അരങ്ങിന്റെ ജീവിതപാഠങ്ങള്‍

അരങ്ങിന്റെ ജീവിതപാഠങ്ങള്‍

കാണികള്‍ക്കിടയില്‍ നിന്നുമുയരുന്ന ആരവങ്ങള്‍, പ്രതികരണങ്ങള്‍, നിശബ്ദതകള്‍. അരങ്ങില്‍ നിന്നും നോക്കുമ്പോഴത് ജീവിതത്തിന്റെ പരിച്ഛേദം. നാടകത്തട്ടിലെ ആ ജീവിതക്കാഴ്ചകളാണ് പൗളി വത്സനെന്ന കലാകാരിയെ വളര്‍ത്തി വലുതാക്കിയത്. പതിനൊന്നാം വയസിലാണ് അരങ്ങേറ്റം. 17 വയസുള്ളപ്പോള്‍ പ്രൊഫഷണല്‍ നാടകരംഗത്തെത്തി. നാലു പതിറ്റാണ്ടിലധികമായി ആസ്വാദകരെ ചിരിപ്പിച്ചും, കരയിച്ചും, ചിന്തിപ്പിച്ചും പൗളി നാടകവണ്ടികളില്‍ കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കുന്നു. ഇരുപതിനായിരത്തിലധികം സ്റ്റേജുകളില്‍ സ്ത്രീയുടെ വിവിധ ഭാവങ്ങളില്‍ അവര്‍ നിറഞ്ഞാടി. മത്സ്യത്തൊഴിലാളിയായിരുന്ന ജോണിയുടെ മൂത്തമകള്‍ അപ്പച്ചന് ജീവിതയാത്രയില്‍ ഒരു കൈത്താങ്ങായാണ് നാടകത്തെ ആദ്യം കണ്ടത്. പിന്നീടത് സിരകളില്‍ ലഹരിയായി പടര്‍ന്നു കയറി. തന്റെ കുടുംബത്തെ പട്ടിണി കിടക്കാതെ പോറ്റി, സഹോദരങ്ങളെ കരപറ്റിച്ചു.
42 വര്‍ഷം നാടകത്തിലും 5 വര്‍ഷമായി സിനിമയിലും അഭിനയിക്കുന്നുണ്ടെങ്കിലും പണിതീരാത്ത വീട്ടിലാണ് പൗളിയും കുടുംബവും താമസിക്കുന്നത്. ചുറ്റും ചതുപ്പുനിലമാണ്. വീട്ടിലേക്കെത്താന്‍ ഒരു നടവഴി മാത്രം.

? നാടകം ജീവിതത്തിന്റെ ഭാഗമായെന്ന് മനസിലായത് എപ്പോഴാണ്.

-ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്‌കൂളിലെ അദ്ധ്യാപികയുടെ നിര്‍ബന്ധ പ്രകാരം നാടകത്തിലഭിനയിക്കുന്നത്. ഒരു നാടകത്തില്‍ കൂടി ബാലനടിയായി അഭിനയിച്ചു. വീട്ടില്‍ അപ്പച്ചനും അമ്മച്ചിക്കും താല്‍പര്യമില്ലാതിരുന്നതിനാല്‍ പിന്നീട് പോയില്ല. പതിനേഴു വയസുള്ളപ്പോഴാണ് പിന്നീട് ഒരു നാടകത്തില്‍ അഭിനയിക്കുന്നത്. കര്‍ത്തേടം യുആര്‍സി ക്ലബ്ബ് എന്ന ഒരു സംഘടന നടത്തിയ നാടകമത്സരത്തിലായിരുന്നു അത്. പി. ജെ ആന്റണിയുടെ കല്യാണച്ചിട്ടി എന്ന നാടകമാണു കളിച്ചത്. ജോണ്‍ മാഷായിരുന്നു സംവിധാനം. എനിക്കതില്‍ മികച്ച നടിക്കുള്ള സമ്മാനവും കിട്ടി. ശില്പശാല ഞാറക്കലിന്റെ മൃത്യു എന്ന നാടകമായിരുന്നു അടുത്തത്. ആലപ്പി അഷ്‌റഫാണ് അതു സംവിധാനം ചെയ്തത്. 27 മത്സരങ്ങളില്‍ മൃത്യു കളിച്ചു. എല്ലാ സ്ഥലത്തും മികച്ച നടിക്കുള്ള സമ്മാനം എനിക്കാണ് ലഭിച്ചത്. ഒരു നാടക നടിയായി ഞാന്‍ അതോടെ അറിയപ്പെടാന്‍ തുടങ്ങി. വീട്ടില്‍ നിന്നുള്ള എതിര്‍പ്പ് ശക്തമായിരുന്നു. ബന്ധുവീടുകളില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഞാന്‍ റിഹേഴ്‌സലിനും നാടകത്തിനുമൊക്കെ പോകാറ്. ഒരു സ്ഥലത്ത് നാടകം കാണാനെത്തിയ അപ്പച്ചന്‍ നാടകത്തിലഭിനയിക്കുകയായിരുന്ന എന്നെ കണ്ട് ഞെട്ടി. അതോടെ നാടകം കളി അവസാനിപ്പിക്കുവാന്‍ അന്ത്യശാസനം ലഭിച്ചു.

