അനന്യ മഹിമയുടെ അനശ്വര ദീപ്തി

സ്വര്‍ഗവും കാലവും തങ്ങള്‍ക്കായി കാത്തുവച്ച സുകൃതം നിറഞ്ഞ പ്രേഷിതഭൂമിയായാണ് കര്‍മ്മലീത്താ മിഷണറിമാര്‍ മലയാളനാടിനെ ഹൃദയത്തിലേറ്റിയത്. കേരളത്തിലെ കത്തോലിക്കാസഭയുടെ നിലനില്പും ചരിത്രഭാഗധേയവും നിര്‍ണയിച്ച ദൈവിക ഇടപെടലിന്റെ വലിയ അടയാളമായിരുന്നു കര്‍മ്മലീത്തരുടെ മലബാര്‍ മിസ്സം. കേരളജനതയുടെ സാമൂഹിക പരിവര്‍ത്തനത്തിനും വിജ്ഞാനാഭ്യുദയത്തിനും ആധ്യാത്മിക നവീകരണത്തിനും അതു വഴിതെളിച്ചു. ത്യാഗധനരും പുണ്യചരിതരും തീക്ഷ്ണമതികളും കര്‍മ്മധീരരുമായ യൂറോപ്യന്‍ പ്രേഷിതസന്ന്യാസിശ്രേഷ്ഠര്‍ വഴിനടത്തിക്കാണിച്ചതാണ് മലയാളദേശത്തിന്റെ ആത്മീയ, ധാര്‍മ്മിക, സാമൂഹിക, സാംസ്കാരിക, ജ്ഞാന പദ്ധതികളിലും വിനിമയവ്യവഹാരങ്ങളിലും മാനവികമൂല്യദര്ശനത്തിലും കാരുണ്യശുശ്രൂഷയിലുമുണ്ടായ ആധുനികതയും നവോത്ഥാനവും നവീകരണവും. വിശ്വാസപരമായ അപഭ്രംശങ്ങളില്‍ നിന്നും ദുഷിച്ച ജാതിവ്യവസ്ഥയുടെയും സാമൂഹിക അനീതിയുടെയും ദുരാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുളില്‍ നിന്നും ദൈവജനത്തെയും കേരളസമൂഹത്തോടൊപ്പം വീണ്ടെടുക്കേണ്ടതുണ്ടായിരുന്നു.
മലങ്കരയിലെ പൂര്വ്വക്രൈസ്തവര്ക്കിടയില് ഉടലെടുത്ത ഭിന്നിപ്പിന് അറുതിവരുത്തി റോമായിലെ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന് കീഴില്‍ അനുരഞ്ജിപ്പിക്കുക, പോര്‍ട്ടുഗീസ് പദ്രൊവാദൊ സംവിധാനത്തില്‍ മുന്നേറിയ സുവിശേഷവത്കരണത്തിലൂടെ രൂപം കൊണ്ട വിശ്വാസസമൂഹങ്ങളെ സത്യവിശ്വാസത്തില്‍ ആഴപ്പെടുത്തുക എന്ന ചരിത്രനിയോഗം ഏറ്റെടുത്ത കര്‍മ്മലീത്തരുടെ അജപാലന, ഭരണനിര്വഹണകേന്ദ്രമായിരുന്നു പെരിയാര്‍ തീരത്തെ ‘വേരാപൊലിത്താനാ’ (സത്യത്തിന്റെ നഗരം), ‘കിഴക്കിന്റെ കൊച്ചുറോം’ എന്നു കീര്‍ത്തിപ്പെട്ട വരാപ്പുഴ ദ്വീപ്. പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ മലബാര്‍ വികാരിയാത്തില്‍ നിന്നാരംഭിക്കുന്ന യുഗപരിവര്‍ത്തനത്തിന്റെ ഇതിഹാസ ഭൂമിക. നൂറ്റാണ്ടുകളെ പ്രഭാമയമാക്കിയ പ്രേഷിതസാക്ഷ്യങ്ങളുടെ കൃപാസംഗമകൂടാരം. രണ്ടര നൂറ്റാണ്ട് കേരളസഭയിലെ പ്രധാന ചരിത്രമുഹൂര്ത്തങ്ങള്ക്കെല്ലാം സാക്ഷ്യം വഹിച്ച പുണ്യഭൂമിയാണിത്.
