അധികാരത്തിനു മുന്നിലെ സാഷ്ടാംഗപ്രണാമം

അധികാരത്തിനു മുന്നിലെ സാഷ്ടാംഗപ്രണാമം

ഇന്ത്യയുടെ ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും വിലകല്പിച്ച് മാധ്യമപ്രവര്‍ത്തനം നടത്തിയ വ്യക്തി എന്ന നിലയിലാണ് ശശികുമാര്‍ ചരിത്രത്തില്‍ ഇടം നേടിയിട്ടുള്ളത്. തന്റെ പക്ഷങ്ങള്‍ എന്നും തുറന്നുപറയുകയും പക്ഷംചേരുന്നവരുടെ കുറവുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു അദ്ദേഹം. മലയാളത്തിലെ പ്രഥമ വാര്‍ത്താചാനലായ ഏഷ്യാനെറ്റിന്റെ സ്ഥാപകനായ ശശികുമാര്‍ ബദല്‍ മാധ്യമ സംസ്‌കാരത്തിന്റെ പ്രമുഖനായ വക്താവായി ഇന്നറിയപ്പെടുന്നു. തന്റെ ആശയങ്ങള്‍ പങ്കുവയ്ക്കാനായി ആരംഭിച്ച ചെന്നൈയിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തിന്റെ ചെയര്‍മാനാണ്. വന്‍കിട വ്യവസായ കുത്തകകളും വര്‍ഗീയ അജണ്ടകളും നിയന്ത്രിക്കുന്ന ജനാധിപത്യ സംവിധാനത്തില്‍ മാധ്യമ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികളെ അദ്ദേഹം അപഗ്രഥനം ചെയ്യുന്നു.
70 വര്‍ഷത്തിലധികമായി നമ്മളാരാണെന്ന് നമ്മള്‍ സ്വയം ചോദിച്ചുകൊണ്ടിരിക്കുകയാണ്. 1989ല്‍ പ്രശസ്ത അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഫ്രാന്‍സിസ് ഫുക്കുയാമ എഴുതിയ എന്‍ഡ് ഓഫ് ഹിസ്റ്ററിയില്‍ ലിബറല്‍ ഡെമോക്രസി- ഉദാര ജനാധിപത്യം- മിക്കവാറും രാഷ്ട്രങ്ങളിലും പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ടുകഴിഞ്ഞു എന്നെഴുതിയിരുന്നു. കുറേക്കാലം കഴിഞ്ഞ് 2018ല്‍ അദ്ദേഹമെഴുതിയ ഐഡന്റിറ്റിയില്‍ ലിബറല്‍ ഡമോക്രസി നിലനില്പിനായി പൊരുതുമ്പോള്‍ ഉയര്‍ന്നുവരുന്ന പുതിയ പ്രശ്‌നങ്ങള്‍ വിവരിച്ചിട്ടുണ്ട്. അമേരിക്കയിലെ സാഹചര്യങ്ങളാണ് അദ്ദേഹം വിശദീകരിക്കുന്നതെങ്കിലും ലോകമെമ്പാടും സ്ഥിതി ഇതുതന്നെയാണ്. ജാതിസ്വത്വം, മതസ്വത്വം, ദളിത് സ്വത്വം, ലിംഗ സ്വത്വം എന്നിങ്ങനെയുള്ള തിരിച്ചറിവുകള്‍ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പുതിയ പ്രതിസന്ധി രാഷ്ട്രീയമേഖലകളില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥ.