? വീട്ടുകാരെ ധിക്കരിച്ച് വീണ്ടും നാടകത്തിനു പോയി.

-രണ്ടു കാര്യങ്ങളാണ് നാടകത്തില്‍ ഉറച്ചുനില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഒന്ന് വീട്ടിലെ സാമ്പത്തിക സ്ഥിതി. അപ്പച്ചന്‍ മത്സ്യത്തൊഴിലാളിയായിരുന്നു. എനിക്കു താഴെ ഏഴു പേരുണ്ട്. അഞ്ചാണും രണ്ടു പെണ്ണും. പണിയെടുത്ത് അപ്പച്ചന്‍ തളര്‍ന്നു തുടങ്ങിയിരുന്നു. എന്താകും അവരുടെ ഭാവി എന്ന് അപ്പച്ചനെയും അപ്പച്ചിയെയും പോലെ തന്നെ ചിന്തിക്കാനുള്ള പ്രായം എനിക്കായി. നാടകത്തില്‍ നിന്ന് തരക്കേടില്ലാത്ത വരുമാനം ലഭിക്കും. രണ്ടാമത്തെ കാര്യം, നാടകം അപ്പോഴേക്കും എന്റെ അസ്ഥിക്ക് പിടിച്ചുകഴിഞ്ഞിരുന്നു. ഞാന്‍ മറ്റൊരാളായി മാറി സ്റ്റേജില്‍ നിന്ന് ഡയലോഗ് പറയുമ്പോള്‍ കാണികളില്‍ നിന്നുള്ള പ്രതികരണം മറക്കാന്‍ കഴിയാത്തതാണ്. അതൊരു ലഹരി പോലെ വളര്‍ന്നു. നാടകം കളിക്കാന്‍ പോകണമെന്നു പറഞ്ഞ് നിരാഹാര സത്യഗ്രഹം വരെ ചെയ്തു. അപ്പച്ചന്‍ പിന്നെ കാര്യമായി എതിര്‍ത്തില്ല. എന്നെ സൂക്ഷിക്കാന്‍ എനിക്കു കഴിയുമെന്ന വിശ്വാസവും അപ്പച്ചനുണ്ടായിരുന്നു.

? അഭിനയപാഠങ്ങള്‍ എങ്ങനെ സ്വായത്തമാക്കി.

-19 വയസുള്ളപ്പോഴാണ് പി. ജെ ആന്റണിയുടെ പിജെ തിയറ്റേഴ്‌സിലെത്തുന്നത്. അഭിനയത്തിന്റെയും സംവിധാനത്തിന്റെയും അവസാനവാക്കാണല്ലോ ആന്റണിച്ചേട്ടന്‍. അന്ന് അദ്ദേഹത്തിന്റെ നാടകത്തിലഭിനയിച്ചിരുന്നവരില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പോലുമുണ്ടായിരുന്നു. ആന്റണിച്ചേട്ടന്‍ അവരെയെല്ലാം വിറപ്പിക്കും. ബോര്‍ഡില്‍ ഡയലോഗെല്ലാം എഴുതിയിട്ടാണ് ആന്റണിച്ചേട്ടന്‍ പഠിപ്പിക്കുക. അദ്ദേഹം ഡയലോഗ് പറഞ്ഞു തരുമ്പോഴും അഭിനയിക്കേണ്ട രീതി പറയുമ്പോഴും ഞാനത് സൂക്ഷ്മതയോടെ മനസിലാക്കാന്‍ ശ്രമിച്ചു. ആ നാടക റിഹേഴ്‌സല്‍ ക്യാമ്പുകള്‍ എനിക്കു നല്ലൊരു കളരിയായി മാറി. ഒരിക്കല്‍ പോലും ആന്റണിച്ചേട്ടന്റെ വഴക്കു കേള്‍ക്കാന്‍ ഇടവന്നില്ല.

