Breaking News

അത്യപൂര്‍വമായ ഒരു പുന:സമാഗമം

അത്യപൂര്‍വമായ ഒരു പുന:സമാഗമം

 

മനുഷ്യന്‍ എന്ന സൃഷ്ടി ഒരു ആധ്യാത്മിക ജീവിയെന്ന നിലയില്‍ വ്യക്തിബന്ധങ്ങളുടെ അഗാധമായ ഊഷ്മളതയിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നത്. ഒരു വ്യക്തി എത്ര തന്മയത്വമായി ഈ ബന്ധങ്ങളില്‍ പരിലസിക്കുന്നുവോ അത്ര ദൃഢമായി അയാളുടെ വൈയക്തിക തനിമ പൂര്‍ണതയും പക്വതയും പ്രാപിക്കുന്നു. മനുഷ്യന്‍ അവന്റെ മഹത്വവും മൂല്യവും സ്ഥാപിക്കുന്നത് ഒറ്റപ്പെടല്‍ വഴിയല്ല, പ്രത്യുത സഹജീവികളോടും സ്രഷ്ടാവിനോടുമുള്ള ആഴമേറിയ ബന്ധത്തില്‍ സ്വയം പ്രതിഷ്ഠിക്കുന്നതുവഴിയാണ്. നീതി, സമാധാനം എന്നീ മൗലിക മൂല്യങ്ങളുടെ പാറമേല്‍ സുദൃഢമായി സൃഷ്ടിക്കപ്പെട്ടതാണ് മനുഷ്യകുടുംബം. ഒരേ ദൈവികസത്തയില്‍ ത്രിത്വത്തിലെ ദൈവികവ്യക്തികള്‍ വിസ്മയകരമായി ഏകോപിക്കുന്നതുപോലെ അനന്യവും അഖണ്ഡവുമായ ഒരത്ഭുതയാഥാര്‍ത്ഥ്യത്തിലേക്ക് സൃഷ്ടികളെയും കൂട്ടിച്ചേര്‍ക്കാന്‍ ദൈവം ആഗ്രഹിക്കുന്നു-ബെനഡിക്ട്പാപ്പായുടെ പ്രഖ്യാതമായ ‘സത്യത്തില്‍ സ്നേഹം’ എന്ന ആദ്യ സാമൂഹിക ചാക്രിക ലേഖനത്തില്‍ അദ്ദേഹം എഴുതിച്ചേര്‍ത്ത വരികളാണിവ. സത്യത്തിന്റേയും സ്നേഹത്തിന്റേയും അടിസ്ഥാനത്തില്‍ മനുഷ്യന്റെ പരമമായ ലക്ഷ്യപ്രാപ്തിക്കുള്ള വ്യവസ്ഥകളാണ് പാപ്പാ നമുക്കു മുന്നില്‍ നിരത്തിവയ്ക്കുന്നത്. ദൈവത്തിന്റെ അതിവിശിഷ്ടദാനമായ സ്നേഹം സാധ്യമാക്കണമെങ്കില്‍ അത് സത്യത്തില്‍ പുനര്‍ജനിക്കണമെന്ന് പാപ്പാ ഊന്നിപ്പറയുന്നു.

