അതിശയിപ്പിക്കുന്ന ആര്‍ജവം, ആഭിജാത്യം

എ.കെ.ആന്റണി
(മുന്‍ കേന്ദ്രമന്ത്രി, എ.ഐ.സി.സി. വര്‍ക്കിംഗ് കമ്മറ്റി അംഗം)
എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് എനിക്ക് പ്രീ-യൂണിവേഴ്സിറ്റിക്ക് ചേരുന്നതിനായി ഇന്റര്‍വ്യൂ കാര്‍ഡ് ലഭിക്കുന്നത് 1959 ജൂണ്‍ 13-ാം തീയതി എന്നാണ് എന്റെ ഓര്‍മ്മ. ഇന്റര്‍വ്യൂ കഴിഞ്ഞ് നേരെ പോയത് കോളജ് ഗ്രൗണ്ടിനു സമീപമുള്ള കെ.പി.സി.സി. ഓഫീസിലേക്കായിരുന്നു. വിമോചന സമരത്തോടനുബന്ധിച്ചുള്ള പ്രക്ഷോഭത്തെ തുടര്‍ന്ന് അങ്കമാലിയില്‍ വെടിവെപ്പുണ്ടായി ഏഴുപേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കേരളമാകെ നടന്ന ഹര്‍ത്താല്‍ ദിനമായിരുന്നു. അന്നാണ് കെപിസിസി ജനറല്‍ സെക്രട്ടറിയായ ഡോ. ഹെന്റി ഓസ്റ്റിനെ ആദ്യമായി കാണുന്നത്. ഒന്നു കണ്ടു എന്നു മാത്രം. ആര്. ശങ്കര്‍ കെപിസിസി പ്രസിഡന്റും, ഡോ. ഹെന്റി ഓസ്റ്റിനും അഡ്വ. മുസ്തഫാ കിനി റാവുത്തറും ജനറല്‍ സെക്രട്ടറിമാരും. ഡോ. ഓസ്റ്റിനെ ആദ്യമായി കണ്ടതിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പരിചയപ്പെടുവാന്‍ കഴിഞ്ഞത്. അത് ഞാന്‍ കെഎസ്യു പ്രസിഡന്റായിരുന്ന കാലഘട്ടം.
1965-ലെ പൊതുതെരഞ്ഞെടുപ്പില്‍ കൊല്ലത്തുനിന്ന് അദ്ദേഹം നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതുകൊണ്ട് നിയമസഭ കാണാന്‍ കഴിഞ്ഞില്ല. നിയമസഭ കൂടാതെ തന്നെ അസംബ്ലി പിരിച്ചുവിട്ടു. പിന്നീടു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുവാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം സ്ഥാനാര്‍ത്ഥി ആകണമെന്ന് എറണാകുളം ലോക്സഭാ മണ്ഡലത്തിലെ വലിയഭാഗം വോട്ടര്‍ക്കും താല്പര്യമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥി ആകുവാന്‍ കഴിഞ്ഞില്ല. ഹെന്റി ഓസ്റ്റിന്‍ ടിക്കറ്റ് നിഷേധിച്ചതിനെതിരെ എറണാകുളത്ത് ആയിരങ്ങള്‍ പങ്കെടുത്ത ജാഥ ഞാന്‍ കെപിസിസി ഓഫീസിന്റെ മൂന്നാം നിലയില്‍ നിന്ന് കണ്ടത് ഇന്നലെ എന്നോണം എന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്. പിറ്റെദിവസം ഞാന്‍ അദ്ദേഹത്തെ ഹൈക്കോടതി കവലയ്ക്കു സമീപമുള്ള വാടകവീട്ടില്‍ ചെന്ന് കാണുകയുണ്ടായി. അദ്ദേഹം ആകെ ക്ഷീണിതനും ദുഃഖിതനുമായിരുന്നു. പക്ഷേ, ഏതാനും ദിവസങ്ങള്‍ക്കു ശേഷം കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി സജീവമായി രംഗത്തിറങ്ങി. അതാണ് ഹെന്റി ഓസ്റ്റിന്‍.
