അമ്മ മനസ് തങ്ക മനസ്:ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്

അമ്മ മനസ് തങ്ക മനസ്:ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്
                      മാതൃത്വത്തിന്റെ മഹനീയ നാമമാണ് പരിശുദ്ധമറിയം. സകലതും സഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന സ്‌നേഹമാണ് മറിയം. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ക്രിസ്തുവിന്റെ ജനനം. എന്നാല്‍ ക്രിസ്തുവിനെ ഈ ലോകത്തിന് സമ്മാനിച്ചതോടെ മറിയത്തിന്റെ മാതൃത്വം അവസാനിക്കുന്നില്ല. അത് അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നമ്മെ ചേര്‍ത്തണയ്ക്കുന്ന സ്‌നേഹമായി, ആശ്വാസത്തിന്റെ കുളിര്‍ മഴയായി, നമ്മുടെ തെറ്റുകുറ്റങ്ങള്‍ പൊറുക്കുന്ന കോടതിയായി, നമ്മെ അലട്ടുന്ന ദു:ഖങ്ങള്‍ക്ക് അത്താണിയായി, നമ്മെ വാരിപുണരുന്ന അമ്മയായി നമ്മോടൊപ്പം എന്നും ഉള്ള പരിശുദ്ധ മറിയമാണ് ഈ ലോകത്തിലെ ഏറ്റവും പുണ്യവതിയായ അമ്മ. എത്ര സ്‌നേഹം നമുക്ക് തന്നാലും തീരാത്ത ഉറവ വറ്റാത്ത നീരുറവ. കളങ്കമില്ലാത്ത സ്‌നേഹമയി, ഏതു പ്രതിസന്ധിയിലും കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് ഉലച്ചില്‍ തട്ടാത്ത സ്‌നേഹത്തിന്റെ നിറകുടം.
                   ബൈബിളില്‍ സവിശേഷതകളുള്ള ഒരു പിടി സ്ത്രീരത്‌നങ്ങളുണ്ട് നമുക്ക് എടുത്ത് കാട്ടുവാന്‍. ലോകാരംഭത്തില്‍ ദൈവം ആദത്തിനെ സൃഷ്ടിച്ചു. എന്നിട്ട് അവന്‍ പരിപൂര്‍ണനല്ലെന്നു കണ്ടതിനാല്‍ അവനു തുണയായി ഹവ്വ എന്ന ആദിമാതാവിനെ സൃഷ്ടിച്ചു. ബൈബിളിലെ ഇതിഹാസ കഥാപാത്രമായ അബ്രഹാമിന്റെ ജീവിതം ധന്യമാക്കിയ സാറ എന്ന പുണ്യം. ഇസഹാക്കിന്റെ റബേക്ക, യാക്കോബിന്റെ റാഹേല്‍ തുടങ്ങിയവര്‍ എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയാകുന്ന ഒന്നാണ് മറിയം ദൈവത്തോട് കാണിച്ച വിശ്വസ്തത. കര്‍ത്താവിന്റെ അമ്മയാകാന്‍ തന്റെ വ്യക്തിത്വത്തെ തന്നെ ദൈവത്തിന് മുന്നില്‍ അടിയറവ് പറയാന്‍ മനസു കാണിച്ച ധീരയായ വനിതാരത്‌നം. അവിടെ മറിയം കാണിച്ച അപാരമായ വിശ്വസ്തതയും ധീരതയും അര്‍പ്പണമനോഭാവവും അതിലുപരി താന്‍ ദൈവപുത്രന്റെ അമ്മയാകാന്‍ പോകുന്നുവെന്ന് അറിഞ്ഞ നിമിഷം ഏറെ വിനയാന്വിതയായി പറഞ്ഞ മറുപടിയും മാത്രം മതി പരിശുദ്ധ മറിയത്തിന്റെ മഹനീയത വിളിച്ചോതുവാന്‍. മനുഷ്യവര്‍ഗത്തിന്റെ മുഴുവന്‍ വീണ്ടെടുപ്പിനുവേണ്ടി സ്വന്തം പുത്രനെ സമര്‍പ്പിക്കുക വഴി പരിശുദ്ധ മറിയം രക്തസാക്ഷിയുടെ അമ്മയും, അതിന്റെ കഠിനമായ പീഡാസഹനത്തിനു വിധേയയാകുക വഴി ജീവിക്കുന്ന രക്തസാക്ഷിയുമായി. ഇതിലൂടെയാണ് രക്ഷകന്റെ മാതാവ് സകല പുണ്യവാന്‍മാരുടേയും രാജ്ഞിയായി തീര്‍ന്നത്. കാനായിലെ കല്ല്യാണവീട്ടില്‍ വിരുന്നിനെത്തിയ മറിയം അവിടെ വീഞ്ഞു തീര്‍ന്നപ്പോള്‍ യേശുക്രിസ്തുവിന്റെ അത്ഭുതത്തിനു നാന്ദി കുറിക്കുവാനായി സ്വയം മുന്നോട്ടുവരികയായിരുന്നു. അവന്‍ പറയുന്നത് നിങ്ങള്‍ ചെയ്യുക”എന്ന് മറിയം പറഞ്ഞപ്പോള്‍ അത് ചരിത്രത്തിന്റെ വരാന്‍ പോകുന്ന അത്ഭുതങ്ങളുടെ തുടക്കം കുറിക്കുകയായിരുന്നു. അവിടെ ദൈവത്തിന്റെ വെളിപ്പെടുത്തലുകളുടെ തുടക്കമായിരുന്നു. ഇങ്ങനെ നിരവധിയായ വിവരണങ്ങളിലൂടെ നമുക്ക് പകരം വയ്ക്കാനില്ലാത്ത നാമമാണ് പരിശുദ്ധ മറിയമെന്ന അമ്മ.
