അദ്ധ്യാപകര്‍ക്ക് നീതി നിഷേധിച്ച് എന്തു ശാക്തീകരണം?

അദ്ധ്യാപകര്‍ക്ക് നീതി നിഷേധിച്ച് എന്തു ശാക്തീകരണം?

സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ വര്‍ഷങ്ങളായി ശമ്പളം കിട്ടാതെ ജോലി ചെയ്യുന്ന നൂറുകണക്കിന് അദ്ധ്യാപകരുടെ ദുരവസ്ഥയും അധ്യാപകനിയമനത്തിലെ അനിശ്ചിതത്വവും പരിഹരിക്കുന്നതിന് പുതിയ അധ്യയനവര്‍ഷത്തിലും ആശാവഹമായ ഒരു നീക്കവും പൊതുവിദ്യാഭ്യാസ ശാക്തീകരണം ഉദ്‌ഘോഷിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നേടുന്നതിനുള്ള കുട്ടികളുടെ അവകാശം സംബന്ധിച്ച 2009ലെ കേന്ദ്ര നിയമത്തിന്റെയും കേരള വിദ്യാഭ്യാസ ചട്ടങ്ങളുടെയും അടിസ്ഥാനത്തിലുള്ള വിദ്യാര്‍ഥി-അദ്ധ്യാപക അനുപാതപ്രകാരമുള്ള തസ്തിക നിര്‍ണയം, അദ്ധ്യാപക ബാങ്ക് നവീകരണം, സംരക്ഷിത അദ്ധ്യാപകരുടെ പുനര്‍വിന്യാസം എന്നിവ മുറ തെറ്റാതെ നടത്തി മികവു തെളിയിക്കുന്ന ബദ്ധപ്പാടിനിടെ അദ്ധ്യാപക സമൂഹത്തിലെ അസ്വസ്ഥതകള്‍ക്കുനേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്.
പുതിയ സ്‌കൂള്‍ എന്ന നിര്‍വചനത്തില്‍പെടുന്ന 1979നുശേഷമുണ്ടായ വിദ്യാലയങ്ങളിലെ അധിക തസ്തികകളിലെ നിയമനം പൂര്‍ണമായും അതിനു മുന്‍പുള്ളവയില്‍ 50 ശതമാനമെങ്കിലും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യത്തോടെ എയ്ഡഡ് സ്‌കൂള്‍ കോര്‍പറേറ്റ് മാനേജ്‌മെന്റിന്റെയും മറ്റും അദ്ധ്യാപക-അനദ്ധ്യാപക നിയമനാധികാരം പരിമിതപ്പെടുത്തുന്നത് മത-ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള ഭരണഘടനാപരമായ അവകാശത്തിന്മേലുള്ള കൈകടത്തലാണ്. തൊഴില്‍ നഷ്ടപ്പെട്ട സംരക്ഷിത അദ്ധ്യാപകരെ പുനരധിവസിപ്പിക്കാനായി രൂപംകൊടുത്ത അദ്ധ്യാപക ബാങ്കില്‍ നിന്ന് ഒരാളെ നിയമിച്ചാലേ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റിന് 1:1 അനുപാതത്തില്‍ മറ്റൊരാളെ നേരിട്ടു നിയമിക്കാനാവൂ എന്നതാണു വ്യവസ്ഥ. സംസ്ഥാനത്ത് വിദ്യാഭ്യാസ വികസനത്തിലൂടെയുള്ള സാമൂഹിക മുന്നേറ്റത്തിനു നേതൃത്വം നല്‍കുന്ന കത്തോലിക്കാ രൂപതകളുടെയും സന്യാസസഭകളുടെയും മറ്റും കോര്‍പറേറ്റ് മാനേജ്‌മെന്റുകള്‍ ഒന്നുംതന്നെ അദ്ധ്യാപക ബാങ്കിലേക്ക് ആരെയും സംഭാവന ചെയ്യുന്നില്ല എന്നതാണ് വസ്തുത. മിക്കവാറും സിംഗിള്‍ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ നിന്നുള്ളവരാകും ഡിവിഷന്‍ നഷ്ടപ്പെട്ടതിന്റെ പേരിലും മറ്റും വഴിയാധാരമാകുന്നത്. തങ്ങളുടെ സ്ഥാപനങ്ങളിലെ അദ്ധ്യാപകരെ മുഴുവന്‍ സംരക്ഷിക്കാനുള്ള ബാധ്യത നിറവേറ്റുമ്പോള്‍ മറ്റിടങ്ങളില്‍ നിന്ന് പുറന്തള്ളപ്പെടുന്നവരുടെ ഭാരംകൂടി താങ്ങാനാവില്ല എന്ന നിലപാടിലാണ് കോര്‍പറേറ്റ് മാനേജ്‌മെന്റുകള്‍.
സംരക്ഷിത അദ്ധ്യാപക നിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള റിവിഷന്‍ ഹര്‍ജികള്‍ ഉന്നത നീതിപീഠങ്ങളുടെ പരിഗണനയിലാണ് എന്നതിന്റെ പേരില്‍ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റിന് അനുവദനീയമായ നിയമനങ്ങളും സ്ഥലംമാറ്റവും തടയാനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളില്‍ നിയമനം ലഭിച്ചവരും ഒഴിവുവന്ന സ്ഥിരം തസ്തികയിലേക്ക് സ്ഥലംമാറ്റപ്പെട്ടവരുമായ അദ്ധ്യാപകര്‍ക്ക് നിയമന അംഗീകാരമോ ശമ്പളമോ ലഭിക്കുന്നില്ല. അണ്‍-ഇക്കണോമിക് സ്‌കൂള്‍ തുടരാന്‍ അനുവദിക്കുമ്പോഴും അവിടെ ദിവസവേതനത്തില്‍ പോലും അദ്ധ്യാപകരെ നിയമിക്കാനാവുന്നില്ല. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഭൗതിക സൗകര്യങ്ങള്‍ വിലയിരുത്തി പുതിയ ബാച്ചുകള്‍ അനുവദിക്കുകയും ഏകജാലക പ്രവേശനം ഏര്‍പ്പെടുത്തുകയും ചെയ്യുമ്പോഴും അവശ്യം വേണ്ട അദ്ധ്യാപകരുടെ നിയമനത്തിന് അംഗീകാരമില്ല. നിലവിലുള്ളവരില്‍ പലര്‍ക്കും ജോലിക്കു പ്രതിഫലം എന്നു കിട്ടുമെന്ന് ഒരു നിശ്ചയവുമില്ല.
