Breaking News

അധികാരവും അവകാശവും പൗരത്വവും എല്ലാവരുടേതും – ബിഷപ് ഡോ. ജോസഫ് കരിയില്‍

അധികാരവും അവകാശവും പൗരത്വവും എല്ലാവരുടേതും – ബിഷപ് ഡോ. ജോസഫ് കരിയില്‍

നെയ്യാറ്റിന്‍കര: അധികാരവും അവകാശവും പൗരത്വവും രാജ്യത്തെ എല്ലാവരുടേതുമാണെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. കെആര്‍എല്‍സിസി 35-ാമത് ജനറല്‍ കൗണ്‍സിലിന്റെ ഉദ്ഘാടന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ എല്ലാവരെയും അംഗീകരിക്കണം. എല്ലാ സമൂഹങ്ങളുടെയും രാജ്യമാണിത്. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നത് ഏറ്റവും വലിയ കുറ്റകൃത്യമാണ്. ദേശീയ പൗരത്വനിയമത്തിന്റെ പേരില്‍ ഇപ്പോള്‍ അതാണ് രാജ്യത്ത് വിപുലമായി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമായ ഭേദഗതിയാണ്. മതേതര ജനാധിപത്യ സങ്കല്പത്തിന് ഒട്ടും യോജിക്കുന്നതല്ല.
ജനങ്ങള്‍ക്കു വേണ്ടാ എന്നു പറഞ്ഞാല്‍ ഒരു നിയമവും നിലനില്ക്കില്ലെന്ന് ഓര്‍മ വേണം. മതേതര ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്കു നിരക്കാത്ത കാര്യങ്ങളും നിലനില്‍ക്കില്ല. ജനാധിപത്യബോധമുള്ള ഒരു ഇന്ത്യയാണിത്. രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. 1984 എന്ന നോവലില്‍ ജോര്‍ജ് ഓര്‍വെല്‍ വിഭാവനം ചെയ്ത ചരിത്രനിര്‍മാണഫാക്ടറി മൂന്നു ഷിഫ്റ്റും പ്രവര്‍ത്തിക്കുന്ന അവസ്ഥയാണിന്ന്. ഭരിക്കുന്നവര്‍ക്ക് അനുഗുണമായി പുതുചരിത്രം ഉണ്ടാക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. അധികാരമുള്ളവന്റേതാണ് ചരിത്രം. ഭൂതകാലത്തിനുമേല്‍ ആര്‍ക്കു പിടിയുണ്ടോ അവരുടേതാണ് വര്‍ത്തമാനം. അവനു മാത്രമേ ഭാവിയുമുണ്ടാകൂ. കെട്ടുകഥകള്‍ വേവുന്ന അടുപ്പാണ് ചരിത്രം. അവിടെ ചുട്ടെടുക്കുന്ന അപ്പം ഇപ്പോള്‍ പുതിയ കടകള്‍ സ്ഥാപിച്ച് വില്‍ക്കു
ന്നുണ്ട്. കാറ്റു പറഞ്ഞതും കടല്‍ പറഞ്ഞതും കാലം പറഞ്ഞതും പൊളിയാണെങ്കില്‍ യഥാര്‍ഥ കാര്യം നമ്മള്‍ അവതരിപ്പിക്കണം. എന്നിട്ട് ഭാവിയിലെ സ്വരൂപങ്ങള്‍ അതില്‍ പടുത്തുയര്‍ത്തണം.
നമ്മുടെ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത് ജനാധിപത്യ മതേതരത്വമാണ്. അതില്‍ മുസ്‌ലിമുകളെ മാത്രം ഒഴിവാക്കണമെന്നു പറഞ്ഞിട്ടില്ല. പൗരത്വ നിയമ ഭേദഗതി മുസ്‌ലിമുകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ഇത് ഭരണഘടനയുടെ വിശുദ്ധിയുടെ പ്രശ്‌നമാണ്. ഇന്ന് മുസ്‌ലിമുകളെയാണ് ഒഴിവാക്കുന്നതെങ്കില്‍ നാളെ ക്രിസ്ത്യാനികളെയായിരിക്കും ഒഴിവാക്കുന്നത്. ചൂടുവെള്ളത്തില്‍ തവളയെ ഇട്ടാല്‍ ചൂടുമൂലം അതുപെട്ടെന്ന് പുറത്തുചാടും. തണുത്തവെള്ളത്തിലാണെങ്കില്‍ അവിടെ കിടക്കും. വെള്ളം പതുക്കെ ചൂടാക്കിക്കൊണ്ടിരുന്നാല്‍ തവള അതറിയാതെ അവിടെ കിടക്കും; കുറച്ചുകഴിയുമ്പോള്‍ ചത്തുപോകും. ഈ രീതിയില്‍ നമ്മുടെ ഭരണഘടന പതുക്കെപതുക്കെ എലി കരളുന്നതുപോലെ ചിലര്‍ കരണ്ടുകൊണ്ടിരിക്കുകയാണ്.
ഈ രാജ്യം ഞങ്ങളുടേതാണ് എന്നു പറയുന്നവരൊന്നും ഇവിടെയുണ്ടായിരുന്നവരല്ല. പല കാലങ്ങളായി വന്നവരാണ്. ദ്രാവിഡ വര്‍ഗക്കാര്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. മറ്റുള്ളവരെത്തി ഇവരെ പലയിടത്തേക്കും തള്ളിമാറ്റുകയായിരുന്നു. പിന്നെ അധികാരം കിട്ടിയപ്പോള്‍ മറ്റുള്ളവരോട് അങ്ങോട്ടുമിങ്ങോട്ടും പൊയ്‌ക്കൊള്ളൂ എന്നു പറയുകയാണ്. എല്ലാവരും പതുക്കെ ഒഴിവാക്കപ്പെടും. ഇന്ന് മുസ്‌ലിമുകളെ ഒഴിവാക്കിയാല്‍ നാളെ എന്നെത്തേടിവരുമെന്ന് ഓര്‍ക്കണം. ഇത് എല്ലാവരുടെയും പ്രശ്‌നമാണ്.
കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന് പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ സര്‍വവിമുക്ത ഭാരതമെന്നാണ് പറയുന്നത്. അടിയില്‍ ദ്വാരമുള്ള ഒഴിവാക്കലാണിത്. എല്ലാവരും ഒഴുകിപുറത്താകും. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത് മതേതര രാജ്യമാണ്. സാംസ്‌കാരിക വൈവിധ്യവും നാനാത്വവും നിലനില്‍ക്കുന്ന ജനാധിപത്യ ഇന്ത്യയെയാണ് നമ്മള്‍ ആവശ്യപ്പെടുന്നത്. ഭാരതത്തിന്റെ അന്തഃസത്തയെ ചോദ്യം ചെയ്യുന്ന നടപടികളാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭങ്ങളില്‍ നിങ്ങള്‍ മൗനം പാലിക്കുന്നു എന്ന് പലരും പറയുന്നുണ്ട്. ഞങ്ങള്‍ എല്ലാ സമൂഹങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നവരാണ്. എന്നാല്‍ രാജ്യത്തിനു ഭീഷണി ഉയര്‍ത്തുന്ന ശക്തികളുമായി ചേര്‍ന്ന് പ്രക്ഷോഭം നടത്താന്‍ ഞങ്ങളില്ലെന്നു മാത്രമാണ് ഉത്തരം. ഓരോരുത്തര്‍ പറയുമ്പോള്‍ ശബ്ദിക്കാന്‍ ആര്‍ക്കും അവകാശം കൊടുത്തിട്ടില്ല. അക്രമരഹിതമായ മാര്‍ഗങ്ങളിലൂടെ, സഹനസമരമാര്‍ഗങ്ങളിലൂടെയാണ് അവകാശങ്ങള്‍ നേടിയെടുക്കേണ്ടത്. ചേരാത്ത ചിലരുമായി ചേര്‍ന്നുനില്‍ക്കാന്‍ കഴിയുമോ? ശരിദൂരം ആര്‍ക്കും ശനിദൂരമായി മാറരുത്.
കടന്നുപോകുന്ന യാഥാര്‍ഥ്യത്തെ പിടിച്ചുനിര്‍ത്തി പകര്‍ത്തുന്നയാളാണ് ഫൊട്ടോഗ്രഫര്‍. പക്ഷേ ചിത്രത്തിന്റെ പിറകില്‍ പ്രവര്‍ത്തിച്ചയാളെ പലപ്പോഴും ചിത്രത്തില്‍ കാണുകയില്ല; ആരും ഓര്‍ക്കാറില്ല. ഷാജഹാനും മുംതാസും താജ്മഹലുമെല്ലാം എല്ലാക്കാലവും നിലനില്‍ക്കുമെങ്കിലും താജ്മഹലിന്റെ ശില്പിയെപ്പറ്റി ആര്‍ക്കുമറിയില്ല. മൊബൈല്‍ഫോണ്‍ കാമറയില്‍ സെല്‍ഫിയുടെ കാലം വന്നപ്പോള്‍ ചിത്രമെടുക്കുന്നയാള്‍ പുറത്താകാത്ത അവസ്ഥയുണ്ടായി. സാമൂഹ്യനീതിയുടെ കാര്യവും ഇതുതന്നെയാണ്. ആരും അവകാശങ്ങള്‍ക്ക് പുറത്താകാന്‍ പാടില്ല. ആംഗ്ലോ ഇന്ത്യര്‍ക്ക് അവകാശങ്ങള്‍ നിഷേധിച്ച കാര്യത്തില്‍ നമ്മള്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. ദളിത് ക്രൈസ്തവര്‍ക്ക് നീതിനടപ്പാകണമെന്നും നമ്മള്‍ ആവശ്യപ്പെടുന്നു. മതത്തിന്റെ പേരിലുള്ള പുറത്താക്കലുകളും അവഗണനയും രാജ്യത്തിന്റെ മതേതരസങ്കല്പനത്തിന് കളങ്കം ചാര്‍ത്തും.
ആത്മബോധത്തിന്റെ പ്രകടനമാണ് നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ ഡിസംബര്‍ ആദ്യം കെഎല്‍സിഎ സംഗമ റാലിയിലൂടെ ലത്തീന്‍കാര്‍ വെളിപ്പെടുത്തിയത്. ആരുടെയും ഔദാര്യം നമുക്കു വേണ്ടാ. നിങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാമെന്നു പറഞ്ഞ് ആരും വരേണ്ട കാര്യവുമില്ല. നമ്മള്‍ മിണ്ടുന്നില്ലെങ്കില്‍ നമുക്കു വേണ്ടെന്നാണ് പലരും വിചാരിക്കുന്നത്. നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും എന്നു നമ്മള്‍ പറഞ്ഞിട്ടില്ല. എന്നാല്‍ പണിചെയ്താല്‍ വരമ്പത്ത് കെട്ടിവയ്ക്കുന്ന കറ്റയ്ക്ക് ന്യായമായ പതം അധ്വാനിക്കുന്നവര്‍ക്കു വേണം. എന്തും ഏതും കിട്ടാനും നിലനിര്‍ത്താനും ആദ്യം വേണ്ടത് അധികാരം കൊയ്യലാണ്. അധികാരമാണ് നമ്മള്‍ കൊയ്യേണ്ടത്. അധികാര പങ്കാളിത്തം സമനീതി എന്ന മുദ്രാവാക്യം ഉയര്‍ത്തിയിരിക്കുന്നത് അതിനാണെന്നും ബിഷപ് കരിയില്‍ ചൂണ്ടിക്കാട്ടി.


