അതിജീവിക്കുന്നവര്‍ നമ്മള്‍

അതിജീവിക്കുന്നവര്‍ നമ്മള്‍

പ്രളയദുരിതത്തിലായ കേരളത്തിന് നല്ല മനസുകളുടെ കൈത്താങ്ങ് ശക്തി പകരുന്നു. ഈ കുറിപ്പ് എഴുതാനിരിക്കുന്നതിനു തൊട്ടുമുന്‍പ്, പ്രളയബാധിത പ്രദേശങ്ങളിലേക്ക് തിരുവനന്തപുരത്തുനിന്നു കയറ്റി അയച്ച ആവശ്യസാധനങ്ങളുടെ ശേഖരണ സ്ഥലത്തുള്ളവരുടെ കൂടെ നില്‍ക്കുകയായിരുന്നു. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍, ഗവണ്‍മെന്റ് വനിതാകോളജിലും പ്രിയദര്‍ശിനി ഹാളിലും കോര്‍പറേഷന്‍ ഓഫീസ് സമുച്ചയത്തിലും ഒറ്റരാത്രിയും പകലും കൊണ്ട് സഹായവുമായെത്തിയവരുടെ നീണ്ട നിര കണ്ട് അമ്പരക്കാനേ കഴിയിരുന്നുള്ളൂ. ‘ഞങ്ങളുണ്ട് കൂടെ’എന്ന് പത്രക്കാര്‍ വെറുതെ എഴുതിവിടുന്നതല്ലെന്ന് മനസിലായി. പ്രളയം ചുഴറ്റിയെറിഞ്ഞ ജീവിതങ്ങള്‍ തകര്‍ന്നുപോകാതെ കരവലയത്തിലൊതുക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് ഈ മനുഷ്യര്‍ പറയുന്നു.
പ്രകൃതിയോട് മല്ലടിച്ച് ജീവന്റെ നാളം കെടാതെ സൂക്ഷിച്ച് ദുരിതത്തിലായ മനുഷ്യരെ രക്ഷിക്കുന്ന കര്‍മനിരതരായ ആളുകള്‍ പ്രത്യാശ നല്‍കുന്നു. തിരുവനന്തപുരത്തു നിന്ന് പത്തു ലോഡ് ആവശ്യസാധന സാമഗ്രികളും മരുന്നുകളും കയറ്റി അയക്കാന്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരെ കണ്ടപ്പോള്‍ മനസ് ആശ്വാസം കൊണ്ടു. ഇവര്‍ കേരളത്തിന്റെ കരുത്തുപകരുന്ന ഭാവിയാണെന്ന് മനസ് പറയുന്നു. നാഷണല്‍ സര്‍വീസ് സ്‌കീമിലും ഇതര സാമൂഹികസേവന സംഘടനകളിലും സദ്ധരായി പ്രവര്‍ത്തിക്കുന്നു ഇവര്‍. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വളരെ വേഗത്തില്‍ ആവശ്യങ്ങള്‍ അറിയിച്ച് മനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലുന്നു. തളരാതെ ഊര്‍ജത്തോടെ കായിക, മാനസിക, ബൗദ്ധിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഇതിലും വലിയ സഹായഹസ്തങ്ങളെത്തിക്കാന്‍ ഇനിയും തയ്യാറാണെന്ന് തെളിഞ്ഞ ബോധ്യത്തോടെ ചിരിക്കുന്നു. ഈ പ്രദേശത്തുമാത്രമല്ല, പ്രളയജലം കുലംകുത്തിയൊഴുകുന്നയിടങ്ങളിലെല്ലാം മനുഷ്യര്‍ സഹായഹസ്തവുമായി ഓടിയെത്തുന്നു. സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്ന തങ്ങളുടെ ജീവനും ആരോഗ്യവും പണയപ്പെടുത്തിയാണ് സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഇറങ്ങുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നവര്‍ വലിയ കാര്യമാണ് ചെയ്യുന്നത്. പ്രളയജലം ഇറങ്ങിക്കഴിഞ്ഞാല്‍ ഈ നാട് പുനരുദ്ധരിച്ചെടുക്കാനാവശ്യമായ വലിയ പ്രയത്‌നത്തിലേക്കിറങ്ങാനുള്ള സ്വരുക്കൂട്ടലും കൂടിയാണത്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്, ഇപ്പോള്‍, ഈ നിമിഷത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള ആഹാരവും മരുന്നും വെള്ളവും വസ്ത്രവുമായി