പര്‍ സന്യാസി

അടിമത്തം പുനര്‍ജനിക്കുന്ന പുതിയ തൊഴില്‍കാലം: ഗാസ്പര്‍ സന്യാസി
                    സ്ഥിരമായ തൊഴില്‍ എന്ന സങ്കല്‍പം ഇന്ത്യയില്‍ അസ്തമിച്ചു. പുതിയ തൊഴില്‍നിയമത്തിലെ വകുപ്പുകള്‍ ഏറെ വിമര്‍ശനത്തിനു വഴിമരുന്നിട്ടിരുന്നു. പൊതുമേഖലാസ്ഥാപനങ്ങളുടെ നടത്തിപ്പില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നു. സ്വകാര്യസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ വേഗത്തിലായിരിക്കുന്നു. തൊഴില്‍ശേഷി സ്വകാര്യസംരംഭങ്ങള്‍ക്ക് ആവശ്യമുള്ളിടത്തോളം കൈക്കലാക്കാന്‍ തക്കവണ്ണം നിയമങ്ങള്‍ പൊളിച്ചെഴുതുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ട ചരിത്രത്തെ പുതിയ നിയമ സംവിധാനങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്നു. സംഘടിതശക്തികൊണ്ട് തൊഴിലാളികള്‍ നേടിയ അവകാശങ്ങളും ഇനിമുതല്‍ വെള്ളത്തില്‍ വരച്ചതുപോലെ ആയേക്കാം. കേരളത്തില്‍ മാത്രമാണ് പണിമുടക്കിലൂടെ ഇതിനെതിരായ സമരം നടന്നത്. വരുംകാലം തൊഴിലാളികള്‍ തൊഴില്‍ അന്വേഷകര്‍ക്കും ശുഭകരമല്ലാത്ത വാര്‍ത്തകളുടേതായിരിക്കാം.
ആഗോളീകരണകാലത്ത് ഉദാരവത്ക്കരണവും സ്വകാര്യവല്‍ക്കരണവുമാണ് ഉല്പാദനത്തിന്റെ വേദവാക്യങ്ങള്‍ എഴുതുന്നത്. ലാഭവും ലാഭത്തിന്മേല്‍ ലാഭവും ആഗ്രഹിക്കുന്നവരുടെ സംരംഭകത്വ താല്‍പര്യങ്ങള്‍ ക്ഷേമകരമായ സമൂഹത്തെ സ്വപ്‌നം കാണാനുള്ള അവകാശത്തെയാണ് ഇല്ലാതാക്കുന്നത്. ചെറുക്കാനാകാത്തവിധം രാഷ്ട്രങ്ങള്‍ തമ്മില്‍ ഉടമ്പടികളില്‍ ഏര്‍പ്പെടുകയും ബഹുരാഷ്ട്രകുത്തകകള്‍ അവക്ക് മാധ്യസ്ഥം വഹിക്കുകയും ചെയ്യുന്നു. സാമൂഹ്യക്ഷേമത്തിനായി ഇടപെടാനുള്ള തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരുകള്‍ നോക്കുകുത്തികളാകുമ്പോള്‍ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കുന്നു. ജനാധിപത്യ സമൂഹങ്ങളില്‍ ബലം കുറഞ്ഞവരെയും, മത്സരിക്കാന്‍ ശേഷിയില്ലാത്തവരെയും ആലംബമില്ലാത്തവരെയും ക്ഷേമകരമായി നിലനിര്‍ത്താന്‍ സര്‍ക്കാരുകള്‍ നടപ്പാക്കുന്ന നീതിപൂര്‍വകമായ ഇടപെടലുകള്‍ ഇനി മുതല്‍ ലാഭം കൊയ്യുന്ന മുതല്‍ മുടക്കുകാരുടെ കാരുണ്യപ്രവൃത്തികള്‍ മാത്രമായി ചുരുങ്ങിയേക്കാം. സര്‍ക്കാരുകളുടെ സാമൂഹ്യമായ ഉത്തരവാദിത്വങ്ങള്‍ മൂലധനമിറക്കുന്ന വ്യക്തിയുടെ നന്മപൂര്‍ണമായ പ്രവൃത്തി മാത്രമായി മാറുമെന്ന് ചുരുക്കം. ഇഷ്ടമുണ്ടെങ്കില്‍ നന്മ ചെയ്യാം. ഇല്ലെങ്കില്‍ തിരിഞ്ഞുകിടന്ന് ഉറങ്ങാം. അത്ര തന്നെ.
തൊഴില്‍രംഗത്തെ സംഘടിത മേഖലകള്‍ തന്നെ ജനായത്തസര്‍ക്കാരുകള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാകാതെ വിഷണ്ണഭാവത്തിലാകുമ്പോള്‍ അസംഘടിത മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവരുടെ കാര്യം എന്തായിത്തീരുമെന്ന് കണ്ടറിയണം. ചെറുകിട സംരംഭകരും കൈത്തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരും പെട്ടിക്കടകള്‍ നടത്തുന്നവരും പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരും വീട്ടുജോലികള്‍ ചെയ്യുന്നവരും മീന്‍പിടുത്തക്കാരും കര്‍ഷകരും കാര്‍ഷിക അനുബന്ധ ജോലികള്‍ ചെയ്യുന്നവരുമടക്കമുള്ളവര്‍ തങ്ങളുടെ തൊഴില്‍ മേഖലകള്‍ നിലംപതിക്കുന്നത് നോക്കിനില്‍ക്കേണ്ടിവരും. കുടുംബം പുലര്‍ത്താനും ജീവസന്ധാരണത്തിനുമായി മേലാളന്മാരുടെ ഉത്തരവുകളും താല്പര്യങ്ങളും കാത്ത് നിന്ന പഴയ കാലത്തെ അടിമകളുടെ കാലം പുത്തന്‍ പേരുകളിലും രീതികളിലും പുനരവതരിക്കുകയാണോ?