? തിലകനും രാജന്‍ പി. ദേവുമൊത്തും അഭിനയിച്ചിട്ടുണ്ടല്ലോ.

-അഭിനയത്തിന്റെ വ്യത്യസ്ത മുഖങ്ങളായിരുന്നു ഇരുവരും. ശബ്ദനിയന്ത്രണം അപാരമായിരുന്നു. സ്റ്റേജിലെ അവരുടെ ചലനങ്ങളും കണ്ടു പഠിക്കേണ്ടതാണ്. രണ്ടു പേരും കര്‍ക്കശക്കാരായിരുന്നു. പിജെ തിയറ്റേഴ്‌സില്‍ കളിക്കുമ്പോഴാണ് തിലകന്‍ ചേട്ടനുമൊത്ത് അഭിനയം ആരംഭിക്കുന്നത്. 5 വര്‍ഷം തിലകന്‍ ചേട്ടനുമൊത്ത് പിജെ തിയറ്റേഴ്‌സിലുണ്ടായിരുന്നു. ഫണ്ടമന്റല്‍, നീലക്കടല്‍, കാളരാത്രി, പാപികള്‍, പെണ്ണോ പണമോ തുടങ്ങിയ നാടകങ്ങളാണ് കളിച്ചത്. പിന്നെ ആന്റണിച്ചേട്ടന്റെ സോഷ്യലിസം നാടകം കലാശാല ബാബു ചെയ്തപ്പോള്‍ ഞാനും തിലകന്‍ ചേട്ടനും അതിലുമുണ്ടായിരുന്നു. ഈ നാടകത്തില്‍ തിലകന്‍ ചേട്ടന്റെ ഭാര്യ സരോജവും മകന്‍ ഷമ്മി തിലകനും അഭിനയിച്ചിരുന്നു. 19 വയസുള്ള ഞാന്‍ 70 വയസുകാരിയായി വേഷമിട്ടു. ആന്‍ണിച്ചേട്ടനും തിലകന്‍ ചേട്ടനും രാജന്‍ചേട്ടനുമൊക്കെ എന്നെ മനസിലാക്കി അഭിനന്ദിച്ചിട്ടുള്ളവരാണ്. അവരുദ്ദേശിക്കുന്ന റേഞ്ചില്‍ എനിക്കു കളിക്കാന്‍ സാധിച്ചത് ദൈവാനുഗ്രഹമായിരുന്നു. നാടകത്തില്‍ എന്റെ ഉയര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അവരോടൊപ്പമൊക്കെ ആ ചെറുപ്രായത്തില്‍ അഭിനയിക്കാന്‍ സാധിച്ചതുകൊണ്ടാണ്. എല്ലാവരും എന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

? മറ്റു നിരവധി ട്രൂപ്പുകളിലും ഉണ്ടായിരുന്നു.

-കലാശാലക്കു ശേഷം ചങ്ങനാശേരി ഗീഥയിലായിരുന്നു. പിന്നെ ആലംമൂടന്‍ ചേട്ടന്റെ അനശ്വരയില്‍ രണ്ടു വര്‍ഷം. അതിനുശേഷമാണ് രാജന്‍ പി. ദേവിന്റെ ചേര്‍ത്തല ജൂബിലിയിലെത്തുന്നത്. സേവ്യര്‍ പുല്‍പ്പാട്ടിന്റെ ആലുവ മൈത്രി, കുയിലന്‍ ചേട്ടന്റെ കൊച്ചിന്‍ നാടക നിലയം, തൃപ്രയാറിലെയും കൊടുങ്ങല്ലൂരിലെയും, തൃശൂരിലെയും ചില നാടക സമിതികള്‍ തുടങ്ങിയവയിലെല്ലാം കളിച്ചു.

? ഒരു പ്രമുഖ നാടകനടിയായി പ്രശസ്തയായത് ജൂബിലിയിലെ അച്ചാമ്മക്കുട്ടിയുടെ അച്ചായനിലൂടെയാണല്ലോ.

