Breaking News

അയോധ്യയുടെ നീതി ഇന്ത്യയുടെ സമാധാനം

അയോധ്യയുടെ നീതി ഇന്ത്യയുടെ സമാധാനം

യുദ്ധം പാടില്ലാത്ത ഇടം എന്നര്‍ഥമുള്ള അയോധ്യ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും രക്തപങ്കിലമായ വര്‍ഗീയ കലാപങ്ങളുടെയും രാഷ്ട്രീയ ധ്രുവീകരണത്തിന്റെയും കൊടിയടയാളമായി മാറിയെങ്കില്‍, രാഷ്ട്രത്തിന്റെ ചരിത്രഭാഗധേയം മാറ്റികുറിക്കുന്ന നീതിന്യായ രാജ്യതന്ത്രജ്ഞതയുടെ സമാധാനസന്ധിയായി രാമജന്മഭൂമി-ബാബരി മസ്ജിദ് തര്‍ക്കഭൂമിയുടെ ഉടമാവകാശക്കേസിലെ സുപ്രീം കോടതിയുടെ തീര്‍പ്പിനെ ഇന്ത്യന്‍ ജനത ഉള്‍ക്കൊള്ളുന്നത് അദ്ഭുതകരമായ സംയമനത്തോടെയാണ്. എന്തെല്ലാം പ്രകോപനമുണ്ടായാലും പരമോന്നത നീതിപീഠത്തിന്റെ വിധിയെ മാനിക്കാനും നിയമവാഴ്ച ഉറപ്പാക്കാനും ശാന്തിയും സഹിഷ്ണുതയും സഹജാതരോടുള്ള സാഹോദര്യവും സഹവര്‍ത്തിത്വവും നിലനിര്‍ത്താനുമുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ പൊതുസമ്മതി, തള്ളാനും കൊള്ളാനുമാവാത്ത ഭൂരിപക്ഷാധിപത്യത്തിന്റെ സന്നിഗ്ധതയിലും മതനിരപേക്ഷ ജനാധിപത്യത്തോടുള്ള നമ്മുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതാണ്.
മുഗള്‍ ചക്രവര്‍ത്തി സഹീറുദ്ദീന്‍ ബാബറിന്റെ സൈനിക ഗവര്‍ണര്‍ മീര്‍ബാഖി ഫൈസാബാദില്‍ 1528ല്‍ നിര്‍മിച്ച ബാബറി മസ്ജിദിലെ പ്രധാന താഴികക്കുടത്തിനു താഴെ ‘മാലാഖമാര്‍ ഇറങ്ങിവരുന്നിടം’ എന്നു പേര്‍ഷ്യനില്‍ എഴുതിവച്ചിരുന്ന ഖുത്തബിനുള്ള മിംബാറില്‍ 1949 ഡിസംബര്‍ 22ന് രാത്രി അതിക്രമിച്ചു കടന്ന ഒരു സംഘം ആളുകള്‍ ശ്രീരാമവിഗ്രഹപ്രതിഷ്ഠ നടത്തിയതിനെ തുടര്‍ന്ന് പള്ളി അടച്ചുപൂട്ടിയതില്‍ നിന്നാരംഭിച്ച നിയമയുദ്ധത്തിന് 69 വര്‍ഷത്തിനുശേഷം ഒരു പരിസമാപ്തി. വൈഷ്ണവ വിശ്വാസപാരമ്പര്യത്തില്‍ മര്യാദ പുരുഷോത്തമനായ ശ്രീരാമഭഗവാന്റെ ജന്മസ്ഥാനത്ത് മഹാക്ഷേത്രം നിര്‍മിക്കുവാനുള്ള സംഘപരിവാര്‍ പദ്ധതി ബിജെപി രാഷ്ട്രീയ മുന്നേറ്റത്തിന് മുഖ്യ അജന്‍ഡയായി ഏറ്റെടുത്തതിനെ തുടര്‍ന്ന് 1992 ഡിസംബര്‍ ആറിന് വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ് ദളിന്റെയും മറ്റും നേതൃത്വത്തില്‍ ആയിരകണക്കിന് കര്‍സേവകര്‍ ചേര്‍ന്ന് ബാബ്‌റി മസ്ജിദ് തകര്‍ത്തത് ആധുനിക ഇന്ത്യയുടെ ചരിത്രഗതിയെയും പൊതുബോധത്തെയും – ഹിന്ദുത്വരാഷ്ട്രീയവത്കരണത്തിലെ വര്‍ഗീയധ്രൂവീകരണത്തെയും ന്യൂനപക്ഷ അരക്ഷിതാവസ്ഥയേയും – എത്രമേല്‍ സ്വാധീനിച്ചു എന്നതിന്റെ പ്രതിഫലനം കൂടിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ശരത് അരവിന്ദ് ബോബ്‌ഡെ, ധനഞ്ജയ വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏകകണ്ഠമായ വിധി.
