Breaking News

അയോധ്യാകാണ്ഡത്തിനുശേഷം

അയോധ്യാകാണ്ഡത്തിനുശേഷം

തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് സ്ഥാനം നല്‍കാതെ അയോധ്യാ കേസിലെ പരമോന്നത കോടതി വിധി പരക്കെ സ്വാഗതം ചെയ്ത രണ്ടു ദിനങ്ങള്‍ക്കുശേഷം മാധ്യമങ്ങള്‍-കുറഞ്ഞത് ദേശീയ മാധ്യമങ്ങളെങ്കിലും- അച്ചടക്കത്തിന്റെ വല്മീകത്തില്‍നിന്ന് പുറത്തുകടന്നിരിക്കുന്നു. കോടതി വിധിയെ ശക്തമായി വിമര്‍ശിക്കാതെ വിധിന്യായത്തിലെ പൊരുത്തമില്ലായ്മയെക്കുറിച്ചാണ് പലരും എഴുതിയിരിക്കുന്നത്. സമകാലീന രാഷ്ട്രീയ സാഹചര്യത്തില്‍ ജുഡീഷ്യറി നിസഹായമായിപ്പോയെന്ന് എഴുത്തുകാര്‍ക്ക് പലര്‍ക്കും തോന്നുന്നുണ്ട്.
ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന വാദം കോടതി അംഗീകരിച്ചിട്ടില്ല. അതിനുള്ള ഒരു തെളിവും കോടതിക്ക് കണ്ടെത്താനായില്ല. ചരിത്രപരമായി പരിശോധിക്കുമ്പോള്‍ ബാബ്‌റി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നം ഭൂമിയുടേതാണ്, വിശ്വാസത്തിന്റേതായിരുന്നില്ല. ഭൂമിയുടെ രേഖകള്‍ പ്രകാരമുള്ള അവകാശി ആരാണ് എന്ന കുഴഞ്ഞുമറിഞ്ഞ പ്രശ്‌നമാണ് കോടതികള്‍ പരിഗണിച്ചത്. നൂറ്റാണ്ടുകളുടെ ക്ലാവും രക്തക്കറയും പടര്‍ന്നുപിടിച്ച താഴികക്കുടങ്ങളുടെ ഭൂതകാലം നിര്‍വചിക്കുക ഒട്ടും എളുപ്പമായിരുന്നില്ല.
തങ്ങളുടെ അവകാശം സ്ഥാപിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ കേസിലെ ഒരു കക്ഷിക്കും കഴിഞ്ഞില്ലെങ്കിലും സുന്നി വഖഫ് ബോര്‍ഡിന് രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കോടതി വിധിയില്‍ പ്രത്യേകം പറഞ്ഞിരിക്കുന്നത്. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമിയുടെ അവകാശം സ്ഥാപിക്കാന്‍ കഴിയില്ലെന്നു പറയുന്ന പരമോന്നത കോടതി, ഇവിടം രാമക്ഷേത്രമായിരുന്നുവെന്ന് ഹൈന്ദവര്‍ കാലങ്ങളായി വിശ്വസിക്കുന്നുവെന്നും ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്ത് അവര്‍ ആരാധനകള്‍ നടത്തിയിരുന്നുവെന്നും നിരീക്ഷിക്കുന്നു. തര്‍ക്കഭൂമി രാമക്ഷേത്രനിര്‍മാണത്തിന് വിട്ടുനല്കാന്‍ ഈ വിശ്വാസകാരണങ്ങളാണ് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
വാദം നടക്കുന്നതിനിടെ കോടതി രാംലല്ലയുടെ അഭിഭാഷകനായ കെ. പരാശരനോടു ചോദിച്ചു: ബാബ്‌റി മസ്ജിദ് നിലനിന്നിരുന്ന പ്രദേശത്താണ് ശ്രീരാമന്‍ ജനിച്ചതെന്നതിന് തെളിവുണ്ടോ? ഒരു വിശ്വാസത്തിന് തെളിവുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയ പരാശരന്‍ വിശ്വാസം തന്നെയാണ് തെളിവെന്ന് വിശദമാക്കി. രാമജന്മഭൂമി ദേവന്റെ തന്നെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഏതെങ്കിലും ദൈവത്തിന്റെ ജന്മസ്ഥലം സംബന്ധിച്ച തര്‍ക്കത്തില്‍ കോടതികള്‍ക്ക് ഇടപെടേണ്ടിവന്നിട്ടുണ്ടോ എന്നായി കോടതിയുടെ തുടര്‍ന്നുള്ള ചോദ്യം. ബത്‌ലഹേമിലാണ് യേശുദേവന്‍ ജനിച്ചതെന്ന കാര്യം ലോകത്തെ ഏതെങ്കിലും കോടതിയില്‍ തര്‍ക്കവിഷയമായി ഉയര്‍ന്നിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു. ഇക്കാര്യം അന്വേഷിച്ച് പറയാമെന്ന് പരാശരന്‍ മറുപടിയും നല്‍കി. അടുത്ത വാദദിവസം പരാശരന്‍ കോടതിക്ക് എന്തെങ്കിലും മറുപടി നല്കിയതായി മാധ്യമങ്ങളില്‍നിന്ന് അറിയാന്‍ കഴിഞ്ഞില്ല. പക്ഷേ പരാശരന്റെ വാദങ്ങള്‍ കോടതി അന്തിമമായി അംഗീകരിക്കുകയായിരുന്നു.
