Breaking News

അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ് ദൈവദാസ പദത്തിലേക്ക്

അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ്  ദൈവദാസ പദത്തിലേക്ക്

വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത പുണ്യസ്മരണാര്‍ഹനായ അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ് ദിവംഗതനായിട്ട് 2020 ജനുവരി 21-ാം തീയതി 50 വര്‍ഷം തികയുകയാണ്. 1894 ജൂണ്‍ 25-ാം തീയതി ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രിസ് ഇടവകയില്‍ അട്ടിപ്പേറ്റി മാത്യുവിന്റെയും റോസ(പടമാട്ടുമ്മല്‍)യുടെയും അഞ്ചു മക്കളില്‍ രണ്ടാമനായിട്ടാണ് ജോസഫ് അട്ടിപ്പേറ്റി പിതാവ് ഭൂജാതനായത്.
1932 നവംബര്‍ 29-ാം തീയതി വരാപ്പുഴ അതിരൂപതയുടെ കോ-അജ്യുത്തോര്‍ ആര്‍ച്ച്ബിഷപ്പും ഗാബുളയുടെ സ്ഥാനിക മെത്രാപ്പോലീത്തയുമായി ഫാ. ജോസഫ് അട്ടിപ്പേറ്റി നിയമിതനായപ്പോള്‍ അത് ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാസഭയിലെ തന്നെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്തായായിട്ടുള്ള നിയമനമായിരുന്നു.
കര്‍ത്താവിന്റെ തിരുമരണത്തിന്റെയും ഉയിര്‍പ്പിന്റെയും പത്തൊന്‍പതാം ശതാബ്ദി പ്രമാണിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് 1933 ജൂണ്‍ 11-ാം തീയതി അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവിനെ വരാപ്പുഴ അതിരൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാനായി റോമില്‍വച്ച് പതിനൊന്നാം പീയൂസ് പാപ്പാ മറ്റു നാലു മെത്രാന്മാരോടൊപ്പം അഭിഷേകം ചെയ്തത്. 1933 സെപ്തംബര്‍ ഒന്‍പതിന് നാട്ടില്‍ തിരിച്ചെത്തിയതിനുശേഷം 1934 ഡിസംബര്‍ 21-ാം തീയതി വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ് സ്ഥാനം ഏറ്റെടുത്തു.
കോട്ടപ്പുറം രൂപത ഉള്‍പ്പെട്ടിരുന്ന അന്നത്തെ അതിവിശാലമായ വരാപ്പുഴ അതിരൂപതയിലെ എല്ലാ കുടുംബങ്ങളും സന്ദര്‍ശിച്ചുകൊണ്ട് അചിന്തനീയമായ രീതിയില്‍ അതിരൂപതയുടെ ഐക്യവും കെട്ടുറപ്പും അട്ടിപ്പേറ്റി പിതാവ് പതിന്മടങ്ങു വര്‍ധിപ്പിച്ചു എന്ന സത്യം അഭിവന്ദ്യ പിതാവിന്റെ ശുശ്രൂഷയെ അസാധാരണമാക്കുന്നു.
വിദ്യാഭ്യാസത്തെക്കുറിച്ച്, പ്രത്യേകിച്ച് സമുദായ വിദ്യാഭ്യാസത്തെക്കുറിച്ച് അഭിവന്ദ്യ പിതാവിന് വളരെ വ്യക്തമായ വീക്ഷണം ഉണ്ടായിരുന്നു. ഈ വീക്ഷണത്തിലൂന്നിക്കൊണ്ടാണ് പിതാവ് തന്റെ വിവിധ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ മുമ്പോട്ടുകൊണ്ടുപോയത്. ഇതിന്റെ ഭാഗമായി അഭിവന്ദ്യ പിതാവ് അതിരൂപതയില്‍ ഇന്ന് സുവര്‍ണ്ണശോഭയില്‍ വിളങ്ങിനില്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
