അധികൃതരുടേത് നിഷേധാത്മക സമീപനം -ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

അധികൃതരുടേത് നിഷേധാത്മക സമീപനം -ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

തിരുവനന്തപുരം: ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്ന കടലാക്രമണ കെടുതികള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തികഞ്ഞ നിഷേധാത്മക സമീപനമാണ് മന്ത്രിമാരുടെയും ഭരണാധികാരികളുടെയും ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് കെസിബിസി-കെആര്‍എല്‍സിസി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം ആരോപിച്ചു.
ദുരന്തങ്ങള്‍ വരുന്നതിനു മുമ്പ് പരിഹാരം കാണുന്നതിനു പകരം ജനങ്ങളെ ദുരിതത്തിലേക്ക് വലിച്ചെറിയുന്ന സമീപനം പ്രതിഷേധാര്‍ഹമാണ്. ഏപ്രില്‍ അവസാന വാരം മുതല്‍ തിരുവനന്തപുരം തീരദേശത്തെ പ്രത്യേകിച്ച് വലിയതുറ, കൊച്ചുതോപ്പ്, തോപ്പ് മേഖലകളില്‍ 30 കെട്ടുറപ്പുളള ഭവനങ്ങള്‍ പൂര്‍ണ്ണമായും കടലെടുത്തു. ഈ മേഖലയില്‍ 80 ഭവനങ്ങള്‍ കടലാക്രമണ ഭീഷണിയിലുമാണ്. ഇതിനകം 72 കുടുംബങ്ങള്‍ വലിയതുറ ഫിഷറീസ് ഗോഡൗണ്‍, ബഡ്‌സ് സ്‌കൂള്‍, വലിയതുറ യു.പി സ്‌ക്കൂള്‍ എന്നിവിടങ്ങളിലായി അഭയാര്‍ഥികളായി കഴിയുന്നു. അവരുടെ ജീവിതാവസ്ഥ പരിതാപകരമാണ്. ആവശ്യത്തിന് ഭക്ഷണമോ അടിസ്ഥാന ആവശ്യങ്ങള്‍ക്കുളള സൗകര്യങ്ങളോ ഇനിയും ലഭ്യമാക്കിയിട്ടില്ല. ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കടലാക്രമണം ഒരു സാധാരണ കാലവര്‍ഷ പ്രതിഭാസമായി കാണാന്‍ കഴിയില്ല. 20-30 വര്‍ഷമായി അവിടെ താമസിക്കുന്ന കുടംബങ്ങളുടെ ഇരുനില വീടുകള്‍ പോലും കടലാക്രമണത്തില്‍ വീണുപോയ്‌കൊണ്ടിരിക്കുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ തുറമുഖ പദ്ധതിയുടെ ഭാഗമായി കടലില്‍ പുലിമുട്ടുകള്‍ നിര്‍മിക്കുകയും കര നികത്തുകയും ചെയ്യുന്നതിന്റെ പ്രത്യഘാതങ്ങളായി മാത്രമേ ഇതിനെ വിലയിരുത്താനാവൂ. തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തീരശോഷണത്തിനു പരിഹാരമായി തീരം സംരക്ഷിക്കുന്നതിനുളള സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി തവണ അധികാരികളെ കണ്ട് നിവേദനങ്ങള്‍ നല്‍കിയിരുന്നു. 2018 ഏപ്രില്‍ 24ന് മുഖ്യമന്ത്രിക്കും ജൂണ്‍ 16ന് ഫിഷറീസ് മന്ത്രിക്കും 2019 ജനുവരി 21 ന് റവന്യൂമന്ത്രിക്കും ജലവിഭവ വകുപ്പ് മന്ത്രിക്കും പല ആവര്‍ത്തി രേഖാമൂലം നിവേദങ്ങള്‍ നല്‍കിയിരുന്നു.
കടല്‍ഭിത്തിയോ, ജിയോട്യൂബു പോലുളള ശാശ്വത സംവിധാനങ്ങളോ ത്വരിതപ്പെടുത്താമെന്ന ഉറപ്പ് നല്‍കുന്നതല്ലാതെ തീരവും തൊഴിലും ജനങ്ങളുടെ ഭവനങ്ങളും സംരക്ഷിക്കുന്നതിനുളള യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് തീരശോഷണത്തിന്റെ തോത് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ആ റിപ്പോര്‍ട്ട് പുറത്തു വിട്ടിട്ടില്ല. പ്രസ്തുത തുറമുഖവുമായി ബന്ധപ്പെട്ട് തീരശോഷണമുണ്ടായാല്‍ ബാധിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസം നടപ്പിലാക്കുന്നതിനുളള പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി ഉറപ്പ് നല്‍കി കൊണ്ട് 2015 ല്‍ ഗവണ്‍മെന്റ് ഉത്തരവ് പുറത്തിറക്കിയെങ്കിലും യാതൊരു തുടര്‍നടപടിയും അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാകാത്തത് ഖേദകരമാണ്. 475 കോടി രൂപ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഖ്യാപിച്ചെങ്കിലും നാളിതു വരെ ഒരു പൈസ പോലും ചിലവഴിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ മാത്രമല്ല ഇപ്പോള്‍ കേരളത്തിന്റെ പല തീരദേശങ്ങളിലും പ്രത്യേകിച്ച് ചെല്ലാനം പോലുളള തീരദേശ പ്രദേശങ്ങളിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളി സമൂഹം നിലനില്‍പ്പിന്റെ ഭീഷണി നേരിടുകയാണ്. തീരദേശവാസികളോടും, മത്സ്യത്തൊഴിലാളികളോടും സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനയായി മാത്രമേ ഞങ്ങള്‍ക്കിതിനെ കാണാന്‍ കഴിയുകയുളളൂ. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് തീരദേശവാസികളുടെ ആശങ്കകള്‍ ദൂരീകരിക്കണം.
പ്രധാന ആവശ്യങ്ങള്‍
1) കടലാക്രമണം മൂലം കുടി ഒഴിപ്പിക്കപ്പെട്ട് വിവിധ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും അടിയന്തിരമായി ചെയ്തുകൊടുക്കണം.
2) ഇപ്പോള്‍ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ ആവശ്യത്തിന് കരിങ്കല്ലും മണല്‍ ചാക്കുകളും ഇട്ട് ഭവനങ്ങളെ സംരക്ഷിക്കുക.
3) അശാസ്ത്രീയമായി നിര്‍മാണം മൂലം അനുദിനം അപകടം വരുത്തിവക്കുന്ന മുതലപ്പൊഴി മത്സ്യബന്ധന ഹാര്‍ബര്‍ നിര്‍മാണം ശാസ്ത്രീയമായി പുനര്‍നിര്‍മിക്കുക. ഹാര്‍ബറിന്റെ അശാസ്ത്രീയ നിര്‍മാണം മൂലം അഞ്ചുതെങ്ങ്, പൂന്തുറ, താഴംപളളി ഭാഗങ്ങളിലെ ആ ഭാഗങ്ങളിലെ തീരശോഷണത്തിനും ജനങ്ങളുടെ പുനരധിവാസത്തിനും പരിഹാരം കണ്ടെത്തുക.
4) വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് തീരശോഷണം സംഭവിക്കുന്ന പ്രദേശങ്ങള്‍ പ്രത്യേകിച്ച് പനത്തുറ-പൂന്തുറ ബീമാപളളി, ചെറിയതുറ, വലിയതുറ, തോപ്പ്, കൊച്ചുതോപ്പ്, തുടങ്ങിയ തീരദേശങ്ങള്‍ കടല്‍ഭിത്തി കെട്ടി സംരക്ഷിക്കുക.
5) വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ട് എത്രയും വേഗം പുറത്തിറക്കണം.
6) പ്രസ്തുത തുറമുഖവുമായി ബന്ധപ്പെട്ട് അനുവദിച്ചിരിക്കുന്ന പുനരധിവാസ പാക്കേജില്‍ നിന്ന് അടിയന്തിരമായി കടലാക്രമണം മൂലം ഭവനം നഷ്ടപ്പെട്ട കുടുംബങ്ങളെയും, കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെയും പുനരധിവസിപ്പിക്കണം.


