അമേരിക്കന്‍ ഡോക്ടറെ പറ്റിച്ച മലയാളി

ലോകത്തിന്റെ ഏതു കോണിലും മലയാളികളെ കാണാം. കേരളത്തിനു പുറത്തുപോയാല്‍ ഏതു ജോലിയും ചെയ്യാന്‍ മടിയില്ലാത്ത അവര്‍ എവിടെ ചെന്നാലും എങ്ങനെയെങ്കിലും ജീവിച്ചുപോകും. അധ്വാനിച്ച് ജോലി ചെയ്ത് സമ്പാദിക്കുന്നവരോടൊപ്പം തന്നെ മറ്റുള്ളവരെ കബളിപ്പിച്ച് കാര്യം കാണുന്നവരും ഇല്ലാതില്ല.
ഒരിക്കല്‍ അമേരിക്കയിലെ ഒരു ചെറിയ പട്ടണത്തില്‍ താമസിച്ചിരുന്ന ഒരു മലയാളിക്ക് കലശലായ പല്ലുവേദന വന്നു. പല പൊടിക്കൈകളും പ്രയോഗിച്ചിട്ടും വേദന മാറുന്നില്ല. അമേരിക്കയിലാണെങ്കില്‍ പല്ലു പറിക്കുന്നതിനും ഫില്ലുചെയ്യുന്നതിനുമൊക്കെ ചിലവ് കൂടുതലാണ്. ഏതായാലും നിവൃത്തിയില്ലാതെ വന്നപ്പോള്‍ അയാള്‍ ഒരു ഡെന്റിസ്റ്റിനെ കാണാന്‍ പോയി. ഡോക്ടര്‍ അയാളെ പരിശോധിച്ചതിനുശേഷം പറഞ്ഞു: ഒരു അണപ്പല്ല് പറിച്ചേ പറ്റൂ. അതിനു ആയിരം ഡോളര്‍ ചെലവ് വരും.
മലയാളി ഉടനെ അത് ഇന്ത്യന്‍ രൂപയുമായിട്ട് താരതമ്യപ്പെടുത്തി നോക്കി. ഇന്നത്തെ റേറ്റ് അനുസരിച്ച് ആയിരം ഡോളറെന്നു പറഞ്ഞാല്‍ എഴുപതിനായിരം രൂപയോളമാകും. ഒരു പല്ല് പറിക്കുന്നതിന് എഴുപതിനായിരം രൂപയോ? അതിനെക്കാള്‍ കുറഞ്ഞ ചിലവില്‍ പല്ല് പറിക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ എന്ന് അയാള്‍ അന്വേഷിച്ചു. അയാളുടെ പഞ്ഞത്തരം കണ്ട് ഡോക്ടര്‍ പറഞ്ഞു: വേണമെങ്കില്‍ അതിന്റെ പകുതി തുകയ്ക്ക് ഞാന്‍ പറിച്ചു തരാം. പക്ഷേ, അപ്പോള്‍ വായ മരവിപ്പിക്കുവാനുള്ള അനിസ്തീസിയ തരില്ല. പല്ലു പറിക്കുമ്പോഴും അതു കഴിഞ്ഞും ഉള്ള വേദന ഭയങ്കരമായിരിക്കും.