ഒരു കാലത്ത് ജാതിയുടെ അസ്തിത്വം അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന ഇടതുപക്ഷം പോലും ജാതിയെ അംഗീകരിച്ചിരിക്കുന്നു. രാഷ്ട്രീയം അത്രകണ്ട് അയവുള്ളതായിരിക്കുന്നു. അത്തരമൊരു ജനാധിപത്യ അവസ്ഥയില്‍ ഡൊണള്‍ഡ് ട്രംപിനെപോലെയും മോദിയെപോലെയുമുള്ള പ്രമാണപുരുഷന്മാര്‍ വളര്‍ന്നുവരികയാണ്. അവര്‍ ഏകാധിപതികളാണെന്ന് ആരോപണമുയരുമ്പോഴും ജനങ്ങളാണ് വലിയ ഭൂരിപക്ഷത്തില്‍ അവരെ തിരഞ്ഞെടുത്തതെന്ന യാഥാര്‍ഥ്യം അംഗീകരിക്കണം. ജര്‍മനിയില്‍ നാസി പാര്‍ട്ടിയെയും ഹിറ്റ്‌ലറെയും ജനങ്ങള്‍ തന്നെയാണ് തിരഞ്ഞെടുത്തതെന്ന കാര്യം ഇവിടെ സ്മരണീയമാണ്. ബാലറ്റിലൂടെ അധികാരത്തിലെത്തിയ ഇവര്‍ ജനാധിപത്യത്തെ തെല്ലും വകവയ്ക്കുന്നില്ല. ജനാധിപത്യത്തിന്റെ നാലാം തൂണായി വിശേഷിപ്പിക്കുന്ന മാധ്യമങ്ങളെ ഇവര്‍ ചൊല്പ്പടിക്കു നിര്‍ത്തുന്നു.
ട്രംപ് ട്വിറ്ററിലൂടെ മാത്രമാണ് പ്രതികരിക്കുന്നത്. വാര്‍ത്താസമ്മേളനങ്ങളൊന്നും അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നതേയില്ല. എനിക്ക് മാധ്യമങ്ങളെ ആവശ്യമില്ല എന്നദ്ദേഹം തുറന്നുപറഞ്ഞു. എന്നിട്ടും ട്വിറ്ററിലെ ട്രംപിന്റെ കുറിപ്പുകള്‍ക്കായി മാധ്യമങ്ങള്‍ കാത്തിരിക്കുന്നു. മോദിയും തനിക്ക് ആവശ്യമുള്ള അഭിമുഖങ്ങള്‍ ആവശ്യമുള്ളപ്പോള്‍ നല്കുന്നു. പത്രങ്ങള്‍, നവമാധ്യമങ്ങള്‍ എന്നിവയെയാണ് ആശ്രയിക്കുന്നത്. ഭരണഘടനാ പ്രകാരമുള്ള ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും നിലനില്‍ക്കുമ്പോള്‍ തന്നെ ഇതു രണ്ടും അപ്രസക്തമായിക്കൊണ്ടിരിക്കുന്നു. ഇറാക്കിലും ലിബിയയിലും ഒരു കാലത്ത് ഇത്തരമൊരവസ്ഥ നിലനിന്നിരുന്നു. ഇപ്പോഴത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. മാധ്യമങ്ങളെ സൈഡ്‌ലൈന്‍ ചെയ്യുന്ന രീതിയാണിത്.
സാഷ്ടാംഗ പ്രണാമം
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കു മുന്നില്‍ മാധ്യമങ്ങള്‍ കുനിഞ്ഞുനിന്നു എന്ന ആക്ഷേപമുണ്ടായിരുന്നു. മോദിക്കു മുന്നില്‍ മാധ്യമങ്ങള്‍-പ്രത്യേകിച്ച് ദേശീയമാധ്യമങ്ങള്‍ സാഷ്ടാംഗപ്രണാമം ചെയ്യുകയാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് മോദിക്കെതിരെ മാധ്യമങ്ങള്‍ ആഞ്ഞടിക്കുകയായിരുന്നു. മോദി അധികാരത്തിലെത്തുന്നതിനു മുമ്പു തന്നെ അവര്‍ ചുവടുമാറ്റുകയും ചെയ്തു. മോദി സ്തുതികളാല്‍ മാധ്യമങ്ങള്‍ നിറഞ്ഞിരിക്കുകയാണ്, ഉപാധികളില്ലാത്ത വിധേയത്വം പുലര്‍ത്തുന്നുമുണ്ട്. പ്രതിഷേധത്തിന്റെ ജനാധിപത്യ ഭാഷ സംസാരിക്കുന്ന വിരലിലെണ്ണാവുന്ന മാധ്യമങ്ങളൊഴിച്ചുള്ളവ മോദി ബ്രാന്‍ഡിന്റെ പ്രചാരകരാണ്. മാധ്യമ സ്വാതന്ത്ര്യത്തെ അവര്‍ സ്വയം പരിഹസിക്കുന്ന അവസ്ഥ. നാലാംതൂണ് ഒരു അഞ്ചാംപത്തിയായി മാറിയിരിക്കുന്നു. ഹിറ്റലറുടെ കാലത്ത് മാധ്യമങ്ങളെ ഉപയോഗിച്ചുള്ള ഗീബല്‍സിയന്‍ തന്ത്രം അന്ന് സ്‌റ്റേറ്റ് സ്‌പോണ്‍സേഡ് ആയിരുന്നുണെങ്കില്‍ ഇന്ന് മാധ്യമങ്ങളെ ഉപയോഗിക്കുന്നത് കോര്‍പറേറ്റ് മൂലധന ശക്തികളാണ്. മൂലധനശക്തികളും വര്‍ഗീയ രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കാര്യങ്ങളുടെ ഗൗരവം പിന്നെയും വര്‍ധിപ്പിക്കുന്നു. യഥാര്‍ത്ഥ അപകടം പതിയിരിക്കുന്നത് മാധ്യമങ്ങള്‍ക്കുമേല്‍ സ്വാധീനം ചെലുത്താന്‍ അധികാര സ്ഥാപനങ്ങളോടൊപ്പം മൂലധന ശക്തികള്‍ക്കും യഥേഷ്ടം സാധിക്കുന്നു എന്നിടത്താണ്.