ഓടിയെത്തി വിതരണം ചെയ്യുന്നവര്‍ നല്‍കുന്ന പ്രത്യാശയും സ്‌നേഹവും. കേരളത്തിലുടനീളം ആയിരക്കണക്കിന് ക്യാമ്പുകളില്‍ കഴിയുന്നവര്‍ ശാരീരികവും മാനസികവുമായ ആഘാതത്തിലാണ്. മരണം മുന്നിലെത്തിയെന്ന് കരുതിയവര്‍. ഉള്ളതെല്ലാം പ്രളയത്തില്‍ മുങ്ങിപ്പോകുന്നത് നോക്കിനിന്നവര്‍. അവരെ പ്രത്യാശഭരിതരാക്കി ജീവിതത്തിലേക്ക് തിരിയെത്തിക്കാന്‍ സന്നദ്ധസംഘടനാപ്രവര്‍ത്തകര്‍ ക്യാമ്പുകളില്‍ സജീവ സാന്നിദ്ധ്യമറിയിക്കുന്നു. ‘ഒക്കെ നമുക്ക് ശരിയാക്കാം’ എന്നു ചെറുചിരിയോടെ അവര്‍ പറയുമ്പോള്‍, കണ്ണുകളില്‍ വിഷാദവുമായി നില്‍ക്കുന്നവര്‍ പ്രത്യാശയുടെ പ്രകാശത്തില്‍ തെളിയുന്നത് കാണാനാകുന്നുണ്ട്.
മഹാപ്രളയത്തെ അതിജീവിക്കാന്‍ എളുപ്പമായിരുന്നില്ല. എന്നിട്ടും നമ്മള്‍ മുങ്ങിത്താഴാന്‍ തയ്യാറായിരുന്നില്ല. ആദ്യത്തെ അമ്പരപ്പ് വിട്ടുമാറിയതോടെ എല്ലാവരും കര്‍മനിരതരായി. പ്രകൃതിയോട്, അതിന്റെ ക്ഷോഭത്തോട് ചെറുത്ത്, കുത്തൊഴുക്കിലും മണ്ണിടിച്ചിലിന്റെ ഭീകരതയിലും ഉരുള്‍പൊട്ടലിലും പ്രളയത്തിലും ധീരതയോടെ നമ്മള്‍ പൊരുതി. മനുഷ്യജീവന്‍ എന്ന അമൂല്യസമ്പത്തിന് മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഭരണസംവിധാനങ്ങള്‍ പ്രവര്‍ത്തനനിരതമായി. ദുരന്തനിവാരണ സേനകളോടൊപ്പം 
മത്സ്യത്തൊഴിലാളികള്‍ അവരുടെ അനുഭവസമ്പത്തോടുകൂടി രക്ഷാപ്രവര്‍ത്തനത്തില്‍ മുന്‍നിരയില്‍നിന്നു. ഓഖിയുടെ ദുരന്തമേറ്റുവാങ്ങിയവര്‍ക്കറിയാം പ്രളയത്തിന്റെയും ജലസംഹാരത്തിന്റെയും കാഠിന്യവും പ്രഹരശേഷിയും. വെള്ളമിറങ്ങാതെനിന്ന നാളുകളില്‍ കാറ്റും മഴയും തണുപ്പും അവഗണിച്ച് വെള്ളത്തില്‍ ഇറങ്ങിനിന്ന്, ഉറക്കമൊഴിച്ച് ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നിടത്തേക്ക് ധീരരായ മനുഷ്യര്‍ പാഞ്ഞെത്താന്‍ ശ്രമിച്ചു. മാനവികതയുടെയും ആദ്ധ്യാത്മികാനുഭവത്തിന്റെയും ഉജ്ജ്വലമായ നാളുകളായി ദുരന്തദിവസങ്ങളുടെ കണ്ണീരിനെ നമ്മള്‍ മാറ്റിയെടുത്തു. ഇനിയും വറ്റിപ്പോകാത്ത നന്മകള്‍കൊണ്ട് നമ്മുടെ നാടിനെ നമ്മള്‍ തിരിച്ചുപിടിക്കുകയാണ്.
കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരിക്കുന്നു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം അദ്ദേഹം നല്‍കിയ ഉറപ്പ് കേരളത്തിന് ആശ്വാസമായി. നഷ്ടപ്പെട്ട വീടുകള്‍ക്കും വിളനാശത്തിനും കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയുള്ള പരിഹാരം ലഭ്യമാക്കുമെന്ന ഉറപ്പും പണമായി വാഗ്ദാനം ചെയ്തിട്ടുള്ള സഹായവും എത്രയും വേഗം നല്‍കേണ്ടതാണ്. പൊളിഞ്ഞ റോഡുകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും പുനരുദ്ധരിക്കാന്‍ ബന്ധപ്പെട്ട കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കേരളത്തിന്റെ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കമെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പ്രത്യാശിക്കാം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ സാമ്പത്തികമായും സന്നദ്ധപ്രവര്‍ത്തകരുടെ സാന്നിദ്ധ്യമായും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തിയും കേരളത്തോടൊപ്പം നിന്നു. ഡല്‍ഹിയില്‍ നിന്നും ഒഡീഷയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും പഞ്ചാബില്‍ നിന്നും കര്‍ണാടകയില്‍ നിന്നും സഹായമെത്തുന്നു. കേന്ദ്രസേനയോടൊപ്പം സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ പ്രവര്‍ത്തകരും കൈകോര്‍ത്തു. ഐക്യരാഷ്ട്ര സംഘടന കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന വാര്‍ത്തയും കേരളത്തിന് ബലമാകുന്നു. സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു. ഇന്ത്യാ ഗവണ്‍മെന്റിന് അവര്‍ സന്ദേശങ്ങള്‍ കൈമാറി. മലയാളികള്‍ ഉള്ളിടങ്ങളില്‍ നിന്നെല്ലാം സഹായങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു.
ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം ആറരലക്ഷത്തിലധികമാണ്. മൂവായിരത്തിലധികം വരുന്ന ക്യാമ്പുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തുറന്നിരിക്കുന്നു. പ്രളയക്കെടുതിയുടെ ആഘാതമേറ്റ പന്ത്രണ്ടു ജില്ലകളിലും ഭാഗികമായി തിരുവനന്തപുരവും കാസര്‍കോഡും ഇനി പുനര്‍നിര്‍മാണത്തിന്റെയും തിരിച്ചുവരവിന്റെയും പാതയിലാണ്. കാര്യങ്ങള്‍ എളുപ്പമല്ല. വെള്ളം വറ്റിയശേഷം അവരവരുടെ കുടുംബങ്ങളിലേക്ക് മടങ്ങാന്‍ സാധിക്കുന്നതുവരെ ഇത്രയും പേര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം ക്യാമ്പുകളില്‍ നിരന്തരമായി സജ്ജീകരിക്കുകയെന്നത് തീവ്രമായ പരിശ്രമം ആവശ്യപ്പെടുന്ന കാര്യമാണ്. ഊര്‍ജ്ജവും ആവേശവും വറ്റിപ്പോകാതെ, എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. പത്രങ്ങളും ടെലിവിഷനും റേഡിയോയും നവീനമാധ്യമങ്ങളും മറ്റു വാര്‍ത്താവിനിമയ സംവിധാനങ്ങളും പ്രളയത്തിന്റെ നാളുകളില്‍ കാണിച്ച സഹകരണവും മാനവികതയും കേരളം കരകയറുന്നതുവരെ തുര്‍ന്നുകൊണ്ടുപോകേണ്ടതാണെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. എന്തിലും ഏതിലും വിവാദങ്ങളും അപകര്‍ഷതയും ദുര്‍മനോഭാവവും കാണിക്കുന്നവരെ അവരുടെ വഴിക്കുവിടുക. കൈനനയാതെ മീന്‍പിടിക്കാനിറങ്ങുന്നവരെ അവരുടെ പാടുനോക്കി ജീവിക്കാന്‍ വിടുക. ദുരന്തങ്ങളിലകപ്പെട്ട ഒരാള്‍ക്കെങ്കിലും ഒരു കഷണം റൊട്ടിയോ ഒരു പാത്രം വെള്ളമോ പോലും നല്‍കാതെ ശ്രദ്ധിക്കുന്നവര്‍ നാടിന് ഭാരമാണെങ്കിലും അവരെയും നമുക്ക് ചേര്‍ത്തുനിര്‍ത്താം. എല്ലാവരുടെയും ഉള്ളിലെ നന്മകള്‍ ഒരിക്കല്‍ പൂവിടുമെന്ന് പ്രത്യാശിക്കാം.
