അമൃതകാലത്ത് കേരളത്തിന്റെ ദുര്‍ഗതിയകറ്റാന്‍

അമൃതകാലത്ത് കേരളത്തിന്റെ ദുര്‍ഗതിയകറ്റാന്‍

കൊവിഡ് മഹാമാരിക്കാല ദുരിതങ്ങള്‍ താണ്ടുന്നതിനോ അതിജീവനത്തിനോ പ്രത്യേകിച്ച് ഒരു പാക്കേജിനെക്കുറിച്ചും സൂചിപ്പിക്കുക പോലും ചെയ്യാതെ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തിലേക്കു ചെന്നെത്തുന്ന അടുത്ത 25 കൊല്ലത്തെ ”അമൃതകാലം” പ്രഘോഷിക്കുന്ന കേന്ദ്ര ബജറ്റില്‍ പ്രധാനമന്ത്രിയുടെ ”ഗതിശക്തി” മാസ്റ്റര്‍ പ്ലാന്‍ എന്ന ദേശീയ ഡിജിറ്റല്‍ മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്കല്‍ കണക്റ്റിവിറ്റി പദ്ധതിയിലെ ചരക്കുഗതാഗത ടെര്‍മിനലുകളുടെ കാര്യമൊക്കെ പറയുമ്പോഴും റെയില്‍വേ മന്ത്രാലയത്തിനു പങ്കാളിത്തമുള്ള കേരളത്തിലെ കെറെയിലിന്റെ സില്‍വര്‍ലൈന്‍ എന്ന പിണറായി വിജയന്റെ സെമി ഹൈസ്പീഡ് സ്വപ്‌നപദ്ധതിക്കായി നിര്‍മല സീതാരാമന്‍ ഒന്നും വകകൊള്ളിച്ചില്ല. അതേസമയം, മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ രണ്ടു വര്‍ഷത്തിനകം മംഗലാപുരം-തിരുവനന്തപുരം, എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ ഓടാനുള്ള സാധ്യത, സില്‍വര്‍ലൈന്‍ ഇടനാഴിക്ക് ബദല്‍ തേടുന്നവരുടെ മുമ്പിലേക്ക് എടുത്തിടുക
യും ചെയ്തു.

തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ വ്യക്തമാക്കുകയും, നിര്‍ദിഷ്ട അലൈന്‍മെന്റിന്റെ പ്രായോഗികത അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ കെറെയിലിന്റെ പേരിലുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതാണ് ഉചിതമെന്ന് റെയില്‍വേ മന്ത്രാലയം കേരള ഹൈക്കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തിട്ടും സാമൂഹിക ആഘാതപഠനത്തിനു സര്‍വേ നടത്താനെന്ന പേരില്‍, നാട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് പൊലീസിന്റെ സഹായത്തോടെ കെറെയില്‍ കുറ്റിനാട്ടല്‍ തുടരുകയാണ്. ഇത്രയൊക്കെയായിട്ടും, ആരൊക്കെ എതിര്‍ത്താലും സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകും എന്നുതന്നെയാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്. മോദിയുടെ ഗതിശക്തി യോജനയിലെ വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിനു പറ്റിയതല്ലെന്നും അദ്ദേഹം വിജ്ഞപ്തിപ്രഭാഷണം നടത്തുന്നുണ്ട്.

കേരള റെയില്‍ വികസന കോര്‍പറേഷന്‍ (കെആര്‍ഡിസിഎല്‍) സമര്‍പ്പിച്ച വിശദ പദ്ധതി രേഖയില്‍ (ഡിപിആര്‍) സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാങ്കേതികവശങ്ങളും സാമ്പത്തിക ബാധ്യതകളും സംബന്ധിച്ച വിശദാംശങ്ങള്‍ അപൂര്‍ണമാണെന്ന് റെയില്‍വേ മന്ത്രി പറയുന്നു. വാസ്തവത്തില്‍ തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള അലൈന്‍മെന്റ് വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. അലൈന്‍മെന്റ് പ്ലാന്‍ ഉള്‍പ്പെടെയുള്ള ടെക്‌നിക്കല്‍ രേഖകളോ, പദ്ധതിക്കായി കണ്ടുവച്ചിട്ടുള്ള റെയില്‍വേ ഭൂമിയെയും സ്വകാര്യ ഭൂമിയെയും സംബന്ധിച്ച വിശദാംശങ്ങളോ അതിലില്ല. നിലവിലുള്ള റെയില്‍വേ ശൃംഖലയ്ക്കുമേലുള്ള ക്രോസിങുകളുടെ കാര്യവും പുതിയ ഇടനാഴി റെയില്‍വേയുടെ ആസ്തിയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് സോണല്‍ റെയില്‍വേയുടെ വിലയിരുത്തലും പരിശോധിക്കേണ്ടതുണ്ട്. 530.6 കിലോമീറ്റര്‍ വരുന്ന സില്‍വര്‍ലൈന്‍ ഇടനാഴിയില്‍ 200 കിലോമീറ്റര്‍ ഭാഗത്ത് നിലവിലുള്ള റെയില്‍പ്പാതയ്ക്കു സമാന്തരമായി റെയില്‍വേയുടെ ഭൂമിയിലൂടെയാണ് സില്‍വര്‍ലൈന്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് പാത കടന്നുപോകേണ്ടത്. ഇതിനായി 185 ഹെക്ടര്‍ റെയില്‍വേ ഭൂമി വിട്ടുനല്‌കേണ്ടിവരും. ഇന്ത്യന്‍ റെയില്‍വേ ശൃംഖലയുടെ ഭാഗമായ നിലവിലെ ബ്രോഡ് ഗേജ് പാതയില്‍ മൂന്നാമത്തെയും നാലാമത്തെയും ട്രാക്ക് നിര്‍മിക്കുന്നതിന് ഇതു തടസം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