സമാന്തര മാധ്യമങ്ങളുടെ പ്രസക്തി
പബ്ലിക് റിലേഷന്‍സാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തെ അളക്കാന്‍ പ്രത്യേക അളവുകോലുകളൊന്നുമില്ല. വിശ്വാസ്യതാ പ്രതിസന്ധിയിലാണ് ജനാധിപത്യവും മാധ്യമങ്ങളും എന്നു പറയുമ്പോള്‍ നേരത്തെയുണ്ടായിരുന്ന അവസ്ഥകളെ താരതമ്യപ്പെടുത്തുക മാത്രമേ മാര്‍ഗമുള്ളൂ. ജനാധിപത്യം സംരക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണ് മാധ്യമങ്ങള്‍. ജുഡീഷ്യറി ഭരണഘടനയെയാണ് പിന്തുണക്കേണ്ടത്, സര്‍ക്കാരിനെയല്ല. അതുപോലെ ഭരണഘടനാമൂല്യങ്ങളെയും ജനങ്ങളെയുമാണ്-സര്‍ക്കാരിനെയല്ല മാധ്യമങ്ങള്‍ പിന്തുണക്കേണ്ടത്. ജനങ്ങളുടെ അഭിലാഷങ്ങളെയാണ് മാധ്യമങ്ങള്‍ പ്രതിനിധീകരിക്കേണ്ടത്. പക്ഷേ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്നു മാത്രമല്ല, വിപരീതമായത് ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. ആപത്തുകള്‍ അറിഞ്ഞുകൊണ്ടുതന്നെയുള്ള യാത്രയാണത്. അത് ആഴത്തിലുള്ള കുഴപ്പവുമാണ്. മാധ്യമ പ്രവര്‍ത്തകരാകട്ടെ സ്വത്വപ്രതിസന്ധിയിലാണ്. നട്ടെല്ലില്ലാത്ത വിധത്തിലായിരിക്കുന്നു അവരുടെ റിപ്പോര്‍ട്ടിംഗ്. ധീരതയോടെ കാര്യങ്ങള്‍ പുറത്തുപറയാന്‍ ശ്രമിച്ച ഗൗരിലങ്കേഷിനെപോലുള്ളവരെ നിസാരമായി ഇല്ലാതാക്കി. പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയാണിത്.