-ജൂബിലിയില്‍ 5 വര്‍ഷം ഉണ്ടായിരുന്നു. ബെന്നി പി. നായരമ്പലം-രാജന്‍ പി.ദേവ് കൂട്ടുകെട്ടില്‍ കേരളത്തിലെ പ്രഫഷണലായി ഏറ്റവും ഹിറ്റായ നാടകങ്ങളില്‍ ചിലതുണ്ടായത് അക്കാലത്താണ്. അച്ഛന്‍ അവിട്ടം നക്ഷത്രം, അമ്മക്കിനാവ്, അന്തപ്പന്‍ പൊലീസ് 54 വയസ്, അമ്മിണി ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവ. കോമഡി ഞാന്‍ നന്നായി ആസ്വദിച്ച് ചെയ്തത് ഈ നാടകങ്ങളിലാണ്. രാജന്‍ചേട്ടന്‍ നല്ല കോമഡി സെന്‍സുള്ള ആര്‍ട്ടിസ്റ്റാണ്. അതനുസരിച്ചുള്ള കഥകള്‍ ബെന്നിയും ഉണ്ടാക്കും. അച്ചാമ്മക്കുട്ടിയുടെ അച്ചായനായിരുന്നു ഇതില്‍ ഏറ്റവും വിജയിച്ച നാടകം. പറന്നുകളിക്കണമെന്നാണ് രാജന്‍ചേട്ടന്‍ പറഞ്ഞിരുന്നത്. ഒരു ദിവസം മൂന്നും നാലും കളികള്‍ വരെ ഉണ്ടായിട്ടുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. പക്ഷേ സത്യമാണ്. ആ ദിവസങ്ങളില്‍ ഒരു രാത്രിയെങ്കിലും നന്നായി ഉറങ്ങണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. നിരവധി അവാര്‍ഡുകളും ആ നാടകത്തിന് ലഭിച്ചു. സംസ്ഥാന അവാര്‍ഡിന് എന്നെ പരിഗണിച്ചിരുന്നെങ്കിലും കോമഡികൂടിപ്പോയെന്നു പറഞ്ഞ് ഒഴിവാക്കുകയായിരുന്നുവെന്ന് അറിഞ്ഞിട്ടുണ്ട്.

? മിക്കവാറും നാടകങ്ങളില്‍ തീരദേശഭാഷയായിരുന്നുവല്ലോ ഉപയോഗിച്ചത്.

-അതു ശരിയാണ്. എനിക്കു പരിചയമുള്ള ഭാഷ നന്നായി ഉപയോഗിക്കാന്‍ പറ്റി. തൃശൂര്‍ ഭാഷയും കോട്ടയം ഭാഷയുമൊക്കെ ചില നാടകങ്ങളില്‍ പറഞ്ഞിട്ടുണ്ടെങ്കിലും തീരദേശത്തെ ഭാഷയും സംഭാഷണങ്ങളുമുള്ള കഥാപാത്രങ്ങളെയാണ് കൂടുതലും ലഭിച്ചിട്ടുള്ളത്.

? മമ്മൂട്ടിയുമൊത്ത് നാടകത്തില്‍ അഭിനയിച്ചുവല്ലോ. പിന്നീട് സിനിമയിലും.

-1975ലാണ് മമ്മൂക്കയുമൊത്ത് നാടകത്തില്‍ അഭിനയിക്കുന്നത്. പിന്നെ വളരെക്കാലം കഴിഞ്ഞ് ഞാന്‍ ആദ്യം മുഖം കാണിച്ച അണ്ണന്‍ തമ്പി എന്ന സിനിമയില്‍ അദ്ദേഹമായിരുന്നു നായകന്‍. ഒരു ആംബുലന്‍സില്‍ നിന്ന് ഞാനുറക്കെ നിലവിളിക്കുന്ന ഒരു രംഗമായിരുന്നു എനിക്കാകെ ആ സിനിമയില്‍ ഉണ്ടായിരുന്നത്. ടേക്ക് എടുക്കുന്ന സമയത്ത് മമ്മൂക്കയും സിദ്ദിക്കുമൊക്കെ കുറേമാറി ഇരിക്കുന്നുണ്ട്. എന്റെ ശബ്ദം കേട്ടപ്പോള്‍ മമ്മൂക്ക പറഞ്ഞു: ”അതൊരു പ്രൊഫഷണല്‍ നടിയാണല്ലോ” എന്ന്. എന്നെ വിളിപ്പിച്ചു. തിരിച്ചറിഞ്ഞപ്പോള്‍ എന്താണ് പരിചയം പുതുക്കാന്‍ വരാതിരുന്നതെന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു, ”എനിക്ക് പ്രായമായി, മമ്മൂക്ക ഇപ്പോഴും പഴയതുപോലെ ചുള്ളന്‍ചെക്കനായി ഇരിക്കുന്നു”. സെറ്റിലെ എല്ലാവരും പൊട്ടിച്ചിരിച്ചു. അവാര്‍ഡിന്റെ വിവരമറിഞ്ഞപ്പോള്‍ ആദ്യം വിളിച്ച് അഭിനന്ദിച്ചതും അദ്ദേഹമാണ്.

