അതിരുകടക്കുന്ന അപ്പോളജറ്റിക്‌സുകള്‍

അതിരുകടക്കുന്ന അപ്പോളജറ്റിക്‌സുകള്‍

വാളെടുക്കുന്നവര്‍ എല്ലാവരും വെളിച്ചപ്പാടുകളാകുന്നതു പോലെയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ അപ്പോളജറ്റിക്സുകള്‍. തങ്ങളുടെ മതങ്ങളുടെ സംരക്ഷണം സ്വയം ഏറ്റെടുത്തുകൊണ്ട് അവര്‍ അപ്പോളജറ്റിക്സ് അഥവാവിശ്വാസ സമര്‍ത്ഥനം എന്ന പേരില്‍ സഹജ വിദ്വേഷവും ഇതരമതങ്ങളെ അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും സ്ഥിരം കാഴ്ചയാകുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ കത്തോലിക്കാ കാഴ്ചപ്പാടില്‍ എന്താണ് അപ്പോളജറ്റിക്സ് എന്നു മനസ്സിലാക്കുന്നത് നല്ലതായിരിക്കും. ‘അപ്പോളജിയ’ എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് അപ്പോളജറ്റിക്സ് എന്ന പദം വരുന്നത്. വിശദീകരണം എന്നാണ് ആ പദത്തിന്റെ അര്‍ത്ഥം. വിശ്വാസത്തിന് വിശദീകരണത്തിന്റെ ആവശ്യമുണ്ടോ? ആവശ്യമുണ്ട്. കാരണം, ഹൃദയഭാഷകളുടെ സമ്മേളനമാണ് വിശ്വാസം. അത് എപ്പോഴും യുക്തിക്ക് യുക്തമാകണമെന്നില്ല. അങ്ങനെ വരുമ്പോള്‍ വിശദീകരണം ആവശ്യമായി വരും. എങ്ങനെയാണ് വിശ്വാസത്തെ വിശദീകരിക്കേണ്ടത്? ദൈവശാസ്ത്രത്തിലൂടെയാണ് വിശ്വാസത്തെ വിശദീകരിക്കേണ്ടത്.

ദൈവശാസ്ത്രവും അപ്പോളജറ്റിക്സും

കത്തോലിക്കാ വിശ്വാസത്തിന്റെ കാഴ്ചപ്പാടില്‍ സഭയുടെ ദൗത്യത്തിനുള്ളില്‍ നിന്നുകൊണ്ട് അതിനുവേണ്ടിയുള്ള സംവേദനത്തെയും പ്രതികരണത്തെയുമാണ് ലളിതമായ ഭാഷയില്‍ ദൈവശാസ്ത്രം എന്നു പറയുന്നത്. അടിസ്ഥാനപരമായി അതൊരു ആത്മവിചിന്തനമാണ്; മരൗേ െൃലളഹലഃൗ.െ അത് ഉള്ളതുകൊണ്ടാണ് വിശ്വാസ സമൂഹം ആത്മാവബോധത്തിലും സഹജനന്മയിലും വളരുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ദൈവവചനത്തെ ആഴമായി അറിയുന്നതിനും അത് സഭയില്‍ പ്രാവര്‍ത്തികമാക്കുന്നതിനുംവേണ്ടിയുള്ള മാര്‍ഗ മാണ് ദൈവശാസ്ത്രം. ദൈവവചനമാണ് സഭയുടെ അടിത്തറയും പൈതൃകവും പാരമ്പര്യവും (Par-adosis). ഈ പൈതൃക പാരമ്പര്യത്തിന്റെ വകഭേദങ്ങളാ
ണ് വചനപ്രഘോഷണം (ker-ygma), ആരാധനക്രമം (leito-urgia), ശുശ്രൂഷ പ്രവര്‍ത്തനം
(diakonia), കൂട്ടായ്മ (koinonia), സാക്ഷ്യം (matryria) തുടങ്ങിയവ. ഈ പാരാഡോസിസിനെ ആത്മവിമര്‍ശനാത്മകമായ രീതിയില്‍ തുണയ്ക്കുകയും സഭാജീവിതത്തെ അതിന്റെ സാഹചര്യമനുസരിച്ച് ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നതാണ് ദൈവശാസ്ത്രത്തിന്റെ കര്‍ത്തവ്യം. എങ്കിലും സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യത്യസ്ത ഭാവങ്ങളുണ്ട്. അതെല്ലാം സംവേദനാത്മകവുമാണ്. അവയെ നമുക്ക് അവഗണിക്കാന്‍ സാധിക്കില്ല. അങ്ങനെ ചിന്തിക്കുമ്പോള്‍ ദൈവശാസ്ത്രമെന്നത് ക്രിസ്തുവിലൂടെ മനുഷ്യകുലത്തിന് പകര്‍ന്നുതന്ന ദൈവവചനവുമായുള്ള ആശയവിനിമയം സാധ്യമാക്കുകയെന്നതാണ്.

