അമേരിക്കന്‍ സൈന്യത്തിലെ ക്യാപ്റ്റനച്ചന്

അമേരിക്കന്‍ സൈനിക യൂണിഫോമിനൊപ്പം അഭിഷിക്തന്റെ ദൈവിക കവചവുമണിഞ്ഞാണ് യുഎസ് മിലിറ്ററി സര്‍വീസസില്‍ കമ്മീഷന്‍ഡ് ഓഫിസര്‍ എന്ന നിലയില്‍ ക്യാപ്റ്റന്‍ പദവിയുള്ള റോമന്‍ കത്തോലിക്കാ വൈദികന് ടെജി താണിപ്പിള്ളി അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് ഓസ്റ്റിനില്‍ എട്ടു സൈനിക യൂണിറ്റുകള്‍ ചേരുന്ന ഒരു ബറ്റാലിയന്റെ ചാപ്ലിനായി സേവനമനുഷ്ഠിക്കുന്നത്. കോട്ടപ്പുറം രൂപതയിലെ മാളപള്ളിപ്പുറം സെന്റ് ആന്റണീസ് ഇടവകാംഗമായ ഫാ. ടെജി യുഎസ് മിലിറ്ററി സര്‍വീസസിനു വേണ്ടി മാത്രമായുള്ള വാഷിംഗ്ടണ്‍ ഡിസിയിലെ പ്രത്യേക റോമന്‍ കത്തോലിക്കാ അതിരൂപതയുടെ അംഗീകാരത്തോടെ അമേരിക്കന്‍ സേനയില്‍ അംഗമാകുന്നത് ദൈവനിയോഗത്തിന്റെ അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെയാണ്.
ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തിയാക്കിയ ഫാ. ടെജി താണിപ്പിള്ളി 1998ല്‍ കോട്ടപ്പുറം രൂപതയ്ക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ചത് രൂപതാധ്യക്ഷനായിരുന്ന ഡോ. ഫ്രാന്‍സിസ് കല്ലറക്കലിന്റെ കൈവയ്പുശുശ്രൂഷയിലൂടെയാണ്. ഗോതുരുത്ത്, മാഞ്ചേരികുന്ന്, മുനമ്പം, കൂട്ടുകാട്, ചാത്തനാട് ഇടവകകളില്‍ സേവനം അനുഷ്ഠിച്ചു. അഞ്ചു വര്‍ഷത്തോളം രൂപതാ കാര്യാലയത്തില്‍ ഫൈനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്നു. 2013ലാണ് അമേരിക്കയിലേക്ക് പോകുന്നത്. അമേരിക്കയിലെ നോര്‍ത്ത് ഡക്കോട്ടയിലെ ബിസ്മാര്‍ക്കില്‍ സഹവികാരിയായും പിന്നീട് മൂന്ന് ഇടവക ചേരുന്ന ഒരു ക്ലസ്റ്ററിന്റെ വികാരിയായും സേവനം ചെയ്തു. ബിസ്മാര്‍ക്ക് ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യുമ്പോഴാണ് അമേരിക്കന്‍ ആര്‍മിയുമായി അടുത്ത് ഇടപഴകാന്‍ അവസരമുണ്ടായത്.
സൈനികരെ സംസ്കരിക്കുന്ന വലിയൊരു സെമിത്തേരി അവിടെയുണ്ടായിരുന്നു. പലപ്പോഴും സൈനികരുടെ മൃതസംസ്കാര ചടങ്ങുകളില്‍ കാര്‍മികത്വം വഹിക്കാന്‍ വിളിച്ചിരുന്നു. സൈനികരുമായും അവരുടെ കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കവും ബന്ധവും അങ്ങനെ ശക്തമാകാന്‍ തുടങ്ങി. യുഎസ് ആര്‍മി ചാപ്ലിന് എന്ന സവിശേഷ ദൗത്യത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള താല്പര്യം ഉടലെടുത്തത് അവിടെ നിന്നാണ്. ഇതിനിടെ മൂന്ന് ഇടവകകളുടെ ചുമതല വഹിക്കേണ്ടിവന്നതിനാല് ആര്‍മി ചാപ്ലന്‍സി റിക്രൂട്ട്മെന്റിന്റെ കാര്യം തത്കാലത്തേക്കു മാറ്റിവച്ചു. എന്നാല്‍ സൈനികസേവനത്തിനായി മാനസികമായും ശാരീരികമായും ഒരുങ്ങാനുള്ള പ്രേരണ മനസില്‍ നിലനിന്നു.