ഇറ്റലിക്കാരനായ കര്‍മ്മലീത്താ മിഷണറി മത്തേവൂസ് പാതിരി എറണാകുളത്ത് ചാത്യാത്തും വരാപ്പുഴയിലും കര്‍മ്മലീത്തരുടെ ആദ്യത്തെ രണ്ടു ദേവാലയങ്ങളും ആശ്രമഭവനവും 1673-ല്‍ പണിതുയര്‍ത്തി. അലക്സാണ്ടര്‍ ഏഴാമന് പാപ്പാ, കേരളസഭയില്‍ രൂപം കൊണ്ട ഭിന്നതകള്‍ പരിഹരിക്കാന്‍ നിയോഗിച്ച അപ്പസ്തോലിക കമ്മിസറി ജോസഫ് മരിയ സെബസ്ത്യാനി 1657 ജനുവരി 25ന് ആദ്യമായി കേരളത്തിലെത്തുമ്പോഴും, പിന്നീട് മലബാര്‍ വികാരിയാത്തിന്റെ പ്രഥമ വികാരി അപ്പസ്തോലിക്കാ എന്ന എപ്പിസ്കോപ്പല്‍ പദവിയോടെ റോമില്‍ അഭിഷിക്തനായി വീണ്ടും മലയാളക്കരയില്‍ വരുമ്പോഴും അദ്ദേഹത്തിന്റെ സംഘത്തോടൊപ്പം മത്തേവൂസ് പാതിരി ചേരുന്നുണ്ട്.
1633-ല്‍ പോര്‍ട്ടുഗീസുകാരെ തോല്പിച്ച് കാല്വനിസ്റ്റ് പ്രോട്ടസ്റ്റന്റുകാരായ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി കേരളത്തില്‍ ആധിപത്യം നേടിയപ്പോള്‍ ബിഷപ് സെബസ്ത്യാനി അടക്കം വിദേശീയ കത്തോലിക്കാ പുരോഹിതര്‍ക്കെല്ലാം രാജ്യം വിട്ടുപോകേണ്ടിവന്നു. യാത്രയാകും മുമ്പ് കുറവിലങ്ങാട് പള്ളിവികാരി പള്ളിവീട്ടില്‍ ചാണ്ടി കത്തനാരെ (അലക്സാണ്ടര്‍ ദെ കാംപോ) മലബാര്‍ വികാരി അപ്പസ്തോലിക്കയായി സെബസ്ത്യാനി വാഴിച്ചു. നൂറ്റാണ്ടുകളുടെ പൗരസ്ത്യസഭാപാരമ്പര്യമുള്ള മാര്‍ത്തോമാ ക്രൈസ്തവ സമൂഹത്തില്‍ നിന്ന് രാജ്യത്ത് ആദ്യമായി നാട്ടുകാരനായ ഒരു മേല്‍പ്പട്ടക്കാരനെ വാഴിച്ച ആ ഇറ്റാലിയന്‍ കര്‍മ്മലീത്താ മിഷണറി മെത്രാന് അദ്ദേഹത്തിന്റെ മുഖ്യ ഉപദേഷ്ടാവും മിസ്സത്തിലെ ഡെലിഗേറ്റുമായി മത്തേവൂസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഡച്ച് ഗവര്‍ണര്‍ ഹെന്‍ഡ്രിക് ഏഡ്രിയാന്‍ വാന്‍ റീഡ് ലത്തീനില്‍ പ്രസിദ്ധീകരിച്ച ‘ഹോര്‍ത്തുസ് ഇന്‍ഡിക്കുസ് മലബാറിക്കുസ്’ എന്ന വിഖ്യാത സസ്യശാസ്ത്രഗ്രന്ഥം രചിക്കാന്‍ മെഡിക്കല്‍ ബിരുദധാരിയും പ്രകൃതിശാസ്ത്രചിത്രകാരനും അറബിപണ്ഡിതനുമായ മത്തേവൂസിന്റെ സസ്യചിത്രീകരണങ്ങളും ഔഷധസസ്യങ്ങളുടെ വിവരണവും വാന്‍ റീഡിന് ഏറെ സഹായകമായിരുന്നു. 12 വാല്യങ്ങളിലായി ആംസ്റ്റര്‍ഡാമില്‍ നിന്നു പ്രസിദ്ധീകരിച്ച ഈ ബൃഹദ്ഗ്രന്ഥനിര്മിതിയില് തന്നെ സഹായിച്ചതിന് നന്ദിസൂചകമായാണ് ചാത്യാത്തും വരാപ്പുഴയിലും പള്ളി നിര്‍മിക്കാന്‍ വാന്‍ റീഡ് മത്തേവൂസിന് അനുമതി നല്‍കിയത്. വരാപ്പുഴ പള്ളിയോടൊപ്പം ആശ്രമഭവനവും സെമിനാരിയും മത്തേവൂസ് പാതിരി സ്ഥാപിക്കുകയുണ്ടായി. വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലാണ് മത്തേവൂസ് വരാപ്പുഴ പള്ളി പ്രതിഷ്ഠിച്ചതെന്ന് പൗളീനോസ് പാതിരിയുടെ ഗ്രന്ഥങ്ങള്‍ പറയുന്നുണ്ട്.
