അമ്മായിയമ്മയ്ക്കു നല്കിയ കൈവിഷം

അമ്മായിയമ്മയ്ക്കു നല്കിയ കൈവിഷം

ജോമോനും ലിലിയാനും പ്രേമിച്ച് വിവാഹം കഴിച്ചവരാണ്. ജോമോന്റെ മമ്മിയ്ക്ക് അതത്ര ഇഷ്ടപ്പെട്ടിരുന്നില്ല. തന്റെ മകനെ ലിലിയാന്‍ വിശീകരിച്ചതാണ് എന്ന ചിന്ത അവരുടെ മനസില്‍ കുടികൊണ്ടിരുന്നു.
ജോമോന്റെ പപ്പയുടെ മരണശേഷം മമ്മിയ്ക്ക് ആകെയുണ്ടായിരുന്നത് ഈ മകന്‍ മാത്രമാണ്. മമ്മിയുടെ അടുത്തുനിന്നും മാറി വേറെ താമസിക്കുവാന്‍ ജോമോനും കഴിയുമായിരുന്നില്ല. അമ്മായിയമ്മയും മരുമകളും തമ്മില്‍ എല്ലാ ദിവസവും എന്തെങ്കിലും നിസാരകാരണത്തിന് വഴക്കിടുമായിരുന്നു. ആദ്യമൊക്കെ അമ്മായിയമ്മയുടെ പ്രവൃത്തികള്‍ ലിലിയാന്‍ ആത്ര കാര്യമാക്കിയിരുന്നില്ല. പക്ഷേ താനെന്തു ചെയ്താലും കുറ്റംകണ്ടുപിടിക്കുകയും തന്നെയും തന്റെ വീട്ടുകാരെയും കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്യുന്ന അമ്മായിയമ്മയെ സ്‌നേഹിക്കുവാന്‍ അവള്‍ക്ക് ഒട്ടും സാധിച്ചില്ല. വേറെ മാറിതാമസിക്കാമെന്ന് പലവട്ടം പറഞ്ഞിട്ടും ജോമോന്‍ അമ്മയെ വിട്ട് മാറി താമസിക്കാന്‍ സമ്മതിക്കുന്നുമില്ല.
പിന്നെ എന്താണ് ഒരു പോംവഴി? എങ്ങനെയെങ്കിലും അമ്മായിയമ്മയെ ഒഴിവാക്കണം-എന്നന്നേയ്ക്കുമായി. അവരെ ആരും അറിയാതെ അപായപ്പെടുത്താന്‍ ലിലിയാന്‍ തീരുമാനിച്ചു. ഒരു ദിവസം അവള്‍ ആരോടും ഒന്നും പറയാതെ തന്റെ ഗ്രാമത്തിലെ പച്ചമരുന്നുകള്‍ വില്ക്കുന്ന വൈദ്യരുടെ അടുക്കലെത്തി. ഗുണവും ദോഷവും ചെയ്യുന്ന പല മരുന്നുകളും ആ വൈദ്യര്‍ക്കറിയാമായിരുന്നു. ലിലിയാന്‍ വൈദ്യരോട് രഹസ്യമായി താനും അമ്മായിയമ്മയും തമ്മിലുള്ള പൊരുത്തക്കേടിനെക്കുറിച്ച് സംസാരിച്ചു. ആരും അറിയാതെ അവരെ ഇല്ലാതാക്കാന്‍ പറ്റിയ എന്തെങ്കിലും വിഷം തരാമോ എന്നാരാഞ്ഞു.
ലിലിയാന്റെ കുടുംബത്തോട് വളരെ അടുപ്പമുണ്ടായിരുന്ന വൈദ്യര്‍ അല്പനേരം ആലോചിച്ചതിനു ശേഷം അകത്തെ മുറിയിലേക്കു പോയി. കുറച്ചുകഴിഞ്ഞ് അയാള്‍ ഒരു പൊതിക്കെട്ടുമായി വന്നു. അത് ലിലിയാനെ ഏല്പിച്ചിട്ടു പറഞ്ഞു: ”ഇത് പല തരത്തിലുള്ള വിഷങ്ങള്‍ അടങ്ങിയിട്ടുള്ള ഔഷധങ്ങളുടെ സത്താണ്. ഇത് ഓരോ ടീസ്പൂണ്‍ വീതം അമ്മായിയമ്മയ്ക്കു നല്കുന്ന ഭക്ഷണത്തില്‍ ചേര്‍ക്കണം. സാവധാനം ഈ മരുന്ന് അവരുടെ സന്ധികളെ തളര്‍ത്തും. അവര്‍ പെട്ടെന്ന് മരിക്കാനിട വന്നാല്‍ ആളുകള്‍ നിന്നെ സംശയിക്കും. ഏതാണ്ട് 6 മാസമെടുക്കും ഇതിന്റെ പൂര്‍ണഫലം ലഭിക്കാന്‍.”
ആറു മാസമല്ല ഒരു വര്‍ഷമായാലും അമ്മായിയമ്മയുടെ ശല്യം എന്നന്നേയ്ക്കുമായി ഒഴിയുമല്ലോ എന്നോര്‍ത്ത് ലിലിയാന്‍ സന്തോഷിച്ചു. പിന്നെ ഒരു കാര്യം കൂടി വൈദ്യര്‍ പറഞ്ഞു: ”മോളെ ആരും സംശയിക്കാതിരിക്കാന്‍ ഈ ദിവസങ്ങളില്‍ വളരെ ക്ഷമയോടും സ്‌നേഹത്തോടും കൂടി അമ്മായിയമ്മയോട് പെരുമാറണം. അവര്‍ക്ക് ഇഷ്ടമുള്ള സ്വാദിഷ്ടമായ ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കിക്കൊടുക്കണം. ഒരു കാരണവശാലും അവരുമായി ശണ്ഠകൂടരുത്. അവര്‍ എന്തെങ്കിലും കുറ്റങ്ങള്‍ പറഞ്ഞാല്‍ കേട്ടില്ലെന്ന് നടിച്ചേക്കുക.”
