അനുതാപത്തിന്റെയും അനുഗ്രഹത്തിന്റെയും സമയം

അനുതാപത്തിന്റെയും അനുഗ്രഹത്തിന്റെയും സമയം

ഏവര്‍ക്കും തപസുകാലത്തിന്റെ അനുഗ്രഹങ്ങള്‍ നേരുന്നു. പ്രിയമുള്ളവരേ മാനസാന്തരത്തിന്റെ പുണ്യകാലഘട്ടത്തിലേക്ക്‌ നാം പ്രവേശിച്ചിരിക്കുകയാണല്ലോ. ഇത്‌ പ്രര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദാനധര്‍മത്തിന്റെയും ദിനങ്ങളാണ്‌. ജീവിതത്തില്‍ ചെയ്‌തുപോയ തെറ്റുകളെയും കുറവുകളെയും ബലഹീനതകളെയും ഓര്‍ത്ത്‌ പശ്ചാത്തപിച്ച്‌ പരിഹാരം ചെയ്യുന്നതിനുള്ള കാലവുമാണ്‌. നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ ജീവിതവഴികളിലൂടെ സഞ്ചരിച്ച്‌ വിശ്വാസത്തില്‍ വളര്‍ന്ന്‌ പുതിയ വ്യക്തികളായി രൂപപ്പെടുവാന്‍ ഊര്‍ജം നേടുന്ന കാലമാണ്‌ തപസുകാലം. ഈ രൂപാന്തരീകരണത്തിനുവേണ്ടി നാം യത്‌നിക്കുമ്പോള്‍ നാം ഓര്‍ക്കേണ്ടത്‌ ജോയേല്‍ പ്രവാചകന്റെ വചനങ്ങളാണ്‌, “ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീര്‍പ്പോടും കൂടെ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍. നിങ്ങളുടെ ഹൃദയമാണ്‌, വസ്‌ത്രമല്ല കീറേണ്ടത്‌. (ജോയേല്‍ 2:12-13)

തപസുകാല പ്രാര്‍ത്ഥനകള്‍

ദൈവത്തോട്‌ ഒന്നിക്കാന്‍ നമുക്ക്‌ പ്രാര്‍ത്ഥനകള്‍ അത്യാവശ്യമാണ്‌. നമ്മള്‍ തപസുകാലത്ത്‌ ധ്യാനിക്കുന്ന കുരിശിന്റെവഴി നമ്മെ ഈ ഒന്നാകലിനു സഹായിക്കും. ഇത്‌ പല ഘട്ടങ്ങളായി നമ്മില്‍ പ്രവര്‍ത്തിക്കപ്പെടുന്നുണ്ട്‌. നമ്മള്‍ ആഗ്രഹിക്കുന്ന രുചിയേറിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, ആഢംബരമായ വസ്‌ത്രധാരണം എന്നിവ ഉപേക്ഷിക്കുന്നതും കാവിവസ്‌ത്രങ്ങള്‍ ധരിക്കുന്നതുമാണ്‌ തപസുകാല ഭക്ത്യാചാരങ്ങള്‍ എന്ന്‌ നമ്മില്‍ ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇത്‌ തപസുകാല പ്രാര്‍ത്ഥനകളുടെ ആദ്യഘട്ടം മാത്രമാണ്‌, ബാഹ്യ അടയാളങ്ങള്‍ മാത്രമാണ്‌. ഇത്‌ നമ്മെ പ്രാര്‍ത്ഥനയുടെ രണ്ടാം ഘട്ടത്തിലേക്ക്‌ എത്തിക്കുന്നു. നമ്മുടെ ശരീരത്തെയും മനസിനെയും പൂര്‍ണമായി കര്‍ത്താവിന്റെ പീഡാസഹനങ്ങളില്‍ ഒന്നാക്കപ്പെട്ട (കൊളോ 1: 24) അനുഭവത്തിലേക്ക്‌ എത്തിച്ചേരുന്നതാണ്‌ നോമ്പുകാല പ്രാര്‍ത്ഥനയുടെ രണ്ടാംഘട്ടം. ഈ പ്രാര്‍ത്ഥനാനുഭവം നമ്മിലുള്ള സ്വാര്‍ത്ഥത, അഹങ്കാരം, അസൂയ, മുന്‍കോപം, വൈരാഗ്യം, തുടങ്ങിയ ദുര്‍ഗുണങ്ങള്‍ നീക്കിക്കളയുവാന്‍ സഹായിക്കുന്നതാണെന്ന്‌ ഫ്രാന്‍സിസ്‌ പാപ്പാ തന്റെ തപസുകാല സന്ദേശത്തില്‍ ഊന്നിപ്പറയുന്നുണ്ട്‌.
തപസുകാല പ്രാര്‍ത്ഥനകളുടെ മൂന്നാംഘട്ടം എന്നത്‌ കാരുണ്യപ്രവൃത്തികളാണ്‌. കാരുണ്യപ്രവൃത്തികള്‍ എന്നു പറഞ്ഞാല്‍ നാം മനസിലാക്കുന്നത്‌ ദാനധര്‍മം ചെയ്യുന്നതാണ്‌, അത്‌ വാസ്‌തവമാണ്‌. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ കാരുണ്യപ്രവൃത്തികള്‍ക്ക്‌ വേറൊരു വശവും ഉണ്ട്‌. ഇന്നത്തെ സമൂഹത്തെ നമ്മുടെ വസ്‌തുവകകളെക്കാള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത്‌ നമ്മുടെ സാന്നിദ്ധ്യം, അനുകമ്പ, കരുതല്‍, സഹകരണം, പ്രോത്സാഹനം എന്നിവയാണ്‌. നമ്മുടെ കുടുംബത്തിലും സമൂഹത്തിലും ഏകാന്തതയിലും രോഗാവസ്ഥയിലും നിസഹായാവസ്ഥയിലും കഴിയുന്നവര്‍ക്ക്‌ ആശ്വാസമായി നില്‍ക്കുകയും, കുടുംബപ്രശ്‌നങ്ങളുടെ സമ്മര്‍ദ്ദത്തില്‍ കഴിയുന്നവര്‍ക്ക്‌ നാം ഔഷധമായും പ്രോത്സാഹനമായും “നല്ല സമരിയാക്കാരന്‍” ആകുന്നതുവഴി നമ്മുടെ കാരുണ്യപ്രവൃത്തികള്‍ ദൈവസന്നിധിയില്‍ സ്വീകാര്യമാവുകയും ചെയ്യും.