464 കൊല്ലം ബാബരി മസ്ജിദ് നിലകൊണ്ട 2.77 ഏക്കര്‍ തര്‍ക്കഭൂമി കേസില്‍ കക്ഷികളായ നിര്‍മോഹി അഖാഡ എന്ന അയോധ്യയിലെ ക്ഷേത്രപരികര്‍മികള്‍ക്കും രാംലല്ല വിരാജ്മാനും (ദേവന്റെ നൈയാമിക അസ്തിത്വം) യുപി സെന്‍ട്രല്‍ സുന്നി വഖഫ് ബോര്‍ഡിനുമായി അലഹബാദ് ഹൈക്കോടതി 2010 സെപ്റ്റംബര്‍ 30ന് പകുത്തുനല്‍കിയെങ്കിലും മൂന്നുകൂട്ടരും അതില്‍ തൃപ്തരാകാതെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയാണുണ്ടായത്. മധ്യസ്ഥ ചര്‍ച്ചകളിലൂടെ വ്യവഹാരം അവസാനിപ്പിക്കുന്നതിന് സുപ്രീം കോടതി മുന്‍ ജഡ്ജി എഫ്.എം. ഖലീഫുള്ള, ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍, മീഡിയേഷന്‍ വിദഗ്ധന്‍ ശ്രീരാം പാഞ്ചു എന്നവരടങ്ങുന്ന പാനലിനെ നിയോഗിച്ചു. ഏറ്റവുമൊടുവില്‍, പേര്‍ഷ്യന്‍, ഉര്‍ദു, പാലി, അറബി, ഗുര്‍മുഖി, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി 16 ഭാഷകളിലായുള്ള 38,147 പേജുകള്‍ വരുന്ന 11,500 രേഖകളെ ആധാരമാക്കി തുടര്‍ച്ചയായി 40 ദിവസം വാദം കേട്ടാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് 1,045 പേജുള്ള വിധിന്യായം പ്രഖ്യാപിച്ചത്.
ഭൂമിയുടെ സവിശേഷമായ ഉടമാവകാശം തെളിയിക്കാനായില്ലെങ്കിലും വിശ്വാസപാരമ്പര്യത്തിനും സാധ്യതകള്‍ക്കും മുന്‍തൂക്കം നല്‍കി രാംലല്ല വിരാജ്മാന് ക്ഷേത്രം പണിയുന്നതിന് തര്‍ക്കഭൂമി പതിച്ചുനല്‍കണമെന്നാണ് വിധി. ഇതിനായി കേന്ദ്ര ഗവണ്‍മെന്റ് മൂന്നു മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണം. ഭൂമി ട്രസ്റ്റിനു കൈമാറണം. ഭൂമിയുടെ ഉടമസ്ഥാവകാശം വിട്ടുകിട്ടാനായി 1950 ജനുവരി തൊട്ട് കോടതിയെ സമീപിച്ച നിര്‍മോഹി അഖാഡയ്ക്ക് ട്രസ്റ്റില്‍ പ്രാതിനിധ്യം നല്‍കണം.
1934ലെ വര്‍ഗീയ കലാപത്തില്‍ പള്ളിയുടെ താഴികക്കുടങ്ങള്‍ക്കു കേടുപാടുവരുത്തിയതും, 1949 ഡിസംബര്‍ 22ന് മസ്ജിദിന്റെ ഗര്‍ഭഗൃഹത്തില്‍ വിഗ്രഹം വച്ച് അശുദ്ധമാക്കിയതും, 1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ത്തതും ഗുരുതരമായ നിയമലംഘനങ്ങളാണെന്നു കോടതി വ്യക്തമാക്കുന്നു. ബാബറി മസ്ജിദ് തകര്‍ത്തതു സംബന്ധിച്ച ക്രിമിനല്‍ കേസില്‍ വിധി പ്രസ്താവിക്കുകയും കുറ്റക്കാരെ ശിക്ഷിക്കുകയും വേണം. പന്ത്രണ്ടാം നൂറ്റാണ്ടിലെ ക്ഷേത്രം തകര്‍ത്തിട്ടാണ് പതിനാറാം നൂറ്റാണ്ടില്‍ ബാബറി മസ്ജിദ് നിര്‍മിച്ചതെന്നതിന് അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ഉത്ഖനനം നടത്തിയ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് തെളിവു ലഭിച്ചില്ല. പള്ളി നിര്‍മിച്ചത് ഒഴിഞ്ഞുകിടന്ന സ്ഥലത്തല്ലെന്നും, അതിനു താഴെ കെട്ടിടാവശിഷ്ടങ്ങളുണ്ടായിരുന്നുവെന്നും മാത്രമാണ് 2003ലെ കണ്ടെത്തല്‍. 