യുഎസ് ആര്‍മി, നേവി, എയര്‍ ഫോഴ്സ്, മരീന്സ്, സ്പെയ്സ് ഫോഴ്സ്, കോസ്റ്റ് ഗാര്‍ഡ്, സര്‍വീസില്‍ നിന്നു വിരമിച്ച സേനാംഗങ്ങള്‍ക്കായുള്ള 153 മെഡിക്കല്‍ സെന്ററുകള്‍, യുഎസ് ഫെഡറല്‍ ഗവണ്മെന്റിനുവേണ്ടി 134 രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍, 29 രാജ്യങ്ങളിലായി അമേരിക്കയ്ക്കുള്ള 220 തന്ത്രപ്രധാനമായ സംവിധാനങ്ങള്‍ എന്നിങ്ങനെ 18 ലക്ഷത്തോളം വരുന്ന യുഎസ് സൈനികരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആധ്യാത്മികവും അജപാലനപരവും ധാര്‍മികവും മാനസികാരോഗ്യപരവുമായ കാര്യങ്ങളില്‍ റോമന്‍ കത്തോലിക്കാ സഭാതലത്തില്‍ വ്യവസ്ഥാപിത രീതി
യില്‍ ഇടപെടാനുള്ള സംവിധാനം എന്ന നിലയില്‍ 1985ല്‍ യുഎസ് സൈനിക വിഭാഗങ്ങള്‍ക്കു മാത്രമായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പ സ്ഥാപിച്ച അതിരൂപത വഴി മാത്രമേ കത്തോലിക്കാ വൈദികരെ സൈനിക വിഭാഗങ്ങളുടെ ചാപ്ലിന്മാരായി നിയമിക്കൂ. സൈനിക കമാന്‍ഡിലെയും ബെയ്സ് ക്യാമ്പിലെയും ചാപ്പലുകളിലും യുദ്ധമേഖലയില്‍ താത്കാലിക ആരാധനാലയങ്ങളാകുന്ന ടെന്റുകളിലും മറ്റും ആരാധന, കൂദാശകള്‍, മതപരമായ ചടങ്ങുകള്‍, മതബോധനം, യുദ്ധരംഗത്തെ മാനസികസംഘര്‍ഷങ്ങള്‍ക്കും വ്യാകുലതകള്‍ക്കും, കുടുംബപ്രശ്നങ്ങളും ലഹരിപദാര്‍ഥങ്ങളുടെ ദുരുപയോഗം മൂലമുണ്ടാകുന്ന മാനസികപ്രശ്നങ്ങള്‍ക്കും മറ്റും പ്രതിവിധിയായ കൗണ്‍സലിംഗ് എന്നിവയുടെ ചുമതല ചാപ്ലിനാണ്. മതവിശ്വാസം, ആധ്യാത്മികചര്യകള്, ധാര്‍മിക പ്രശ്നങ്ങള്‍, മാനസികാഘാതങ്ങള്‍, ആത്മഹത്യാപ്രവണതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ കമാന്‍ഡര്‍മാരെ ഉപദേശിക്കാനും ചാപ്ലിന് കടമയുണ്ട്.
വത്തിക്കാന്‍ നയതന്ത്രജ്ഞന് എന്ന നിലയില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും പ്യുര്ട്ടെറിക്കോയിലും മറ്റും അപ്പസ്തോലിക നുണ്‍ഷ്യോ ആയിരുന്ന ആര്‍ച്ച്ബിഷപ് തിമോത്തി ബ്രോഗ്ലിയോ നയിക്കുന്ന യുഎസ് സൈനിക അതിരൂപതയില്‍ മൂന്നു സഹായമെത്രാ•ാരും കമ്മീഷന്‍ഡ് ഓഫിസര്‍മാര്‍ എന്ന നിലയില്‍ ആക്ടീവ് സര്‍വീസിലുള്ള 204 ചാപ്ലി•ാരുമുണ്ട്. സൈനിക ചാപ്പലുകളെല്ലാം ഫെഡറല്‍ ഗവണ്മെന്റിന്റെ സ്ഥലത്തായതിനാല്‍ സാധാരണ ഇടവക സംവിധാനം ഈ അതിരൂപതയിലില്ല. ആര്‍ച്ച്ബിഷപ്പും മെത്രാ•ാരും ഒഴികെയുള്ള വൈദികര്‍ ആരുംതന്നെ ഈ അതിരൂപതയിലേക്ക് ‘ഇന്കാര്ഡിനേറ്റ്’ ചെയ്യപ്പെടുന്നില്ല; അവര്‍ ഏതു രൂപതയ്ക്കുവേണ്ടിയാണോ പൗരോഹിത്യം സ്വീകരിച്ചത്, അവിടത്തെ മെത്രാന് വിധേയമായിത്തന്നെ കഴിയണം. തന്റെ രൂപതാധ്യക്ഷനായ ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയുടെ അനുമതിയും അനുഗ്രഹവും നേടിയശേഷമാണ് ഫാ. ടെജി യുഎസ് സൈനിക അതിരൂപതയെ സമീപിച്ചത്.
