അധ്യാപനത്തിലെ അഭിമാനനേട്ടവുമായി സെല്‍വരാജ്

തിരുവനന്തപുരം: പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ വ്യത്യസ്ഥതയാണ് വിഴിഞ്ഞം സെന്റ് മേരീസ് എല്‍പി സ്കൂളിലെ പ്രധാനാധ്യാപകനായ സെല്‍വരാജ് ജോസഫിനെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അധ്യാപക പുരസ്കാരത്തിന് അര്‍ഹനാക്കിയത്. എല്‍പി വിഭാഗത്തിലെ അധ്യാപക പുരസ്കാരത്തിനാണ് സെല്‍വരാജ് അര്‍ഹനായത്.
നാണയങ്ങള്‍, കറന്‍സികള്‍, സ്റ്റാമ്പുകള്‍ എന്നിവയുടെ വിപുലമായ ശേഖരം സെല്‍വരാജിന്റെ പക്കലുണ്ട്. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനായി തുടങ്ങിയ ശേഖരം പിന്നീട് വിനോദമായി മാറുകയായിരുന്നു. വിസ്മയക്കാഴ്ച എന്ന പേരില്‍ അമ്പതോളം പ്രദര്‍ശനങ്ങള്‍ വിവിധ സ്ഥലങ്ങളിലായി നടത്തി. വിദ്യാര്‍ത്ഥികളുടെ ബുദ്ധിവികാസത്തിനും മാനസികോല്ലാസത്തിനും ഉപയോഗിക്കുന്ന ജപ്പാന് കലയായ ഒറിഗാമിയുടെ പരിശീലകനുമാണ്. കടലാസുകള്‍ മുറിക്കാതെ മടക്കി വിവിധ രൂപങ്ങള്‍ നിര്‍മിക്കുന്ന കലയാണിത്. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന മക്കള്‍ക്കൊപ്പം എന്ന രക്ഷാകര്‍തൃ പദ്ധതിയുടെ പരിശീലകനുമാണ് സെല്‍വരാജ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും വിവിധ കലാസാംസ്കാരിക സംഘടനകളുടെയും സജീവപ്രവര്‍ത്തകനാണ്.
സ്കൂളിന്റെ ഭൗതിക-പഠന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലും സെല്‍വരാജിന്റെ ഇടപെടലുണ്ടായിരുന്നു. പാഠ്യേതരവിഷയങ്ങളില് പഠനക്ലാസുകള്‍ സംഘടിപ്പിക്കുക, ഭൗതികസൗകര്യങ്ങള് വര്‍ദ്ധിപ്പിക്കുക, ഓണ്‍ലൈന്‍ പഠന ക്ലാസിനായി കുട്ടികള്‍ക്ക് മൊബൈല്‍ഫോണുകളും മറ്റുപകരണങ്ങളും എത്തിക്കുക എന്നിവയിലെല്ലാം സെല്‍വരാജിന്റെ നേതൃത്വത്തിലുള്ള സംഘം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
സെല്‍വരാജിന്റെ ചരിത്രശേഖരം വളരെ വിപുലമാണ്. ലോകത്തിലെ ആദ്യത്തെ സ്റ്റാമ്പായ പെന്നി ബ്ലാക്ക് മുതല്‍ ലോകത്തിലെ ഏറ്റവും ചെറിയ നാണയങ്ങളും, വലിയ നാണയങ്ങളും പ്ലാസ്റ്റിക് നാണയങ്ങളും ശേഖരത്തിലുണ്ട്. നടുക്കടലില്‍ രണ്ടു തൂണുകളായി സ്ഥിതി ചെയ്യുന്ന സീലാന്‍ഡ് എന്ന രാജ്യത്തെ നാണയം ഇക്കൂട്ടത്തില്‍ ഏറ്റവും ആകര്‍ഷകമാണ്. മിക്ക രാജ്യങ്ങളിലേയും മഹാപുരുഷന്മാരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പുകള്‍, കാര്ട്ടൂണുകള്, ക്രിസ്മസ് പുതുവത്സരാഘോഷങ്ങളില്‍ പുറത്തിറക്കിയിട്ടുള്ള പ്രത്യക സ്റ്റാമ്പുകള്‍ എന്നിവയുമുണ്ട്.
