അപൂര്‍ണതയിലെ പൂര്‍ണത

ഉടഞ്ഞുപോയ പാത്രങ്ങളിലും, തൂകിപ്പോയ ചായക്കൂട്ടുകളിലും, പിന്നിപ്പോയ വസ്ത്രങ്ങളിലും, വിള്ളല്‍ വീണ ചുമരുകളിലും, ചുക്കിച്ചുളിഞ്ഞ കവിള്‍ത്തടങ്ങളിലും, ഇരുണ്ടുപോയ നിറങ്ങളിലും സൗന്ദര്യം ആസ്വദിക്കുവാന്‍ സാധിക്കുമോ? അപൂര്‍ണതയിലും പൂര്‍ണത ദര്‍ശിക്കാനാകുമെന്നാണ് ജപ്പാനിലെ ആത്മീയദാര്ശനികര് പറയുന്നത്.
വാബി-സാബി, ഫിലോസഫിയനുസരിച്ച് ലാളിത്യത്തിലും നൈമിഷികതയിലും സൗന്ദര്യം ആസ്വദിക്കുവാന്‍ സാധിക്കും. നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളിലും സാധാരണ മനുഷ്യരിലും നന്മ ദര്‍ശിക്കുവാന്‍ സാധിക്കുന്നത് വലിയ കാര്യമാണ്. ഈ കൊവിഡ് കാലഘട്ടത്തില്‍ ജീവിതചക്രം സ്ലോമോഷനിലായപ്പോള് ഇതുവരെ കാണാതിരുന്ന നന്മകള് നാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്
എന്തൊക്കെയാണ് ജീവിതം ആസ്വദിക്കുവാന്‍ അത്യാവശ്യമായിട്ടുള്ളത്? വലിയ വീടും വാഹനവും പദവിയും ആര്‍ഭാടങ്ങളും ഒക്കെ ഇല്ലെങ്കിലും തലചായ്ക്കാനൊരിടവും അന്നന്നുവേണ്ട ആഹാരവും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹകരണവും കൂടെയുണ്ടെങ്കില്‍ എന്തു ബുദ്ധിമുട്ടും സഹിക്കുവാന്‍ പ്രയാസമില്ല എന്ന് നാം കുറച്ചുനാളുകളിലെ ലോക്ഡൗണ്‍ കൊണ്ട് പഠിച്ചു.
വാബി-സാബി ഫിലോസഫി ദൈനംദിന ജീവിതത്തിന്റെ ആദര്‍ശമായി സ്വീകരിക്കുകയാണെങ്കില്‍ നമുക്ക് എപ്പോഴും സന്തോഷവാന്മാരായി കഴിയുവാന്‍ സാധിക്കും. സെന്‍ ബുദ്ധിസത്തില്‍, പ്രത്യേകിച്ച് ജപ്പാന്‍കാരുടെ ചായസല്‍ക്കാരത്തില്‍ അധിഷ്ഠിതമായ വാബി-സാബി ഫിലോസഫിയില്‍ കൈകള്‍ കൊണ്ട് നിര്‍മ്മിച്ചതും, ആകൃതിയിലും മിനുസത്തിലും വ്യത്യസ്തവും ചിലപ്പോള്‍ വിള്ളല്‍ വീണതും ആയ ചായക്കോപ്പകളില്‍ സൗന്ദര്യം ദര്‍ശിച്ച ഗുരുക്കന്മാര് എല്ലാറ്റിലും നന്മ കണ്ടു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, ഒരു ശരത്ക്കാലത്ത് ഒരു ബുദ്ധസന്യാസാശ്രമത്തിലെ ഗുരു തന്റെ ശിഷ്യന്മാരോട് ചായ സല്ക്കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ പറഞ്ഞു. ഏതോ വിശിഷ്ട വ്യക്തി ആശ്രമം സന്ദര്‍ശിക്കുവാന്‍ വരുന്നുണ്ടത്രെ. ശിഷ്യന്മാര് വഴികളെല്ലാം വൃത്തിയാക്കി. തോട്ടത്തിലെ ചെടികളെല്ലാം ഒരേനിരപ്പില്‍ വെട്ടി ഭംഗിയാക്കി. താഴെ വീണുകിടന്നിരുന്ന ഉണങ്ങിയ ഇലകളൊക്കെ തൂത്തുമാറ്റി. മണ്ണ് നിരപ്പാക്കി. ചെടിച്ചട്ടികള്‍ ചായംപൂശി ഭംഗിയാക്കി. തോട്ടം വളരെ നീറ്റായി. ഒരു പുല്‍ക്കൊടിപോലും അസ്ഥാനത്തായിരുന്നില്ല.