മലയാളി അതു സമ്മതിച്ചു. പിറ്റേ ദിവസം വരാമെന്നു പറഞ്ഞ് പോയി. പറഞ്ഞതുപോല പിറ്റേ ദിവസം കൃത്യസമയത്തു തന്നെ അയാള്‍ എത്തി. ഡോക്ടര്‍ ഒന്നുകൂടി മുന്നറിയിപ്പ് കൊടുത്തു-അനസ്തീസിയ കൂടാതെ പല്ലുപറിക്കുന്നത് വളരെ വേദനാജനകമായിരിക്കും. ദാറ്റ്സ് ഓക്കെ എന്ന് മലയാളി കൂളായി പറഞ്ഞു. അങ്ങനെ 500 ഡോളറിന് ഡോക്ടര്‍ അയാളുടെ കേടുവന്ന പല്ല് പറിച്ചു. വേദനയുടെ യാതൊരു വിഷമവും കാണിക്കാതെ ആ മനുഷ്യന് ഇരിക്കുന്നതുകണ്ട് ഡോക്ടര്‍ അത്ഭുതപ്പെട്ടു. ഓപ്പറേഷന് കഴിഞ്ഞപ്പോള്‍ ഇത്രയും ധീരനായ മനുഷ്യനെ അഭിനന്ദിക്കാതിരിക്കാന്‍ ഡോക്ടറിനു മനസുവന്നില്ല. അദ്ദേഹം മലയാളിയുടെ എല്ലാ ചിലവുകളും ഇളവു ചെയ്തു കൊടുക്കുകയും സൗജന്യമായി ആവശ്യമുള്ള മരുന്നുകള്‍ നല്‍കുകയും ചെയ്തു.
അന്നു വൈകുന്നേരം ഡോക്ടര്‍ തന്റെ സുഹൃത്തുക്കളായ മറ്റ് ഡോക്ടര്‍മാരുമൊത്ത് ഒത്തുകൂടിയപ്പോള്‍ അവരോട് തന്റെ ക്ലിനിക്കില്‍ അന്നുവന്ന മലയാളിയെക്കുറിച്ചും അനിസ്തീനിയ കൂടാതെ അയാളുടെ പല്ല് പറിച്ചിട്ടും അയാള്‍ക്ക് ഒരു കൂസലുമില്ലാതിരുന്നതിനെക്കുറിച്ചും സംസാരിച്ചു. ഇതുകേട്ട ഉടനെ അവിടെ ഉണ്ടായിരുന്ന മറ്റൊരു ഡെന്റിസ്റ്റ് ചാടി എഴുന്നേറ്റ് ആക്രോശിച്ചു: ആ കെള്ളരുതാത്തന് ആദ്യം എന്റെ അടുക്കലേക്കാണ വന്നത. പല്ല് പറിക്കുന്നതിന് ആയിരം ഡോളറാകും എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ അതു സമ്മതിക്കുകയും ചെയ്തു. ഞാന്‍ അയാള്‍ക്ക് അനിസ്തീസിയ കൊടുത്തു അല്പനേരം വെയ്റ്റിംഗ് റൂമില്‍ ഇരിക്കാന്‍ പറഞ്ഞു. പക്ഷേ, കുറച്ചു കഴിഞ്ഞു നോക്കിയപ്പോള്‍ അയാളെ അവിടെയെങ്ങും കണ്ടില്ല. ആ റാസ്ക്കല്‍ എന്റെയടുത്തു വന്ന് അനിസ്തീസിയ എടുത്തതിനുശേഷം നിങ്ങളുടെ അടുത്തുവന്ന് പല്ല് പറിച്ചു.”
മലയാളി ഇത്തരത്തിലുള്ള തട്ടിപ്പുവീരനാണെന്ന് അമേരിക്കന്‍ ഡോക്ടര്‍മാര്‍ മനസിലാക്കിയത് അപ്പോഴാണ്. ഇനി ഒരു ഡെന്റിസ്റ്റും നേരത്തെ തന്നെ എല്ലാ ഫീസും വാങ്ങാതെ ട്രീറ്റ് ചെയ്യുമെന്നു തോന്നുന്നില്ല.