അമേരിക്കയിലെ ഉപരിപഠനത്തിനുശേഷം കേരളത്തില്‍ തിരിച്ചെത്തിയശേഷം അഭിഭാഷകവൃത്തിക്കൊപ്പം സജീവമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായി അദ്ദേഹം മാറിയിരുന്നു. ഡോ. ഓസ്റ്റിന്റെ ആദ്യകാല വളര്‍ച്ചയ്ക്ക് സഹായിച്ചത് ആര്.ശങ്കറായിരുന്നു. രണ്ടുപേരും കൊല്ലംകാരായിരുന്നല്ലോ. കൊല്ലത്തെ ശക്തികുളങ്ങരയിലെ സമ്പന്നവും പ്രശസ്തവുമായ കുരിശ്ശടി കുടുംബത്തിലായിരുന്നു ജനനം. ഭാര്യ ഗ്രേസ് ശക്തികുളങ്ങരയിലെ സമ്പന്നമായ ഓലിക്കര കുടുംബത്തിലെയായിരുന്നു.
1970-ല്‍ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അതോടെ പ്രവര്‍ത്തനം ദേശീയ രാഷ്ട്രീയത്തിലായി. എഐസിസി ജനറല്‍ സെക്രട്ടറിയും കേന്ദ്രമന്ത്രിയുമായി. ലോക്സഭാ അംഗത്വത്തിനുശേഷം കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിന് പാര്‍ട്ടിയില്‍ പ്രത്യേക സ്ഥാനങ്ങള്‍ ഒന്നും ഇല്ലായിരുന്നു. എറണാകുളം ഓള്‍ഡ് റെയില്‍വെ സ്റ്റേഷന് റോഡില്‍ അദ്ദേഹം സ്വന്തമായി ഒരു വീട് നിര്‍മ്മിച്ചിരുന്നു.നല്ലൊരു സല്‍ക്കാരപ്രിയനായിരുന്നു അദ്ദേഹം. ഞാന്‍ ആ വീട്ടിലെ ഒരു സ്ഥിരം സന്ദര്‍ശകനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഗ്രേസ് വിളമ്പിതന്ന ഭക്ഷണത്തിന്റെ രുചി ഇന്നും എന്റെ മനസ്സിലുണ്ട്. അത് ഞാന്‍ നന്ദിപൂര്‍വ്വം സ്മരിക്കുകയാണ്. അദ്ദേഹത്തിന്റെ ഏറെ പ്രതീക്ഷയായിരുന്ന മകന് ഗില്‍ബര്‍ട്ട് ഓസ്റ്റിന്റെ അകാലത്തിലുള്ള മരണം ഡോ. ഓസ്റ്റിനെ വല്ലാതെ തളര്‍ത്തിയിരുന്നു. ഞാന്‍ എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനവുമായി നടന്ന കാലത്തായി രുന്നു ‘മുരളി’ സമരം. കേരളമാകെ കത്തിപ്പടര്‍ന്ന സമരമായിരുന്നു. ആ കാലഘട്ടത്തില്‍ കൊച്ചി നഗരത്തില്‍ നടന്നിട്ടുള്ള എല്ലാ വിദ്യാര്ത്ഥിസമരജാഥകളുടെയും മുന്‍നിരയില്‍നിന്നുകൊണ്ട് ഉശിരന്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന ഗില്‍ബര്‍ട്ട് ഓസ്റ്റിനെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഡോ. ഓസ്റ്റിനെ പോര്‍ട്ടുഗലിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിക്കുകയുണ്ടായി. ആ കാലഘട്ടം താന്‍ നന്നായി ആസ്വദിച്ചതായി അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അതുകഴിഞ്ഞ് ഒരു സ്ഥാനവുമില്ലാതെ ഏറെ നാള് കോണ്‍ഗ്രസ്സിന്റെ സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടി പരിപാടികളില്പങ്കെടുക്കുമായിരു