യേശുവിലൂടെ മനുഷ്യനും
ദൈവവും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്ന ഏത് ചിന്താരീതിയും ദൈവശാസ്ത്രമാണ്. ഈ ആശയവിനിമയത്തിന് തടസ്സമായും ഭീഷണിയായും വരാന്‍ സാധ്യതയുള്ള മൂന്നു സന്ദര്‍ഭങ്ങളുണ്ട്: (1) ആശയവിനിമയം വൈരുദ്ധ്യാത്മകതകൊണ്ട് തടസ്സപ്പെടുമ്പോള്‍; (2) ആശയവിനിമയം അജ്ഞതകൊണ്ട് തടസ്സപ്പെടുമ്പോള്‍; (3) വചനം ഗ്രഹിക്കാന്‍ കഴിവുള്ള ശ്രോതാക്കള്‍ ഇല്ലാതെ വരുമ്പോള്‍. ഈ മൂന്നു സാഹചര്യങ്ങളും മൂന്നു വ്യത്യസ്ത ദൈവശാസ്ത്ര പ്രതികരണങ്ങളെ ആവശ്യപ്പെടുന്നുണ്ട്. ആശയവിനിമയത്തില്‍ വൈരുദ്ധ്യാത്മകത കടന്നുവരുമ്പോള്‍ ദൈവശാസ്ത്രം അപ്പോളജറ്റിക്സ് ആകും, അജ്ഞത കടന്നുവരുമ്പോള്‍ വിവരണാത്മകമാകും (hermeneutical), അഗ്രാഹ്യമാകുമ്പോള്‍ സംഭാഷണമാകും (dialogue).

വിശ്വാസവും വിശദീകരണവും
വിശ്വാസത്തിന് ഒരു അപ്പോളജറ്റിക് തലമുണ്ട് എന്നതിന് വ്യക്തമായ തെളിവാണ് പത്രോസിന്റെ ഒന്നാമത്തെ ലേഖനം മൂന്നാം അധ്യായം പതിനഞ്ചാം വാക്യം: ”ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍.” വിശ്വാസ സംബന്ധമായ വിശദീകരണത്തെകുറിച്ചാണ് അപ്പോസ്തോലന്‍ പറയുന്നത്. ചരിത്രത്തില്‍ അത് ആക്രമണാത്മകവും പ്രതിരോധാത്മകവുമായ രീതിയില്‍ തത്ത്വശാസ്ത്രത്തിന്റെയും സാഹിത്യ ആവിഷ്‌കാരങ്ങളുടെയും സഹായത്തോടെ ധൈഷണികമായ തലത്തിലാണ് നടത്തിയിട്ടുള്ളത്. വിശ്വാസം വിശദീകരണമാകുമ്പോള്‍ ഭാഷയില്‍ പരിഹാസമോ പരിദേവനങ്ങളോ കടന്നുവരാന്‍ പാടില്ല, മറിച്ച് ധിഷണയിലൂന്നിയ സമര്‍ത്ഥനമാണ് ഉണ്ടാകേണ്ടത്. ഇതര മതങ്ങളെയോ ചിന്താസരണികളെയോ അപമാനിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്നതല്ല അപ്പോളജറ്റിക്സ്.