ജനകീയ സമരങ്ങള്‍ അവയുടെ ശക്തികൊണ്ട് തീരുമാനമെടുക്കുന്ന സര്‍ക്കാരുകള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്ന ജനാധിപത്യത്തിന്റെ സുവര്‍ണകാലം അസ്തമിക്കുകയാണെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. നിശബ്ദതകൊണ്ടും കള്ളപ്രചാരണങ്ങള്‍കൊണ്ടും അസത്യവാര്‍ത്തകള്‍കൊണ്ടും ജനങ്ങളെ ഭിന്നിപ്പിക്കുന്ന പുതുകാലതന്ത്രങ്ങള്‍ മെനഞ്ഞ സര്‍ക്കാരുകളും അവയ്ക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടികളും കൂടെ നില്‍ക്കുന്ന മാധ്യമങ്ങളും നവീനസാങ്കേതിക വിദ്യകളും ഇവന്റ് മാനേജുകാരും ചേര്‍ന്ന് ജനാധിപത്യ പ്രക്ഷോഭങ്ങളെ മറികടക്കുകയാണ്. ലാഭകേന്ദ്രീകൃതമായ മൂലധനനിക്ഷേപകര്‍ കാര്യങ്ങള്‍ മൊത്തമായും ഏറ്റെടുത്തിരിക്കുന്നു. ഏതുനിമിഷവും പിരിച്ചുവിടപ്പെടുമെന്ന് ഭയന്നുകഴിയുന്ന തൊഴിലാളികള്‍ വാസ്തവത്തില്‍ മൂലധനനിക്ഷേപകരുടെ ലാഭതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ സാഹചര്യമായിരിക്കും സൃഷ്ടിക്കുന്നത്. തൊഴില്‍ നിയമങ്ങളിലൂടെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിലപാടുകള്‍ കാലാകാലങ്ങളില്‍ ഈനാട്ടിലെ സര്‍ക്കാരുകള്‍ കൈക്കൊണ്ടിരുന്നു. ഉദാരീകരണനയങ്ങള്‍ നടപ്പിലാക്കിയതോടെ, തൊഴില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെട്ടു. സ്‌പെഷല്‍ ഇക്കണോമിക്ക് സോണുകളുടെ വരവോടെ തൊഴിലാളികള്‍ യന്ത്രങ്ങള്‍ പോലെ പണിയെടുക്കുവാന്‍ നിര്‍ബന്ധിതരായി. രാജ്യാതിര്‍ത്തികള്‍ക്കുള്ളിലുള്ളവരെല്ലാം ഇനി മുതല്‍ സ്‌പെഷല്‍ സോണുകളില്‍ തൊഴില്‍ ചെയ്യുന്നവരേപ്പോലെയാകാന്‍ പോകുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അവകാശങ്ങളില്ലാത്ത യന്ത്രങ്ങള്‍ പോലെ മനുഷ്യര്‍ തൊഴിലുകളിലേര്‍പ്പെട്ട വ്യവസായ വിപ്ലവകാലത്തിലേക്ക് തിരിച്ചുനടക്കാന്‍ തുടങ്ങുന്നതു പോലെയായിരിക്കുന്നു കാര്യങ്ങള്‍. ആ കാലത്തില്‍ നിന്നു മുന്നോട്ടു നടക്കാന്‍ മനുഷ്യരെ പ്രേരിപ്പിച്ച കാര്യങ്ങള്‍ വീണ്ടും പിടിമുറുക്കുകയാണ്.
ജനവിരുദ്ധമായ ക്ഷേമരാഷ്ട്രസങ്കല്പങ്ങള്‍ക്ക് നിരക്കാത്ത ജനാധിപത്യമൂല്യങ്ങളെ കടപുഴക്കുന്ന നിലപാടുകള്‍ക്കെതിരായ ജനായത്ത മുന്നേറ്റങ്ങള്‍കൊണ്ടു മത്രമേ ഇനി പ്രതിരോധങ്ങള്‍ സൃഷ്ടിക്കാനാകു. നഴ്‌സുമാരുടെ സമരം, തോട്ടം മേഖലയില്‍ ഉയര്‍ന്നുവന്ന പെമ്പിളൈ ഒരുമൈ സമരം, മഹാരാഷ്ട്രയിലും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നടക്കുന്ന കര്‍ഷകപ്രക്ഷോഭങ്ങള്‍, മീന്‍പിടുത്ത സമൂഹങ്ങള്‍ നടത്തിയ, നടത്തുന്ന പ്രക്ഷോഭങ്ങള്‍, വയല്‍ക്കിളിസമരം, കണ്ണുംമൂക്കുമില്ലാതെ നടപ്പാക്കപ്പെടുന്ന വികസനങ്ങള്‍ക്കെതിരായ പ്രാദേശിക പ്രതിരോധങ്ങള്‍ എന്നിങ്ങനെ ചെറുകൂട്ടായ്മകളിലൂടെ നമ്മുടെ കാലത്തിന്റെ പ്രതിരോധങ്ങള്‍ ഉയര്‍ന്നുവരേണ്ടതാണ്. അതിനോടൊപ്പം അസംഘടിത മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ പുതുകാല സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി തങ്ങള്‍ തൊഴില്‍ ചെയ്യുന്ന മേഖലകളെ നിരന്തരം നവീകരിക്കുകയും ചെയ്യണം. തലയ്ക്കുമീതെ പ്രളയജലം ആര്‍ത്തിരമ്പിയെത്തുമ്പോള്‍, ഒഴുകിപ്പോകാന്‍ തയ്യാറെടുക്കും മുന്‍പ് അതിനും മീതെ തോണിയൊഴുക്കാനുള്ള ആര്‍ജവമുള്ളവര്‍ക്കേ പുതിയകാലത്തിന്റെ പ്രതിരോധമാകാന്‍ സാധിക്കുകയുള്ളൂ. പുത്തന്‍ പ്രതിരോധങ്ങളുടെ അടയാളങ്ങള്‍ ഉണ്ടാകട്ടെ. മെയ് ദിനങ്ങള്‍ പറയുന്നത് ഇതുതന്നെയല്ലേ.