ഏറെ ജാഗ്രത ആവശ്യപ്പെടുന്ന ദിവസങ്ങളാണ് കേരളത്തെ ഇനിയും കാത്തിരിക്കുന്നത്. വെള്ളമിറങ്ങികഴിയുമ്പോള്‍ പുറത്തുവരാവുന്ന രോഗസാദ്ധ്യതകളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുകയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി ക്യാമ്പുകളിലുള്ളവരെ അവരുടെ വീടുകളില്‍ സുരക്ഷിതരായി താമസിപ്പിക്കാന്‍ സജ്ജമാക്കുന്നതുവരെ, വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ താമസസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതുവരെ, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് തിരികെ ലഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയക്കുന്നതുവരെ, കൃഷിയിടങ്ങള്‍ കൃഷിയോഗ്യമാകുന്നതുവരെ, സാമ്പത്തികമായ ക്ലേശങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതുവരെ കേരളത്തിന് ഇനി വിശ്രമമില്ലാത്ത കാലമാണ്. സുനാമിയുടെയും ഓഖിയുടെയും ദുരന്തനാളുകള്‍ നമ്മുടെ മുന്നിലുണ്ട്. സഹായങ്ങള്‍, അത് അര്‍ഹതപ്പെട്ട ഓരോരുത്തരിലേക്കും കൃത്യമായി എത്തുന്നു എന്ന് ഉറപ്പാക്കുന്ന ജാഗ്രത കേരളം സ്വീകരിക്കണം, നടപടികളുണ്ടാകണം.
വലിയ ദുരന്തത്തില്‍ നിന്നു കരകയറിവരുന്ന സമൂഹമെന്ന നിലയില്‍ ഭാവിയിലേക്കുള്ള നടപടികള്‍ എങ്ങനെയാകണമെന്ന് ചിന്തിക്കാനുള്ള സമയം കൂടി നമ്മള്‍ കണ്ടെത്തേണ്ടതല്ലേ? കാലത്തിന്റെ ദൈര്‍ഘ്യം കുറയുന്ന ദുരന്തങ്ങള്‍ കേരളത്തിനുമീതെ കറുത്ത ചിറകുകള്‍ വിരിക്കാന്‍ തുടങ്ങിയെന്ന് ഇനിയും നമ്മള്‍ തിരിച്ചറിയാതെപോകരുത്. ഹ്രസ്വകാല,ദീര്‍ഘകാല നടപടികള്‍ കൈക്കൊണ്ട്, ദീര്‍ഘവീക്ഷണത്തോടെ കര്‍മപരിപാടികളുമായി മുന്നോട്ടുനീങ്ങാന്‍ കേരളത്തിന്റെ ഭരണ-പ്രതിപക്ഷ നിരയിലുള്ളവര്‍ക്കെല്ലാം ബാദ്ധ്യതയുണ്ട്. വിവേകപൂര്‍ണവും സാരവത്തായതുമായ പഠനനിര്‍ദേശങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ എടുത്ത് നടപ്പിലാക്കാന്‍ ഭരണകൂടങ്ങള്‍ ഇനിയും വൈകരുത്. പരിസ്ഥിതിയെക്കുറിച്ചുള്ള ഗൗരവതരമായ പഠനങ്ങള്‍ ആഡംബരമാണെന്നു കരുതരുത്. അനിവാര്യമായ മുന്നറിയിപ്പുകളാണ് അവയെല്ലാം. മണ്ണും വെള്ളവും ആകാശവും പാറയുമെല്ലാം മനുഷ്യര്‍ക്ക് ഇഷ്ടംപോലെ, അവരവര്‍ക്കു തോന്നുംപോലെ ഉപയോഗിക്കാം എന്ന ചിന്ത അന്താരാഷ്ട്ര സമൂഹങ്ങള്‍ കൈവെടിഞ്ഞ കാര്യം സാക്ഷരസമൂഹമായ കേരളം അറിയാത്തതല്ല. ഹരിതമെന്ന വാക്ക് സാവകാശം നല്‍കുന്ന വാക്കാണെന്ന കാഴ്ചപ്പാടിന് മാറ്റംവരുത്താന്‍, അത് ധൃതഗതിയിലുള്ള നടപടികള്‍ ആവശ്യപ്പെടുന്നുവെന്ന് മനസിലാക്കാന്‍, ഇനിയും ദുരന്തങ്ങള്‍ വരാന്‍ (അങ്ങനെ വരാതിരിക്കട്ടെ) നമ്മള്‍ കാത്തിരുന്നുകൂടാ. പ്രകൃതിയോടു ചേര്‍ന്നുള്ള വികസനം മതി നമുക്കിനിമുതല്‍.
ദുരന്തത്തെ അതിജീവിക്കുന്ന കേരള സമൂഹത്തോട് കൈകോര്‍ത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. നമ്മള്‍ ഇനിയും മുന്നോട്ടുപോകും.