എല്ലാ കാരണങ്ങളുടെയും അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്നത് മാധ്യമങ്ങളുടെ കോര്‍പ്പറേറ്റ്‌വല്‍ക്കരണം തന്നെയാണ്. അനുനിമിഷം കോര്‍പ്പറേറ്റ് ആധിപത്യം മാധ്യമങ്ങളെ പിടിമുറുക്കുന്നു. ആഗോളീകരണത്തിനു മുന്‍പും മീഡിയ എന്നത് മുതലാളിത്ത സ്വഭാവമുള്ള സ്ഥാപനമായിരുന്നു. ലാഭമാണ് എക്കാലത്തും മുഖ്യധാരാ മാധ്യമങ്ങളുടെ ലക്ഷ്യം. ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കുന്നതിനു മുന്‍പു പോലും അവയുടെ സ്വഭാവം ബൂര്‍ഷ്വാ സ്വഭാവമായിരുന്നു. പക്ഷേ, അപ്പോള്‍ തന്നെ അന്നത്തെ മാധ്യമങ്ങള്‍ ലിബറല്‍ ജനാധിപത്യ നയങ്ങളോട് കൂറുപുലര്‍ത്തിയിരുന്നു എന്നത് ശ്രദ്ധിക്കണം. ഇന്ത്യന്‍ എക്‌സ്പ്രസ് ഒരു നല്ല ഉദാഹരണമാണ്. രാംനാഥ് ഗോയങ്കെ എന്ന കച്ചവടക്കാരന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ എക്‌സ്പ്രസിനെ ഞങ്ങള്‍ ചെറുപ്പക്കാലത്ത് ‘ജൂട്ട് എക്‌സ്പ്രസ്’എന്നു വിളിച്ചു പരിഹസിക്കുകയും അതിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മാധ്യമ സ്വാതന്ത്ര്യത്തിനു മേല്‍ സെന്‍സറിംഗ് നടപ്പിലാക്കിയപ്പോള്‍ ഏറ്റവും ശക്തമായി പ്രതികരിച്ചതും ചോദ്യം ചെയ്തതും ഇന്ത്യന്‍ എക്‌സ്പ്രസ് ആയിരുന്നു. ഒരു ബൂര്‍ഷ്വാ സ്ഥാപനമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് അടിയന്തിരാവസ്ഥയോട് തീവ്രമായി വിയോജിച്ച പത്രം എന്നത് സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. ജൂട്ട് എക്‌സ്പ്രസ് ആയിരുന്നു അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷത്തിരുന്ന ഏക പ്രധാന പത്രം.
നവമാധ്യമങ്ങള്‍
പാരമ്പര്യമാധ്യമങ്ങളെ അപേക്ഷിച്ച് നവമാധ്യമങ്ങള്‍ സ്വാതന്ത്ര്യമനുഭവിക്കുന്നുണ്ട്. അവിടെ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. പ്രതീക്ഷയോടെയാണ് നവമാധ്യമങ്ങളെ ഒരു ഘട്ടത്തില്‍ നാം നോക്കികണ്ടുകൊണ്ടിരുന്നത്. ആ പ്രതീക്ഷ കാര്യമാക്കേണ്ടതില്ല എന്നാണ് ഇപ്പോഴത്തെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. ഇല്ലാത്ത ഒരു ഹര്‍ത്താലിന് ആഹ്വാനം ചെയ്യാനും അതു വിജയിപ്പിക്കാനും കേരളത്തിലും കഴിഞ്ഞത് നവമാധ്യമങ്ങളെ ചൊല്‍പ്പടിക്കു നിര്‍ത്തിയതുകൊണ്ടാണ്. വ്യാജവാര്‍ത്തകള്‍ ധാരാളമായി നവമാധ്യമങ്ങള്‍ വഴി സൃഷ്ടിക്കപ്പെടുന്നുണ്ട്. വിശ്വാസ്യത പെട്ടെന്ന് നഷ്ടപ്പെട്ടു. വസ്തുനിഷ്ഠമായി വാര്‍ത്തകളെ സമീപിക്കുന്ന പോര്‍ട്ടലുകള്‍ക്ക് സാമ്പത്തികമായി പിടിച്ചുനില്‍ക്കാനും കഴിയുന്നില്ല. അപരവിദ്വേഷം ഏറ്റവും തീവ്രമായി വിനിമയം ചെയ്യപ്പെടുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയാണ്. വല്ലാത്ത അപകടമാണിത്. സമൂഹത്തില്‍ വര്‍ഗീയ മുദ്രാവാക്യങ്ങളുയര്‍ത്തി ജനങ്ങളെ വിഭജിക്കുകയും വോട്ട് ബാങ്ക് രാഷ്ട്രീയം ശക്തിപ്പെടുത്തുകയും ചെയ്തിരുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണ് എന്ന് വളരെകാലം നമ്മള്‍ വിശ്വസിച്ചു. ഇന്ന് രാഷ്ട്രീയ പാര്‍ട്ടികളെക്കാള്‍ ജാതിമത സമവാക്യങ്ങളെ സമര്‍ഥമായി ഉപയോഗിച്ച് ജനങ്ങളെ കംപാര്‍ട്ടുമെന്റുകളിലാക്കുന്നത് മാധ്യമങ്ങളാണ്; രാഷ്ട്രീയപാര്‍ട്ടികള്‍ക്കു വേണ്ടിയായിരിക്കാം ചെയ്യുന്നതെന്നുമാത്രം. ദളിത് പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നെഗറ്റീവായി ചിത്രീകരിക്കുന്ന രീതി വ്യാപകമാണ്. അവരെ തീവ്രവാദികളും മാവോയിസ്റ്റുകളുമായി മുദ്രകുത്തുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ടെങ്കിലും അവ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നത് പ്രസക്തമാണ്.