തുടര്‍ന്ന് സൈനിക റിക്രൂട്ട്മെന്റിന്റെ എല്ലാ കടമ്പകളും കടക്കണം. ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം സംബന്ധിച്ച് വിദേശ പൗര•ാര്‍ മൂന്നുവിധത്തിലുള്ള പരീക്ഷകള്‍ പാസാകണം. പ്രവേശന നടപടികള്‍ ഒരു വര്‍ഷത്തോളം നീണ്ടുവെന്നുവരും. യുഎസ് രഹസ്യാന്വേഷണവിഭാഗം അപേക്ഷകന്റെ കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ ജീവിതസാഹചര്യങ്ങളും ആരോഗ്യസ്ഥിതിയും വിദേശബന്ധങ്ങളും രാജ്യാന്തര യാത്രകളും എല്ലാം വിലയിരുത്തും. ഇതൊക്കെ കഴിഞ്ഞാണ് വിധിനിര്ണായകമാകുന്ന ഇന്റര്‍വ്യൂ. ഇതു പാസായി നിശ്ചിത സൈനിക വിഭാഗത്തിന്റെ ചീഫ് ഓഫ് ചാപ്ലിന്‍സ് നിയോഗിക്കുന്നിടത്ത് സര്‍വീസില്‍ പ്രവേശിച്ചുകഴിയുമ്പോള്‍ കഠിനമായ ശാരീരികക്ഷമത പരിശീലനങ്ങളും സൈനികചിട്ടകളും മറ്റും ചിലര്‍ക്ക് താങ്ങാന്‍ പറ്റാത്തതാകും. പല സേനാവിഭാഗങ്ങളിലും ആധ്യാത്മികാചാര്യ•ാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിന് ഇതൊരു കാരണമാണ്. ചാപ്ലിന് സൈനികത്താവളത്തില്‍ സൈനിക യൂണിഫോംതന്നെയാണ് ധരിക്കുക. തന്റെ സേനാവിഭാഗത്തോടൊപ്പം യുദ്ധമേഖലയിലേക്കു പോകാനും ചാപ്ലിന് ബാധ്യതയുണ്ട്. സൈനികരുടെ കുടുംബങ്ങളുടെ അജപാലന ആവശ്യങ്ങള്‍, വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ എന്നിവ നിറവേറ്റേണ്ടത് ചാപ്ലിനാണ്. സൈനിക നടപടികള്‍ക്കിടയില്‍ സൈനികന് മരിച്ചാല്‍ ആ വിവരം ബന്ധുക്കളെ അറിയിക്കാന്‍ പോകുന്ന ഔദ്യോഗിക സംഘത്തില്‍ ചാപ്ലിനുമുണ്ടാകും. ദുഃഖാര്‍ത്തരെ ആശ്വസിപ്പിക്കാനും, ദുരന്താഘാതം, വിരഹം, വിലാപം, ജീവിതനൈരാശ്യം, വിഷാദരോഗം, ട്രോമ തുടങ്ങിയ അവസ്ഥകളില്‍ പിന്തുണ നല്‍കാനും ചാപ്ലിന് അവരുടെ കൂടെയുണ്ടാകും.