രാമക്ഷേത്രത്തിന് ഭൂമി അനുവദിച്ച സുപ്രീംകോടതി വിധി പരക്കെ അംഗീകരിക്കപ്പെട്ടു എന്നതിനേക്കാള്‍ എല്ലാവരും ദീര്‍ഘനിശ്വാസത്തോടെ, ആശ്വാസത്തോടെ സ്വീകരിച്ചു എന്നു പറയുന്നതാകും ശരി. 1992 ഡിസംബര്‍ ആറും അതിന്റെ അടുത്ത ദിവസങ്ങളും സ്മരണയിലുള്ള ആരും മറ്റൊരു വിധി മനസുകൊണ്ടുപോലും ആഗ്രഹിക്കുകയില്ല. യമുനാനദി നിണംവീണ് ചുവന്ന ആ ദിനങ്ങള്‍ മടങ്ങിവരാന്‍ ആരും ഇഷ്ടപ്പെടില്ല.
പക്ഷേ കോടതി വിധി ഭാവിയിലേക്കുകൂടി വിരല്‍ചൂണ്ടുന്നുണ്ടെന്ന് പലരും ആശങ്കപ്പെടുന്നുണ്ട്. വീണ്ടും ആരാധനാലയങ്ങളുടെ അവകാശത്തര്‍ക്കങ്ങള്‍ ഉയര്‍ന്നുവന്നേക്കാം. അപ്പോള്‍ ആരുടെ വിശ്വാസത്തിനായിരിക്കും കോടതി കൂടുതല്‍ പ്രാമുഖ്യം കല്പിക്കുന്നതെന്നത് ആശങ്കയുടെ അടിസ്ഥാനമാണ്. വ്യക്തികള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ എന്നിവര്‍ ഒരുഭാഗത്തും ആരാധനാലയം മറുഭാഗത്തും വരുന്ന കേസുകളിലെ വിധി ആര്‍ക്കായിരിക്കും അനുകൂലമാകുക? രാമക്ഷേത്രം പണിയുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും മറ്റു ആരാധനാലയങ്ങളുടെ കാര്യത്തില്‍ തര്‍ക്കമില്ലെന്നും പറയുന്നവരെ വിശ്വസിക്കാനുള്ള ഒരു ന്യായീകരണവും അവരുടെ ഭാഗത്തുനിന്ന് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനു തീര്‍പ്പുകല്പിക്കാന്‍ ഈ കോടതിവിധി ഉപയോഗിച്ചേക്കാം. ശബരിമല കേസിലെ വിധിയേയും ബാധിക്കാം.
‘നമ്മള്‍ ഭക്ഷിക്കുന്നത്, ധരിക്കുന്നത്, വിശ്വസിക്കുന്നത് ഇതെല്ലാം നമ്മെ വിഭജിക്കുന്ന കാര്യങ്ങളാണ്. അപ്പോള്‍ നമ്മെ ഒരുമിപ്പിക്കുന്ന സംഗതി എന്താണ്? പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഭരണഘടനാ ധാര്‍മികതയാണ് നമുക്ക് മാര്‍ഗദീപമാകേണ്ടത്.’ തന്റെ മുന്‍ഗാമി ദീപക് മിശ്രയുടെ വിരമിക്കല്‍ ചടങ്ങില്‍ പ്രസംഗിക്കുമ്പോള്‍ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞതാണിത്. ചടങ്ങില്‍ ദീപക് മിശ്ര എഴുതിയ ഭൂരിഭാഗം വിധികളും ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പ്രശംസിക്കാനും രഞ്ജന്‍ ഗൊഗോയ് മറന്നില്ല. പക്ഷേ ശബരിമല വിധി അക്കൂട്ടത്തിലുണ്ടായിരുന്നില്ല.
ദീപക് മിശ്രയുടെ കീഴില്‍ ജനാധിപത്യം അപകടത്തിലായെന്ന് വിളിച്ചുപറഞ്ഞയാളാണ് രഞ്ജന്‍ ഗൊഗൊയ്. ദീപക് മിശ്ര തന്റെ ജുഡീഷ്യറി ദിനങ്ങളുടെ അവസാനത്തിലാണ് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ യുവതികള്‍ക്ക് അവകാശമുണ്ടെന്ന വിധി പ്രസ്താവിച്ചത്. വിധിക്കെതിരായ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ വിധി സ്‌റ്റേ ചെയ്യില്ലെന്ന് രഞ്ജന്‍ ഗൊഗൊയ് പല തവണ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. പക്ഷേ അതെല്ലാം അയോധ്യാകാണ്ഡത്തിന് മുമ്പായിരുന്നു.
വാല്‍ക്കഷണം: യേശുവിന്റെ ശിഷ്യനായ വിശുദ്ധ തോമസ് കേരളത്തില്‍ വന്നിരുന്നു എന്ന് എല്ലാ ക്രൈസ്തവ വിഭാഗങ്ങളും വിശ്വസിക്കുന്നുണ്ട്. ലത്തീന്‍ കത്തോലിക്കര്‍ കൊടുങ്ങല്ലൂരിനു സമീപത്തുള്ള മാല്യങ്കരയിലാണ് തോമസ് കാലുകുത്തിയതെന്ന് പറയുമ്പോള്‍ സീറോ മലബാര്‍ വിഭാഗക്കാര്‍ അല്പംമാറി അഴീക്കോടാണ് വിശുദ്ധ തോമസ് എത്തിയതെന്നു പറയുന്നു. ജോണ്‍ ഓച്ചന്തുരുത്തിനെയും എംജിഎസ് നാരായണനെയുംപോലുള്ള ചില ചരിത്രകാരന്മാരും ഗവേഷകരും തോമസ് കേരളത്തിലെത്തിയിട്ടേയില്ല എന്നും വാദിക്കുന്നു. കോടതിക്കു മുന്നില്‍ എപ്പോഴെങ്കിലും ഏതെങ്കിലും സാഹചര്യത്തില്‍ ഈ പ്രശ്‌നം വരികയാണെങ്കില്‍ കോടതിയുടെ വിധി എപ്രകാരമായിരിക്കുമെന്ന് ഇപ്പോഴത്തെ അയോധ്യാ കേസ് വിധിയുടെ അടിസ്ഥാനത്തില്‍ ഒരു തീര്‍പ്പിലെത്താനാകുമോ? എവിടെയാണോ വിശ്വാസത്തിന്റെ പ്രകടനപരത അധികമുള്ളത് ആ ഭാഗത്തേക്ക് നീതിയുടെ തുലാസ് താഴാന്‍ സാധ്യതയേറെയാണെന്നാണ് തോന്നുന്നത്.