വ്യവസായിക യുഗത്തിന്റെ ഇടംവലം നോക്കാതെയുള്ള കുതിപ്പിലും എല്ലാം കൈക്കുള്ളിലൊതുക്കുന്ന ഒരു പുതുലോകത്തിന്റെ സാങ്കേതിക മികവിലും അന്ധാളിച്ചു നില്‍ക്കുന്ന സാധാരണക്കാരുടെ വിശ്വാസനാളം സാവധാനം കെട്ടുപോകുമെന്നു കരുതിയവരാണ് പുതുതലമുറയിലെ ഭൂരിപക്ഷമാളുകളും. എന്നാല്‍ കെട്ടുപോകുന്നത് വിശ്വാസനാളമല്ലെന്നും, വിശ്വസിക്കുന്നു എന്നു കരുതുന്നവയെക്കുറിച്ചുള്ള അബദ്ധധാരണകളും വികല വ്യാഖ്യാനങ്ങളുമാണെന്നും ബെനഡിക്റ്റ് പാപ്പാ തന്റെ സഭാശുശ്രൂഷാകാലഘട്ടത്തില്‍ കത്തോലിക്കാവിശ്വാസികളെ പഠിപ്പിച്ചു. പൈശാചികരൂപം പൂണ്ട നാസികള്‍, സ്വന്തം ജന്മനാട്ടില്‍, നീചമായ ഒരു കാലഘട്ടത്തിന്റെ അനാഥമായ അവശേഷിപ്പുകളെപ്പോലെ ഇരുകാലി മൃഗങ്ങളായി മാറി ചെയ്തുകൂട്ടിയ അപരാധങ്ങളെപ്പറ്റിയുള്ള ഓര്‍മകള്‍, ചാരത്തിലെ അണയാത്ത കനലുകള്‍ പോലെ മനസിലെവിടെയോ നീറുന്നുണ്ടായിരുന്നു. ദൈവത്തിലുള്ള പ്രത്യാശയും ആശ്രയമനോഭാവവും ഏതാണ്ട് കെട്ടുപോയ ഒരു ജനതയെ വീണ്ടും വിശ്വാസത്തിന്റെ വിശ്രുതപാതയിലേക്ക് കൈപിടിച്ച് നടത്തണം. സത്യവും സ്നേഹവും കാല്‍ക്കീഴില്‍ ചവിട്ടിപ്പിടിച്ച് വച്ചവരില്‍ നിന്ന് അവരെ വീണ്ടെടുത്ത് വീണ്ടും മനുഷ്യരാശിക്ക് പ്രയോജനകരമാവുംവിധം അവ സജീവമാക്കണം. കൂരയോടുകള്‍ തെറിച്ചുപോയി ചോര്‍ന്നൊലിക്കുന്ന ഒരു കുടില്‍ പോലെയാകരുത് വിവശരായ വിശ്വാസികളുടെ മനസും ആത്മീയജീവിതവും. പാപ്പ എന്ന നിലയില്‍ ബെനഡിക്റ്റ് പതിനാറാമന്‍ ചെയ്യാനൊരുമ്പെട്ടതും ചെയ്തുതീര്‍ത്തതുമായ കര്‍മപഥങ്ങളുടെ രത്നച്ചുരുക്കും ഏതാണ്ടിവയൊക്കെത്തന്നെ.

ഗുരു സന്ദീപന്റെ ആശ്രമത്തില്‍ ബാല്യകാല സഹപാഠികളും ഉറ്റമിത്രങ്ങളുമായിരുന്നു രണ്ടുപേര്‍, ഒന്ന് ഒരു പാവം ബ്രാഹ്മണബാലന്‍, രണ്ടാമത്തെയാള്‍ സാക്ഷാല്‍ ശ്രീകൃഷ്ണന്‍, ബ്രാഹ്മണ കുമാരന്റെ പേര് കുചേലന്‍. പഠനശേഷം ഇണപിരിഞ്ഞ കുചേലന്‍ പിന്നീട് നയിച്ചത് ഭക്ഷണത്തിനുപോലും വകയില്ലാത്ത ഒരു ദരിദ്രജീവിതം. പട്ടിണിമൂലം സഹികെട്ട ഭാര്യ സുശീലയുടെ നിര്‍ബന്ധപ്രകാരം അവല്‍പ്പൊതിയുമായി കുചേലന്‍ ഒരുനാള്‍ പഴയ സുഹൃത്തിനെ കാണുവാനായി ദ്വാരകയിലെത്തി. വിവരമറിഞ്ഞ് ശ്രീകൃഷ്ണന്‍ ഓടിവന്ന് സുഹൃത്തിന്റെ വൃത്തിഹീനമായ കാലുകള്‍ കഴുകി കുചേലനെ മാറോടുചേര്‍ത്തു. പുറത്തെടുക്കാന്‍ മടികാട്ടിയ അവല്‍പ്പൊതി ചോദിച്ചുവാങ്ങി ശ്രീകൃഷ്ണന്‍ ഭക്ഷിച്ചു. പാവം കുചേലന്റെ മനസ് സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി. ഇതൊരു പഴയകഥ.