മഹാമാരിയുടെ ഈ ദുരന്തകാലത്ത് ഒരു മാസത്തോളം തന്റെ ആര്‍മി യൂണിറ്റിനോടൊപ്പം കൊവിഡ് ബാധിത മേഖലകളില്‍ സേവനം ചെയ്യുവാന്‍ ഫാ. ടെജിയും ഉണ്ടായിരുന്നു. സൈനികത്താവളങ്ങള്‍ക്കു പുറത്ത് പലപ്പോഴും തിരുക്കര്‍മങ്ങള്‍ക്ക് സൗകര്യപ്രദമായ ഇടങ്ങള്‍ ലഭിക്കാറില്ല. താത്കാലിക കൂടാരങ്ങള്‍ നിര്‍മ്മിച്ച് അതിനു മുന്നിലായി കുരിശ് ആലേഖനം ചെയ്ത പതാക ഉയര്‍ത്തി ആരാധനാലയത്തിനു സമാനമായ സാഹചര്യം ഒരുക്കുകയാണ് ഒരു പോംവഴി.
യുഎസ് സൈന്യത്തിന്റെ ചാപ്ലിന് എന്ന നിലയില്‍ ഇതുവരെയുള്ള തന്റെ അനുഭവങ്ങള്‍ ഏറെ സന്തോഷകരമാണെന്ന് ഫാ. ടെജി പറയുന്നു. രാജ്യത്തിന്റെ സൈനിക യൂണിഫോം അണിഞ്ഞവര്‍ക്ക് അമേരിക്കന്‍ ഭരണകൂടവും ജനങ്ങളും നല്കുന്ന ബഹുമാനവും ആദരവും വളരെ വലുതാണ്. അതിനെക്കാള്‍ പ്രധാനമാണ് അമേരിക്കയുടെ സമാധാനദൂതരാകുക, ക്രിസ്തുവിനെ ലോകമെങ്ങും പ്രഘോഷിക്കുക, അനുരഞ്ജന കൂദാശയിലൂടെ സൈനികര്‍ക്ക് ആത്മസൗഖ്യം നല്കി സഭയുടെ ദൗത്യം നിറവേറ്റുക എന്നിങ്ങനെ യുഎസ് റോമന്‍ കത്തോലിക്കാ സൈനിക അതിരൂപതയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ക്രിയാത്മകമായി പങ്കുവഹിക്കുക എന്നത്, ക്യാപ്റ്റന്‍ ഫാ. ടെജി താണിപ്പിള്ളി പറയുന്നു. അദ്ദേഹത്തിന് കേരള സഭയുടെ സല്യൂട്ട്.
– പോള്‍ ജോസ്
Related
Related Articles
ദൈവദാസന് ബിഷപ്പ് ജെറോമിന്റെ നാമകരണം; രൂപതാതല അന്വേഷ കമ്മീഷന് പ്രഖ്യാപിച്ച് കൊല്ലം രൂപത.
കൊല്ലം: ദൈവദാസന് ബിഷപ്പ് ജെറോം പിതാവിന്റെ നാമകരണവുമായി ബന്ധപ്പെട്ട് രൂപതാതല അന്വേഷണങ്ങളുടെയും നടപടിക്രമങ്ങളുടെയും ആരംഭം കൊല്ലം രൂപതാ മെത്രാന് പോള്‍ ആന്റണി മുല്ലശ്ശേരി പിതാവിന്റെ സാന്നിദ്ധ്യത്തില്‍ കമ്മീഷന്
തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് തുടക്കമായി
നെയ്യാറ്റിന്‍കര: രാജ്യാന്തര തീര്‍ഥാടനകേന്ദ്രമായ വെള്ളറട തെക്കന്‍ കുരിശുമലയുടെ 62-ാമത് തീര്‍ഥാടനത്തിന് തിരിതെളിഞ്ഞു. ‘വിശുദ്ധകുരിശ് ജീവന്റെ സമൃദ്ധി’ എന്നതാണ് ഈ വര്‍ഷത്തെ തീര്‍ഥാടന സന്ദേശം.തി-മത-രാഷ്ട്രീയ അതിര്‍വരമ്പുകള്‍ മറന്ന് നാടിന്റെ
മുന്നൊരുക്കങ്ങളുണ്ടോ പ്രളയത്തിന്?
പ്രകൃതിയുടെ പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്നതില്‍ മനുഷ്യന്റെ ശാസ്ത്രീയ നേട്ടങ്ങളെല്ലാം പലപ്പോഴും പരാജയപ്പെടാറുണ്ട്. പ്രകൃതി ദുരന്തങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ദുരന്തങ്ങളുടെ ആഘാതമൊഴിവാക്കാന്‍ പരമാവധി ശ്രമിക്കാമെന്നല്ലാതെ വിങ്ങിനില്ക്കുന്ന അഗ്നിപര്‍വതത്തോട് പൊട്ടരുതെന്നോ, കാറ്റേ