അമ്മപള്ളി: ദൈവകൃപയുടെ നിറസാന്നിധ്യം

അമ്മപള്ളി: ദൈവകൃപയുടെ നിറസാന്നിധ്യം

 

‘കൊച്ചുറോമിന്’ റോമിന്റെ അംഗീകാരം. കൊച്ചുറോമിന്റെ നെറുകയില്‍ റോം ഒരു സ്നേഹോഷ്മള ചുംബനമേകി. വരാപ്പുഴയുടെ തിലകച്ചാര്‍ത്ത് പരിശുദ്ധ കര്‍മ്മല മാതാവിന്റെയും വിശുദ്ധ യൗസേപ്പിന്റെയും ദേവാലയത്തിന് ”ബസിലിക്കാ” പദവി. കര്‍മ്മല സഭയെ മാറ്റിനിര്‍ത്തി കേരളസഭയ്ക്ക്, പ്രത്യേകിച്ച് വരാപ്പുഴ അതിരൂപതയ്ക്ക്, ചിന്തിക്കാനാവില്ലെന്ന് ചരിത്രം വിളിച്ചുപറയുമ്പോള്‍, കേരളസഭയുടെ തന്നെ ആസ്ഥാനമായിരുന്ന വരാപ്പുഴ ദേവാലയത്തെ ബസിലിക്കയായി ഉയിര്‍ത്തിക്കൊണ്ട് കത്തോലിക്കാസഭ കര്‍മ്മലീത്താസഭയ്ക്കൊരു സമ്മാനം നല്‍കി. അനേകം മിഷണറിമാര്‍ക്ക് അന്ത്യവിശ്രമത്തിനിടം നല്‍കി, പതിനാലോളം ഇടവകകള്‍ക്കു ജന്മം നല്‍കി, വരാപ്പുഴ ദേവാലയം ഒരു ”അമ്മപള്ളി” ആണെന്നു ലോകത്തോടു വിളിച്ചുപറയുന്നു.

1634-ല്‍ കര്‍മ്മലീത്താ മിഷണറിമാര്‍ കേരളത്തില്‍ കാലുകുത്തുന്നതോടെ കര്‍മ്മലസഭയും കേരളസഭയും തമ്മിലുള്ള ബന്ധത്തിനു തുടക്കം കുറിക്കുന്നു. ഒരു ചുരുങ്ങിയ കാലഘട്ടത്തില്‍ കര്‍മ്മലീത്തരുടെ അസാന്നിദ്ധ്യമുണ്ടായിരുന്നെങ്കിലും പാരമ്പര്യം തുടര്‍ന്നുകൊണ്ടുപോകാന്‍ പ്രദേശീയര്‍ താല്‍പര്യം കാണിച്ചിരുന്നു. 1657-ല്‍ ഫാ. ജോസഫ് സെബസ്ത്യാനിയും കൂട്ടരും കേരളത്തില്‍ കാലുകുത്തിയതോടെ, ഇഴപൊട്ടിയ കര്‍മ്മലീത്താ സാന്നിദ്ധ്യം ഒരിക്കല്‍ക്കൂടി കേരളസഭ കൂട്ടിക്കെട്ടി. ദൈവിക കാരുണ്യത്താല്‍ ഇന്നും ഇഴപൊട്ടാതെ കേരളസഭയും കര്‍മ്മലസഭയും തമ്മിലുള്ള ആത്മീയബന്ധം തുടര്‍ന്നുകൊണ്ടുപോകാനാകുന്നു. അസാദ്ധ്യമെന്ന് പരക്കെ പറയപ്പെട്ടിട്ടും തന്റെ മിഷണറി തീക്ഷ്ണതയാല്‍ ഡച്ച് ഗവര്‍ണറില്‍ നിന്ന് അനുവാദം വാങ്ങി പരിശുദ്ധ കര്‍മ്മലമാതാവിന്റെ നാമധേയത്തില്‍ വരാപ്പുഴയില്‍ ആദ്യദേവാലയം ഫാദര്‍ മത്തേവൂസ് 1673-ല്‍ പണികഴിച്ചപ്പോള്‍ ഒരു നാടിന്റെ ആത്മീയതയില്‍ ബദ്ധശ്രദ്ധരായ പുണ്യപുരോഹിതരെയാണ് ദര്‍ശിക്കാനായത്.