ഇതിനിടെ എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകരുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് ഇടതുമുന്നണി സര്‍ക്കാര്‍ എരിതീയില്‍ എണ്ണപകര്‍ന്നിരിക്കുന്നു. സ്ഥിരം നിയമനത്തിനു മുന്‍പുള്ള ഹ്രസ്വകാല സേവനങ്ങള്‍ (ബ്രോക്കണ്‍ സര്‍വീസ്) ഇനി പെന്‍ഷനു പരിഗണിക്കേണ്ടതില്ല എന്നാണ് ധനകാര്യ വകുപ്പിന്റെ ഉത്തരവ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗവണ്‍മെന്റ് ചെലവുചുരുക്കലിന്റെ പേരില്‍ അദ്ധ്യാപകരുടെ നിലവിലുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നത് തികഞ്ഞ അനീതിയാണ്. ബ്രോക്കണ്‍ സര്‍വീസ് ഒഴിവാക്കിയാല്‍ കേരളത്തിലെ ബഹുഭൂരിപക്ഷം എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍ക്കും ഫുള്‍ പെന്‍ഷന് അര്‍ഹതയുണ്ടാവില്ല. ഫുള്‍ പെന്‍ഷന്‍ ആനുകൂല്യത്തിന് 30 വര്‍ഷത്തെ സര്‍വീസ് ആവശ്യമാണ്. സ്ഥിരം നിയമനത്തിനും ഇന്‍ക്രിമെന്റിനും ഗ്രേഡിനും കണക്കിലെടുക്കുന്ന ബ്രോക്കണ്‍ സര്‍വീസ് റിട്ടയര്‍മെന്റ് ആനുകൂല്യത്തിന് പരിഗണിക്കില്ല എന്നുവന്നാല്‍ ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷന്‍, പെന്‍ഷന്‍ തുക എന്നിവയില്‍ ഗണ്യമായ കുറവുവരും. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പാലിക്കാതെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കിയെങ്കിലും അതിനെ മറികടക്കാന്‍ നിയമഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം.
സര്‍വ ശിക്ഷാ അഭിയാന്‍ (എസ്എസ്എ), രാഷ്ട്രീയ് മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍എംഎസ്എ) തുടങ്ങി വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള കേന്ദ്ര പദ്ധതികളുടെ വന്‍ വിഹിതം ഉപയോഗിച്ച് നടത്തിവരുന്ന അദ്ധ്യാപക പരിശീലനവും സ്‌കൂള്‍ ഗ്രാന്റ്, ടീച്ചര്‍ ഗ്രാന്റ് തുടങ്ങിയവയും നിലച്ചിരിക്കുകയാണെന്നാണ് സൂചന. അതേസമയം സ്‌കൂളുകളെല്ലാം ഹൈടെക് ആയെന്ന് പ്രഖ്യാപിക്കാനാണ് തിടുക്കം.
പൊതുവിദ്യാഭ്യാസ സംവിധാനം അപ്പാടെ ‘ഉടച്ചുവാര്‍ക്കാനായി’ പ്രീപ്രൈമറി തലം തൊട്ട് ഹയര്‍ സെക്കന്‍ഡറി വരെ (മൈനസ്2 മുതല്‍ പ്ലസ്2 വരെ) ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ഗ്രാന്‍ഡ് പദ്ധതിയുമായി സംസ്ഥാന ഭരണകൂടം ദ്രുതഗതിയില്‍ നീങ്ങുകയാണത്രെ. കെജി, എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ പ്രഥമ അദ്ധ്യാപക തസ്തികകള്‍ ഒഴിവാക്കി ഒറ്റ പ്രിന്‍സിപ്പലിനെ നിയമിക്കാം, ഹയര്‍ സെക്കന്‍ഡറിയിലെ ജൂനിയര്‍ അദ്ധ്യാപകരെക്കൊണ്ട് ഹൈസ്‌കൂളില്‍ ക്ലാസെടുപ്പിക്കാം, ഇപ്പോള്‍ നോണ്‍-ടീച്ചിങ് സ്റ്റാഫ് ഇല്ലാത്ത ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് താഴെ തട്ടില്‍ നിന്നുള്ള അനദ്ധ്യാപകരുടെ സേവനം ലഭ്യമാക്കാം തുടങ്ങി സാമ്പത്തിക നേട്ടങ്ങളുടെ കണക്കുകള്‍ നിരത്തുന്നവര്‍, ലോകമെങ്ങും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് പ്രൈമറി തലത്തിലാണെന്നും അതിനു മാത്രമായി ഒരു ഡയറക്ടറേറ്റുതന്നെ വേണമെന്നും ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അവരെ പ്രതിലോമശക്തികളായി മുദ്രകുത്തിയേക്കും. ഏതാണ്ട് 46 വിഷയങ്ങളുടെ കോമ്പിനേഷനുകള്‍ നോക്കി വര്‍ഷത്തില്‍ നാനൂറോളം പൊതുപരീക്ഷകള്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറിയെ ഇതര വിഭാഗങ്ങളുമായി കൂട്ടിക്കുഴച്ചാലുള്ള സ്ഥിതിയെന്താകും!


