അപഹാസ്യമാകുന്ന മദ്യനയം

അപഹാസ്യമാകുന്ന മദ്യനയം

മദ്യലഭ്യത കൂട്ടി മദ്യവര്‍ജ്ജനം സാധ്യമാക്കുന്നതാണല്ലോ സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ മദ്യനയത്തിന്റെ കാതലായ വശം. രാത്രി ആഘോഷത്തിന്റെ ഭാഗമായി പുതിയതായി തുറക്കുമെന്നു പറഞ്ഞിരുന്ന പബ്ബുകള്‍ തല്ക്കാലത്തേയ്ക്ക് വേണ്ടെന്നുവച്ചത്, അവിടെ ലഭ്യമാകുന്ന മദ്യത്തിന്റെ അളവും കൂടിച്ചേര്‍ത്ത് നാടൊട്ടുക്ക് ലഹരിയൊഴുകുമെന്ന് ഭയന്നിട്ടൊന്നുമല്ലെന്നും കുട്ടനാടന്‍ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നും (അധികം വൈകാതെ ചവറ നിയോജക മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പുവരും), പിന്നാലെ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പുകൂടി പരിഗണിച്ചാണെന്നും പറഞ്ഞുപരത്തുന്നത് ദോഷൈകദൃക്കുകളാണെന്നാണ് എക്‌സൈസ് മന്ത്രിയോട് ചേര്‍ന്നുനില്ക്കുന്നവര്‍ പറയുന്നത്. മദ്യനിരോധനത്തിനുവേണ്ടി വായിട്ടലയ്ക്കുന്നവര്‍ അങ്ങനെ പലതും പറയുമെന്നും, അവര്‍ക്കൊന്നും ഈ സര്‍ക്കാരിന്റെ മദ്യവര്‍ജനനയത്തെപ്പറ്റി ഒരു ചുക്കുമറിയില്ലെന്നുമാണ് ഒരു ഔദ്യോഗികഭാഷ്യം.
മദ്യമെങ്ങാനും നിരോധിച്ചുകഴിഞ്ഞാല്‍ ഈ നാട്ടില്‍ സംഭവിക്കാന്‍പോകുന്ന ഭീകരവിപത്തായ ലഹരിമരുന്നുകളുടെ ഉപയോഗവര്‍ധനവിനെപ്പറ്റി സര്‍ക്കാരിന് ഗൗരവതരമായി ചിന്തിക്കേണ്ടതുണ്ടെന്നാണ് സാമൂഹ്യ-ആരോഗ്യക്ഷേമ പ്രവര്‍ത്തനരേഖ പറയുന്നത്. കണ്ണടച്ച് ഇരുട്ടാക്കിയാല്‍, കണ്ണടയ്ക്കുന്നവര്‍ക്കുമാത്രമേ ഇരുട്ടാകുകയുള്ളൂ എന്ന പകല്‍വെളിച്ചംപോലത്തെ സത്യം ആര്‍ക്കെങ്കിലും മനസിലാകാതെ പോയിട്ടുണ്ടെങ്കില്‍ അത് സംസ്ഥാനം ഭരിക്കുന്നവര്‍ക്ക് മാത്രമാണെന്നു തോന്നുന്നു. പുതിയ ബാറുകള്‍ തുറന്നുകൊണ്ടേയിരിക്കുന്നു, നാട്ടില്‍ മദ്യലഭ്യത കൂടിക്കൊണ്ടേയിരിക്കുന്നു. മദ്യമില്ലാതെ എന്ത് ആഘോഷമെന്നു പ്രഖ്യാപിച്ച് കുഞ്ഞുകുട്ടിപരാധീനമടക്കം മദ്യത്തിലാറാടുന്നു. വലകെട്ടിത്തുടങ്ങിയ ഖജനാവിന് മാസാന്ത്യത്തില്‍ അനക്കംവച്ചു തുടങ്ങുന്നു. പരമാനന്ദലബ്ധിക്കിനിയെന്തുവേണമെന്ന് പ്രഖ്യാപനങ്ങളുണ്ടാകുന്നു. പക്ഷേ, മദ്യം സുലഭമായതുകൊണ്ട് മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം കുറയുമെന്ന ശുഭപ്രതീക്ഷമാത്രം സഫലമാകുന്നില്ല. കൃത്യതയുള്ള കണക്കുകള്‍ മറിച്ചാണ് പറയുന്നത്. ഇതെന്തു മറിമായമെന്ന് ചിന്തിച്ച് വിഷണ്ണരാകാനാണ് നാട്ടുകാരുടെ വിധി. പറഞ്ഞുവരുന്നത്, മദ്യം സുലഭമാകുമ്പോഴും മയക്കുമരുന്നുകളുടെ വ്യാപനം കുറയുന്നില്ലായെന്ന കണക്കിനെപ്പറ്റിയാണ്. കണക്കില്‍ രാഷ്ട്രീയക്കളിപറ്റില്ലല്ലോ.
ബാര്‍ ലൈസന്‍സ് ഫീസ് 18 ലക്ഷത്തില്‍ നിന്ന് 30 ലക്ഷത്തിലേക്ക് ഉയര്‍ത്തുന്നതുകൊണ്ട് ഈ നാട്ടില്‍ ആരും പുതിയ ബാറുകള്‍ തുറക്കില്ലെന്നു ചാടിക്കേറി വിചാരിക്കരുത്. ത്രീസ്റ്റാര്‍ പദവിയും അതിനു മുകളിലുള്ള പദവിയും ലക്ഷ്യമാക്കി എത്രയോ ഹോട്ടലുകള്‍ ബാറുകള്‍ തുറക്കുക എന്ന മനോഹരമായ ഉദ്ദേശ്യത്തോടെ പണിതുയര്‍ത്തിക്കൊണ്ടിരിക്കുന്നു. കുടിവെള്ളം കിട്ടിയില്ലെങ്കിലും ഈ നാട്ടില്‍ മദ്യലഭ്യതയ്ക്ക് യാതൊരു പഞ്ഞവുമുണ്ടാകരുതെന്ന് പറയുന്നവരെ നല്ല നമസ്‌കാരത്തോടെ വെറുതെ വിടാമോ? കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ ചില സാമ്പത്തികവശങ്ങള്‍ കൂടി പരിശോധിക്കണമല്ലോ. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ മദ്യവില്പനയിലൂടെ 12,937 കോടി രൂപയാണ് ബിവറേജസ് കോര്‍പറേഷന്‍ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് സ്വരുക്കൂട്ടിയത്. 2018-19ല്‍ അത് 14,508 കോടിയായി. 1571 കോടി രൂപ അധികമായി കിട്ടിയെന്നര്‍ഥം. ലൈസന്‍സ് ഫീസ് ഇനത്തില്‍ കിട്ടിയ 8.4 കോടി വേറെ വകയിരുത്താം. പോരേ പൂരം! വിമുക്തി പദ്ധതിയിലൂടെ പടിപടിയായി മദ്യാസക്തി കുറയുമെന്ന് പ്രവചിച്ച ചാനല്‍ ചര്‍ച്ചാ വിദഗ്ദ്ധരെ ഈ കണക്ക് എങ്ങനെയൊക്കെ ബാധിക്കുമെന്നറിയില്ല.
വിമുക്തി നല്ല പരിപാടിയാണ്. കണ്ണടച്ച് കുറ്റം പറയുന്നതില്‍ കാര്യമില്ല. മനോഹരമായ പരസ്യബോര്‍ഡുകള്‍ എല്ലായിടത്തും പതിപ്പിച്ചിട്ടുണ്ട്. മദ്യം വിഷമാണെന്നു തുടങ്ങുന്ന പതിവ് ഉപദേശവാക്യങ്ങള്‍കൊണ്ട് ആരെങ്കിലും നന്നാകാന്‍ തീരുമാനിച്ചാല്‍ അത്രയും നന്ന്. തിരുവനന്തപുരത്ത് എക്‌സൈസ് ആസ്ഥാനമന്ദിരത്തിന്റെ ചുറ്റുമതില്‍ ‘വിമുക്തി’ പദ്ധതിയുടെ ഭാഗമായി മനോഹരമായ, രസിപ്പിക്കുന്ന മദ്യവിരുദ്ധ സന്ദേശങ്ങള്‍ പകരുന്ന കാര്‍ട്ടൂണുകള്‍ വരച്ചു പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിദ്യാലയങ്ങളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരിക്കെതിരെ ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇത്തരം ഒന്നുരണ്ടു ക്ലാസുകള്‍ കേട്ട അനുഭവത്തില്‍നിന്ന് ഈ ലേഖകന് മനസിലായ കാര്യം മദ്യാസക്തിയെപ്പറ്റി പറയാന്‍ ക്ലാസെടുക്കുന്നവര്‍ക്ക് എന്തോ ഒരു വിമുഖത ഉണ്ടെന്നാണ്. മദ്യലഭ്യത പ്രോത്സാഹിപ്പിക്കുന്ന നയം പിന്തള്ളുന്ന ഒരു സര്‍ക്കാരിന്റെ ‘മദ്യമുക്ത കേരളം’ എന്ന ലക്ഷ്യം ചെറുപ്പക്കാര്‍ പരിഹാസത്തോടെയാണ് കാണുന്നത് എന്ന സത്യം അവര്‍ ക്ലാസുകള്‍ തുടങ്ങുമ്പോള്‍ത്തന്നെ മനസിലാക്കുന്നുവെന്നതാണ് അതിന്റെ കാരണം. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറുമ്പോള്‍ നിലവിലുണ്ടായിരുന്ന 29 ബാറുകളില്‍നിന്ന് 596 ലോയ്ക്കുള്ള ഉയര്‍ച്ചയും പുതുതായി തുറന്ന158 പുതിയ ബാറുകളും 31 ബിയര്‍ പാര്‍ലറുകളും മലര്‍ക്കെ തുറന്ന പുസ്തകം പോലെ എല്ലാവര്‍ക്കും കാണാമല്ലോ. ദൂരപരിധി ഇളവിലൂടെ തുറന്ന ബാറുകള്‍ വേറെയുമുണ്ട്. കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയായിരിക്കേ ‘വിമുക്തി’ എന്ന സുന്ദരസ്വപ്‌നം അടുത്തിടെയെങ്ങാനും സാക്ഷാത്ക്കരിക്കാനാകുമെന്ന് അത് ആസൂത്രണം ചെയ്യുന്ന സര്‍ക്കാരിനോ നാട്ടുകാര്‍ക്കോ യാതൊരു പ്രതീക്ഷയ്ക്കും വക കാണുന്നില്ല.
മദ്യപിച്ച് വാഹനമോടിച്ച് കൊലപാതകം ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. അങ്ങനെ മരിക്കുന്നവരുടെ ആശ്രിതര്‍ക്കെല്ലാം ധനസഹായം നല്കാനോ ജോലികൊടുക്കാനോ സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ എവിടെയെത്തുമെന്നും പിടിയില്ല. മദ്യത്തെ മാറ്റിനിര്‍ത്തി പിടിച്ചെടുക്കുന്ന ലഹരി വസ്തുക്കള്‍ കുമിഞ്ഞുകൂടി എക്‌സൈസ് കെട്ടിടങ്ങള്‍ക്ക് പുത്തന്‍ കാവലേര്‍പ്പെടുത്തേണ്ട ഗതികേടിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍. പ്രതികളൊക്കെ ശിക്ഷിക്കപ്പെട്ടോ എന്തോ! തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ നാടിനെ മദ്യത്തില്‍ മുക്കുമ്പോള്‍, ജനത്തിന് കൈയും കെട്ടി നോക്കിനില്ക്കാനാവില്ലല്ലോ. ശുഭപ്രതീക്ഷയോടെ ഈ നാടിനെ രക്ഷിച്ചെടുക്കാനുള്ള നടപടികളുമായി മുന്നേറുക തന്നെ.