വിശദീകരണം അഥവാ അപ്പോളജിയ എന്ന പദം ആത്മവിമര്‍ശനം എന്ന സങ്കല്‍പ്പത്തിന്റെ നൂലിഴകളില്‍ വിശ്വാസത്തെ കൊരുത്തിടുന്നുണ്ടെന്ന കാര്യം നമ്മള്‍ മറക്കരുത്. മറ്റുള്ളവരുടെ മുന്‍പില്‍ ഒരു പ്രതിരോധ മതില്‍ പണിയുന്നതിനു മുന്‍പ് സ്വയം വിചിന്തനം ചെയ്യണം നമ്മള്‍; അന്ധവും അസംബന്ധമായതുമായ എന്തെങ്കിലും വിശ്വാസമെന്ന പേരില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ടോ, ചിന്തിക്കുന്നുണ്ടോ, ജീവിക്കുന്നുണ്ടോയെന്ന്. ക്രിസ്തു ഒരു അനുഭവമാകാത്ത തരത്തില്‍ എന്തെങ്കിലും എന്റെ വിശ്വാസ ജീവിതത്തില്‍ കടന്നുകൂടിയിട്ടുണ്ടോയെന്ന്. ഞാന്‍ സംവേദനം ചെയ്യുന്ന വിശ്വാസവും എന്റെ പ്രവൃത്തികളും തമ്മില്‍ വൈരുദ്ധ്യമുണ്ടോയെന്ന്. അപ്പോളജറ്റിക്സ് എന്നത് എന്റെ കണ്ണിലെ മരത്തടിയും സഹജന്റെ കണ്ണിലെ കരടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കല്‍ കൂടിയാണ്.

വിശദീകരണത്തിന്റെ വിവക്ഷിതാര്‍ത്ഥങ്ങള്‍
1 പത്രോസ് 3:15 നെ ആഴമായി വിശകലനം ചെയ്താല്‍ എങ്ങനെയായിരിക്കണം ക്രൈസ്തവ അപ്പോളജറ്റിക്സ് എന്നതിനെ കുറിച്ചുള്ള ചില വിവക്ഷിതാര്‍ത്ഥങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.
(1) വിശ്വാസത്തെകുറിച്ചുള്ള വിശദീകരണം ചുരുക്കം ചിലരില്‍ നിക്ഷിപ്തമായ കാര്യമല്ല. സമകാലികമായ സാഹചര്യത്തില്‍ അത് എല്ലാവരുടെയും വിഷയമാണ്. അതുകൊണ്ടുതന്നെ നമ്മള്‍ നല്‍കുന്ന വിശദീകരണത്തിന്റെ കേള്‍വിക്കാര്‍ സഭയ്ക്ക് പുറത്തുള്ളവര്‍ മാത്രമല്ല, ഉള്ളിലുള്ളവരുമാണ്.
(2) പത്രോസ് പറയുന്നത് നിങ്ങള്‍ക്കുള്ള പ്രത്യാശയെകുറിച്ച് വിശദീകരിക്കാനാണ്. നമുക്കെതിരെ വരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായി കാണിക്കേണ്ടത് പ്രത്യാശയായിരിക്കണം. കാരണം, നമ്മുടെ വിശ്വാസത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ് പ്രത്യാശ.
(3) ക്രിസ്തുസംഭവങ്ങളുടെ സാക്ഷ്യത്തില്‍ അടിസ്ഥാനമാക്കിയാണ് സഭ എല്ലാ ചോദ്യങ്ങളെയും തരണം ചെയ്തിട്ടുള്ളത്, അതുകൊണ്ട് ക്രിസ്താനുഭവത്തിന്റെ സാക്ഷ്യമില്ലാതെ ഒരു വിശദീകരണവും സാധ്യമാകില്ല.
(4) അപ്പോളജറ്റിക്സ് എന്നത് എല്ലാ ചോദ്യങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കുമുള്ള ഉത്തരം നല്‍കലല്ല, വിശ്വാസത്തെക്കുറിച്ച് ഉത്തരവാദിത്വത്തോടെ ചിന്തിക്കാനുള്ള ആത്മപ്രേരണയാണ്.
(5) ക്രൈസ്തവികതയുടെ ആഴം അറിയലാണ് അപ്പോളജറ്റിക്സ്, അതുകൊണ്ടുതന്നെ ചോദ്യം ഉന്നയിക്കുന്നവരെ അവഹേളിക്കുകയെന്നത് അതിന്റെ ധര്‍മ്മമല്ല.