സില്‍വര്‍ലൈനുവേണ്ടി തൃശൂരിലെ റെയില്‍വേ സ്റ്റേഷന്‍ അവിടെ നിന്നു മാറ്റണമെന്നാണ് നിര്‍ദേശിക്കുന്നത്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അതിപ്രധാന സൈഡിങുള്ള അങ്കമാലി റെയില്‍വേ സ്റ്റേഷനെയും സില്‍വര്‍ലൈന്‍ ഞെരുക്കുന്നുണ്ട്. റെയില്‍വേയുടെ ഭാവി വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാല്‍ സില്‍വര്‍ലൈനുവേണ്ടി ഭൂമി വിട്ടുനല്കാനാവില്ല എന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. 33,700 കോടി രൂപയുടെ വിദേശ വായ്പ എടുക്കുന്നതിന്റെ കടബാധ്യത സംയുക്ത സംരംഭമെന്ന നിലയില്‍ റെയില്‍വേ മന്ത്രാലയത്തിന്റെമേലും വരുമെന്ന ആശങ്കയും റെയില്‍വേ ബോര്‍ഡിനുണ്ട്.

റെയില്‍വേ വികസനപദ്ധതികള്‍ക്ക് പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെങ്കിലും സില്‍വര്‍ലൈനുവേണ്ടി അതിദ്രുത പരിസ്ഥിതി ആഘാത പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നാണ് സംസ്ഥാന ഗവണ്‍മെന്റ് അവകാശപ്പെടുന്നത്. അതിതീവ്രമഴയും മഹാപ്രളയവും ചുഴലികൊടുങ്കാറ്റും കടലേറ്റവും ഉരുള്‍പൊട്ടലും ചക്രവാതച്ചുഴിയും മേഘസ്‌ഫോടനവുമടക്കം കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമൊക്കെയായി ബന്ധപ്പെട്ട പരിസ്ഥിതി പ്രതിസന്ധി അതിരൂക്ഷമായിരിക്കുന്ന അവസ്ഥയിലും എത്ര ലാഘവത്തോടെയാണ് കേരളത്തിലെ രാഷ്ട്രീയ ഭരണനേതൃത്വം, സംസ്ഥാനത്തെ ഭൂപ്രകൃതിയെ സാരമായി ബാധിക്കുമെന്നും കൊടിയ പ്രകൃതിദുരന്തത്തിന് ഇടവരുത്തുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പുനല്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിയുടെ പരിസ്ഥിതി ആഘാതപഠനത്തെ കാണുന്നത്! സാമൂഹിക, സാമ്പത്തിക ആഘാതത്തെക്കാള്‍ ഗൗരവതരമാണ് കേരളത്തിലെ ഓരോ വികസനപദ്ധതിയുടെയും പാരിസ്ഥിതിക ആഘാതം എന്ന് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഇടപാടായി കരുതപ്പെടുന്ന കെറെയില്‍ ടൗണ്‍ഷിപ് സ്ഥലമെടുപ്പിന്റെ ലാഭവിഹിതത്തിലും കമ്മിഷന്‍ പങ്കുവയ്പിലും മാത്രം കണ്ണുള്ള രാഷ്ട്രീയ ദല്ലാളന്മാരെ ബോധ്യപ്പെടുത്താന്‍ ആര്‍ക്കാകും?