13-ാം നൂറ്റാണ്ടു മുതല്‍ 16-ാം നൂറ്റാണ്ടുവരെയുള്ള കാലത്ത് ആരുടെ ഉടമസ്ഥതയിലായിരുന്നു ഭൂമി എന്നു പറയാന്‍ തെളിവൊന്നുമില്ല. 1949 ഡിസംബര്‍ 16ലെ അവസാന ജുമുഅ നമസ്‌കാരം വരെ മസ്ജിദില്‍ മുസ്‌ലിംകള്‍ നമസ്‌കരിച്ചിരുന്നു എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. മുസ്‌ലിംകള്‍ ഒരിക്കലും ഈ പള്ളി ഉപേക്ഷിച്ചുപോയിട്ടില്ല. അതേസമയം, മസ്ജിദിന്റെ നടുമുറ്റത്ത് ഇരുമ്പഴികൊണ്ട് ബ്രിട്ടീഷ് ഭരണാധികാരികള്‍ വേര്‍തിരിച്ച ഭാഗത്ത് രാംഛബൂത്തര എന്ന തടിമണ്ഡപത്തിലും സീതാ രസോയിയിലുമായി ഹൈന്ദവര്‍ പൂജ നടത്തിവന്നതിനും തെളിവുണ്ട്. 1857നു മുന്‍പുള്ള കാലത്തെ പള്ളിയുടെ അകത്തളത്തിന്റെ സവിശേഷ ഉടമാവകാശം സ്ഥാപിച്ചെടുക്കാനുള്ള നിര്‍ണായക തെളിവ് ഹാജരാക്കാന്‍ മുസ്‌ലിം പക്ഷത്തിന് കഴിഞ്ഞില്ല. വിശ്വാസപാരമ്പര്യത്തിന്റെയോ പുരാവസ്തുഗവേഷകരുടെ കണ്ടെത്തലിന്റെയോ അടിസ്ഥാനത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കാനാവില്ലെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്. അതേസമയം രാമജന്മഭൂമിയുടെ അവകാശവാദത്തിന് അനുകൂലമായ വിശ്വാസത്തിന്റെയും ആരാധനയുടെയും പാരമ്പര്യങ്ങളും യാത്രാവിവരണങ്ങളിലെ സ്ഥലപുരാണാഖ്യാനങ്ങളും സാധ്യതകളുടെ മുന്‍തുക്കവുമെല്ലാം പരിഗണിച്ചാണ് തര്‍ക്കഭൂമി ക്ഷേത്രനിര്‍മാണത്തിനു വിട്ടുനല്‍കുന്നത്. തകര്‍ക്കപ്പെട്ട മസ്ജിദിനു പകരം പുതിയ പള്ളി നിര്‍മിക്കുന്നതിന് അയോധ്യയില്‍ അഞ്ച് ഏക്കര്‍ സ്ഥലം അനുവദിക്കാനും സുപ്രീം കോടതി പ്രത്യേക അധികാരം ഉപയോഗിച്ച് ഗവണ്‍മെന്റിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഭൂമിക്കുവേണ്ടിയല്ല, നീതിക്കുവേണ്ടിയാണ് തങ്ങള്‍ പോരാടിയതെന്ന ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി പറയുന്നുണ്ട്. എന്തായാലും ബാബറി മസ്ജിദ് തകര്‍ത്തത് കൊടിയ നിയമലംഘനമായിരുന്നുവെന്ന് സിബിഐ അന്വേഷണത്തിലും ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. മസ്ജിദ് തകര്‍ത്തിന് ആരും ഇതേവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. സിബിഐ ലഖ്‌നൗ പ്രത്യേക കോടതിയില്‍ നടക്കുന്ന ഇതിന്റെ വിചാരണ ത്വരിതപ്പെടുത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന കേസില്‍ വിചാരണ നേരിടുന്നവരില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. മസ്ജിദ് നിപതിക്കുമ്പോള്‍ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ് രാജസ്ഥാനില്‍ പിന്നീട് ഗവര്‍ണറായി. ഗവര്‍ണര്‍ പദവി ഒഴിഞ്ഞതിനുശേഷം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്. 27 വര്‍ഷം മുന്‍പു നടന്ന സംഭവത്തില്‍ 49 പ്രതികള്‍ ഇതിനകം മരിച്ചു. ഏതെങ്കിലും ജനവിഭാഗത്തിന്റെ മതപരവും സാംസ്‌കാരികവുമായ ചരിത്രപൈതൃക പ്രതീകങ്ങള്‍ക്കുനേരെ ഇത്ര ഹീനമായ വര്‍ഗീയ ആക്രമണം ഇനി ഒരിക്കലും ഉണ്ടാകില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അയോധ്യയിലെ നീതിയുടെ ദേശീയ പ്രസക്തി അവിടെയാണ്.