വിവരണാത്മകമാകണം അപ്പോളജറ്റിക്സ്
വിശ്വാസ വിശദീകരണം ആക്രമണാത്മകമല്ല, വിവരണാത്മകമാണ്. ഭാരതം പോല ബഹുസ്വരമായ ഒരു സാമൂഹിക പശ്ചാത്തലത്തില്‍, മതം ഒരു വൈകാരികതയായി കരുതുകയും ഒപ്പം മതഗ്രന്ഥങ്ങളെകുറിച്ച് ആഴമായ ഗ്രാഹ്യം ഇല്ലാതിരിക്കുകയും ചെയ്യുന്ന ഈ സമൂഹത്തില്‍, യുക്തിയുക്തവും ധൈഷണികവുമായ വിശ്വാസ സമര്‍ത്ഥനം നടത്തേണ്ടത് പുറത്തുള്ളവരോട് എന്നതിനെക്കാള്‍ കൂടുതല്‍ അകത്തുള്ളവരോടാണ്. വിശുദ്ധ ഗ്രന്ഥത്തിന്റെ വാചികവും ആത്മീയവുമായ അര്‍ത്ഥതലങ്ങളെ വിവേചിച്ചറിയാനും മനസ്സിലാക്കാനും നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട്, വിശുദ്ധ ഗ്രന്ഥത്തിന് ഭാഷ്യം മെനയുമ്പോള്‍ രണ്ട് കാര്യങ്ങള്‍ നമ്മള്‍ മനസ്സില്‍ കരുതിയിരിക്കണം:

(1) വിശുദ്ധഗ്രന്ഥ വ്യാഖ്യാനം ഒരു കലയാണ്. കലയായതുകൊണ്ട് അത് കാവ്യാത്മകമാണ്. ദൈവത്തെകുറിച്ചുള്ള കാവ്യമാണ് ദൈവശാസ്ത്രം എന്ന് അനുവാചകരില്‍ അനുഭവമാകണം. അതുകൊണ്ട് മുഷിപ്പിന്റെ ഭാഷയും ശൈലിയും ആവുന്നതും ഒഴിവാക്കുക.
(2) ദൈവവചനത്തിന് നല്‍കുന്ന ഭാഷാന്തരവും അര്‍ത്ഥനിരൂപണവും വ്യാഖ്യാനവും സൈദ്ധാന്തികപരമായിരിക്കണം. വചനവ്യാഖ്യാനത്തിന് സഭ നിഷ്‌കര്‍ഷിച്ചിട്ടുള്ള ചില നിബന്ധനകളും ക്രമങ്ങളുമുണ്ട്, അവയെ തമസ്‌കരിച്ചുകൊണ്ട് വചനത്തിന് അര്‍ത്ഥബോധനം നല്‍കുമ്പോള്‍ വാചികമായത് ആത്മീയമാവുകയും ആത്മീയമായത് വാചികമാവുകയും ചെയ്യുന്നു. അങ്ങനെ സംഭവിക്കുമ്പോഴാണ് വെളിവില്ലാത്ത മൗലികവാദങ്ങള്‍ നമ്മുടെയിടയില്‍ പൊട്ടിമുളക്കുന്നത്.

2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ഇറക്കിയ വെര്‍ബും ദോമിനി (Verbum Domini) എന്ന അപ്പസ്തോലിക പ്രബോധനത്തില്‍ വിശുദ്ധ ഗ്രന്ഥത്തെ വ്യാഖ്യാനിക്കുമ്പോള്‍ വിമര്‍ശനാത്മകവും ആത്മീയവുമായ തലങ്ങള്‍ ഒന്നിച്ചു നിര്‍ത്തണമെന്ന് സൂചിപ്പിക്കുന്നുണ്ട്. ചില മൗലികവാദികളും ധ്യാനഗുരുക്കന്മാരും വിശുദ്ധ ഗ്രന്ഥത്തിന് നല്‍കുന്ന പദാനുപദമായ വ്യാഖ്യാനം അതിന്റെ വാചികവും ആത്മീയവുമായ അര്‍ഥതലങ്ങളോടുള്ള വഞ്ചനയാണ്. അതുകൊണ്ട്, ഇന്ന് നമ്മുടെ ഇടയില്‍ അപ്പോളജറ്റിക്സ് സാധ്യമാകണമെങ്കില്‍ ധിഷണയും ആത്മീയതയും സമന്വയിപ്പിച്ച വിവരണാത്മകമായ വിശുദ്ധഗ്രന്ഥ വ്യാഖ്യാനവും ദൈവശാസ്ത്ര പ്രബോധനങ്ങളും വരണം. വിവരണാത്മകമായ വിശദീകരണത്തിലൂടെ സുവിശേഷത്തിനുള്ളിലെ ജീവനാദത്തെ നമുക്ക് പകര്‍ന്നു നല്‍കാന്‍ സാധിക്കും, ഇതര മതസ്ഥരോടുള്ള അവഹേളനമെന്ന അപശ്രുതികളെ അങ്ങനെ മായ്ച്ച്കളയാനും പറ്റും.