ബുദ്ധിശാലികളായ നമുക്ക് എന്തേ ഇങ്ങനെയൊക്കെ ചെയ്യാന്‍ തോന്നുന്നു? മറ്റുള്ളവരെ പറ്റിച്ച് ജീവിക്കുന്നതില്‍ ഒരു തരം മാനസിക സുഖം കാണുന്നവരുണ്ട്. അവര്‍ വളഞ്ഞവഴിയേ പോകൂ. എത്ര ഉണ്ടായാലും എളുപ്പ വഴിയില്‍ സമ്പാദിക്കുവാന്‍ വെമ്പല്കൂട്ടുന്നവര് ധാരാളമുണ്ട്. ലക്ഷക്കണക്കിനു ലോട്ടറി ടിക്കറ്റുകളാണ് കേരളത്തില്‍ ദിവസവും വിറ്റുപോകുന്നത്. എവിടെയെങ്കിലും ഡിസ്ക്കൗണ്ട് ഉണ്ടെന്ന് കേട്ടാല്‍ അവിടെ ഓടിയെത്തും.
അമേരിക്കയിലും യൂറോപ്പിലും ഓരോ സീസണ് കഴിയുമ്പോഴും ആ പ്രത്യേക അവസരത്തില്‍ വില്പനയ്ക്കുവച്ചിരുന്ന സാധനങ്ങളുടെ വില പകുതിയായി കുറയും. അപ്പോഴാണ് മലയാളികള്‍ അവ വാങ്ങാന്‍ കൂട്ടമായി ഷോപ്പിംഗ് മാളിലെത്തുക. നമ്മുടെ ദുരാഗ്രഹം മനസിലാക്കി നമ്മെ കബളിപ്പിക്കുന്നവരും ധാരാളം ഉണ്ട്. അവരുടെ കെണിയില്‍പ്പെട്ട് കയ്യിലിരുന്നതുകൂടി നഷ്ടപ്പെടുന്നവരും ധാരാളം. മോഹനവാഗ്ദാനങ്ങളുടെ പെരുമഴയില്‍ ഒലിച്ചുപോകുകയാണ് മലയാളിയുടെ ബുദ്ധി.
ബൈബിളില്‍ ഇങ്ങനെ പറയുന്നുണ്ട്: ”നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.” (ലൂക്കാ 6:38)
”കള്ളം പറയുന്ന അധരങ്ങള്‍ കര്‍ത്താവിനു വെറുപ്പാണ്; വിശ്വസ്തതയോടെ പെരുമാറുന്നവര്‍ അവിടുത്തെ സന്തോഷിപ്പിക്കുന്നു. നീതിമാന് കാപട്യത്തെ വെറുക്കുന്നു; ദുഷ്ടന് ലജ്ജയും അഭിമാനവും വെടിഞ്ഞ് പ്രവര്‍ത്തിക്കുന്നു” (സുഭാ 12:22, 13:5)
അടുത്ത ലക്കം
സത്യത്തില്‍ പൊതിഞ്ഞ നുണ
Related
Related Articles
ആരാണ് നിന്റെ അയല്ക്കാരന്?
മുംബൈയില്‍ നിന്ന് പൂനയിലേക്ക് കാറില്‍ പോവുകയായിരുന്നു ലിന്‍ഡ. ഡ്രൈവ് ചെയ്യാന്‍ നല്ല കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നതുകൊണ്ട് അവര്‍ തനിയെയാണ് യാത്ര ചെയ്തിരുന്നത്. പക്ഷേ, ഏതാണ്ട് പകുതി വഴി പിന്നിട്ടപ്പോള്‍
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായര്‍
Daily Reading for Sunday February 7, 2021 Reading 1, Job 7:1-4, 6-7 Responsorial Psalm, Psalms 147:1-2, 3-4, 5-6 Reading 2, First Corinthians 9:16-19,
ധനവാന്റെ മരണം
നാട്ടിലെ ഏറ്റവും വലിയ മുതലാളിയായിരുന്നു അവറാച്ചന്. വലിയ ബംഗ്ലാവ്, ഏക്കറുകണക്കിന് റബ്ബര്‍ തോട്ടം, നെല്‍വയലുകള്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസ് എന്നുവേണ്ട വലിയപറമ്പില്‍ അവറാച്ചന് കൈവയ്ക്കാത്ത മേഖലകളില്ല. എല്ലാം