? പ്രൊഫഷണല്‍ നാടകരംഗം പലരെയും, പ്രത്യേകിച്ച് നടിമാരെ കണ്ണീരു കുടിപ്പിച്ചിട്ടുണ്ട്.

-ഞാന്‍ അഭിനയിക്കാന്‍ തുടങ്ങുന്ന കാലത്ത് നാടകത്തെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നില്ല. നാടകം കാണുന്നതൊക്കെ എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും നടീനടന്മാരെപ്പറ്റിയൊന്നും വലിയ മതിപ്പൊന്നുമില്ല. വീട്ടിലെ എതിര്‍പ്പ് ഞാന്‍ പറഞ്ഞുവല്ലൊ. രാത്രി വൈകി നാടകം കഴിഞ്ഞൊക്കെ വരേണ്ട
തുണ്ട്. വളപ്പ് സെന്ററില്‍ നിന്ന് വീടുവരെ എത്തണം. പക്ഷേ നാട്ടു
കാരൊക്കെ നല്ല സഹകരണമാ
യിരുന്നു. ആരും ഒരു എതിര്‍പ്പും പറഞ്ഞില്ല. എന്റെ അഭിനയമൊക്കെ എല്ലാവര്‍ക്കും ഇഷ്ടവുമായിരുന്നു. നാടകം കൊണ്ട് എനിക്ക് നേട്ടങ്ങളേ ഉണ്ടായിട്ടുള്ളു.
നാടകമില്ലാത്ത ഒരവസ്ഥ ഓര്‍ക്കാനേ കഴിയുന്നില്ല. നാടകം കൊണ്ട് എന്റെയും ഭര്‍ത്താവിന്റെയും കുടുംബങ്ങളെ പോറ്റി. സഹോദരങ്ങളെ കരയ്ക്കടുപ്പിച്ചു. സമ്പാദ്യമൊന്നുമില്ലെങ്കിലും ആരും പട്ടിണി കിടന്നിട്ടില്ല. നാടകരംഗത്തും എന്നോടാരും മോശമായി പെരുമാറിയിട്ടില്ല. ചെറുപ്രായത്തിലെ വലിയ നടന്മാരോടും സംവിധായകരോടുമൊത്ത് സഹകരിക്കുവാന്‍ പറ്റിയതുകൊണ്ട് എന്നേയും മിക്കവാറും എല്ലാവരും ഒരു സീനിയറായി കണ്ടു. അതു വലിയ സഹായമായിരുന്നു. അവിടെ നിന്നു ലഭിച്ച ഊര്‍ജം എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുന്നതിനു സഹായിച്ചിട്ടുണ്ട്.

? സിനിമയിലേക്കെത്തിയത് എങ്ങനെയാണ്.