Related Articles

പുതിയ പഠനകാലം തുടങ്ങുമ്പോള്‍

റവ. ഡോ. ഗാസ്പര്‍ കടവിപ്പറമ്പില്‍           പുത്തന്‍ അധ്യയന വര്‍ഷം തുടങ്ങി. അക്ഷരലോകത്തേക്കു വരുന്ന കുഞ്ഞുങ്ങള്‍ തുടങ്ങി ബിരുദ ബിരുദാനന്തര പഠനത്തിനായെത്തുന്നവര്‍

90 വര്‍ഷത്തെ പാരമ്പര്യമുള്ള ലൂയിസ്‌ കാത്തലിക് ഹോസ്റ്റലിന് പുതിയ കെട്ടിടം

തിരുവനന്തപുരം അതിരൂപതാ സ്ഥാപനമായ കാത്തലിക് ഹോസ്റ്റലിന്റെ നവീകരിച്ച കെട്ടിടത്തിന്‍റെ ആശിർവാദകർമ്മം നടന്നു. അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്തായും ക്രിസ്തുദാസ് സഹായ മെത്രാനും വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ

റവ. തോമസ് നോര്‍ട്ടന്‍ നവോത്ഥാനത്തിന് അടിസ്ഥാനമിട്ടു: ജസ്റ്റിസ് സി.കെ.അബ്ദുള്‍ റഹീം

ആലപ്പുഴ: റവ.തോമസ് നോര്‍ട്ടനെപ്പോലുള്ള അനേകം മഹാമനീഷികളുടെ നിരന്തരമായ അത്യധ്വാനത്തിന്റെ സല്‍ഫലങ്ങളാണ് ഇന്ന് നമുക്ക് അനുഭവവേദ്യമാകുന്ന നവോത്ഥാനമെന്ന് ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹിം പറഞ്ഞു. കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*