ശ്രീകൃഷ്ണന്റെ ജന്മഭൂമിയായി കരുതുന്ന മഥുരയിലും വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രത്തിനു സമീപത്തും മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചില പുരാതന ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ചരിത്രപരമായ വിവാദങ്ങള്‍ കുത്തിപ്പൊക്കി സമൂഹത്തില്‍ വര്‍ഗീയ ഭിന്നിപ്പിനും അതിക്രമങ്ങള്‍ക്കും തിരികൊളുത്താന്‍ തന്ത്രങ്ങള്‍ മെനയുന്നവര്‍ക്ക് അയോധ്യാ വിധിയുടെ ദുര്‍വ്യാഖ്യാനങ്ങള്‍ പ്രേരണയാകരുത്. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ഒഴികെ ഇന്ത്യയിലെ എല്ലാ ആരാധനാലയങ്ങളുടെയും 1947 ഓഗസ്റ്റ് 15ലെ തല്‍സ്ഥിതി അംഗീകരിക്കണമെന്നാണ് 1991ലെ റിലീജിയസ് പ്ലേസസ് ഓഫ് വേര്‍ഷിപ് ആക്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.
സുപ്രീം കോടതി പരമോന്നതമാണെങ്കിലും തീര്‍ത്തും അന്യൂനമോ കുറ്റമറ്റതോ ആണെന്നു പറയാനാവില്ല എന്ന് മുന്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. വര്‍മ ഓര്‍മിപ്പിക്കുന്നുണ്ട്. സുപ്രീം കോടതിയുടെ വിധിന്യായത്തിലെ പോരായ്മകളും പിഴവുകളും ദൗര്‍ബല്യങ്ങളും ചൂണ്ടിക്കാണിക്കാനും പുനഃപരിശോധനാ ഹര്‍ജിയോ പിഴതീര്‍ക്കല്‍ ഹര്‍ജിയോ സമര്‍പ്പിക്കാനും നീക്കമുണ്ടായേക്കാം. അയോധ്യയില്‍ പള്ളിക്കുവേണ്ടി സര്‍ക്കാര്‍ നല്‍കുന്ന അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിക്കണമോ എന്ന കാര്യത്തിലും സുന്നി വഖഫ് ബോര്‍ഡില്‍ ഭിന്നാഭിപ്രായമുണ്ട്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍, രാജ്യത്തെ മതനിരപേക്ഷതയും നിയമവാഴ്ചയും മുന്‍നിര്‍ത്തിയുള്ള ഒരു ഒത്തുതീര്‍പ്പു ഫോര്‍മുലയുടെ മട്ടിലല്ലാതെ മറ്റൊരു തരത്തിലുള്ള വിധിതീര്‍പ്പ് സാധ്യമായിരുന്നില്ലേ എന്നും ചോദിക്കുന്നവരുണ്ട്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം എന്ന ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പുവാഗ്ദാനം സാക്ഷാത്കരിക്കുന്നതിന് നരേന്ദ്ര മോദി ഭരണത്തിന്റെ രണ്ടാമൂഴത്തില്‍ ആദ്യത്തെ ആറുമാസത്തിനകം രാജ്യത്തെ പരമോന്നത കോടതിയുടെ ഏകകണ്ഠമായ ഉത്തരവിലൂടെ അനുമതി ലഭിക്കുന്നത് മോദിയുടെ വന്‍ രാഷ്ട്രീയ വിജയമായാണ് രാജ്യാന്തര മാധ്യമങ്ങള്‍ വീക്ഷിക്കുന്നത്. ഭൂതകാലത്തെ തിരുത്തിയെഴുതാനാവില്ല എന്ന ചരിത്രപാഠം ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ നീതിബോധത്തോടു പൊരുതാന്‍ പോലും കെല്പില്ലാതെ എതിര്‍വാദം കൂടാതെ കീഴടങ്ങുന്നവരുടെ തോല്‍വിയായി അയോധ്യാ വിധിതീര്‍പ്പിനോടുള്ള സംയമന പ്രതികരണത്തെ ആരും വിലയിരുത്താതിരുന്നാല്‍ മതി. സത്യം, ന്യായം, ധര്‍മം, നീതി എന്നീ മൂല്യങ്ങളില്‍ പ്രത്യാശ നിലനിര്‍ത്തുന്നവരുടെ ആത്മധൈര്യത്തിന്റെ കവചമാണ് ഈ വിവേകവും സമചിത്തതയും.