സംവാദമാകണം അപ്പോളജറ്റിക്സ്
ഭാഷണമാണ് ദൈവവചനം. അത് മനുഷ്യനിലേക്ക് പകര്‍ന്നുനല്‍കിയത് സംഭാഷണത്തിലൂടെയാണ്. വചനമാകുന്ന ദൈവത്തിലുള്ള വിശ്വാസം ഏകപക്ഷീയമായ ഭാഷണമല്ലാത്തതു പോലെ, ഈ വിശ്വാസത്തെക്കുറിച്ചുള്ള വിശദീകരണവും ഏകപക്ഷീയമാകരുത്. സംഭാഷണമാണ് വിശദീകരണം. സംഭാഷണം സാധ്യമാകണമെങ്കില്‍ ഞാനെന്ന സ്വത്വവിചാരത്തിനപ്പുറത്ത് അപരവിചാരം കൊണ്ടുവരണം. എന്തുകൊണ്ട് എന്റെ വിശ്വാസം വിശദീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാകുന്നു? കാരണം, അപരന്‍ എന്റെ വിശ്വാസത്തെ വ്യക്തമായി മനസ്സിലാക്കിയിട്ടില്ലായിരിക്കാം, ചിലപ്പോള്‍ അറിയില്ലായിരിക്കാം. അങ്ങനെ വരുമ്പോള്‍ രണ്ടു രീതിയില്‍ നമുക്ക് ഇതര മതസ്ഥരോട് ഇടപെടാന്‍ സാധിക്കും: (1) വൈരുദ്ധ്യാത്മക സമീപനം (dialectical approach), (2) സംവാദ സമീപനം (dialogical approach). ആദ്യത്തേത് മറ്റു മതങ്ങളുടെ തനിമയെ ഉള്‍ക്കൊണ്ട് വ്യത്യസ്തതകളെ പരിഹരിക്കാന്‍ ശ്രമിക്കുക എന്നതാണ്. രണ്ടാമത്തേത് മറ്റു മതങ്ങളുടെ വ്യത്യസ്തതകളെ ബഹുമാനിച്ച് സ്വത്വബോധം നഷ്ടപ്പെടാതെ അവരുമായി നല്ല ബന്ധം സ്ഥാപിക്കുക. രണ്ടാമത് പറഞ്ഞതാണ് വിശ്വാസ വിശദീകരണമായി ഉണ്ടാകേണ്ട സംവാദം. ബഹുസ്വരതയുള്ള ഒരു സമൂഹത്തില്‍ സാമൂഹിക സമാധാനം നിലനിര്‍ത്തുക എന്നത് വിശ്വാസത്തിന്റെ ധാര്‍മിക ഉത്തരവാദിത്വമാണ്. സംവാദം എന്നപേരില്‍ ഇതര മതസ്ഥരുടെ വേദഗ്രന്ഥത്തെയും വിശ്വാസപ്രമാണങ്ങളെയും അവഹേളിക്കുന്നത് അപ്പോളജറ്റിക്സ് അല്ല.

ഉപസംഹാരം
അപ്പോളജറ്റിക്സ് സമം ആക്രമണം എന്ന ചിന്താസവിശേഷത സമൂഹമാധ്യമങ്ങളിലെ മതമൗലികവാദികളും ‘സ്‌നേഹസംവാദം’ നടത്തി ഇതര മതങ്ങളെ പരസ്യമായി പരിഹസിക്കുകയും ചെയ്യുന്നവര്‍ ഇന്ന് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. മതാത്മകമായ ഭാഷണങ്ങള്‍ ഹിംസാത്മകമായി മാറുന്ന അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു. മതവിശ്വാസം ഒരുകൂട്ടം അറിവുകളുടെ ശേഖരമായി ചുരുങ്ങി. വെളിപാടുകളില്‍ അധിഷ്ഠിതമായ വിശ്വാസ സമൂഹങ്ങള്‍ അവരുടെ വിശ്വാസ സംഹിതകളെ സൂപ്പര്‍ സോഷ്യോളജിയായി ചിത്രീകരിക്കുകയും സാംസ്‌കാരികതയുടെ ഉല്പത്തിയായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അനന്തവിഹായസ്സിലേക്ക് പരിണമിക്കുന്ന മാനുഷികതയ്ക്കു വിപരീതമായി വിപരിണാമത്തിന്റെ നരവിജ്ഞാനിയം ഈ വിശ്വാസവിശാരദന്മാര്‍ സൃഷ്ടിച്ചെടുത്തുകഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ക്രൈസ്തവികത എന്ന ആശയവും ക്രൈസ്തവികത എന്ന ചരിത്രസമൂഹവും തമ്മിലുള്ള അന്തരം വലുതാവുന്നു എന്നതാണ് സത്യം.