മാധ്യമങ്ങള്‍ക്ക് ലാഭം അനിവാര്യമാണ്. അത് നിലനില്പാണ്. എന്നാല്‍ ലാഭം മാത്രമാണ് ലക്ഷ്യം എന്നാകുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നു. എല്ലാ സംവിധാനങ്ങളും ലാഭത്തിലേക്കും അതിനുവേണ്ടി വര്‍ഗീയ-അരാഷ്ട്രീയ കാഴ്ചപ്പാടുകളിലേക്കും ചുവടുമാറ്റുമ്പോള്‍ അതിനൊപ്പം മാധ്യമങ്ങളും ആ ക്യാമ്പുകളിലെത്തുന്നു. മീഡിയ അങ്ങനെ മാര്‍ക്കറ്റ് മീഡിയ ആവുന്നു. ഇത് ബദല്‍ മാധ്യമങ്ങളുടെ കാര്യത്തിലും സംഭവിച്ചു. ഓണ്‍ലൈന്‍ ആയിരുന്നു ജനങ്ങളുടെ ശബ്ദമാകാന്‍ കഴിയുമായിരുന്ന പ്രധാന മാധ്യമം. എന്നാല്‍ അതുണ്ടായില്ല. അതുണ്ടായില്ല എന്നുമാത്രമല്ല, ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയവയൊക്കെ ഡിജിറ്റല്‍ ക്യാപിറ്റലിസത്തിന്റെ പ്രധാന പ്രയോക്താക്കളായി തീരുകയും ചെയ്തു. ലോകത്തെ പല രാജ്യങ്ങളുടെയും ആസ്തിയെക്കാള്‍ പല മടങ്ങാണ് ഫേസ്ബുക്കിന്റെ വാര്‍ഷിക ലാഭം. ജനപക്ഷ സ്വഭാവത്തിലേക്ക് തിരിയാന്‍ പിന്നെയെങ്ങനെയാണ് മീഡിയയ്ക്ക് കഴിയുക?
സ്വയം തിരുത്തലിന് വിധേയമാകണം
ഒരു ടെലിവിഷന്‍ ചാനലിന്റെ മുറിയില്‍ അവര്‍ വാര്‍ത്തകളല്ല കൈകാര്യം ചെയ്യുന്നത്. അവിടമൊരു വിചാരണമുറിയാക്കി മാറ്റുകയാണ്. ശിക്ഷിക്കാന്‍ നിശ്ചയിച്ചയാളെ വേണ്ടവിധത്തില്‍ പാകപ്പെടുത്തുന്നു. അതിനുപയോഗിക്കുന്ന ഭാഷയും പ്രയോഗവും ഞെട്ടിപ്പിക്കുന്നതാണ്. പൊതുസമൂഹത്തോട് ഒരു ഉത്തരവാദിത്വവും പ്രകടിപ്പിക്കാതെയാണ് ഇന്ത്യയില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ചെയ്യുന്നത്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഇപ്പോഴും വിറകുപെറുക്കാനും വെള്ളംകോരാനും കിലോമീറ്ററുകളാണ് സ്ത്രീകള്‍ നടക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് വ്യാപകമായി വിദ്യാഭ്യാസം നിഷേധിക്കുന്നുണ്ട്. സര്‍ക്കാര്‍ മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന ഈ വസ്തതുതകളിലേക്ക് കണ്ണു തുറക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ ജനാധിപത്യം ആവശ്യമാണോ, മാധ്യമ സ്വാതന്ത്ര്യം വേണമോ തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തമാകും.