യേശുവിന്റെ വഴികളിലൂടെ

തപസുകാല ആത്മീയഭക്താനുഷ്‌ഠാനങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ കര്‍ത്താവിന്റെ വഴികളിലൂടെ നമുക്ക്‌ അടിപതറാതെ നടക്കുവാന്‍ സാധിക്കും. അവനില്‍ പ്രത്യാശയര്‍പ്പിക്കുന്നവര്‍ക്കെല്ലാം അവന്‍ രക്ഷ നല്‍കി നല്ല ഇടയനായി നിലനില്‍ക്കുന്നു. മഹത്തായ ലക്ഷ്യത്തെ നിറവേറ്റുവാന്‍ `ഗോതമ്പുമണി നിലത്തുവീണ്‌ അഴിയുന്നില്ലെങ്കില്‍ അത്‌ അതേപടിയായിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും” (യോഹ : 12: 24) എന്ന്‌ തന്റെ ജീവന്‍ നല്‍കി തന്റെ വചനങ്ങളെ ഈശോ സ്ഥിരീകരിച്ചു. ഈ ലക്ഷ്യം നിറവേറ്റുവാന്‍ കര്‍ത്താവ്‌ നടന്നത്‌ കുരിശിന്റെ വഴിയായിരുന്നു, വഹിച്ചത്‌ കുരിശുമരമായിരുന്നു, നേടിയത്‌ കുരിശുമരണമായിരുന്നു. എന്നാല്‍ പ്രിയമുള്ളവരേ അതിലൂടെ കര്‍ത്താവ്‌ നമുക്ക്‌ നല്‍കിയത്‌ ഉയിര്‍പ്പിന്റെ മഹിമയാണ്‌. ഈ മഹത്വത്തില്‍ എത്തിച്ചേരാന്‍ `കുരിശിന്റെ വഴി’ നമ്മെ ക്ഷണിക്കുന്നു.
ഈ തപസുകാലത്ത്‌ യേശുവിന്റെ കുരിശിന്റെ വഴിയെ ധ്യാനിക്കുന്ന നമ്മള്‍ അവിടുത്തെ സഹനങ്ങളെ ഓര്‍ത്ത്‌ ദു:ഖിതരായേക്കാം, അവിടുത്തെ വേദനകളെ ഓര്‍ത്ത്‌ മനം നുറുങ്ങിയേക്കാം. ഇവയെല്ലാം സാധാരണ എല്ലാ ക്രിസ്‌ത്യാനികളിലും കാണുന്നവയാണ്‌. എന്നാല്‍ യേശു പിതാവായ ദൈവത്തിന്റെ രക്ഷാപദ്ധതിയെ പൂര്‍ത്തിയാക്കുവാനും അവിടുത്തെ ഇഷ്‌ടം നിറവേറ്റുവാന്‍ തടസമായിരുന്ന എല്ലാ ശക്തികളെയും ധീരതയോടെ ചെറുത്തു നിര്‍ത്തുവാനും തിരഞ്ഞെടുത്തത്‌ കുരിശായിരുന്നു. യേശുവിന്റെ വഴികളില്‍ നടക്കുന്ന നമ്മളും വിശുദ്ധരായ പൗലോസ്‌, സെബസ്‌ത്യാനോസ്‌, ജോണ്‍ ബ്രിട്ടോ, വാഴ്‌ത്തപ്പെട്ട റാണി മരിയ എന്നിവരെപ്പോലെ നമ്മുടെ ക്രിസ്‌തീയ സാക്ഷ്യജീവിതത്തില്‍ ഉറച്ചുനിന്നുകൊണ്ട്‌ കുരിശുവഹിച്ച്‌ മുന്നോട്ടു ചരിക്കുവാന്‍ തയ്യാറാകണം.
ഇന്ന്‌ ലോകമെങ്ങും പ്രത്യേകിച്ച്‌ നമ്മുടെ രാജ്യത്ത്‌ ക്രിസ്‌ത്യാനികള്‍ക്കെതിരായി പല അക്രമങ്ങളും നടക്കുന്നു. നമ്മുടെ നാട്ടില്‍ ചിലര്‍ ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്‌കാരം എന്ന ആശയത്താല്‍ ജനാധിപത്യവ്യവസ്ഥയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ ജാതി, മതം, ഭാഷ എന്നിവയില്‍ ന്യൂനപക്ഷമായിരിക്കുന്ന ക്രിസ്‌ത്യാനികള്‍ക്ക്‌ നേരിടേണ്ടിവരുന്ന സഹനങ്ങള്‍ എത്രയാണ്‌? ദേശീയതലത്തിലും, പ്രാദേശികമായും അനുഭവിക്കുന്ന പീഡനങ്ങള്‍ കര്‍ത്താവിന്റെ കുരിശിനോടു ചേര്‍ത്ത്‌ നമുക്ക്‌ വഹിക്കാം. നമ്മില്‍ തന്നെയുള്ള സ്വാര്‍ത്ഥതയും, ചേരിതിരിഞ്ഞുള്ള വിഭജനങ്ങളും വെടിഞ്ഞ്‌ ഐക്യത്തോടെ സാക്ഷ്യജീവിതം നയിക്കാന്‍ ഈ തപസുകാലത്ത്‌ നമുക്ക്‌ പരിശ്രമിക്കാം. തിന്മ ചെയ്യാനുള്ള പ്രവണതയെ അകറ്റി നിര്‍ത്തുന്നത്‌ കര്‍ത്താവിന്റെ കുരിശു വഹിക്കുന്നതിനു സമാനമാണ്‌. കുരിശു വഹിച്ചുകൊണ്ട്‌ നമുക്കും കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ മഹത്വത്തിലെത്താം. ഈ തപസുകാലത്തിനെ അനുതാപത്തിന്റെയും അനുഗ്രഹത്തിന്റെയും സമയമാക്കി നമുക്കു മാറ്റാം. അങ്ങനെ യോഗ്യതയോടെ കര്‍ത്താവിന്റെ പെസഹായില്‍ പങ്കുകൊള്ളാം.