2006 സെപ്തംബര്‍ 20-ാം തീയതി ബുധനാഴ്ച വത്തിക്കാന്റെ ചത്വരത്തില്‍, 130 കോടി കത്തോലിക്കാ വിശ്വാസികളടങ്ങുന്ന സഭയുടെ പരമാധ്യക്ഷനെ ഒരു നോക്ക് കാണുവാനായി അക്ഷമനായി നില്‍ക്കുമ്പോള്‍ ഞാന്‍ ആ പഴയ കഥയിലെ കുചേലനായി ചുരുങ്ങി. സമ്മാനമായി കൊടുക്കാന്‍ എഴുതിയ പുസ്തകമൊഴിച്ചാല്‍ വിലപിടിപ്പുള്ള മറ്റൊന്നുമില്ല. തൊട്ടടുത്ത് ഭാര്യ ഡോ. ശുഭയും വിടര്‍ന്ന മിഴികളോടെ സാകൂതം നില്‍ക്കുന്നു. പരിശുദ്ധ പിതാവിന്റെ പ്രത്യേകക്ഷണക്കത്ത് ലഭിച്ചതുമൂലം പ്രമുഖ വ്യക്തികളുടെ നിരയിലാണ് സ്ഥാനം ലഭിച്ചത്. ചുറ്റും വിവിധ രാഷ്ട്രങ്ങളിലെ മന്ത്രിമാരുടെയും മറ്റിതര നേതാക്കളുടെയും പ്രൗഢമായ ഒരു നിര. അതിനിടയില്‍ ഇന്ത്യയെന്ന പാവപ്പെട്ട രാജ്യത്തുനിന്നുള്ള ഈയുള്ളവന്‍. ഞാന്‍ വാസ്തവത്തില്‍ 1974 മുതലുള്ള പരിചയമാണെങ്കിലും, 1992ല്‍ ജര്‍മ്മനി വിട്ടശേഷം 14 വര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടും കാണുകയാണ്. കണ്ടാല്‍ തിരിച്ചറിയുമോ? എന്റെ മനസ് ആവശ്യമില്ലാതെ കാടുകയറിക്കൊണ്ടിരിക്കുന്നു.

