അധികാര വികേന്ദ്രീകരണത്തിന്റെ തിരഞ്ഞെടുപ്പുകാലം

അധികാര വികേന്ദ്രീകരണത്തിന്റെ തിരഞ്ഞെടുപ്പുകാലം

തദ്ദേശ ഭരണസംവിധാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യം ഏറ്റവും താഴെത്തട്ടിലേയ്ക്ക് അതിന്റെ അധികാരമെത്തിക്കുന്ന പ്രക്രിയയില്‍ പങ്കാളിത്തമുണ്ടാക്കാന്‍ ജനജീവിതത്തിന്റെ സ്പന്ദനമറിയുന്നവര്‍ തിരഞ്ഞെടുക്കപ്പെടേണ്ടത് അനിവാര്യമാണ്. ഓരോ പ്രദേശത്തിന്റെയും വികസനം ആ ദേശത്തെ ജനങ്ങള്‍ തന്നെ തീരുമാനിക്കുന്നുവെന്ന കാര്യം ആശയപരമായും പ്രവര്‍ത്തനത്തിലും സുതാര്യത അനിവാര്യമാക്കുന്നുണ്ട്. ഓരോ പ്രദേശത്തെ മനുഷ്യരും പരസ്പരം അറിയുകയും കക്ഷിരാഷ്ട്രീയ ഭേദമന്യേ കാര്യങ്ങള്‍ നിറവേറ്റാന്‍ ഒരുമിക്കുകയും ചെയ്യുന്നുവെന്നതും ജനാധിപത്യത്തിന് കക്ഷിരാഷ്ട്രീയത്തിന്റെ മേല്‍ക്കോയ്മയ്ക്ക് പരമ്പരാഗതമായി കിട്ടിപ്പോരുന്ന സ്വീകാര്യതയില്‍ അല്പം ഇടിവുവരുന്നുവെന്നതു മൂലം തദ്ദേശഭരണസംവിധാനങ്ങളില്‍ പ്രബല രാഷ്ട്രീയ കക്ഷികള്‍ക്ക് അസ്വാരസ്യം ഉണ്ടാകുകയെന്നത് സ്വാഭാവികം തന്നെ. അതുകൊണ്ട് ഓരോ പ്രദേശത്തെയും പൊതുസമ്മതരായ ജനക്ഷേമപ്രവര്‍ത്തകരെ തങ്ങളുടെ കുടക്കീഴില്‍ അണിനിരത്താനും തദ്ദേശഭരണ സംവിധാന നടത്തിപ്പില്‍ തങ്ങളുടെ ആശയാഭിലാഷങ്ങള്‍ ഒരു പരിധിവരെയെങ്കിലും നടപ്പാക്കിക്കിട്ടാനും പ്രബല രാഷ്ട്രീയ കക്ഷികള്‍ നാളുകള്‍ മുന്നേ തന്നെ വട്ടംകൂടിത്തുടങ്ങിയിരുന്നു. പൊതുസമ്മതരെ തങ്ങളുടെ കൂടെക്കൂട്ടുകയെന്നാല്‍ ഒരു പ്രദേശത്തിന്റെ ആവശ്യങ്ങളിലേക്ക് വലിയ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ശ്രദ്ധകേന്ദ്രീകരിക്കേണ്ടിവരുമെന്നാണ് സൂചിപ്പിക്കുന്നത്.