വാര്‍ത്തകളുടെ പ്രധാന്യം
സത്യത്തെ തലകീഴായി നിര്‍ത്തിയാലേ ഫാസിസത്തിനു നിലനില്‍പ്പുള്ളൂ. സത്യം പറയപ്പെട്ടു കഴിഞ്ഞാല്‍, സത്യം പ്രചരിപ്പിക്കപ്പെട്ടു കഴിഞ്ഞാല്‍, പിന്നെ ഫാസിസത്തിനു നിലനില്‍പ്പില്ല. ഫാസിസം ആദ്യം നുണകളിലധിഷ്ഠിതമായ പരികല്‍പനകള്‍ നിര്‍മ്മിക്കുന്നു. പിന്നെ അത് സാധൂകരിക്കാന്‍ നുണകളെ സമര്‍ത്ഥമായി വസ്തുതകളിലേക്ക് സന്നിവേശിപ്പിക്കുന്നു. ദൈനംദിനം നുണകള്‍ സംവദിക്കപ്പെടുകയും പൊതുബോധത്തിനു സത്യവും നുണയും തിരിച്ചറിയാനാവാതെ വരുകയും ചെയ്യുമ്പോഴാണ് ഫാസിസം അതിന്റെ ലക്ഷ്യം നേടുന്നത്.വാര്‍ത്തകളിലെ മുന്‍ഗണനകള്‍ പലപ്പോഴും ആശ്ചര്യപ്പെടുത്തും. ഏതു ഭക്ഷണമാണ് നിങ്ങള്‍ കഴിക്കേണ്ടത്? ഏതു ഹോട്ടലാണ് മികച്ചത്? ഏതു നടന്‍ ഏതു നടിയുടെ കൂടെയാണ്? ഫാഷന്‍ എവിടെ സംഭവിക്കുന്നു? ഏതു മാളില്‍ എന്തൊക്കെ ഡിസ്‌കൗണ്ടുകള്‍ ലഭിക്കും? അങ്ങിനെ പോകുന്നു വാര്‍ത്തകള്‍. തൊഴില്‍, പട്ടിണി, ജീവിതം ഇതൊന്നും വിഷയമേയല്ലാതായിരിക്കുന്നു. അതല്ലെങ്കില്‍ മറ്റൊരു രീതിയിലാണത് ചിത്രീകരിക്കുന്നത്. 19 മുതലാളിമാരുടെ കൈകളിലാണ് ഇന്ത്യയുടെ 50 ശതമാനം സമ്പത്തെന്നാണ് വാര്‍ത്ത. വേണമെങ്കിലത് അഭിമാനിക്കാവുന്ന ഒന്നായും വായനക്കാരന് സ്വീകരിക്കാം. പണക്കാര്‍ കൂടുതല്‍ പണക്കാരായും പാവങ്ങള്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും നീങ്ങുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ലിബറല്‍ ഡമോക്രസിയുടെ നിലനില്‍പ് സംശയത്തിലാകുന്നത്.
ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടമായി
ഇടതുപക്ഷത്തിന് രാഷ്ട്രീയമായി ബിജെപിക്ക് ഒരു ബദലാകാന്‍ കഴിയുന്നില്ല. അവരുടെ പുരോഗമനപരമെന്ന് വിശേഷിപ്പിക്കപ്പെട്ട പല നിലപാടുകളെയും അവര്‍ തന്നെ തിരുത്തിക്കൊണ്ടിരിക്കുന്നു. ഇടതുപക്ഷം സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയല്ല കോംപ്രമൈസ് ചെയ്യുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തകരിലൊരാളായിരുന്നു കാള്‍ മാര്‍ക്‌സ്. അദ്ദേഹം അക്കാലത്തെ ഏറ്റവും പ്രതിഫലം പറ്റുന്ന കോളമിസ്റ്റുകൂടിയായിരുന്നു. പക്ഷേ പണത്തിന് വേണ്ടിയല്ല, അല്ലെങ്കില്‍ പണത്തിന് വിലക്കുവാങ്ങാന്‍ കഴിയുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ തൂലിക. പ്രൊഫഷണലായിരിക്കുമ്പോഴും മൂല്യങ്ങളെ അദ്ദേഹം വിലമതിച്ചു. ഫ്രീഡം ഓഫ് പ്രസിനെക്കുറിച്ച് ആദ്യമായി പറഞ്ഞത് അദ്ദേഹമാണ്. മാധ്യമ സെന്‍സര്‍ഷിപ്പിനെ അദ്ദേഹം ശക്തമായി എതിര്‍ത്തു. സര്‍ക്കാര്‍ ഒരുവിധത്തിലും മാധ്യമങ്ങളെ നിയന്ത്രിക്കരുതെന്ന അഭിപ്രായക്കാരനായിരുന്നു മാര്‍ക്‌സ്. പക്ഷേ വിപ്ലവം കഴിഞ്ഞപ്പോള്‍ മാര്‍ക്‌സിനെ കമ്യൂണിസറ്റുകള്‍ എന്നു വിശേഷിപ്പിച്ചിരുന്നവര്‍ വകവച്ചില്ല. ജനാധിപത്യത്തിനും പിന്നാക്കക്കാര്‍ക്കും വേണ്ടി വാദിച്ചിരുന്ന നിരവധി പത്രങ്ങളുടെ എഡിറ്ററായിരുന്ന ഗാന്ധിയുടെ പിന്‍മുറക്കാരും വ്യത്യസ്തരല്ല.