മനുഷ്യസ്നേഹിയായ അദ്ദേഹം കമ്മിഷന് അംഗം എന്ന നിലയില്‍ ഏറെ സന്തോഷവാനായിരുന്നു. പിന്നീട് മരണംവരെ സ്ഥാനമാനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. സ്ഥാനമാനങ്ങള്‍ ഒന്നുമില്ലായിരുന്നപ്പോഴും, ആരോടും പരിഭവമില്ലാതെ കോണ്‍ഗ്രസ്സ് യോഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. ദീര്‍ഘമായ പൊതുപ്രവര്‍ത്തനത്തിനിടയില്‍ ശക്തികുളങ്ങരയില്‍ തനിക്ക് ലഭിച്ച പൂര്‍വ്വിക സ്വത്തുക്കളും, ഭാര്യയ്ക്ക് ലഭിച്ച പൂര്‍വ്വിക സ്വത്തുക്കളും മുഴുവന്‍ വിറ്റഴിക്കേണ്ടിവന്നു. അവസാനകാലഘട്ടത്തില്‍ എറണാകുളത്തെ വീടുമാത്രമായിരുന്നു സ്വന്തം. ആ കാലഘട്ടത്തിലെ ഹെന്റി ഓസ്റ്റിനെയാണ് ഞാന്‍ ഏറ്റവും ആദരിക്കുന്നതും ബഹുമാനിക്കുന്നതും. കേരളത്തില്‍നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് പടവുകള്‍ ചവിട്ടി കയറിയശേഷം താഴേക്കുവന്ന അദ്ദേഹം ഒരു പരിഭവും ആരോടും കാണിച്ചില്ലെന്നുമാത്രമല്ല, ആ മുഖത്ത് സദാസമയവും ഉണ്ടായിരുന്ന പുഞ്ചിരിക്ക് ഒരു മങ്ങലുമില്ലായിരുന്നു – അതായിരുന്നു ഹെന്റി ഓസ്റ്റിന്‍. എറണാകുളത്തെ പാര്‍ട്ടി പരിപാടികളിലും മറ്റു പൊതുപരിപാടികളിലും പദവികള്‍ ഇല്ലായിരുന്നപ്പോഴും അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. ബസ്സുകളിലും ഓട്ടോറിക്ഷയിലും കയറി എല്ലായിടത്തും കൃത്യസമയത്തിനു മുന്‍പുതന്നെ എത്തുമായിരുന്നു. മിക്കവാറും ശ്രോതാവായ് മുന്‍നിരയില്‍ ഉണ്ടാകും. അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ പ്രസംഗകനുമായും കാണാം.
കോണ്‍ഗ്രസ്സിന്റെ ഉന്നത സ്ഥാനങ്ങളില്‍ ഇരുന്നശേഷം ആള്‍ക്കൂട്ടത്തില്‍ ഒരാളായി ബസ്സിലും ഓട്ടോയിലും സഞ്ചരിച്ച് കോണ്‍ഗ്രസ്സിന്റെ വാര്‍ഡ് യോഗങ്ങളില്‍ പോലും മടിയില്ലാതെ പങ്കെടുക്കുന്ന ഡോ. ഹെന്റി ഓസ്റ്റിനെപോലെ പ്രവര്‍ത്തിക്കുവാന്‍ ഈ കാലഘട്ടത്തില്‍ എത്രപേര്‍ക്കു കഴിയും! ഈ ഹെന്റി ഓസ്റ്റിനെക്കുറിച്ച് പറയുവാന്‍ എനിക്ക് വാക്കുകളില്ല. ഏറെ ആദരവോടും അതിശയത്തോടുമാണ് ഞാന്‍ ഓര്‍മ്മിക്കുന്നത്.
Related
Related Articles
ഞായറാഴ്ചകളില്‍ പരീക്ഷയും പെസഹ വ്യാഴാഴ്ച വോട്ടെടുപ്പും: തീരുമാനം പിന്‍വലിക്കണം
തിരുവനന്തപുരം: ഞായറാഴ്ചകളില്‍ പരീക്ഷകളും പെസഹ വ്യാഴാഴ്ച പതിമൂന്ന് സംസ്ഥാനങ്ങളില്‍ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പും നടത്താനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും ഭരണഘടന അനുശാസിക്കുന്ന ആരാധനാ
നഴ്സിങ് റിസര്‍ച്ച് സൊസൈറ്റി ഓഫ് ഇന്ത്യയുടെ കോണ്‍ഫറന്‍സ് കൊട്ടിയം ഹോളിക്രോസ് ഓഡിറ്റോറിയത്തില്‍ നടത്തി
കൊല്ലം: കേരളത്തില്‍ ആദ്യമായി നഴ്സിങ് റിസര്‍ച്ച് സൊസൈറ്റിയുടെ ദക്ഷിണേന്ത്യന്‍ ഘടക കോണ്‍ഫറന്‍സ് ഹോളിക്രോസ് കോളജ് ഓഫ് നഴ്സിങ്ങിന്റെയും തിരുവനന്തപുരം ലയോള കോളജ് ഓഫ് സോഷ്യല്‍ സയന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍
പ്രശസ്ത സംഗീത സംവിധായകന് വാജിദ് ഖാന് അന്തരിച്ചു
മുംബൈ : ബോളിവുഡിലെ സംഗീത സംവിധായകന് വാജിദ് ഖാന് (42) അന്തരിച്ചു. വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാജിദിനെ മുംബൈയിലെ