Related Articles

സമുദായ ദിന സമ്മേളനം നടത്തി.

കൊച്ചി:കേരള റീജ്യണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സി)യുടെ നേതൃത്വത്തില്‍ ലത്തീന്‍ കത്തോലിക്ക രൂപതകളുടെ സമുദായ ദിനം ആചരിച്ചു. സമാപന സമ്മേളന ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മുന്‍ ഡയറക്ടര്‍ ലിഡാ

ലത്തീന്‍ സമുദായത്തിന് അധികാരപങ്കാളിത്തം നിഷേധിക്കപ്പെടുന്നു – ഷാജി ജോര്‍ജ്

  കൊല്ലം: രാജ്യത്തിന്റെ സമഗ്ര പുരോഗതിക്ക് മികച്ച സംഭാവനകള്‍ നല്കിയിട്ടുള്ള ലത്തീന്‍ സമുദായത്തെ രാഷ്ട്രീയ, സാമൂഹ്യ മേഖലകളില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും

കോവിഡിനു ശേഷം ഫ്രാന്‍സീസ് പാപ്പയുടെ ആദ്യ യാത്ര ഇറാഖിലേക്ക്‌

വത്തിക്കാന്‍: നീണ്ട മാസങ്ങളുടെ ഇടവേളക്കുശേഷം അന്താരാഷ്ട്ര യാത്രാകള്‍ക്കായി ഒരുങ്ങി ഫ്രാന്‍സിസ് പാപ്പ. മദ്ധ്യ പൂര്‍വ്വ ഏഷ്യന്‍ രാജ്യമായ ഇറാഖിലേക്കാണ് പാപ്പയുടെ ചരിത്രപരമായ സന്ദര്‍ശനം. റിപ്പബ്ലിക് ഓഫ് ഇറാന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*