സംവരണ മണ്ഡലങ്ങളും അധികാരവികേന്ദ്രീകരണത്തിന്റെ നല്ല സൂചനയാണ് നല്‍കുന്നത്. സ്ത്രീപ്രാതിനിധ്യവും പിന്നാക്ക വിഭാഗങ്ങളുടെ പ്രതിനിധികളും ജനാധിപത്യത്തില്‍ പങ്കുചേരുന്നുവെന്നത് വികസനത്തെക്കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാട് ഈ നാട്ടില്‍ ഉണ്ടാകുന്നുവെന്നാണ് ആശയപരമായെങ്കിലും സൂചിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ വലിയ കക്ഷികള്‍ തങ്ങളുടെ കൂടെ നിര്‍ത്തി രാഷ്ട്രീയമായ തല്പരനിലപാടുകള്‍ മാത്രം നടപ്പിലാക്കുന്ന പാവക്കൂത്തുകളും ഈ നാട്ടില്‍ പല തവണ നമ്മള്‍ കണ്ടിട്ടുണ്ട്. തരാതരം പോലെ കൂറുമാറി ഭരണസംവിധാനങ്ങളെ അട്ടിമറിച്ചും പുതിയവ തട്ടിക്കൂട്ടിയും സമയം പാഴാക്കുന്ന കളികളും അരങ്ങുതകര്‍ക്കാറുണ്ടല്ലോ. എന്നിട്ടും ഇത്തരത്തിലുള്ള എല്ലാ പരാധീനതകള്‍ക്കുമപ്പുറം നാട്ടിലെ റോഡുനിര്‍മാണങ്ങളും കുടിവെള്ള പദ്ധതികളും പ്രാഥമിക ആരോഗ്യപരിപാലനരംഗവും മുമ്പെങ്ങുമില്ലാത്തവിധം ഊര്‍ജസ്വലത നേടി സജ്ജമാക്കുന്നവെന്നത് ജനശ്രദ്ധയുടെ ഫലം തന്നെ.

ജനാധിപത്യത്തില്‍ അധികാരം കേന്ദ്രീകരിക്കപ്പെടാനുള്ള പ്രവണത മുന്നണി ഭേദമെന്യേ ഈ നാട്ടിലുണ്ടായിട്ടുണ്ട്. ഏറ്റവുമൊടുവില്‍ നിലവിലെ മന്ത്രിസഭയുടെ ചര്‍ച്ചയ്ക്കെത്തിയ അധികാരകേന്ദ്രീകരണ നയത്തെക്കുറിക്കുന്ന നിര്‍ദേശത്തെ മന്ത്രിസഭയിലെ അംഗങ്ങള്‍ തന്നെ എതിര്‍ക്കുകയാണുണ്ടായത്. മന്ത്രിമാരുടെ അധികാരം വെട്ടിക്കുറച്ചും ഉദ്യോഗസ്ഥരിലേയ്ക്കും മന്ത്രിമാരിലേയ്ക്കും കൂടുതല്‍ അധികാരങ്ങള്‍ കേന്ദ്രീകരിച്ചും വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ചാണ് പുതിയ നയം പറയുന്നത്. ഇത് ജനാധിപത്യവിരുദ്ധമായ സമീപനമാണ്. കൂടുതല്‍ അധികാരം വ്യക്തികളെ കൂടുതല്‍ ദുഷിപ്പിക്കുമെന്ന ആപ്തവാക്യം ഇവിടെ ഓര്‍മിക്കണം. കാര്യങ്ങള്‍ വേഗത്തില്‍ നടപ്പാക്കിയെടുക്കാന്‍ നയമെന്ന ഓമനപ്പേരില്‍ (ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്ന് ആംഗലേയം) ജനാധിപത്യശ്രദ്ധയെ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചെടുക്കുന്ന കാര്യങ്ങളെല്ലാം ഏതുവിധത്തിലാണ് ഒടുവില്‍ എത്തുന്നതെന്നതിന് കാലം തന്നെ സാക്ഷി. ഉദ്യോഗത്തിലുള്ളവരെല്ലാം സത്യസന്ധതയോടെ മാത്രമല്ലല്ലോ കാര്യങ്ങളെ സമീപിക്കുന്നത്. അതുകൊണ്ടു തന്നെ ജനാധിപത്യജാഗ്രതയുടെ വികേന്ദ്രീകരണ മാര്‍ഗം തന്നെയാണ് നിലവില്‍ കരണീയമായിട്ടുള്ളത്.

എല്ലാ പോരായ്മകള്‍ക്കിടയിലൂടെയും ജനജാഗ്രതയുടെ തദ്ദേശ സ്വയംഭരണ സംവിധാനങ്ങള്‍ ഈ നാട്ടില്‍ മുന്നോട്ടുപോകുന്നുണ്ട്. കൊറോണയുടെ ഈ കാലത്തെ നേരിടുന്നതില്‍ വലിയ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഇതേ ജാഗ്രത തന്നെ ചെല്ലാനം കടല്‍ക്ഷോഭ വിഷയം പോലുള്ള കാര്യങ്ങളിലും ഇനിയെങ്കിലും  ഉണ്ടാകുമെന്ന് ജനം പ്രതീക്ഷിക്കുന്നുണ്ട്. കാരണം ഏറ്റവുമൊടുവില്‍ അവരുടെ വോട്ടുതേടിയെത്തുകയെന്ന വസ്തുത അവശേഷിക്കുന്നുണ്ടല്ലോ. അപ്പോള്‍ മാത്രം പറയുന്ന വാഗ്ദാനങ്ങളുടെ പൊള്ളത്തരം ജനങ്ങള്‍ എപ്പോഴേ തിരിച്ചറിയുന്നുണ്ട്.