Related Articles

വിശുദ്ധവാരത്തില്‍ പാപ്പായുടെ തിരുക്കര്‍മങ്ങള്‍ വിശുദ്ധ പത്രോസിന്റെ സിംഹാസന അള്‍ത്താരയില്‍

  വത്തിക്കാന്‍ സിറ്റി: കൊറോണ മഹാമാരിയുടെ അനിതരസാധാരണമായ സാഹചര്യത്തില്‍ പുനര്‍ക്രമീകരിച്ച വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ കാര്യക്രമം അനുസരിച്ച് വിശ്വാസിഗണത്തിന്റെ അസാന്നിധ്യത്തില്‍ ഫ്രാന്‍സിസ് പാപ്പാ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ മുഖ്യ

അമ്മപള്ളി: ദൈവകൃപയുടെ നിറസാന്നിധ്യം

  ‘കൊച്ചുറോമിന്’ റോമിന്റെ അംഗീകാരം. കൊച്ചുറോമിന്റെ നെറുകയില്‍ റോം ഒരു സ്നേഹോഷ്മള ചുംബനമേകി. വരാപ്പുഴയുടെ തിലകച്ചാര്‍ത്ത് പരിശുദ്ധ കര്‍മ്മല മാതാവിന്റെയും വിശുദ്ധ യൗസേപ്പിന്റെയും ദേവാലയത്തിന് ”ബസിലിക്കാ” പദവി.

നഷ്ടപ്പെട്ട കടല്‍ത്തീരം വീണ്ടെടുക്കാന്‍ ബ്രേക്ക്‌വാട്ടര്‍ സിസ്റ്റം നടപ്പിലാക്കും -മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയില്‍ കടല്‍ക്ഷോഭത്തില്‍ നഷ്ടപ്പെട്ട കടല്‍ത്തീരം വീണ്ടെടുക്കാന്‍ പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, ശംഖുമുഖം എന്നീ പ്രദേശങ്ങളില്‍ ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ സിസ്റ്റം നടപ്പിലാക്കുമെന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*