എന്താണ് സത്യം?
യഥാര്‍ത്ഥ സത്യം എന്താണെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ് ജനം. സത്യാനന്തര സമൂഹമാണ്(പോസ്റ്റ് ട്രൂത്ത്) ഇന്ത്യയിലുമുള്ളത്. ഇരുപതാം നൂറ്റാണ്ട് ലിബറല്‍ ജനാധിപത്യത്തിന്റെതായിരുന്നു. അമേരിക്കയും ഫ്രാന്‍സുമടക്കമുള്ള ഒന്നാം ലോക രാജ്യങ്ങള്‍ ലിബറല്‍ ജനാധിപത്യത്തിന്റെ അപ്പസ്‌തോലന്മാരായി നിലനിന്ന നൂറ്റാണ്ട് അവസാനിക്കുക മാത്രമല്ല, ട്രംപിന്റെയൊക്കെ ഉയിര്‍പ്പിനുശേഷം അമേരിക്ക സ്വേച്ഛാധിപത്യത്തിലേക്ക് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്ന പുതിയ കൂടുതല്‍ ഗുരുതരമായ ഘട്ടം ആരംഭിക്കുകയും ചെയ്തു. ലിബറല്‍ ജനാധിപത്യ രാജ്യങ്ങളൊന്നും ഇന്ന് ലിബറലല്ല. ഇങ്ങനെ ഒരു സന്ദിഗ്ധ മുഹൂര്‍ത്തമാണ് പോസ്റ്റ് ട്രൂത്തിന് ജന്മം കൊടുത്തത്. കാരണം, സത്യം എന്താണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത സാഹചര്യത്തില്‍ സത്യാനന്തര സമൂഹം അനിവാര്യമാണ്. നവമാധ്യമങ്ങളിലൊക്കെ ഇത് കൂടുതല്‍ വ്യക്തമാകുന്നുണ്ട്. ഒരുപക്ഷം തങ്ങളുടെ നിലപാട് സത്യമാണെന്ന മട്ടില്‍ അവതരിപ്പിക്കുമ്പോള്‍ എതിര്‍പക്ഷം മറ്റൊരു സത്യത്തെ മുന്‍നിര്‍ത്തുന്നു. സത്യം എന്ത് എന്ന് തിരിച്ചറിയാനാവാത്ത സാഹചര്യം അങ്ങനെ ഉണ്ടാവുന്നു. കളവുകളെ സത്യത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്ന അരാഷ്ട്രീയ പ്രക്രിയ സുഗമമായി നടക്കുന്നു. സത്യത്തിന്റെ പരിമിതികളില്‍ നിന്നാണ് അസത്യവും പോസ്റ്റ് ട്രൂത്തും കരുത്താര്‍ജ്ജിക്കുന്നത്.
വ്യാജവാര്‍ത്തകള്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ സ്വാധീനം ചെലുത്തിയതായി ഏറെക്കാലത്തിനു ശേഷം ഗവേഷണ ഫലങ്ങളിലൂടെ ലോകമറിഞ്ഞു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. കലാപങ്ങളിലും വര്‍ഗീയ ലഹളകളിലും വാട്ട്‌സ്ആപ്പ് അടക്കമുള്ള നവമാധ്യമങ്ങളിലൂടെയുള്ള വ്യാജവാര്‍ത്തകള്‍ സ്വാധീനം ചെലുത്തുന്നു. നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. വ്യാജവാര്‍ത്തയ്ക്കു പിന്നിലെ രാഷ്ട്രീയം അത്ര ലളിതമല്ല.