തിരഞ്ഞെടുപ്പു ചെലവ് എന്നതില്‍ നിലവിലെ കണക്കില്‍ നിന്ന് ഇരട്ടിയിലധികമായി തുക ഉയര്‍ത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍. ഈ തിരഞ്ഞെടുപ്പില്‍ കൊറോണയുടെ പ്രതിസന്ധികാലത്ത് നവീനമാധ്യമപ്രയോഗങ്ങള്‍ക്കാണ് കൂടുതല്‍ സാധ്യതയെന്നു തോന്നുന്നു. കമ്മീഷനു മുന്‍പാകെ സമര്‍പ്പിക്കുന്ന വരവുചെലവ് കണക്കുകള്‍ തട്ടിക്കൂട്ടലാണെന്നത് പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ജനങ്ങളിലേയ്ക്കെത്താന്‍ വലിയ പരസ്യബോര്‍ഡുകള്‍ അനിവാര്യമാണോ? ഇടവഴികളിലൂം വീട്ടുമുറ്റത്തും നടന്നെത്തുന്ന പ്രതിനിധികളുടെ കാലൊച്ചയെക്കാള്‍ വലിയ ജനാധിപത്യസാന്നിധ്യമേതാണ്? അധികാരം ഉന്നതങ്ങളിലല്ല, വീട്ടുമുറ്റങ്ങളിലേക്ക്, ഇടവഴികളിലേയ്ക്ക്, നാട്ടുപാതകളിലേക്ക് ഇരച്ചെത്തുന്നുവെന്ന് ഈ തിരഞ്ഞെടുപ്പുകാലം ഓര്‍മപ്പെടുത്തുന്നുണ്ടെങ്കില്‍ അതു തന്നെയാണ് ജനാധിപത്യത്തിന്റെ വിജയവും.

 


Related Articles

ജലന്തർ ബിഷപ്പുമായി ബന്ധപ്പെട്ട ആരോപണണങ്ങളിൽ എത്രയും വേഗം നടപടി സ്വീകരിക്കണം

ജലന്തർ രൂപത ബിഷപ് ഫ്രാങ്കോ മൂളക്കലുമായി ബന്ധപ്പെട്ട ലൈംഗീക ആരോപണക്കേസിൽ സത്യാവസ്ഥ എത്രയും വേഗം പുറത്ത് കൊണ്ടുവരണമെന്ന് കെസിവൈഎം കൊച്ചി രൂപത ആവശ്യപ്പെട്ടു. ബിഷപിനെതിരെ നിയമ നടപടിയെടുക്കാൻ

ഫാ. മാര്‍സല്‍ ഫെര്‍ണാണ്ടസ് ഒസിഡി റീജനല്‍ വികാര്‍

കൊല്ലം: നിഷ്പാദുക കര്‍മലീത്താസഭയുടെ കൊട്ടിയം ആസ്ഥാനമായുള്ള സൗത്ത് കേരള പ്രൊവിന്‍സിന്റെ മിഷന്‍ പ്രദേശമായ സെന്റ് തെരേസാസ് റീജനല്‍ വികാരിയത്തിന്റെ പുതിയ സാരഥിയായി ഫാ. മാര്‍സല്‍ ഫെര്‍ണാണ്ടസ് ഒസിഡി

കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി

ക​ണ്ണൂ​ര്‍: സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി കെ.​പി. സു​നി​ല്‍ ആ​ണ് മ​രി​ച്ച​ത്. മ​ട്ട​ന്നൂ​രി​ല്‍ എ​ക്സൈ​സ് ഡ്രൈ​വ​റാ​യി​രു​ന്നു ഇ​യാ​ള്‍. കൊറോണ സ്ഥി​രീ​ക​രി​ച്ച്‌ പ​രി​യാ​ര​ത്തെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*