ജര്‍മന്‍ ചിന്തകനായ കിഴീഹള ഉമഹളലൃവേ ദൈവം എന്ന പദത്തെ ഒരു ശിറലഃംീൃറ (സൂചിത പദം) ആയിട്ടാണ് കരുതുന്നത്. അതിനു കാരണമുണ്ട്. ദൈവമെന്ന യാഥാര്‍ത്ഥ്യത്തെ എല്ലാ തലത്തിലൂടെയും അറിയാന്‍ സാധിക്കില്ല. ”God is to be identified in the lives of those believing in God” എന്നാണദ്ദേഹം പറയുന്നത്. അപ്പോളജറ്റിക്സ് ഒരു വാഗ്വാദമായി മാറുന്ന ഈ കാലഘട്ടത്തില്‍ ഓര്‍ക്കണം നമ്മള്‍, ദൈവത്തെക്കുറിച്ചുള്ള നല്ല സങ്കല്പങ്ങളില്‍ നിന്നു മാത്രമെ മനുഷ്യകുലത്തെക്കുറിച്ചുള്ള നല്ല ആശയങ്ങള്‍ നമുക്ക് രൂപീകരിക്കാന്‍ സാധിക്കു.

സഹായക ഗ്രന്ഥങ്ങള്‍
Second Vatican Council, Dei Verbum, Dogmatic Constitution on Divine Revelation, 8-20.
Second Vatican Council, Gaudium et Spes, Pastoral Constitution on the Church in the Modern World, 19.
Second Vatican Council, Decrees of the Ecumenical Councils, II, 1079.
Catechism of the Catholic Church, 109-119.
BENEDICT XVI, Verbum Domini, Postsynodal Apostolic Letter, Vatican, 2010.
GERALD O’COLLINS, Retrieving Fundamental Theology: The Three Styles of Contemporary Theology, New York, 1993.
HANS WALDEFELS, Kontextuelle Fundamentaltheologie, Paderborn, 1985.
Johann Baptist Metz, ‘Apologetics’, in Sacramentum Mundi, II, London, 1966.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 

 

 

 


Tags assigned to this article:
apologists

Related Articles

അന്നവും അക്ഷരവും ആദരവോടെ വിളമ്പുന്നൊരിടം

നെയ്യാറ്റിൻകര : ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ നേതൃത്വത്തിൽ അമരവിളയിൽ പ്രവർത്തനം ആരംഭിച്ച അഞ്ചപ്പമെന്ന ഭക്ഷണ ശാല ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ജാതി മത ഭേദമന്യേ എല്ലാവർക്കും

ജൂള്‍സ് ക്രോളിന്റെ കുറ്റാന്വേഷണ സിദ്ധാന്തം

  ലോകത്തിലെ ഏറ്റവും പ്രശസ്തനായ സ്വകാര്യകുറ്റാന്വേഷകനാണ് ജൂള്‍സ് ക്രോള്‍ (Jules Kroll). 70കളില്‍ അമേരിക്കയില്‍ നോട്ടമിട്ട ക്രോളിന്റെ അദൃശ്യനയനങ്ങള്‍ പരിഹാരം കണ്ടെത്താത്ത കേസുകള്‍ വളരെ കുറവ്.ഔദ്യോഗിക അന്വേഷണ

നവമാധ്യമങ്ങളിൽ  നിഷ്കളങ്കരുടെ നിസ്സംഗത ആപൽകരം : ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്

  നല്ല മനുഷ്യരുടെ നിശബ്ദതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നവമാധ്യമ പ്രവർത്തകർ അവരുടെ നിശബ്ദതയെ പിന്തുണയ്ക്കാതെ, അവരുടെ വക്താക്കളായി മാറണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*