Related Articles

ആംഗ്ലോ ഇന്ത്യരുടെ അവസ്ഥയെക്കുറിച്ചു പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കണം – ഹൈബി ഈഡന്‍ എംപി

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്ക് രണ്ട് ആംഗ്ലോ ഇന്ത്യന്‍ എംപിമാരെയും സംസ്ഥാന നിയമസഭകളിലേക്ക് ഓരോ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെയും നോമിനേറ്റ് ചെയ്യാനുള്ള ഭരണഘടനാ വ്യവസ്ഥ നിര്‍ത്തലാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനം

വനിതാദിനത്തിൽ  100 വയസ്സുള്ള അന്തോണിയമ്മയെ ആദരിച്ചു

കൊല്ലം:  ക്യു.എസ്.എസ്.എസ്. ഡയറക്ടര്‍ ഫാ.അല്‍ഫോണ്‍സ്.എസിന്റെ അദ്ധ്യക്ഷതയില്‍ അന്തര്‍ദേശീയ വനിതാദിനം ക്യു.എസ്.എസ്.എസ് ഹാളില്‍ വച്ച് ആചരിച്ചു. ഡയറക്ടര്‍ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ ലൈബ്രറി കൗണ്‍സില്‍ മെമ്പറായ ശ്രീമതി

ഗെയിം കോഴ്‌സുകള്‍ക്ക് സാധ്യതയേറുന്നു

  ഗെയിം വ്യവസായ മേഖല ലോകത്താകമാനം വന്‍വളര്‍ച്ചയുടെ പാതയിലാണ്. ലോകത്ത് മൂന്നു ബില്ല്യന്‍ മൊബൈല്‍ ഉപഭോക്താക്കളുണ്ട്. അവയെല്ലാം സ്മാര്‍ട്ട് ഫോണുകളുമാണ്. ഓരോ വ്യക്തിയും കുറഞ്ഞത് അഞ്ചു മൊബൈല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*