വരാപ്പുഴ മെത്രാപ്പോലീത്ത ആയതിനുശേഷമുള്ള നീണ്ട മുപ്പത്തിയേഴു വര്‍ഷത്തെ അത്യുജ്വലങ്ങളായ സേവനങ്ങളിലൂടെ അതിരൂപതയുടെ നൂതനശില്പി ആണെന്നുള്ള അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ കീര്‍ത്തി ഇന്ത്യയിലും പുറത്തും പരന്നു. ആദ്ധ്യാത്മികതയ്ക്ക് തീര്‍ത്തും മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ഒരു ഭരണമായിരുന്നു അഭിവന്ദ്യ പിതാവിന്റേത്. പാവങ്ങളോടും നിരാലംബരോടുമുള്ള അഭിവന്ദ്യ പിതാവിന്റെ കരുണാമസൃണമായ അനുകമ്പയ്ക്ക് മകുടോദാഹരണമാണ് എറണാകുളത്ത് അദ്ദേഹം സ്ഥാപിച്ച ഹൗസ് ഓഫ് പ്രൊവിഡന്‍സ്.
തിരക്കേറിയ തന്റെ ഔദ്യോഗിക ജീവിതത്തിനിടയിലും ദിവസവും മണിക്കൂറുകള്‍ കുര്‍ബാനയ്ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും ധ്യാനത്തിനും വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കും ജപമാലചൊല്ലുന്നതിനുംവേണ്ടി പിതാവ് ചിലവഴിച്ചിരുന്നു. ഇതെല്ലാം പിതാവിന്റെ ആദ്ധ്യാത്മീക ജീവിതത്തിന്റെ നട്ടെല്ലായിരുന്നു. അഭിവന്ദ്യ പിതാവിന്റെ വളരെ ചിട്ടയായ പ്രാര്‍ത്ഥനാജീവിതം അസംഖ്യം പേര്‍ക്ക് അതിശക്തമായ പ്രചോദനമായിരുന്നു. മരിയഭക്തി പിതാവിന്റെ ആദ്ധ്യാത്മികതയുടെ പ്രത്യേകം എടുത്തുപറയേണ്ട ഒരു സുപ്രധാന ഭാഗം തന്നെയാണ്. എല്ലാ വെള്ളിയാഴ്ചകളിലും നോമ്പുകാലങ്ങളിലെ ഞായറാഴ്ചകളില്‍ ഒഴികെയുള്ള എല്ലാ ദിവസവും അട്ടിപ്പേറ്റി പിതാവ് ഉപവസിക്കുമായിരുന്നു.
1970 ജനുവരിയില്‍ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ കോണ്‍ഫറന്‍സ് എറണാകുളത്തു നടന്നപ്പോള്‍ അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് വരാപ്പുഴ അതിരൂപതയില്‍ ജോസഫ് അട്ടിപ്പേറ്റി പിതാവ് ആതിഥ്യമരുളി. ആ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ സമാപന ദിവസങ്ങളിലേക്ക് കടന്നുകൊണ്ടിരുന്നപ്പോഴാണ് അത്യന്തം ജോലിത്തിരക്കുകള്‍ക്കിടയില്‍ തീര്‍ത്തും അപ്രതീക്ഷിതമായി പിതാവിന് പനി ബാധിക്കുന്നത്. അവസാനം ലൂര്‍ദ് ആശുപത്രിലെയും വെല്ലൂര്‍ ആശുപത്രിയിലെയും സുപ്രസിദ്ധരായ ഡോക്ടര്‍മാര്‍ ഒന്നിച്ച് ചികിത്സ നടത്തി നോക്കിയെങ്കിലും വലിയ ഫലം ഒന്നും ഉണ്ടായില്ല. തന്റെ ജീവിതത്തിന്റെ അവസാനത്തെ പത്തു ദിവസങ്ങളില്‍ അബോധാവസ്ഥയില്‍ എറണാകുളത്തു ലൂര്‍ദ് ആശുപത്രിയില്‍ തുടര്‍ന്നുകൊണ്ടിരുന്ന പിതാവ് അവസാനം രോഗീലേപനം സ്വീകരിച്ചുകൊണ്ട് 1970 ജനുവരി 21-ാം തീയതി രാത്രി 9.30ന് സ്വര്‍ഗത്തിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചു.
അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ നാമകരണ നടപടികള്‍ക്കായി നിയമാനുസൃതം നിയമിതനായ പോസ്റ്റുലേറ്റര്‍ ഫാ. ആന്‍ഡ്രൂസ് അലക്‌സാണ്ടര്‍ ഒഫ്എം കാപ്. അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ ജീവിതത്തെയും വ്യക്തിത്വത്തിന്റെ വിവിധ വശങ്ങളെയും ആദ്ധ്യാത്മികതയെയും സുകൃതങ്ങളെയും വിശുദ്ധിയുടെ പ്രസിദ്ധിയെയുംകുറിച്ചും ഈ നാമകരണ നടപടിമൂലം തിരുസഭയ്ക്ക് ഉണ്ടാകാവുന്ന ഗുണങ്ങളെപ്പറ്റിയും കാനോനികമായിട്ടുള്ള വിദഗ്ധമായ ഒരു പഠനം നടത്തുകയുണ്ടായി.