ലിലിയാന്‍ സന്തോഷത്തോടെ വൈദ്യര്‍ നല്കിയ വിഷവുമായി പോയി. പിറ്റേന്നു മുതല്‍ അമ്മായിയമ്മയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കി വൈദ്യര്‍ നല്കിയ വിഷം ഓരോ ടീസ്പൂണ്‍ വീതം ഓരോ ദിവസവും അതില്‍ ചേര്‍ത്തു നല്കി. വീട്ടിലെ ജോലികളൊക്കെ കഴിയുന്നിടത്തോളം ലിലിയാന്‍ തന്നെ ചെയ്തു. മരുമകള്‍ ഇപ്പോള്‍ തന്നോട് എതിര്‍ത്തൊന്നും പറയുന്നില്ല എന്നു കണ്ടപ്പോള്‍ അവരും മരുമകളെ കുറ്റപ്പെടുത്താതായി. ലിലിയാനോട് അവര്‍ക്കുണ്ടായിരുന്ന നീരസമെല്ലാം മാറി. അവര്‍ അവളെ സ്വന്തം മകളായി തന്നെ കരുതാന്‍ തുടങ്ങി.
ലിലിയാനാകട്ടെ അമ്മായിയമ്മയക്ക് ദേഹത്തുപുരട്ടുവാനുള്ള തൈലവും കുളിക്കുവാന്‍ ചൂടുവെള്ളവും തയ്യാറാക്കിക്കൊടുത്തു. രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് അവരുടെ കാലുകള്‍ തടവിക്കൊടുത്തു. അവര്‍ ഒരുമിച്ച് പള്ളിയില്‍ പോയി. ചിലപ്പോള്‍ സിനിമയ്ക്കും. സാവധാനം ആ വീട്ടിലെ അന്തരീക്ഷം ആകെമാറി. അമ്മയും ഭാര്യയും സ്‌നേഹത്തില്‍ കഴിയുന്നതുകണ്ട് ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ജോമോനാണ്.
മൂന്നാലുമാസത്തിനകം ലിലിയാനും അമ്മായിയമ്മയും വിട്ടുപിരിയാത്ത സുഹൃത്തുക്കളായി മാറി. അവര്‍ക്ക് പരസ്പരം മനസില്‍ വിദ്വേഷം തോന്നാതായി. തങ്ങളുടെ സ്‌നേഹത്തിന്റെ ആഴം അപ്പോഴാണ് അവര്‍ ശരിക്കും അനുഭവിച്ചത്.
ഒരു ദിവസം ലിലിയാന്‍ താന്‍ ദിവസവും അമ്മായിയമ്മയ്ക്ക് നല്കുന്ന കൈവിഷത്തെക്കുറിച്ചോര്‍ത്ത് ഞെട്ടി. അവള്‍ ഉടനെതന്നെ വൈദ്യരുടെ അടുക്കലേക്കോടി. അമ്മായിയമ്മയും താനും തമ്മില്‍ ഇപ്പോള്‍ നല്ല സ്‌നേഹത്തിലാണ്. അവര്‍ ഇനി എത്രനാള്‍ ജീവിച്ചിരുന്നാലും തനിക്കു കുഴപ്പമില്ല. എങ്ങനെയെങ്കിലും ഇത്രയും നാള്‍ നല്കിയ വിഷത്തിന്റെ വീര്യം ഇല്ലാതാക്കണം. അതിനുപറ്റിയ എന്തെങ്കിലും മറുമരുന്ന് നല്കണം എന്നു പറഞ്ഞ് കരയാന്‍ തുടങ്ങി.
വൈദ്യര്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: ” മോള് അതേക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട. ഞാന്‍ തന്നത് വിഷമുള്ള ഔഷധസത്തല്ല. അതുകഴിച്ചതു കൊണ്ട് അവര്‍ക്ക് ഒരു ഹാനിയും സംഭവിക്കാന്‍ പോകുന്നില്ല. ശരീരത്തിനും മനസിനും പറ്റിയ ഔഷധമാണ് ഞാന്‍ നല്കിയത്. മനസ് ശുദ്ധമായാല്‍ എല്ലാ ബന്ധങ്ങളും ശരിയാകും.”
അപ്പോഴാണ് ലിലിയാന് ശ്വാസം നേരേ വീണത്. താന്‍മൂലം തന്റെ അമ്മായിയമ്മയ്ക്ക് യാതൊരു ആപത്തും വരരുതേയെന്ന് അവള്‍ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു.
എന്തുകൊണ്ടാണ് ചിലരെ നമ്മള്‍ വെറുക്കുന്നത്? എന്തുകൊണ്ട് പല കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളുമായി നിരന്തരം കലഹമുണ്ടാകുന്നു ? വിദ്വേഷവും വെറുപ്പും ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ചെയ്യുന്നുണ്ടോ? നമുക്ക് ഓരോരുത്തര്‍ക്കുമുള്ള വ്യത്യസ്തതയെ അംഗീകരിക്കുകയും എല്ലാവരിലും നന്മ ദര്‍ശിക്കുകയും ചെയ്താല്‍ വലിയൊരു പരിധിവരെ വഴക്കുകള്‍ ഒഴിവാക്കുവാന്‍ സാധിക്കും.
അന്ത്യഅത്താഴ സമയത്ത് യേശുനാഥന്‍ തന്റെ ശിഷ്യരുടെ പാദങ്ങള്‍ കഴുകിയിട്ട് പറഞ്ഞത്: ” നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍ ” (യോഹ 13: 14-35) എന്നാണ്. എല്ലാ ദിവസവും പള്ളിയില്‍ പോയാലും എത്ര ധ്യാനങ്ങള്‍ കൂടിയാലും സ്‌നേഹമില്ലെങ്കില്‍ അതൊക്കെ വെറും കാപട്യമല്ലേ?


