അമര ലതാംഗുലി പ്രകാശനം ചെയ്തു

അമര ലതാംഗുലി പ്രകാശനം ചെയ്തു

എറണാകുളം: ജീവനാദം വാരികയുടെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിച്ച ജീവനാദം പബ്ലിക്കേഷന്‍സ് ആദ്യമായി പ്രസിദ്ധീകരിച്ച ‘അമര ലതാംഗുലി: മത്തെയുസ് പാതിരിയുടെ വിരിദാരിയും ഓറിയന്താലെയും ഹോര്‍ത്തുസ് മലബാറിക്കുസും’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ജെക്കോബിയാണ് രചയിതാവ്. എറണാകുളം ആശീര്‍ഭവനില്‍ ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററി (ജോമ) സംഘടിപ്പിച്ച ‘ഹോര്‍ത്തുസ് മലബാറിക്കുസും മത്തെയുസ് പാതിരിയും: ഔഷധാരാമത്തിലെ വീണ്ടെടുപ്പ്’ എന്ന വാര്‍ഷിക സെമിനാറിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി ഹെരിറ്റേജ് കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്‌ഡോ. അലക്സ് വടക്കുംതല ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്‍ പ്രസിഡന്റ് ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസിന് പുസ്തകം നല്കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

ജോമ ഡയറക്ടര്‍ ഫാ. തോമസ് തറയില്‍, മുന്‍ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, ഡോ. എം.കെ. പ്രസാദ്, ഡോ. സൈമണ്‍ കൂമ്പയില്‍, ഡോ. ആന്റണി പാട്ടപ്പറമ്പില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.പതിനേഴാം നൂറ്റാണ്ടിലെ മലയാളക്കരയിലെ ഔഷധികളുടെയും ഇതര സസ്യങ്ങളുടെയും സമഗ്ര ചിത്രീകരണവും മലയാളം, കൊങ്കണി, അറബി, ലത്തീന്‍ നാമാവലിയും ഔഷധഗുണങ്ങളും പ്രയോഗവിധികളും ഉള്‍പ്പെടെയുള്ള വിവരങ്ങളും അടങ്ങുന്ന സര്‍വവിജ്ഞാനകോശവും ബോട്ടാണിക്കല്‍ ചിത്രകലയുടെ മാസ്റ്റര്‍പീസുമെന്നും അറിയപ്പെടുന്ന ‘ഹോര്‍ത്തുസ് ഇന്തിക്കുസ് മലബാറിക്കുസ്’ എന്ന 12 വാല്യങ്ങളടങ്ങുന്ന ലത്തീന്‍ ഭാഷയിലുള്ള ബൃഹല്‍സംഹിതയുടെ ആദ്യ രൂപരേഖ ഒരുക്കിയ ഇറ്റലിക്കാരനായ കര്‍മലീത്താ മിഷണറിയും വൈദ്യശാസ്ത്രജ്ഞനും സസ്യചിത്രകാരനുമായ മത്തെയുസ് പാതിരിയുടെ (വിശുദ്ധ യൗസേപ്പിന്റെ മത്തെയുസ്) അപ്രകാശിത കൈയെഴുത്തുരേഖകള്‍ മലയാളത്തില്‍ ആദ്യമായാണ് പ്രകാശിതമാകുന്നത്.
ഇറ്റലിയിലെ ഫ്‌ളോറന്‍സിലെ മേദിച്ചി ലോറന്‍സിയാന ലൈബ്രറിയിലെ പുരാരേഖാലയത്തി മേദിച്ചി ശേഖരത്തില്‍ മത്തെയുസിന്റെ അജ്ഞാത രേഖാചിത്രങ്ങള്‍ കണ്ടെത്തി പഠനം നടത്തിയ ബൊളോഞ്ഞ യൂണിവേഴ്‌സിറ്റിയിലെ മോഡേണ്‍ ഹിസ്റ്ററി പ്രൊഫസര്‍ ജുസെപ്പെ ഓള്‍മിയുടെ പ്രബന്ധവും ഗ്രന്ഥത്തിന്റെ ഭാഗമാണ്.