-നാടകാഭിനയത്തിനിടയില്‍ ധാരാളം ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമകളിലേക്ക് ചില ക്ഷണമൊക്കെ വന്നിരുന്നു. ചെറിയ റോളുകളായിരുന്നു. നാടകം ഉപേക്ഷിച്ച് അതിനു പിറകേ പോകാന്‍ പറ്റുന്ന സാഹചര്യമല്ലായിരുന്നു. നാടകം ചോറാണ്. അതു മുടങ്ങുന്നത് ഓര്‍ക്കാന്‍ കഴിയില്ല. ഒരു ദിവസം നാടകം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ഞങ്ങളുടെ നാട്ടുകാരനായ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഡിക്‌സണ്‍ പൊടുത്താസ് വിളിച്ചു. ഒരു സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സുണ്ടെന്നു പറഞ്ഞാണ് വിളിച്ചത്. എന്റെ താല്‍പര്യക്കുറവ് ഞാന്‍ പറഞ്ഞു. അപ്പോള്‍ ഡിക്‌സന്റെ കൂടെയുണ്ടായിരുന്ന ബെന്നി പി. നായരമ്പലം ഫോണ്‍ വാങ്ങിയിട്ട് ഷൂട്ടിംഗിനു വരാന്‍ നിര്‍ബന്ധിച്ചു. ഞാനും ബെന്നിയും തമ്മില്‍ ദീര്‍ഘകാലത്തെ പരിചയമുണ്ട്. എന്റെ ഹിറ്റായ പല നാടകങ്ങളും എഴുതിയത് ബെന്നിയാണ്. അതുകൊണ്ടു തന്നെ ബെന്നിയെ തള്ളാന്‍ കഴിയുമായിരുന്നില്ല. മമ്മൂക്ക ഇരട്ട വേഷത്തില്‍ അഭിനയിച്ച അണ്ണന്‍ തമ്പിയില്‍ വേഷമിടുന്നത് അങ്ങനെയാണ്. ഒറ്റ രംഗത്തിലേ ഉള്ളുവെങ്കിലും ആ വേഷം ശ്രദ്ധിക്കപ്പെട്ടു. ബ്യൂട്ടിഫുള്‍ ആയിരുന്നു രണ്ടാമത്തെ സിനിമ. ചെറിയ വേഷമായിരുന്നുവെങ്കിലും മാതാവിന്റെ കൃപ കൊണ്ട് അതും ഭംഗിയാക്കാനായി. അന്നയും റസൂലും, അഞ്ചു സുന്ദരികള്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. അഞ്ചു സുന്ദരികളിലെ അമല്‍ നീരദ് സംവിധാനം ചെയ്ത ഒരു കുള്ളന്റെ കഥയില്‍ ദുല്‍ഖര്‍ സല്‍മാനും ഞാനും മാത്രമായിരുന്നു കഥാപാത്രങ്ങള്‍. ആ ചിത്രത്തോടെയാണ് കുറച്ചുകൂടി വലിയ കഥാപാത്രങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. മംഗ്ലീഷ്, കട്ടപ്പനയിലെ ഋതിക്‌റോഷന്‍, ഗപ്പി, ലീല തുടങ്ങിയ ചിത്രങ്ങളില്‍ നല്ല വേഷങ്ങളായിരുന്നു. ഈമയൗ, ഒറ്റമുറി വെളിച്ചം എന്നീ ചിത്രങ്ങളിലെ വേഷത്തിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഫ്രഞ്ച് വിപ്ലവം, ഇസഹാക്കിന്റെ ഇതിഹാസങ്ങള്‍ എന്നീ രണ്ടു സിനിമകളില്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. ബെന്നി സിനിമയിലേക്കു ക്ഷണിച്ചതില്‍ പിന്നെ നാടകത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല.

? നാടകം ഉപേക്ഷിക്കുകയാണോ.

-ഒരിക്കലുമില്ല. നേരത്തെ പറഞ്ഞതു പോലെ എനിക്കും കുടുംബത്തിനും ചോറു തന്നത് നാടകമാണ്. വന്ന വഴി ഒരിക്കലും മറക്കില്ല. ഇപ്പോള്‍ സിനിമയുടെ കുറച്ച് തിരക്ക് കൂടിയിട്ടുണ്ട്. അതുകൊണ്ട് വിട്ടുനില്‍ക്കേണ്ടി വന്നുവെന്നു മാത്രം. ഒരു തെരുവുനാടകത്തിനു വിളിച്ചാല്‍ പോലും പോകാന്‍ ഞാനിപ്പോഴും ഒരുക്കമാണ്.

? ജീവിതപങ്കാളിയെ തിരഞ്ഞെടുത്തതും നാടകരംഗത്തു നിന്നാണല്ലോ.

-ഞാനും വത്സന്‍ ചേട്ടനും ചെറുപ്പത്തിലേ പരിചയമുള്ളവരാണ്. ഒരുമിച്ചു കളിച്ചു വളര്‍ന്നവരെന്നും പറയാം. മുതിര്‍ന്നപ്പോള്‍ പരസ്പരം സ്‌നേഹിച്ചു. അദ്ദേഹവും നാടകകലാകാരനാണ്. നിരവധി നാടകങ്ങള്‍ക്ക് പാട്ടെഴുതിയിട്ടുണ്ട്. നാടകം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെങ്കിലും നാടകത്തിലൂടെയല്ല പരിചയപ്പെട്ടതെന്നു പറയുകയായിരുന്നു.