Related Articles

ആലുവ സെൻ്റ് സേവ്യേഴ്സിന് കേന്ദ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ഫൈവ് സ്റ്റാർ റാങ്കിംഗ് ദേശീയാംഗീകാരം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ദേശീയ ഇന്നവേഷൻ റാങ്കിങ്ങിൽ സെൻ്റ് സേവ്യേഴ്സിന് ഫൈവ് സ്റ്റാർ അംഗീകാരം. നൂതന ആശയ വികസനം, സംരംഭകത്വം, ബൗദ്ധിക സ്വത്തവകാശം എന്നീ ഘടകങ്ങളെ മുൻനിർത്തിയുള്ള

ആരുമറിയാതെ കടന്നുപോയി നമ്മുടെ മാതൃഭാഷാദിനം

ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി സമാചരിച്ചുവരികയാണ്. സ്വത്വാവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പിറന്നാളാണ് മാതൃഭാഷാദിനം. ആത്മാവിന്റെ ഭാഷയെ മൂര്‍ത്തമാക്കുന്ന മാതൃഭാഷാദിനാചരണം എന്നാല്‍, മലയാളിക്ക് വേണ്ടെങ്കിലോ? വൈദേശികമായെന്തും മെച്ചപ്പെട്ടതാണെന്ന മലയാളികളുടെ മിഥ്യാധാരണയ്ക്ക് എന്ന് അറുതിയുണ്ടാകും?

ടോം ക്രൂയിസ് കൊറോണ രഹിത ഗ്രാമം നിര്‍മിക്കുന്നു

മിഷന്‍ ഇംപോസിബിള്‍ സിനിമയുടെ ഏഴാം ഭാഗം ചിത്രീകരിക്കുന്നതിനായി ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ക്കായി കൊറോണ വൈറസ് രഹിത ഗ്രാമം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയീസ്. ഇത്തരമൊരു സ്ഥലമുണ്ടായാല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*