2021 മാര്‍ച്ച് മാസം 13-ാം തീയതി വരാപ്പുഴ ദേവാലയത്തെ ബസിലിക്കയായി ഉയര്‍ത്തുന്നതിന്റെ ഡിക്രി പൊതുജനസമക്ഷം വായിക്കുമ്പോള്‍ ക്ലമന്റ് പതിനൊന്നാമന്‍ പാപ്പാ മലബാര്‍ വികാരിയാത്തിനെ വരാപ്പുഴ വികാരിയാത്ത് എന്ന് 1709 മാര്‍ച്ച് മാസം 13-ാം തീയതി പുനര്‍നാമകരണം നടത്തിയതിന്റെ ഓര്‍മ്മദിനമാണെന്നത് യാദൃഛികം മാത്രം. ദൈവസാന്നിദ്ധ്യസ്മരണയിലേക്ക് അനേകായിരങ്ങളെ കൈപിടിച്ചുയര്‍ത്തിയ ഈ ”അമ്മപള്ളി” 1801ലും 1920ലും തകര്‍ന്നു നിലംപൊത്തുകയുണ്ടായി. തകര്‍ച്ചയിലും ദൈവകാരുണ്യം കണ്ടിരുന്ന മിഷണറിമാരുടെ വിശ്വാസമനസ് ഇവിടെയും പ്രസ്പഷ്ടമായി. 1920ല്‍ വരാപ്പുഴയില്‍ തകര്‍ന്നടിഞ്ഞ പള്ളിക്കു പകരം നിര്‍മ്മിച്ച പുതിയ ദേവാലയത്തിന്റെ (ഇന്നത്തെ ദേവാലയത്തിന്റെ) ആശീര്‍വ്വാദ കര്‍മ്മവേളയില്‍ (1923) പ്രസിദ്ധീകരിച്ച ‘വരാപ്പുഴപള്ളി ചരിത്ര സംക്ഷേപ’ത്തില്‍ പറഞ്ഞിരിക്കുന്ന വാക്കുകള്‍ പ്രസക്തമാണ്: ”വ
രാപ്പുഴ ഇടവകക്കാര്‍ ദൈവത്തിന് സ്തോത്രം ചെയ്യട്ടെ, എന്തുകൊണ്ടെന്നാല്‍ പഴയ പള്ളി വീണുപോകാന്‍ ദൈവം അനുവദിച്ചു എങ്കിലും അങ്ങേ കരുണാതിരേകത്താലും മനോഗുണത്താലും അതിലും കുറെകൂടെ നല്ല ഒരു ദേവാലയം ആ സ്ഥലത്ത് അവര്‍ കാണുന്നുവല്ലോ.”

ദേവാലയം തകര്‍ന്നടിയുന്നതിനു മുന്‍പ് ദേവാലയം വിട്ടു പുറത്തുപോകുന്ന ദൈവാരൂപിയെ എസെക്കിയേല്‍ പ്രവാചകന്റെ പുസ്തകം 10, 11 അദ്ധ്യായങ്ങളില്‍ വിവരിക്കുന്നുണ്ട്. രണ്ടു പ്രാവശ്യം തകര്‍ന്നടിഞ്ഞിട്ടും ദൈവാരൂപി നഷ്ടപ്പെടാതിരുന്ന ഒരു ആലയത്തിന്റെ കഥയാണ് വരാപ്പുഴ പള്ളിക്കു പറയാനുള്ളത്. ഒരു കൊച്ചു ദേവാലയം, വരാപ്പുഴ അതിരൂപതയുടെ കത്തീഡ്രലായും പിന്നീട് ബസിലിക്കയായും ഉയര്‍ത്തപ്പെട്ട വരാപ്പുഴ പള്ളി, ദൈവകൃപയുടെ നിറസാന്നിദ്ധ്യത്തിന്റെ വറ്റാത്ത ധാരയുടെ കഥ പറയുന്നു. ”ഞാന്‍ അവരുടെ ഇടയില്‍ വസിക്കാന്‍ അവര്‍ എനിക്കൊരു കൂടാരം നിര്‍മ്മിക്കണം” എന്ന് പുറപ്പാട് പുസ്തകം 25:8ല്‍ പറഞ്ഞ ദൈവം വരാപ്പുഴയുടെ ഹൃദയത്തില്‍ കൂടാരമടിച്ചതിന്റെ കഥയാണിത്. സംരക്ഷണ വലയം തീര്‍ക്കാന്‍ മേഘത്തൂണും, ദീപസ്തംഭവുമായി കൂടെക്കൂടിയ ദൈവത്തിന്റെ ചരിത്രമാണ് വരാപ്പുഴ പള്ളിക്കു പറയാനുള്ളത്. കാലാന്തരത്തില്‍ മനുഷ്യനായി അവതരിച്ച് ”ഇമ്മാനുവലായി” കൂടെ വസിച്ചവന്റെ നിറസാന്നിദ്ധ്യമാണീ ദേവാലയം.