സിറിയ, ലെബനോന്‍, മൊസൊപ്പോട്ടേമിയയിലെ ബസ്‌റ (ഇറാഖ്), പേര്‍ഷ്യ, മൊസാംബിക്, കറാച്ചിക്കടുത്ത് ഥറ്റാ, ഗുജറാത്തിലെ ദീവ്, ഗോവ എന്നിവിടങ്ങളില്‍ പ്രേഷിതശുശ്രൂഷ ചെയ്ത മത്തെയുസ് പാതിരി 1657 ജനുവരിയിലാണ് റോമില്‍ നിന്ന് മലബാറിലേക്ക് നിയോഗിക്കപ്പെട്ട ആദ്യത്തെ അപ്പസ്‌തോലിക കമ്മിസാറി ജോസഫ് മരിയ സെബസ്ത്യാനി നയിച്ച കര്‍മലീത്താ ദൗത്യസംഘത്തോടൊപ്പം ചേര്‍ന്ന് മലയാളക്കരയിലെത്തുന്നത്. സെബസ്ത്യാനി തന്റെ ഡെലഗേറ്റായി മത്തെയുസിനെ മലബാറില്‍ നിയോഗിച്ചുകൊണ്ടാണ് ആദ്യ ദൗത്യം പൂര്‍ത്തിയാക്കി റോമിലേക്കു മടങ്ങിയത്. മലബാറിലെ പ്രഥമ അപ്പസ്‌തോലിക വികാരി എന്ന പദവിയോടെ വീണ്ടും കേരളത്തിലെത്തിയ ബിഷപ് സെബസ്ത്യാനിയുടെ സംഘത്തില്‍ മത്തെയുസ് പാതിരി വീണ്ടും അംഗമായി. 1663 ജനുവരിയില്‍ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി കൊച്ചിയിലെ പോര്‍ച്ചുഗീസ് കോട്ട പിടിച്ചടക്കിയതിനെ തുടര്‍ന്ന് വിദേശികളായ എല്ലാ കത്തോലിക്കാ മിഷണറിമാര്‍ക്കും തിരിച്ചുപോകേണ്ടിവന്നെങ്കിലും മലങ്കരയിലെ പ്രഥമ തദ്ദേശീയ മെത്രാന്‍ പറമ്പില്‍ ചാണ്ടിയുടെ ഉപദേഷ്ടാവും റോമിലെ പ്രൊപ്പഗാന്ത ഫീദെയുടെ പ്രതിനിധിയും എന്ന നിലയില്‍ മത്തെയുസ് കുറച്ചുകാലം കൂടി മലബാറില്‍ തുടര്‍ന്നു. പേര്‍ഷ്യയിലേക്കു നിയോഗിക്കപ്പെട്ട മത്തെയുസ് 1669-ല്‍ പേപ്പല്‍ കമ്മിസാറി പദവിയോടെ വീണ്ടും മലബാറിലെത്തി.