എഴുപതുകളില്‍ മ്യൂണിക്കിലെ പഠനത്തെപ്പറ്റിയുള്ള ആര്‍ദ്രമായ ഓര്‍മകള്‍ അയവിറക്കിക്കൊണ്ടിരിക്കവെ പെട്ടെന്നാണ് കണ്‍മുന്നില്‍ തെളിഞ്ഞത്, അതാ നടന്നുവരുന്നു ബെനഡിക്ട് പതിനാറാമന്‍ എന്ന ആഗോള കത്തോലിക്കാസഭയുടെ അദ്വിതീയനായ സാരഥി. ദീര്‍ഘദൃഷ്ടിയും പ്രവാചകതുല്യമായ നേതൃപാടവവും ധൈഷണിക ശക്തിയും കൊണ്ട് സഭയെ സധൈര്യം മുന്നോട്ടു നയിക്കുന്ന ഒരു വിശുദ്ധന്‍ ശുഭ്രതിരുവസ്ത്രധാരിയായി സുസ്മേരവദനനായി എന്റെയടുത്തോളം നടന്നടുക്കുന്ന പാപ്പായെ കണ്ടപ്പോള്‍ മനസ് നിര്‍നിമേഷമായി, വെപ്രാളം കൊണ്ട് നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു. ഏറെ പരിചയമുള്ള ഒരു സുഹൃത്തിനെ കണ്ടതുപോ
ലെ പരിശുദ്ധ പിതാവ് പെട്ടെന്ന് എന്റെ രണ്ട് കരവും ഗ്രഹിച്ചു. ഊഴവും കാത്ത് അടുത്തുനിന്ന പല ഉന്നതരെയും ശ്രദ്ധിക്കാതെ പാപ്പ എന്റെയടുത്തേക്ക് വന്നത് അത്ഭുതത്തോടെയാണ് പലരും നോക്കിയത്. ഇന്ത്യയില്‍ നിന്നുള്ള ഈ ചെറിയ മനുഷ്യന്‍ ആരാണ്? പലരും എന്നെത്തന്നെ നോക്കിനില്‍ക്കുകയാണ്. ഉരിയാടാന്‍ ശക്തിയില്ലാതെ സ്തബ്ധനായി നിലകൊണ്ട എന്നോട് ആദ്യം മിണ്ടിയത് പാപ്പ തന്നെ. ‘വീഗേറ്റ്സ് ഈനന്‍?’ സുഖമല്ലേ? ജര്‍മ്മന്‍ഭാഷയിലായിരുന്നു ഞങ്ങളുടെ സംഭാഷണം. പഴയകാല ഓര്‍മകളിലേക്കുള്ള ഒരു തിരനോട്ടം. ഇന്ത്യയിലിപ്പോള്‍ എവിടെയാണ്? ഏതു ആശുപത്രിയില്‍ ജോലി ചെയ്യുന്നു? കുടുംബം-മക്കള്‍? മ്യൂണിക്കില്‍ പിന്നീട് പോയോ? സഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്സിങ്ങറെ കാണുവാന്‍ പോയോ? എന്ന് നാട്ടിലേക്ക് മടങ്ങും? വേഗത്തില്‍ വന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഞാന്‍ പണിപ്പെട്ടു. മ്യൂണിക്കില്‍ കര്‍ദിനാളായിരുന്നപ്പോള്‍ ഒരുമിച്ചെടുത്ത പല ഫോട്ടോകളും കാണിച്ചു. ‘ഹൃദ്രോഗം: മുന്‍കരുതലും ചികിത്സയും’ എന്ന എന്റെ ആദ്യപുസ്തകത്തിന്റെ ഒരുകോപ്പി ഞാന്‍ പിതാവിന് സമ്മാനിച്ചു. കൗതുകത്തോടെ ഓരോ പേജുകളും തുറന്നുനോക്കി. വത്തിക്കാന്‍ ലൈബ്രറിയില്‍ വയ്ക്കുമെന്ന് പറഞ്ഞു. ഭാര്യ ഡോ. ശുഭയെ പരിചയപ്പെടുത്തി. കരംഗ്രഹിച്ചുകൊണ്ട് പിതാവ് ഭാര്യയോട് വിവരങ്ങള്‍ ആരാഞ്ഞു. നിര്‍വൃതിയുടെ നിശബ്ദമായ നിമിഷങ്ങള്‍ തൊട്ടടുത്തു നിന്ന പ്രൈവറ്റ് സെക്രട്ടറി മോണ്‍. ഗെയോര്‍ഗ് ഗോന്‍ഷൈ്വന്‍ സമയമാകുന്നു എന്ന് പിതാവിനെ തുടരെത്തുടരെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ‘കുശലം പറച്ചില്‍’ നിര്‍ത്താന്‍ സാധിക്കാത്തതുപോലെ പാപ്പ എന്റെയടുത്ത് നിലകൊണ്ടു.

കേരളത്തിലെ കത്തോലിക്കര്‍ പിതാവിന്റെ സന്ദര്‍ശനം കാത്തിരിക്കുകയാണെന്നും ഇന്ത്യ സന്ദര്‍ശിക്കണമെന്നും ഞാന്‍ പറഞ്ഞു. സമയം കടന്നുപോയതറിഞ്ഞില്ല. ഒരു സന്ദര്‍ശകന് അനുവദിച്ച സമയം എപ്പോഴേ തീര്‍ന്നു. മോണ്‍. ഗേയോര്‍ഗ് ഗേന്‍ഷൈ്വന്റെ നിര്‍ബന്ധം കടുത്തപ്പോള്‍ പിതാവ് യാത്ര പറഞ്ഞു. എന്റെ കണ്ണുകള്‍ നിറഞ്ഞു. ഭാരതീയശൈലിയില്‍ കൈകള്‍ കൂപ്പി വിടപറഞ്ഞപ്പോള്‍ പാപ്പായും കൈകള്‍ കൂപ്പി ഞങ്ങളെ അനുഗ്രഹിച്ചു. പാപ്പ വിശ്വാസികള്‍ക്കു മുന്‍പില്‍ കൈകള്‍ കൂപ്പുന്നത് വത്തിക്കാന്റെ ചരിത്രത്തില്‍ അതാദ്യം. പിറ്റേ ദിവസത്തെ വത്തിക്കാന്റെ ഔദ്യോഗിക പത്രം ‘എല്‍ഒസ്സര്‍വാത്തോറെ റെമാനോ’യില്‍ ആ ചിത്രം അടിക്കുറിപ്പോടെ വലുതായി പ്രത്യക്ഷപ്പെട്ടു. അടിക്കുറിപ്പ് ഇങ്ങനെ: ‘ഒരു പാപ്പ വിശ്വാസികളെ കരങ്ങള്‍ പൊക്കി ആശീര്‍വദിക്കുന്നതിനു പകരം കൈകള്‍കൂപ്പി വണങ്ങുന്നത് ചരിത്രത്തില്‍ ആദ്യം’