അണ, ചക്രം, കാശ്, ഇന്ത്യാ-ഡാനിഷ്, ഇന്ത്യ-ഡച്ച്, മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലത്തെ നാണയങ്ങള്‍, രാജരാജ ചോള, മൗര്യ സാമ്രാജ്യ, കനിഷ്ക, കുശാന്‍ നാണയങ്ങള്‍, പുതുക്കോട്ട മാര്‍ത്താണ്ഡ ഭൈരെവ, വേണാട്, പാണ്ഡ്യചോള തുടങ്ങിയ കാലങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളും ശേഖരത്തിലുണ്ട്. വിനോദത്തിനായി മാത്രം ഇതെല്ലാം ശേഖരിക്കുക മാത്രമല്ല, ഓരോ നാണയത്തിന്റെയും സ്റ്റാമ്പിന്റെയും ചരിത്രവും സെല്‍വരാജിന് മന:പാഠം. അത് ചരിത്രാന്വേഷികളോട് പങ്കുവയ്ക്കുകയും ചെയ്യും. പഴയ മുദ്രപത്രങ്ങള്‍, താളിയോലകള്‍, നാരായം, അളവു പാത്രങ്ങള്‍ തുടങ്ങിയവയും സെല്‍വരാജിന്റെ ശേഖരത്തെ ധന്യമാക്കുന്നു.
കെഎസ്ആര്‍ടിസിയുടെ പേപ്പര്‍ ടിക്കറ്റ് കാണണമെങ്കില്‍ അതും സെല്‍വരാജിന്റെ ശേഖരത്തിലുണ്ട്. സ്കൂളില്‍ പഠിക്കുമ്പോള്‍ തീപ്പെട്ടിക്കൂടും സിഗരറ്റ് കൂടും ശേഖരിച്ചുകൊണ്ടാണ് സെല്‍വരാജ് തന്റെ ഹോബിക്ക് തുടക്കമിട്ടത്. ക്രമേണ അത് സ്റ്റാമ്പുകളിലേക്കും കറന്‍സികളിലേക്കും നാണയങ്ങളിലേക്കും വഴിമാറി. ശമ്പളത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ചാണ് തന്റെ ‘നിധി’ ശേഖരം ഈ അധ്യാപകന് വിപുലപ്പെടുത്തുന്നത്. റിസര്‍വ് ബാങ്ക് ഇറക്കിയ 150 രൂപയുടെ നാണയം 7000 രൂപ കൊടുത്താണ് വാങ്ങിയത്. ആര്‍ബിഐയുടെ 75 രൂപയുടെ നാണയവും ശ്രീനാരായണ ഗുരുവിന്റെ ശതാബ്ദിയോടനുബന്ധിച്ച് ഇറക്കിയ 100 രൂപയുടെ നാണയവുമുണ്ട്.
പൊഴിയൂര്‍ പൊലീസ് സ്റ്റേഷനു സമീപം സെല്വിനി ഭവനിലാണ് താമസം. ഭാര്യ: വിനീത. മക്കള്‍: സ്റ്റെന്‍സി, ആഷ്ഫിന്‍, സഹേഷ്, ജയ്സണ്‍. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ കൊല്ലംകോട് സെന്റ് മാത്യൂസ് ഇടവകാംഗമാണ്.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ആരുമറിയാതെ കടന്നുപോയി നമ്മുടെ മാതൃഭാഷാദിനം
ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി സമാചരിച്ചുവരികയാണ്. സ്വത്വാവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പിറന്നാളാണ് മാതൃഭാഷാദിനം. ആത്മാവിന്റെ ഭാഷയെ മൂര്‍ത്തമാക്കുന്ന മാതൃഭാഷാദിനാചരണം എന്നാല്‍, മലയാളിക്ക് വേണ്ടെങ്കിലോ? വൈദേശികമായെന്തും മെച്ചപ്പെട്ടതാണെന്ന മലയാളികളുടെ മിഥ്യാധാരണയ്ക്ക് എന്ന് അറുതിയുണ്ടാകും?
കൈരളിയുടെ സാംസ്കാരിക രംഗം ഇത്ര ശൂന്യമോ?!
ഫാ. ജോഷി മയ്യാറ്റിൽ സാംസ്കാരിക മേഖലയിലെ ഇന്നത്തെ പരമ ദയനീയമായ കാഴ്ച കഴുത്തില്‍ ബെല്റ്റു വീണ സാംസ്കാരിക നായകന്മാരാണ്. സമൂഹത്തെ അതിഗുരുതരമായി ബാധിക്കുന്ന പൊതുവായുള്ള വിഷയങ്ങള്‍ ബോധപൂര്‍വം
മധു കൊല ചെയ്യപ്പെട്ടതിന്റെ രാഷ്ട്രീയം
മധുവിനെ തച്ചുകൊന്നതാണ്. അയാള്‍ക്ക് വിശന്നിരുന്നു. കാടിന്റെയുള്ളില് നിന്ന് വലിച്ചിഴച്ച്് കൈമാറുമ്പോള്‍ നമ്മള് കരുതി നീതി നടപ്പാക്കുകയാണെന്ന്. അനീതിയുടെയും അക്രമത്തിന്റെയും ദംഷ്ട്രങ്ങള്‍ നീട്ടിയ സമൂഹമെന്ന് നമ്മളെ ലോകം വിളിക്കുന്നു.