Related Articles

ട്രംപ് ഇന്ത്യയിലെത്തുമ്പോള്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനം പ്രതീക്ഷകളും ആശങ്കകളും വിവാദങ്ങളും ഉയര്‍ത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്ന് ആരംഭിച്ച ട്രംപിന്റെ സന്ദര്‍ശനം ഇന്ത്യ-യുഎസ് ബന്ധത്തില്‍ കാര്യമായ

തോല്പിച്ചു ബ്രിട്ടോ വിടപറഞ്ഞു

പായല്‍ പടര്‍ന്ന തേക്കാത്ത മതിലിലെ പേരെഴുത്തില്‍ ഞാന്‍ വിരലോടിച്ചു. ‘കയം’. മനസ് ഒരു നിമിഷം എവിടെയോ ഒന്ന് കലങ്ങി മറിഞ്ഞു. സമയം പതിനൊന്നു മണിയോടടുക്കുന്നു. ഉച്ചവെയിലിനു മൂര്‍ച്ച

സര്‍ക്കാര്‍ ഇടപെടലുകള്‍ ചുരുങ്ങുന്ന ബജറ്റ്

നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാമതും അധികാരമേറിയശേഷം അവതരിപ്പിച്ച ആദ്യ ബജറ്റിനെക്കുറിച്ചുള്ള മാധ്യമചര്‍ച്ചയുടെ ചൂട് ഇനിയും കെട്ടടങ്ങിയിട്ടില്ല. പാര്‍ലമെന്റിലും ബജറ്റ് ചര്‍ച്ച നടക്കുന്നു. ധനകാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന നിര്‍മല സീതാരാമന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*