Tags assigned to this article:
ayodya editorialjacoby

Related Articles

പെട്രോൾ-ഡീസൽ വർദ്ധന KLCA പ്രതിഷേധിച്ചു.

രാജ്യത്ത് കോവിഡ്- 19 മഹാമാരി മൂലം ജനങ്ങൾ ഏറെ സാമ്പത്തീക പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന അവസരത്തിൽ തുടർച്ചയായി പത്താം ദിവസവും പെട്രോൾ ഡീസൽ വില വർധിപ്പിച്ച തിനെതിരെ

രണ്ടു നഗരങ്ങളുടെ കഥ – വീണ്ടും വായിക്കുമ്പോള്‍

തടവുകാരന്‍ ചിന്തിക്കുകയാണ്: ഇതു തന്റെ ജീവിതത്തിലെ അന്ത്യരാവാണ്. അയാള്‍ ഭീതിയോടെ അന്ത്യമണിക്കൂറുകള്‍ എണ്ണുകയാണ്. ഒമ്പത്, പത്ത്, പതിനൊന്ന്……… നേരം പുലരുമ്പോള്‍ 52 ശിരസ്സുകള്‍ അറ്റുവീഴും. അതിലൊന്നു തന്റേതായിരിക്കും.

സ്ത്രീകളോട് വിവേചനം കാണിക്കുന്നത് ഭരണഘടനാവിരുദ്ധം – ഷാജി ജോര്‍ജ്

എറണാകുളം: സ്ത്രീകളോട് വിവേചനം കാണിക്കുകയും അവരെ മുഖ്യധാരയില്‍നിന്നും മാറ്റിനിറുത്തുകയും ചെയ്യുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് പറഞ്ഞു. വരാപ്പുഴ അതിരൂപത കെഎല്‍സിഡബ്ല്യുഎ സംഘടിപ്പിച്ച

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*