തുടര്‍ന്ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘത്തിലേക്ക് കാനോനികമായ അപേക്ഷ ഞാന്‍ സമര്‍പ്പിക്കുകയുണ്ടായി. കൂടാതെ, 2019 സെപ്തംബര്‍ മാസത്തില്‍ നടന്ന ആദ് ലീമിന സന്ദര്‍ശനവേളയില്‍ ഞാന്‍ പ്രസ്തുത തിരുസംഘം സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട അധികാരികളോട് ഇക്കാര്യം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തത്ഫലമായി ദൈവാനുഗ്രഹത്താല്‍ അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പോലീത്തയുടെ നാമകരണ നടപടികള്‍ ഔദ്യോഗികമായി ആരംഭിക്കുന്നതിനുള്ള ‘നിഹില്‍ ഒബ്‌സ്താത്’ വിശുദ്ധരുടെ നാമകരണത്തിനുള്ള തിരുസംഘത്തില്‍നിന്ന് നമുക്കു ലഭിക്കുകയുണ്ടായി.
പുണ്യസ്മരണാര്‍ഹനായ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ 50-ാം ചരമവാര്‍ഷികദിനമായ 2020 ജനുവരി 21-ാം തീയതി ചൊവ്വാഴ്ച വൈകിട്ട് 5.00ന് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍വച്ച് അര്‍പ്പിക്കപ്പെടുന്ന ആഘോഷപൂര്‍വകമായ സമൂഹദിവ്യബലിമധ്യേ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പോലീത്തയെ ദൈവദാസന്‍ എന്ന് നാമകരണം ചെയ്യുന്നതും നാമകരണ നടപടികള്‍ക്ക് ഔദ്യോഗികമായ തുടക്കം കുറിക്കുന്നതുമാണ്. അവിസ്മരണീയമായ ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എല്ലാ വൈദികരെയും സന്ന്യസ്തരെയും അല്മായസഹോദരങ്ങളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.


Related Articles

ആഘോഷങ്ങളും നേര്‍ച്ചസദ്യകളും മാറ്റിവയ്ക്കണമെന്ന് ബിഷപ്പുമാര്‍

കൊച്ചി: കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേവാലയങ്ങളിലെ ആഘോഷങ്ങളും നേര്‍ച്ചസദ്യകളും മാറ്റിവയ്ക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലും കൊച്ചി രൂപതാ മെത്രാന്‍ ഡോ.

ഹൃദയത്തിലെ നല്ല നിക്ഷേപം: ആണ്ടുവട്ടത്തിലെ എട്ടാം ഞായർ

ആണ്ടുവട്ടത്തിലെ എട്ടാം ഞായർ വിചിന്തനം :- ഹൃദയത്തിലെ നല്ല നിക്ഷേപം (ലൂക്കാ 6 : 39 – 45) “നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍നിന്നു

പാക്കിസ്ഥാനില്‍ ട്രെയിന്‍ തീപിടിച്ച് 65 മരണം

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് റാവല്‍പിണ്ടിയിലേക്കു പോയിരുന്ന ട്രെയിന് തീപിടിച്ച് 65 പേര്‍ മരിച്ചു. 30 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ട്രെയിനിനുള്ളില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*