കൊങ്കണ്‍ മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടന്ന ഡച്ച് മലബാറിന്റെ കമാന്‍ഡറും ഗവര്‍ണറുമായിരുന്ന ഹെന്‍ഡ്രിക് ഏഡ്രിയാന്‍ വാന്‍ റീഡ് മലബാറിലെ സസ്യജാലങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്താനുള്ള മഹായജ്ഞത്തില്‍ മത്തെയുസിന്റെ സഹായം തേടി. അങ്ങനെയാണ് ഹോര്‍ത്തുസ് മലബാറിക്കുസ് എന്ന ലത്തീന്‍ ഗ്രന്ഥപരമ്പര ആംസ്റ്റര്‍ഡാമില്‍ നിന്ന് അച്ചടിച്ചിറക്കുന്നത്. മലയാളം, കൊങ്കണി ദേവനാഗരി ലിപി എന്നിവ ആദ്യമായി അച്ചടിക്കപ്പെടുന്നത് ഈ ലത്തീന്‍ ഗ്രന്ഥത്തിലാണ്. പൂര്‍വദേശങ്ങളിലെ മിഷണറി ശുശ്രൂഷയ്ക്കിടയില്‍ മത്തെയുസ് ഓരോ പ്രദേശത്തെയും ഔഷധസസ്യങ്ങള്‍, വൃക്ഷങ്ങള്‍, കുറ്റിച്ചെടികള്‍, പുല്ലുവര്‍ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയെ നിരീക്ഷിച്ച് കറുത്ത മഷിയും പേനയും ഉപയോഗിച്ച് വരച്ച ഡ്രോയിങ്ങുകളിലൂടെയാണ് മലയാളക്കരയിലെ ഔഷധസസ്യങ്ങളുടെ ചിത്രങ്ങളും തനിനാടന്‍ പേരുകളും യൂറോപ്പിലും മറ്റും സസ്യശാസ്ത്രപഠന മേഖലയിലും വാണിജ്യരംഗത്തും ശ്രദ്ധിക്കപ്പെടുന്നത്. ഹോര്‍ത്തുസ് മലബാറിക്കുസ് രചനയ്ക്കു മുന്‍പായി തന്റെ വിരിദാരിയും ഓറിയന്താലെ പരമ്പരയിലെ സസ്യചിത്രങ്ങള്‍ പലപ്പോഴായി മത്തെയുസ് യൂറോപ്പിലേക്ക് പ്രസിദ്ധീകരണത്തിനായി അയച്ചിരുന്നുവെങ്കിലും അവയില്‍ ഒരു ഭാഗം മാത്രമേ ഇറ്റാലിയന്‍ സസ്യശാസ്ത്ര പുസ്തകങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ.
റോമിലും പാരീസിലും വിരിദാരിയും ഓറിയന്താലെ കൈയെഴുത്തുപകര്‍പ്പുകളുടെ പുരാരേഖാ ഫോളിയോകള്‍ ഉള്ളതായി വിവിധ പഠനങ്ങളില്‍ സൂചിപ്പിച്ചിരുന്നെങ്കിലും ഫ്‌ളോറന്‍സില്‍ കണ്ടെത്തിയ മത്തെയുസിന്റെ ഒറിജിനല്‍ ഡ്രോയിങ്ങുകള്‍ ആദ്യമായാണ് ഇവിടെ വെളിച്ചംകാണുന്നത്.ഹോര്‍ത്തുസ് മലബാറിക്കുസ് രചനയില്‍ മലയാളക്കരയിലെ ഒരു നാട്ടുവൈദ്യന്റെ പങ്കു മാത്രം എടുത്തുകാട്ടിക്കൊണ്ട് മത്തെയുസ് പാതിരിയുടെയും ആ പദ്ധതിയില്‍ പങ്കുകാരായിരുന്ന വിനായക പണ്ഡിറ്റ്, അപ്പു ഭട്ട്, രംഗ ഭട്ട് എന്നീ ഗൗഡസാരസ്വത ബ്രാഹ്മണ വൈദ്യന്മാരുടെയും സംഭാവനകളെ തമസ്‌കരിക്കാന്‍ കുറച്ചുകാലമായി കേരളത്തില്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. മത്തെയുസിന്റെ ആദ്യകാല ഡ്രോയിങ്ങുകളില്‍ പലതും ഹോര്‍ത്തുസിലെ ചെമ്പേട് ചിത്രീകരണത്തിന് ആധാരമായിരുന്നുവെന്നു തെളിയിക്കുന്നതാണ് അപ്രകാശിത വിരിദാരിയും ഓറിയന്താലെ കോഡക്‌സിലെ ഒട്ടേറെ രചനകള്‍.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക



Related Articles

വറുതിയും വരൾച്ചയും വരുന്നോ

കാരൂര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പെഴുതിയ ഉതുപ്പാന്റെ കിണര്‍ നാളുകള്‍ക്കുശേഷം വീണ്ടും വായിച്ചു. കാലത്തെ കടന്നുകാണുന്ന സാഹിത്യത്തിന്റെ ഉജ്വലമായ കണ്ണ്. മഹത്തായ കലാരചനകള്‍ ഭാവിയെ എത്ര കൃത്യതയോടെ പ്രവചിക്കുന്നു! സ്വന്തമായി

വല്ലാര്‍പാടം മഹാജൂബിലിക്ക് തുടക്കമായി; തിരുനാള്‍ സമാപിച്ചു

  വല്ലാര്‍പാടം പള്ളി സ്ഥാപിതമായിട്ട് 2024ല്‍ 500 വര്‍ഷം തികയുന്നു എറണാകുളം: മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായ ചരിത്രപ്രസിദ്ധമായ വല്ലാര്‍പാടം ബസിലിക്കയില്‍ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഭക്തി സാന്ദ്രമായ

തദ്ദേശ തിരഞ്ഞെടുപ്പ്: ജനം പോളിങ്ങ് ബൂത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ തദ്ദേശ സ്വയംഭരണ തിരഞഞ്ഞെടുപ്പ് തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ കനത്ത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*