രണ്ടു പള്ളികള്‍ക്കും സ്ഥലം ദാനം നല്‍കിയത് കൊച്ചി രാജ്യത്തെ ഇടപ്രഭുക്കന്മാരായ അഞ്ചികൈമള്മാരില് ഒരാളായ ചേരാനല്ലൂര്‍ കര്‍ത്താവ് വരേക്കാട്ട് രാമന്‍കുമാരന്‍ കൈമളായിരുന്നു. പൂര്വക്രൈസ്തവരുടെ ഒരു ചെറുസമൂഹം വരാപ്പുഴയില്‍ അക്കാലത്തുണ്ടായിരുന്നതായി സെബസ്ത്യാനിയുടെ ‘പ്രേഷിതപ്രയാണ’ ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നുണ്ട്. 1700 ഫെബ്രുവരിയില്‍ മലബാര്‍ വികാരി അപ്പസ്തോലിക്കയായി നിയമിതനായ ബിഷപ് ആഞ്ചലോ ഫ്രാന്‍സിസിന്റെ കാലം മുതല്‍ 1904ല്‍ വരാപ്പുഴ അതിരൂപതയുടെ ആസ്ഥാനം എറണാകുളത്തേക്കു മാറ്റിസ്ഥാപിച്ച ബര്‍ണാര്‍ഡ് ആര്‍ഗ്വിന്‍സോണിസ് മെത്രാപ്പോലീത്തയുടെ കാലം വരെ കര്‍മ്മലീത്താ മേലധ്യക്ഷന്മാരുടെ കത്തീഡ്രല്‍ വരാപ്പുഴ ദേവാലയമായിരുന്നു. മലബാര്‍ വികാരിയാത്ത് വരാപ്പുഴ വികാരിയാത്ത് എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടപ്പോള്‍ കൊടുങ്ങല്ലൂര്‍, കൊച്ചി രൂപതകളുടെ അതിര്‍ത്തികള്‍ ഉള്‍പ്പെടെ കനറാ തീരത്തെ സുവര്ണാനദി മുതല്‍ കന്യാകുമാരി വരെയുളള വിസ്തൃത പ്രദേശത്തിന്റെ കത്തീഡ്രലായിരുന്നു വരാപ്പുഴ പള്ളി. ഒന്‍പതു മെത്രാന്മാര് ഉള്‍പ്പെടെ 28 കര്‍മ്മലീത്താ മിഷണറിമാര്‍ ഈ ദേവാലയത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
എല്ലാ കരകളിലും പള്ളികള്‍ക്കൊപ്പം പള്ളിക്കൂടം സ്ഥാപിക്കണമെന്ന് 1856-ല്‍ ഇടയലേഖനത്തിലൂടെ കല്പിക്കുകയും പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള ഏതദ്ദേശീയ കര്‍മ്മലീത്താ സന്ന്യാസസമൂഹങ്ങളുടെ സംസ്ഥാപനത്തിന് കാനോനിക അംഗീകാരം നല്‍കുകയും പുത്തന്‍പള്ളി സെമിനാരി സ്ഥാപിക്കുകയും ചെയ്ത മഹാമിഷണറി ആര്‍ച്ച്ബിഷപ് ബര്‍ണര്‍ദീന്‍ ബച്ചിനെല്ലിയെയും, മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അച്ചടിക്കും അതുല്യ സംഭാവനകള്‍ നല്കിയ വരാപ്പുഴ മിഷണറിമാരുടെ വരിഷ്ഠശ്രേണിയെയും കേരളത്തിന് എങ്ങനെ മറക്കാനാകും?