? തിരക്കിനിടയിലും ആത്മീയകാര്യങ്ങളില്‍ ഉപേക്ഷയില്ല.

-ഓച്ചന്തുരുത്ത് നിത്യസഹായ മാതാവിന്റെ പള്ളിയാണ് ഇടവക പള്ളി. മാതാവിന്റെ അനുഗ്രഹം എന്നും എന്റെ കൂടെയുണ്ടായിരുന്നു. ഏതു വിഷമസന്ധിയിലും മാതാവ് എനിക്കു കൂട്ടായി. നാടകത്തിനും സിനിമയ്ക്കുമെല്ലാം പോകുമ്പോഴും പ്രാര്‍ത്ഥിക്കുവാന്‍ സമയം കണ്ടെത്തും. സമീപത്ത് പള്ളികളുണ്ടെങ്കില്‍ അവിടെ പോയി പ്രാര്‍ത്ഥിക്കും, കുര്‍ബാനയില്‍ പങ്കുകൊള്ളും. അവാര്‍ഡ് വിവരമറിഞ്ഞപ്പോള്‍ അഭിവന്ദ്യപിതാക്കന്മാരും, അച്ചന്മാരും കന്യാസ്ത്രീകളുമൊക്കെ വിളിച്ച് അഭിനന്ദിച്ചു. വികാരി ഫാ. സെബാസ്റ്റ്യന്‍ കറുകപ്പിള്ളിയെ പിറ്റേദിവസം തന്നെ ചെന്നുകണ്ടിരുന്നു. അവരുടെയെല്ലാം പ്രാര്‍ത്ഥനയും അനുഗ്രഹവുമാണ് എന്നെ മുന്നോട്ടു നയിക്കുന്നതെന്ന ഉത്തമബോദ്ധ്യമുണ്ട്.
പൗളി-വത്സന്‍ ദമ്പതികള്‍ക്ക് രണ്ടുമക്കള്‍-യേശുദാസും, ആദര്‍ശും. യേശുദാസ് സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ആദര്‍ശ് ഗായകനാണ്

അഭിമുഖം/ബിജോ സില്‍വേരി


Related Articles

മനുഷ്യസ്നേഹിയായ മത്സ്യത്തൊഴിലാളി നേതാവ് എ. ആന്‍ഡ്രൂസ്

ഫാ. ഫെര്‍ഡിനാന്‍ഡ് കായാവില്‍ കഷ്ടപ്പെടുന്നവരുടെയും വേദനിക്കുന്നവരുടെയും ഹൃദയത്തുടിപ്പുകള്‍ തന്റെ ഹൃദയത്തുടിപ്പുകളുമായി ചേര്‍ത്തുപിടിച്ചു ജീവിച്ച മനുഷ്യസ്നേഹിയായിരുന്നു ഒക്ടോബര്‍ 16ാം തീയതി നിര്യാതനായ ആന്‍ഡ്രൂസ്. ഒരു ജീവിതകാലം മുഴുവനും മത്സ്യത്തൊഴിലാളികളുടെ

മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ സമൂഹത്തിന് ചരിത്രവും സ്വത്വബോധവും ഉണ്ടാകാന്‍ ജീവിതം ഉഴിഞ്ഞുവച്ചു: ബിഷപ് ഡോ. ജോസഫ് കരിയില്‍

എറണാകുളം: സമൂഹത്തിനും സമുദായത്തിനും ചരിത്രമുണ്ടാകാനും സ്വത്വബോധവും ആത്മാഭിമാനവുമുണ്ടാകാനും ജീവിതകാലം മുഴുവന്‍ ഉഴിഞ്ഞുവച്ച ദീര്‍ഘദര്‍ശിയായ മാധ്യമപ്രവര്‍ത്തകനായിരുന്നു മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ എന്ന് കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍

ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം

ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുതത്തില്‍ അഞ്ച് രോഗികള്‍ മരിച്ചു. രാജ്‌കോട്ടില്‍ ഉദയാ ശിവാനന്ത് ആശുപത്രിയിലെ ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്. 22 രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*