ആള്‍ക്കൂട്ടത്തിനുവേണ്ടി സംസാരിക്കുന്ന, ആള്‍ക്കൂട്ട രാഷ്ട്രീയത്തിന് ഇന്ധനം പകരുന്ന പോപ്പുലിസ്റ്റ് മാധ്യമങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നു. അവര്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ വിളമ്പുന്നത് വര്‍ഗീയത മാത്രമാണ്.
ഓരോ വിഷയങ്ങളിലുമുള്ള ചര്‍ച്ചകളില്‍ അവര്‍ സ്വീകരിക്കുന്ന രീതി, വിഷയങ്ങളുടെ ഗൗരവത്തെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ എളുപ്പം മനസിലാക്കാനാവുന്നതെയുള്ളൂ. അവര്‍ ഭരിക്കുന്ന പാര്‍ട്ടിയെ ഭയക്കുകയോ, അവയുടെ സ്വാധീനത്തിനു വശംവദരാവുകയോ ചെയ്യുന്നു. ഭിന്നിപ്പിന്റെയും വിഭജനത്തിന്റെയും അന്തരീക്ഷത്തിലേ ചില രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വളരാനാവൂ. അല്ലാത്തപ്പോഴെല്ലാം അവര്‍ സീറോ ആണ്. തങ്ങളുടെ വളര്‍ച്ചയുടെ സാമൂഹികാന്തരീക്ഷം ഉണ്ടാക്കാന്‍ അവര്‍ പോപ്പുലിസ്റ്റ് മാധ്യമങ്ങളെയാണ് എല്ലായ്‌പ്പോഴും ആശ്രയിക്കുന്നത്.
വാര്‍ത്തകളിലെ അസത്യത്തിനെതിരെ ജനങ്ങള്‍ തന്നെ രംഗത്തിറങ്ങേണ്ട സമയമായി. റീഡര്‍ഷിപ്പ് റേറ്റിംഗിനെയാണ് ചാനലുകളും നവമാധ്യമങ്ങളും ഭയക്കുന്നത്. ഒരു മാധ്യമം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ കുറച്ചുപേര്‍ സംഘടിച്ച് പ്രതിഷേധിച്ചാല്‍ ഫലമുണ്ടകുമെന്ന് കേരളം തന്നെ പലപ്പോഴും തെളിയിച്ചിട്ടുണ്ട്. വാര്‍ത്തയുടെ സത്യസന്ധത ഉറപ്പാക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ തന്നെ അതിന് മുന്‍കൈയെടുക്കണം. വിഭജിക്കപ്പെട്ട ഒരു സമൂഹത്തിന് എളുപ്പമാകില്ല ഇതെന്നും ഓര്‍ക്കണം. വ്യാജവാര്‍ത്തയെ പിന്തുണയ്ക്കുകയും മറ്റുള്ളവര്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കുകയുമാണെന്നും പ്രചരിപ്പിക്കാന്‍ സാധിക്കും.


Related Articles

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായര്‍

Daily Reading for Sunday February 7, 2021 Reading 1, Job 7:1-4, 6-7 Responsorial Psalm, Psalms 147:1-2, 3-4, 5-6 Reading 2, First Corinthians 9:16-19,

സാമൂഹ്യ രാഷ്ട്രീയ രംഗത്ത് മുന്നേറ്റത്തിന് തയ്യാറാവുക: ബിഷപ്പ് ഡോ അലക്സ് വടക്കുംതല

  ( ലത്തീൻ കത്തോലിക്കാ സമുദായ ദിനം ആചരിച്ചു)   കണ്ണൂർ: സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ അദ്ധ്യാത്മിക രംഗങ്ങളിൽ ഒരു മുന്നേറ്റത്തിന് തയ്യാറെടുക്കാൻ ലത്തീൻ സമുദായ അംഗങ്ങളോട്

കെഎസ്ആർടിസി സർവീസ് നിർത്തി: ഹർത്താലിൽ നട്ടംതിരിഞ്ഞ് കേരളം

പത്തനംതിട്ട: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ബിജെപിയും ഹര്‍ത്താലിന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*