                      മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ലോകമെമ്പാടുമുള്ള അമ്മമാരെ സ്‌നേഹിക്കുന്ന മക്കള്‍ ഏറെ ആഘോഷിക്കുന്ന മഹത്തായ ദിവസം. എന്താണ് ഈ ദിവസത്തിന്റെ പ്രത്യേകത? ഈ ആധുനിക കാലഘട്ടത്തില്‍ പ്രത്യേക ദിനങ്ങളുടെ ഒരു പരമ്പര തന്നെയുണ്ട്. എന്നാല്‍ ഇവയില്‍ പലതും പല അവകാശങ്ങളുടെ ദിനങ്ങളാണ്. അവിടെയാണ് ലോക മാതൃദിനത്തിന്റെ പ്രസക്തിയും. അമ്മ എന്നത് എത്ര മഹനീയ പദമാണ്. ലോകത്ത് ഇത്രയും സ്‌നേഹത്തോടെ, കരുതലോടെ മധുരോദാരമായി പറയുവാന്‍ മറ്റൊരു നാമമില്ല. ഓരോ അമ്മയുടെയും നെഞ്ചിലൂറുന്ന സ്‌നേഹം താങ്ങായി, തണലായി, വലിയൊരു ആല്‍മരമായി, കുളിര്‍മഴയായി പെയ്തിറങ്ങുകയാണ്. ഇങ്ങനെയൊരു ദിനത്തിന് ഊടും പാവും നല്‍കി ലോകജനതയ്ക്ക് ആദ്യമായി സമ്മാനിച്ചത് ഗ്രീക്കുകാരാണ്. അവിടെ റിയാ’എന്നറിയപ്പെടുന്ന ഒരു ദേവതയുണ്ടായിരുന്നു. എല്ലാ ദൈവങ്ങളുടേയും അമ്മയായാണ് റിയാ ദേവതയെ കണക്കാക്കിയിരുന്നതും. എല്ലാവര്‍ഷവും വസന്തകാലത്താണ് ഈ ദിവസം ആഘോഷിക്കുന്നത്. ഇതേ തുടര്‍ന്ന് റോമക്കാരും വളരെ പ്രാധാന്യത്തോടെ ഈ ദിനം ആഘോഷിച്ചിരുന്നു.
                   1872ല്‍ അമേരിക്കയില്‍ ജൂലിയവാഡ് എന്ന വനിതയാണ് ബോസ്റ്റണ്‍ നഗരത്തില്‍ എല്ലാ വര്‍ഷവും നടത്തിയിരുന്ന മദേഴ്‌സ് ഡേ’ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നത്. തുടര്‍ന്ന് 1907ല്‍ ഫിലാഡല്‍ഫിയായില്‍ അന്നാ ജാര്‍വിസ് എന്ന വനിത ഈ ദിനാഘോഷത്തിന് വലിയ തോതില്‍ പ്രചാരണം നടത്തിയിരുന്നതായും കാണാം. ക്രമേണ അമേരിക്കന്‍ ജനത ഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുകയും അന്നത്തെ പ്രസിഡന്റിനും മന്ത്രിമാര്‍ക്കും ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് അന്നാജാര്‍വിസ് നിരന്തരം കത്തുകളെഴുതുകയും ചെയ്തതിന്റെ ഫലമായി 1914-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന വുഡ്‌റോ വില്‍സന്‍’ആണ് മദേഴ്‌സ് ഡേ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അന്നു മുതല്‍ മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച അമ്മമാരുടെ ദിനമായി ആഘോഷിക്കുന്നു.
                  ഇംഗ്ലണ്ടില്‍ അമ്മമാരെ ആദരിക്കാനായി മദറിംഗ് സണ്‍ഡേ”വലിയ ആഘോഷപൂര്‍വം നടത്തപ്പെടുന്നു.  ക്രിസ്തുവിന്റെ അമ്മയായ പരിശുദ്ധ മറിയത്തെ ആദരിക്കാനായി തുടങ്ങിയ ഈ ആഘോഷം ലോകത്തുള്ള എല്ലാ അമ്മമാര്‍ക്കുമായി രൂപപ്പെടുകയായിരുന്നു. അന്നേ ദിവസം ദൂരസ്ഥലങ്ങളിലുള്ള മക്കള്‍ അമ്മയോടൊത്ത് വസിക്കുകയും മദറിംഗ് കേക്ക്’എന്ന് വിളിക്കുന്ന വിശേഷപ്പെട്ട കേക്ക് നിര്‍മിച്ച് സന്തോഷം പങ്കിടുകയും സമ്മാനങ്ങള്‍ നല്‍കി സന്തോഷം പങ്കുവയ്ക്കുകയും ചെയ്യുന്നു. ആദ്യകാലത്ത് മദര്‍ ചര്‍ച്ച’എന്ന പേരിലുണ്ടായിരുന്ന ആഘോഷവും പിന്നീട് മദേഴ്‌സ് ഡേ ആയി മാറുകയായിരുന്നു.
                   ഞാന്‍ വായിച്ച ഏറ്റവും വലിയ ഗ്രന്ഥം എന്റെ മാതാവാണെന്നു പറഞ്ഞ മഹാനായ എബ്രഹാം ലിങ്കന്റെയും മാതാവിന്റെ കാല്പാദത്തിനടിയിലാണ് ഏതൊരാളുടെയും സ്വര്‍ഗം എന്നു നമ്മോട് ഓതി തന്ന മുഹമ്മദ് നബിയുടെയും സ്‌നേഹവായ്പുകള്‍ നമ്മെ ഇനിയുമിനിയും അമ്മമാരെ സ്‌നേഹിക്കാനും അറിയാനും ആദരിക്കാനും അതിലുപരി ചേര്‍ത്ത് നിര്‍ത്തുവാനുമുതകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ലോകത്തിലുള്ള എല്ലാ അമ്മമാര്‍ക്കും സ്‌നേഹാശംസകള്‍.