-ബിഷപ്‌ ഡോ. അന്തോണിസാമി
പീറ്റര്‍ അബീര്‍
സുല്‍ത്താന്‍പേട്ട്‌ രൂപത


Related Articles

മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റർസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെ.ആർ.എൽ.സി.സി

ചെല്ലാനത്തുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠം കെ.ആർ.എൽ. സി.സി.ഭാരവാഹികൾ സന്ദർശിച്ചു ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു. കാരുണ്യപ്രവർത്തനങ്ങൾക്ക് രാജ്യത്തു മാതൃകയായ മിഷനറീസ് ഓഫ് ചാരിറ്റിസിന്റെ ശിശു സംരക്ഷണ കേന്ദ്രങ്ങൾ

വിശ്വാസത്തിലേക്ക്‌ നയിക്കുന്ന ദൈവാലയങ്ങൾ

സ്വര്‍ഗീയവും ഭൗമികവുമായ ദൈവിക തേജസ്‌ നിറഞ്ഞുനില്‍ക്കുന്ന ദൈവമഹത്വത്തിന്റെ മനുഷ്യരുടെ ഇടയിലുള്ള ദ്യശ്യമായ അടയാളമാണ്‌ ദൈവാലയങ്ങള്‍. ദൈവാലയം ദൈവത്തിനു പ്രതിഷ്‌ഠിക്കപ്പെട്ട ഭവനമാണ്‌. ദൈവത്തെക്കുറിച്ചുള്ള ഓര്‍മകള്‍ വിശ്വാസികള്‍ അനുഭവിച്ചറിയുന്നിടമാണത്‌. ദൈവം

2021 മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെ ഫ്രാന്‍സിസ് പാപ്പ കുടുംബവര്‍ഷാചരണം പ്രഖ്യാപിച്ചു

  എറണാകുളം: കത്തോലിക്കാസഭ ഗൃഹനാഥന്മാരുടെ ഉത്തമ മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്ന യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ തന്നെ കുടുംബവര്‍ഷാചരണം കൂടി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചതായി കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി)

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*