Related Articles

ആലപ്പുഴ രൂപതക്ക് ഇന്ന് അറുപത്തെട്ടാം പിറന്നാള്‍

1952 ജൂണ്‍ 19നാണ് പന്ത്രണ്ടാം പീയൂസ് പാപ്പ’ഏയ റെദെംപ്‌തോറിസ് വെര്‍ബാ ‘ എന്ന തിരുവെഴുത്ത് വഴി കൊച്ചി രൂപത വിഭജിച്ച് ആലപ്പുഴ രൂപത സ്ഥാപിച്ചത്. പ്രഥമമെത്രാനായി ബിഷപ്

ലത്തീന്‍ സഭയുടെ പൗരാണിക രൂപതയുടെ പുതിയ അമരക്കാരന്‍

ഡോ. ബൈജു ജൂലിയാന്‍, എപ്പിസ്‌കോപ്പല്‍ വികാര്‍, കൊല്ലം രൂപത                  കേരളത്തിലെ കുലശേഖര സാമ്രാജ്യത്തിന്റെ അസ്തമയത്തോടുകൂടി ഉയര്ന്നുവന്ന രാജ്യമാണ് വേണാട്

ന്യൂനപക്ഷ സമത്വം പിന്നാക്കക്കാര്‍ക്ക് തിരിച്ചടിയാകരുത്

  സംസ്ഥാനത്ത് ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നടപ്പാക്കിവന്ന പദ്ധതികളില്‍ ചിലതെങ്കിലും സമഗ്രമായി പൊളിച്ചെഴുതേണ്ടത് അനിവാര്യമാക്കുന്നതാണ് വിദ്യാഭ്യാസ മെറിറ്റ് സ്‌കോളര്‍ഷിപ്വീതംവയ്ക്കുന്നതിലെ അനുപാതക്രമം തുല്യതയുടെ ഭരണഘടനാ തത്വത്തിനു വിരുദ്ധമാണെന്നു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*