Related Articles

2020ല്‍ ശ്വസിക്കാന്‍ ശുദ്ധവായു തപ്പി നടക്കേണ്ടിവരുമോ?

പൊടിയും പുകയും നിറഞ്ഞ് ശ്വാസംമുട്ടുന്ന ഡല്‍ഹിയുടെ ചിത്രം മലയാളികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. 2019ല്‍ ഡല്‍ഹി നിവാസികള്‍ നിരവധി രോഗപീഢകള്‍ക്കാണ് അടിമപ്പെട്ടത്. ഈ വിപത്ത് സാവധാനം കൊച്ചി

കളക്ടറെ ചെല്ലാനത്ത് തടഞ്ഞു

കടലാക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന് ചെല്ലാനത്ത് മുന്നൂറോളം ഭവനങ്ങളില്‍ കടല്‍ വെള്ളം കയറി. കടല്‍ ആക്രമണം ആരംഭിച്ച് മൂന്നാം ദിവസമായ ഇന്ന് കടപ്പുറം സന്ദര്‍ശിക്കാനെത്തിയ കളക്ടര്‍ മുഹമ്മദ് സഫീറുള്ളയെ ജനങ്ങള്‍

വെള്ളരിക്കാ പട്ടണം

മാര്‍ഷല്‍ ഫ്രാങ്ക് കൊല്ലം ജില്ലയിലെ കിഴക്കന്‍ മലയോരപ്രദേശമായ കുളത്തൂപ്പുഴ കല്ലുവെട്ടാം കുഴി നാലു സെന്റ് കോളനിയിലെ ബാബുക്കുട്ടന്‍ കസ്റ്റഡിയിലാണ്. മദ്യപാനശീലമുള്ള ബാബു ഒരു രാത്രി മിനുങ്ങി വന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*