ചരിത്രപ്രാധാന്യം, ദേവാലയനിര്മിതിയിലെ വാസ്തുകലാവൈദഗ്ധ്യത്തിന്റെ ഔന്നത്യം, രൂപതയില്‍ ആ ദേവാലയത്തിനുള്ള സവിശേഷ സ്ഥാനം, പ്രാദേശികമായും ദേശീയതലത്തിലും പ്രസിദ്ധമായ തീര്‍ത്ഥാടനകേന്ദ്രം എന്നീ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് സാര്‍വത്രിക സഭ ഒരു ദേവാലയത്തിന് ബസിലിക്ക എന്ന കാനോനിക സ്ഥാനിക പദവി നല്‍കുന്നത്. നാടുവാഴികള്‍ക്കിടയിലും വിദേശശക്തികള്‍ തമ്മിലുമുള്ള പോരാട്ടങ്ങളും മൈസൂറിലും തിരുവിതാംകൂറിലും നിന്നുള്ള പടയോട്ടങ്ങളും ലോകമഹായുദ്ധങ്ങളും, രാഷ്ട്രീയ അധീശത്വമാറ്റങ്ങളും, വന്‍ പ്രളയങ്ങളും, സഭാസമൂഹത്തെ ഉലച്ച റോക്കോസ്, മേലൂസ് ശീശ്മകള്‍, പാഷണ്ഡതകള്‍, അങ്കമാലി പടിയോല പോലുള്ള പ്രതിസന്ധികളും ഉപരോധങ്ങളും, പദ്രൊവാദൊ-പ്രൊപ്പഗാന്ത അധികാരതര്‍ക്കങ്ങളും നയതന്ത്ര പ്രശ്നങ്ങളും മറ്റും ഉയര്‍ത്തിയ വെല്ലുവിളികളെയെല്ലാം അതിജീവിച്ച വിശ്വാസസ്ഥൈര്യത്തിന്റെ പ്രതീകമായ കേരളസഭയുടെ ദേവാലയ മാതാവാണ് വരാപ്പുഴ ബസിലിക്ക എന്നത് അനന്യ മഹിമയുടെ നിദാനമാകുന്നു. യൗസേപ്പിതാവിന്റെ തൊഴിലായ മരപ്പണിയും ക്രിസ്തുശിഷ്യന്മാരുടെ തൊഴിലായ മീന്‍പിടിത്തവും ഉള്‍പ്പെടെ കേരളതീരത്തെ തൊഴില്‍ സംസ്കാരത്തെയും ജീവിതരീതിയെയും വരാപ്പുഴ മിഷണറിമാര്‍ ആശീര്‍വദിച്ചത് വിശ്വാസവണക്കങ്ങളുടെ ഈ നെടുങ്കോട്ടയില്‍ നിന്നാണ്. വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ ആ വിശുദ്ധന്റെ നാമധേയത്തിലുള്ള ഇന്ത്യയിലെ പ്രഥമ ബസിലിക്കയായി വരാപ്പുഴ പള്ളി മാറുന്നു എന്നത് കൃപാപൂരിത ചരിത്രത്തിന്റെ മറ്റൊരു നിദര്‍ശനം.
വരാപ്പുഴ ബസിലിക്ക പ്രഖ്യാപനത്തിന്റെ സ്തോത്രഗീതം ആലപിക്കുന്ന വേളയില്‍ നിഷ്പാദുക കര്‍മ്മലീത്താ സമൂഹത്തിലെ മഞ്ഞുമ്മല്‍ വിശുദ്ധ പത്താം പീയൂസ് പ്രോവിന്സിനും രാജ്യത്തെ കര്‍മ്മലീത്താ പൈതൃകത്തിന്റെ നേരവകാശികള്ക്കുമെല്ലാം കൃതജ്ഞതയുടെ പ്രാര്‍ത്ഥനാമഞ്ജരികള്‍ നേരാം.
Related
Related Articles
കൊറോണക്കിടെ ആയുധകച്ചവടം
വാഷിങ്ടണ്‍: മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്നതിനുള്ള കരാര്‍ അമേരിക്ക അംഗീകരിച്ചു. ഏകദേശം 1200 കോടിയുടെ (155 മില്യണ്‍ ഡോളര്‍) ഹര്‍പൂണ്‍ ബ്ലോക്ക്-2 മിസൈലുകള്‍, ടോര്‍പിഡോകള്‍ എന്നിവയാണ്
ഓസ്ട്രേലിയ കാട്ടുതീ പതിനായിരങ്ങളെ മാറ്റിപാര്‍പ്പിച്ചു
സിഡ്നി: ഓസ്ട്രേലിയയുടെ തെക്കുകിഴക്കന്‍ തീരത്തെ ന്യൂ സൗത്ത് വെയ്ല്‍സ്, വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ സംസ്ഥാനങ്ങളിലെ നിരവധി പട്ടണങ്ങളെ വിഴുങ്ങിയ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീഷണമായ കാട്ടുതീയില്‍ 123.5
കറുത്ത മരണത്തിന് മറുപടി നല്കി ഓബര്‍ആമര്‍ഗൗ
പതിനാലാം നൂറ്റാണ്ടില്‍ 200 ദശലക്ഷംയൂറോപ്പുകാരെ ദാരുണമായി കൊന്നൊടുക്കിയ പ്ലേഗ്ബാധ മാനവചരിത്രത്തില്‍ സംഭവിച്ച ഏറ്റവും വലിയ മഹാമാരിയായി കണക്കാക്കപ്പെടുന്നു. 1346നും 1353നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍, പ്രധാനമായി യൂറോപ്പിലും പിന്നെ