ഉച്ചകഴിഞ്ഞ് ഗുരു തോട്ടം പരിശോധിക്കാന്‍ വന്നു. എല്ലാം ക്ലീനായി കിടക്കുന്നതുകണ്ട ഗുരു തോട്ടത്തിന്റെ നടുവിലുണ്ടായിരുന്ന മേപ്പിള്ട്രീയുടെ ഒരു കമ്പില്‍ പിടിച്ച് ശക്തമായി കുലുക്കി. അപ്പോള്‍ അതിലുണ്ടായിരുന്ന ഉണങ്ങിയതും വാടിയതുമായ ഇലകള്‍ നിലത്തേക്കു വീണു. അവ തലങ്ങും വിലങ്ങും വഴിയില്‍ വീണ് അലങ്കോലമായി കിടന്നു. അതുകണ്ട് ഗുരു മന്ദഹസിച്ചു. പ്രകൃതിയുടെ ഈ അലങ്കോലതയില് അദ്ദേഹം സൗന്ദര്യം ദര്‍ശിച്ചു.
വാബി എന്ന വാക്കിന്റെ അര്‍ത്ഥം ലളിതമായത് എന്നാണ്. സാബി എന്ന വാക്കിന്റെ അര്‍ത്ഥം അപൂര്‍ണതയിലെ അല്ലെങ്കില്‍ തേയ്മാനത്തിലെ സൗന്ദര്യം എന്നുമാണ്. നമ്മളില്‍ ആരാണ് പരിപൂര്ണരായിട്ടുള്ളത്? യാതൊരു കുറവും കോട്ടവും പോരായ്മയും ഇല്ലാത്ത ആരെങ്കിലും ഈ ഭൂമിയിലുണ്ടോ? നമ്മുടെ ഉയരവും നിറവും മുടിയും കണ്ണുകളും കഴിവുകളും പ്രവൃത്തികളും ഒക്കെ വ്യത്യസ്തമല്ലേ? ഒരേ മാതാപിതാക്കന്മാരില് നിന്ന് ജനിച്ചവരാണെങ്കിലും സഹോദരങ്ങള്‍ തമ്മില്‍, എന്തിനു പറയുന്നു, ഇരട്ടകളില്‍പ്പോലും എന്തെല്ലാം വ്യത്യസ്തകളാണുള്ളത്? ദൈവം നമ്മെ ആരെയും ഒരേ അച്ചില്‍ വാര്ത്തെടുത്തിട്ടില്ല. നമുക്കുള്ള വ്യത്യസ്തതകളെയും അപൂര്‍ണതകളെയും ബഹുമനിക്കാം, ആദരിക്കാം, അവയ്ക്ക് നന്ദി പറയാം.
യേശുനാഥന്‍ ഫരിസേയരിലും ചുങ്കക്കാരിലും, പുരുഷനിലും സ്ത്രീയിലും, മുതിര്‍ന്നവരിലും കുട്ടികളിലും, നീതിമാന്മാരിലും പാപികളിലും ദൈവസാന്നിദ്ധ്യം ദര്‍ശിച്ചു. അവിടുന്ന് അവരെ എല്ലാവരെയും ആദരിച്ചു. കപടഭക്തരെ മാത്രമാണ് അവിടുന്ന് അപലപിച്ചത്.
വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍, ‘നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്ണരായിരിക്കുവിന്’ (മത്താ. 5:48) എന്ന് യേശു പറയുന്നുണ്ട്. എന്താണ് വാസ്തവത്തില്‍ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? നമുക്കാര്‍ക്കെങ്കിലും ദൈവത്തെപ്പോലെ പരിപൂര്ണരാകുവാന് പറ്റുമോ? ബൈബിള്‍ പണ്ഡിതന്മാര് പറയുന്നത് പരിപൂര്‍ണരാകുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പക്വതയുള്ളവരാകുക, ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണത കൈവരുത്തുക എന്നൊക്കെയാണ് എന്നാണ്.
ഗ്രീക്ക് വാക്കായ ടെലെയിയോസ് (ലേഹലശീ)െ ആണ് ഇംഗ്ലീഷില്‍ ജലൃളലര േഎന്നും മലയാളത്തില്‍ പരിപൂര്‍ണത എന്നും വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ആ വാക്കിന്റെ ശരിയായ അര്‍ത്ഥം പരിപൂര്‍ണത എന്നതിനെക്കാള്‍ പക്വത എന്നതായിരിക്കും. നമ്മുടെ പ്രായത്തിനും സ്ഥാനത്തിനും അനുസരിച്ചുള്ള പക്വത എല്ലാ കാര്യങ്ങളിലും പാലിക്കുവാന്‍ നമുക്കു കടമയുണ്ട്. അതുപോലെതന്നെ നമ്മുടെ പരസ്പര ബന്ധങ്ങളില്‍ വിശ്വസ്തതയുള്ളവരായിരിക്കുകയും വേണം. അപ്പോള്‍ നമ്മള് സ്വര്‍ഗസ്ഥനായ പിതാവിനെപ്പോലെയാകും. വെടിപ്പും വൃത്തിയുമൊക്കെ ആവശ്യമുള്ളതാണെങ്കിലും എല്ലാം പെര്‍ഫെക്ട് ആയിരിക്കണം എന്നു വാശിപിടിക്കേണ്ട.
Related
Related Articles
ചര്‍ച്ച് ആക്ട് ബില്‍: യുവജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കണം
കോട്ടപ്പുറം: ചര്‍ച്ച് ആക്ട് ബില്‍ കേരള സഭയ്ക്ക് നേരെയുള്ള വലിയ വെല്ലുവിളിയാണെന്നും ബില്ലിനെതിരെ രൂപതയിലെ യുവജനങ്ങള്‍ ഒന്നടങ്കം ശക്തമായി പ്രതിഷേധം നടത്തണമെന്നും ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി
സമുദായ ദിന സമ്മേളനം നടത്തി.
കൊച്ചി:കേരള റീജ്യണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സി)യുടെ നേതൃത്വത്തില്‍ ലത്തീന്‍ കത്തോലിക്ക രൂപതകളുടെ സമുദായ ദിനം ആചരിച്ചു. സമാപന സമ്മേളന ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മുന്‍ ഡയറക്ടര്‍ ലിഡാ
എതിര്‍ശബ്ദങ്ങളെ ചോരയില്‍ മുക്കുമ്പോള്‍
പ്രത്യയശാസ്ത്രപരമായ ഭിന്നാഭിപ്രായങ്ങളെ മൃഗീയശക്തികൊണ്ട് അടിച്ചൊതുക്കുന്ന കിരാതവാഴ്ചയുടെ ഭയാനക ദൃശ്യങ്ങളാണ് ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഞായറാഴ്ച സന്ധ്യയ്ക്ക് അരങ്ങേറിയത്. മുഖംമൂടിയണിഞ്ഞ വലിയൊരു അക്രമിസംഘം ഇരുമ്പുദണ്ഡുകളും കൂടങ്ങളും ഹോക്കിസ്റ്റിക്കും