200 കിലോമീറ്റര്‍ വേഗത്തിനായി ഒറ്റപ്പെട്ട സ്റ്റാന്‍ഡേര്‍ഡ് ഗേജ് റെയില്‍ ഇടനാഴിക്കായി കെറെയില്‍ രൂപകല്പന ചെയ്തിട്ടുള്ള അലൈന്‍മെന്റില്‍തന്നെ 194.3 കിലോമീറ്റര്‍ ഭാഗത്ത് 236 ഇടങ്ങളിലായി ‘റോളര്‍ കോസ്റ്റര്‍’ പോലെ വളവും തിരിവും കയറ്റിറക്കങ്ങളുമാണെന്നും സംസ്ഥാനത്തെ നിലവിലുള്ള ബ്രോഡ് ഗേജ് പാതയിലേതിനെക്കാള്‍ വഷളാണ് ഇക്കാര്യത്തില്‍ അതിവേഗ പാതയെന്നും ഇന്ത്യന്‍ റെയില്‍വേയുടെ മുന്‍ ചീഫ് എന്‍ജിനിയര്‍ അലോക് വര്‍മ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ പാതയില്‍ 200 കിലോമീറ്റര്‍ വേഗം തീര്‍ത്തും സാധ്യമല്ല. അപ്പോള്‍, സംസ്ഥാനത്തെ അതിഭീമമായ കടക്കെണിയില്‍ കൊണ്ടുചെന്നാഴ്ത്തുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്കു ബദലായി റെയില്‍വേ മന്ത്രാലയത്തിന്റെ ചെലവില്‍ 160 കിലോമീറ്റര്‍ വേഗമുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പദ്ധതിയുടെ കാര്യം പരിഗണിച്ചാലെന്താണ്? ചിങ്ങവനം-ഏറ്റുമാനൂര്‍, എറണാകുളം-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലും ഓട്ടോമാറ്റിക് ബ്ലോക് സിഗ്നലിങ് സംവിധാനവും പൂര്‍ത്തിയാക്കുന്നതോടൊപ്പം നിലവിലുള്ള ട്രാക്കുകളിലെ കൊടുംവളവുകളും കയറ്റിറക്കങ്ങളും നേരെയാക്കുന്നതിന് അഞ്ചുവര്‍ഷം കൊണ്ട് 15,000 കോടി രൂപ ചെലവാക്കിയാല്‍ മതിയെന്നാണ് സാങ്കേതികവിദഗ്ധര്‍ കണക്കാക്കുന്നത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിനാണ് ഇക്കുറി കേന്ദ്ര ബജറ്റില്‍ ഏറ്റവും കുറഞ്ഞ റെയില്‍വേ വിഹിതം: 1,085 കോടി രൂപ മാത്രം. നാടിനും നാട്ടാര്‍ക്കും കൊടുംനാശം വരുത്തുമെന്ന് ഇടതുചായ്വുള്ള പരിസ്ഥിതിവിദഗ്ധര്‍ പോലും ആശങ്ക പ്രകടിപ്പിച്ചിട്ടുള്ള സില്‍വര്‍ലൈന്‍ പദ്ധതി എന്തുവിലകൊടുത്തും നടപ്പാക്കും എന്ന പിണറായി വിജയന്റെ ഏകപക്ഷീയ ദുര്‍വാശി തത്കാലം ഒന്നു മാറ്റിവച്ച് സംസ്ഥാനത്തെ പൊതുഗതാഗത മേഖലയിലെ അടിസ്ഥാനവികസന പദ്ധതികള്‍ക്കായി പ്രധാനമന്ത്രിയുടെ ഗതിശക്തി വിഹിതം പരമാവധി നേടിയെടുക്കാന്‍ രാഷ്ട്രീയ ഐകമത്യമുണ്ടാക്കുന്നതല്ലേ കേരളത്തിന് ആത്യന്തികമായി ഗുണകരമായ സര്‍വശ്രേഷ്ഠ ഭരണതന്ത്രജ്ഞത?

Click this link to join Jeevanaadam WhatsApp group


Related Articles

അലക്സ് വടക്കുംതല പിതാവിന് ജന്മദിന ആശംസകൾ

കണ്ണൂർ രൂപത അധ്യക്ഷൻ അലക്സ് വടക്കുംതല പിതാവിന് 59ാം പിറന്നാൾ. 1959 ജൂൺ 14 ാം തീയതി പനങ്ങാട് എന്ന് ഗ്രാമമാണ് ജനനസ്ഥലം. വരാപ്പുഴ അതിരൂപതയിൽ വൈദികനായി

മത്സ്യതൊഴിലാളികള്‍ക്ക് അനുവദിച്ച സഹായധനം പകുതിയോളം പേര്‍ക്ക് ലഭിച്ചില്ല

കൊച്ചി:  കൊവിഡ്-19 പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം മത്സ്യബന്ധന മേഖലയില്‍ സര്‍ക്കാര്‍ അനുവദിച്ച സഹായധനം പലര്‍ക്കും ലഭിച്ചില്ലെന്ന് പരാതി. മത്സ്യത്തൊഴിലാളികള്‍ക്കു സഹായമായി 2000 രൂപ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും പകുതിയോളം

യുവജനങ്ങള്‍ പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവര്‍: കെസിവൈഎം

കൊച്ചി: കെസിവൈഎം കൊച്ചി രൂപത 45-ാമത് വാര്‍ഷിക സമ്മേളനം എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് ജുബിന്‍ കുടിയാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവരാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ച രൂപത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*