എസെക്കിയേല്‍ പ്രവാചകന്‍ പറയുന്ന വാക്കുകള്‍ ഏറെ ചിന്തനീയമാണ്. ”ദൈവം തന്നെ അനുസരിക്കുന്നവരുടെയും ആവശ്യമുള്ളവരുടെയും കൂടെ മാത്രം വസിക്കുന്നു.” വരാപ്പുഴയ്ക്കും അനുബന്ധപ്രദേശത്തിനും ദൈവത്തിന്റെ നിറസാന്നിദ്ധ്യം ആവശ്യമെന്ന് ദൈവത്തിനറിയാം. ആയതിനാല്‍ ദേവാലയങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടും പടിയിറങ്ങാതെ സംരക്ഷകനായി ഇവിടെ കുടികൊള്ളുന്നു.

1920-ല്‍ രണ്ടാം ദേവാലയം തകര്‍ന്നടിഞ്ഞെങ്കില്‍, 1923-ല്‍ പ്രതിഷ്ഠാകര്‍മ്മം നടത്തിയ മൂന്നാം ദേവാലയം 100 വര്‍ഷത്തിനുശേഷം 2020-ല്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുനര്‍പ്രതിഷ്ഠിക്കുവാന്‍ സാധിച്ചു. 1921-ല്‍ ഇന്നത്തെ ദേവാലയത്തിന് തറക്കല്ലിട്ടെങ്കില്‍, 100 വര്‍ഷത്തിനുശേഷം ദേവാലയത്തെ ബസിലിക്കയായി ഉയര്‍ത്തുന്നു. ഇവയെല്ലാം ഒഴിയാതെ നിറഞ്ഞുനില്‍ക്കുന്ന ദൈവികസാന്നിധ്യത്തിന്റെ കയ്യൊപ്പുകള്‍ മാത്രം. 1871-ല്‍ ലെയൊനാര്‍ദൊ മെല്ലാനോ പിതാവ് ”പരിശുദ്ധ കര്‍മ്മലമാതാവിന്റെ ദേവാലയത്തെ” ”പരിശുദ്ധ കര്‍മ്മലമാതാവിന്റെയും വിശുദ്ധ യൗസേപ്പിന്റെയും ദേവാലയം” എന്നു പുനര്‍നാമകരണം ചെയ്തുകൊണ്ട് തിരുവുത്തരീയത്തിന്‍ കീഴില്‍ സംരക്ഷിക്കുന്ന മറിയത്തിന്റെയും, തിരുകുടുംബ പാലകനായ വിശുദ്ധ യൗസേപ്പിന്റെയും ചിറകിന്‍ കീഴില്‍ ഈ ദേവാലയത്തില്‍ പ്രവേശിക്കുന്നവര്‍ സംരക്ഷിക്കപ്പെടാമെന്ന് വിളിച്ചോതുകയായിരുന്നു.

കേരളസഭയും വരാപ്പുഴ അതിരൂപതയും, വരാപ്പുഴയും കര്‍മ്മലസഭയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന സത്യം ആര്‍ക്കും നിഷേധിക്കാനാവില്ല. വരാപ്പുഴയ്ക്ക് അഭിമാനിക്കാന്‍ പുണ്യശ്ലോകരായ കര്‍മ്മലീത്താ മിഷണറിമാരുടെ പാദസ്പര്‍ശമേറ്റതിന്റെ ചരിത്രം മാത്രം മതി. ഉറ്റവരെയും ഉടയവരെയും മറന്ന് ത്യാഗോജ്ജ്വല ജീവിതം നയിച്ച മിഷണറിമാര്‍ ഈ നാടിന്റെ രക്തവും മാംസവുമായിരുന്നു. കുരിശിലെ ബലിയില്‍ അവസാനതുള്ളി രക്തവും ചിന്തിയവന്റെ പാത പിന്‍തുടര്‍ന്ന ത്യാഗവീരന്മാര്‍ കേരളസഭയ്ക്ക്, പ്രത്യേകിച്ച് വരാപ്പുഴയ്ക്ക്, സമര്‍പ്പിച്ചത് ജീവിതവും ജീവചരിത്രവുമായിരുന്നു. നമിക്കാം നമുക്കീ വേളയില്‍ അവരുടെ സ്മരണയ്ക്കു മുന്‍പില്‍.