അതേ ബെനഡിക്ട് പതിനാറാമന്‍ ഏറെ വിനയാന്വിതനായ ഒരു പാപ്പായാണ്. ഇതാ കര്‍ത്താവിന്റെ ദാസി എന്നു പറഞ്ഞ പരിശുദ്ധ അമ്മയുടെ മനോഭാവമാണ് തന്റേത് എന്നാണ് ആ ജീവതസത്യം സാക്ഷ്യപ്പെടുത്തുന്നത്. ദാസനാകുന്നത് സഭയുടേയും വിശ്വാസികളുടേയും പുന:സൃഷ്ടിക്കും വളര്‍ച്ചയ്ക്കും അനിവാര്യമാണെന്ന് പാപ്പായുടെ ജീവിതം ലോകത്തെ പഠിപ്പിച്ചു.

വത്തിക്കാന്‍ സന്ദര്‍ശനത്തിനുശേഷം പാപ്പായുടെ ആഗ്രഹപ്രകാരം ഞങ്ങള്‍ പോയത് ജര്‍മ്മനിയിലെ റേഗന്‍സ്ബുര്‍ഗിലേക്കാണ്. പാപ്പായുടെ സഹോദരനായ മോണ്‍. ജോര്‍ജ് റാറ്റ്സിങ്ങറെ കാണാന്‍.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

പുത്തന്‍ അനുഭവം

സാധാരണക്കാരന്റെ ജീവിതമെന്നും പൂര്‍ത്തീകരിക്കപ്പെടാത്ത സ്വപ്‌നങ്ങളുടെ ശവപ്പറമ്പായിരിക്കും. വല്ലപ്പോഴുമൊരിക്കല്‍ ആരെങ്കിലുമൊരാള്‍ അത്തരം ശവപ്പറമ്പില്‍ നിന്നും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചാലായി! തന്റെ കൊച്ചുമോഹങ്ങള്‍ യാഥാര്‍ഥ്യമാക്കാനാകാതെ വീര്‍പ്പുമുട്ടുന്ന ലോനപ്പനെന്ന സാധാരണക്കാരന്റെ കഥ

കുറ്റമല്ല നന്മ കണ്ടെത്താം: തപസ്സുകാലം അഞ്ചാം ഞായര്‍

തപസ്സുകാലം അഞ്ചാം ഞായർ വിചിന്തനം :- കുറ്റമല്ല നന്മ കണ്ടെത്താം (യോഹ 8:1-11) തപസുകാലത്തിലെ അഞ്ചാമത്തെ ഞായറാഴ്ചയായ ഇന്ന് തിരുസഭ നല്‍കുന്ന സുവിശേഷഭാഗം വിശുദ്ധ യോഹന്നാന്‍ എഴുതിയ

സാധാരണക്കാരൻറെ മൗലികാവകാശങ്ങൾ നിഷേധിക്കരുത്: ആർച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ

പിഴലയെ സമീപ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം നിർമ്മാണം ശക്തമായ നീക്കുപോക്കുകൾ ഇല്ലാതെ ഇഴഞ്ഞു നീങ്ങുന്നതായി ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. ഇതു മൂലം പിഴലയിൽ മനുഷ്യജീവിതം ദുസഹമായി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*