Related Articles

എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി

അഞ്ചു വര്‍ഷത്തെ ദാമ്പത്യജീവിതം പിന്നിട്ടവര്‍ക്കായി കുടുംബജീവിതത്തെക്കുറിച്ച് ഒരു സെമിനാര്‍ നടക്കുകയായിരുന്നു. ചില അംഗങ്ങള്‍ ക്ലാസില്‍ അശ്രദ്ധയോടെ ഇരിക്കുന്നതുകണ്ട അധ്യാപകന്‍ പറഞ്ഞു: ‘നമുക്ക് ചെറിയൊരു എക്‌സര്‍സൈസ് ചെയ്യാം. എല്ലാവരും

ഇതത്ര ചെറിയ പുഷ്പമല്ല

ഫാ. ജോഷി മയ്യാറ്റിൽ ദൈവവിളിതിരിച്ചറിയലിന് കൂട്ടുപിടിക്കാവുന്ന ഒരു വിശുദ്ധയാണ് വി. കൊച്ചുത്രേസ്യ! സന്ന്യാസിനിയാകാനുള്ള തന്റെ ദൈവവിളി തിരിച്ചറിയാന്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ കൊച്ചുത്രേസ്യയ്ക്കു കഴിഞ്ഞു. എങ്കിലും ആത്യന്തികമായ സ്വന്തം

ഗലീലിയ കടലുപോലെ

ഹീബ്രു ഭാഷയില്‍ ‘യാം ഹ മെല’ എന്ന പേരിലറിയപ്പെടുന്ന ഉപ്പു കടലാണ് ചാവുകടല്‍ അഥവാ ‘ഡെഡ് സീ’. സമുദ്രനിരപ്പില്‍ നിന്ന് 1400 അടിയോളം താഴെയാണ് ഈ ചാവുകടല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*