വരാപ്പുഴ പള്ളിയെ ബസിലിക്കയായി ഉയര്‍ത്തുവാന്‍ വത്തിക്കാനോട് ആവശ്യപ്പെടുന്ന രേഖകളുടെ അവസാന താളില്‍ ഏറ്റവും ഒടുവിലായി തന്റെ കയ്യൊപ്പു പതിച്ചു വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് കര്‍മ്മലസഭയോട്, പ്രത്യേകിച്ച് മഞ്ഞുമ്മല്‍ കര്‍മ്മലീത്താ സഭയോട്, തനിക്കുള്ള പിതൃസ്നേഹത്തിന്റെ ആഴവും പരപ്പും പ്രകടമാക്കുകയായിരുന്നു. വരാപ്പുഴ അതിരൂപതയിലെ എല്ലാ മുന്‍മെത്രാപ്പോലീത്തമാരെയും, വരാപ്പുഴ പള്ളിയെ ബസിലിക്കയായി ഉയര്‍ത്തുവാന്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ച എല്ലാവരെയും നന്ദിയോടും പ്രാര്‍ത്ഥനയോടും കൂടി ഓര്‍ക്കുന്നു.

എയ്ഞ്ചല്‍ മേരി പിതാവിന്റെ ഏതാനും വാക്കുകള്‍ കടമെടുക്കേണ്ടിയിരിക്കുന്നു: ”ചരിത്രം കൊണ്ടും ഉത്ഭവം കൊണ്ടും നമ്മുടെ അതിരൂപതയിലുള്ള സകല പള്ളികളുടെയും മാതാവെന്നു യഥാര്‍ത്ഥത്തില്‍ പറയാവുന്നതാണ് വരാപ്പുഴ പള്ളി. അനേകം ക്രിസ്ത്യാനികളുടെ പിള്ളത്തൊട്ടിലും അവര്‍ക്കു സത്യവിശ്വാസ പ്രകാശം പ്രദാനം ചെയ്ത സ്ഥലവുമാണീ ദേവാലയം. നിങ്ങളെയും നിങ്ങളുടെ മാതാപിതാക്കന്മാരെയും ദൈവമക്കളായി ഉല്പാദിപ്പിച്ചതുകൊണ്ട് നിങ്ങളുടെ അമ്മയെന്നു തന്നെ ഈ ദേവാലയത്തെ പറയാം.”

ചുറ്റുവട്ടത്തില്‍ അനേകദേവാലയങ്ങള്‍ക്കു ജന്മം നല്‍കി വരാപ്പുഴ പള്ളി ഒരു ”അമ്മപള്ളി” യായി. ”അമ്മപള്ളി”യുടെ മടിത്തട്ടിലിരുന്ന് മുകളിലേക്കു നോക്കി ഞാനെന്ന കുഞ്ഞു പറഞ്ഞു: ”അമ്മ” എത്രയോ വലിയവള്‍, ഭാഗ്യവതി! ”അമ്മ” എന്നോടുപറഞ്ഞു, എല്ലാറ്റിലുമുപരി കൃപയ്ക്കുമേല്‍ കൃപനല്‍കി ഇതുവരെ കാത്തുസൂക്ഷിച്ച ഉടയതമ്പുരാന്‍ എത്രയോ വലിയവന്‍!

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 

 

 


Related Articles

കെആര്‍എല്‍സിബിസി പ്രൊക്ലമേഷന്‍ കമ്മീഷന്‍ ഗ്രാന്‍ഡ് കോണ്‍ഫറന്‍സ്

കൊച്ചി: കെആര്‍എല്‍സിബിസി പ്രൊക്ലമേഷന്‍ കമ്മീഷന്‍ ഗ്രാന്‍ഡ് കോണ്‍ഫറന്‍സ് പെരുമ്പടപ്പ് സിഇസിയില്‍ സംഘടിപ്പിച്ചു. കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. തോമസ് പനക്കല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. പ്രൊക്ലമേഷന്‍

സാമൂഹ്യ രാഷ്ട്രീയ രംഗത്ത് മുന്നേറ്റത്തിന് തയ്യാറാവുക: ബിഷപ്പ് ഡോ അലക്സ് വടക്കുംതല

  ( ലത്തീൻ കത്തോലിക്കാ സമുദായ ദിനം ആചരിച്ചു)   കണ്ണൂർ: സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ അദ്ധ്യാത്മിക രംഗങ്ങളിൽ ഒരു മുന്നേറ്റത്തിന് തയ്യാറെടുക്കാൻ ലത്തീൻ സമുദായ അംഗങ്ങളോട്

അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നടി സുരഭി ലക്ഷ്മി.

അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നടി സുരഭി ലക്ഷ്മി. ”അനിലേട്ടാ ‘അഭിനയ’ യിലെ ഒരു അഭിനയ കാലത്തിന്റെ ഓര്‍മ്മ ഇപ്പോഴും മനസ്സില്‍ മായാതെ കിടപ്പുണ്ട്,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*