അരികില്‍ നീയുണ്ടായിരുന്നെങ്കില്‍

അരികില്‍ നീയുണ്ടായിരുന്നെങ്കില്‍

ഒരു തുമ്പപ്പൂവുകൊണ്ട് വിരുന്നൊരുക്കാനും ഒരുനല്ല മാങ്കനിക്കായ് കാത്തുനില്ക്കാനും ഒരു കാറ്റിന്‍ കനിവിനായ് പാട്ടുപാടാനും’ മലയാളി കൊതിക്കുന്ന ചിങ്ങമാസത്തിലെ ആദ്യദിനത്തിലാണ് ജേസി ജനിച്ചത്. കൃത്യമായി പറഞ്ഞാല്‍ 1938 ആഗസ്റ്റ് 17ന്. പ്രതിഭയുടെ തിളക്കം ഏറെയുണ്ടായിരുന്നിട്ടും നിര്‍ഭാഗ്യം കൊണ്ട് അംഗീകാരത്തിന്റെ ഉത്തുംഗശൃംഗങ്ങളില്‍ വിരാചിക്കാന്‍ കഴിയാതെ പോയ മനുഷ്യന്‍. കഥാകൃത്ത്, നോവലിസ്റ്റ്, അഭിനേതാവ്, സംവിധായകന്‍, തിരകഥാകൃത്ത് എന്നിങ്ങനെ ജേസിയുടെ പ്രതിഭാതിളക്കം മലയാളി തൊട്ടറിഞ്ഞിട്ടുണ്ട്. എങ്കിലും ജേസി വേണ്ടത്ര അംഗീകരിക്കപ്പെട്ടില്ല. വാട്‌സാപ്പ് ഗ്രൂപ്പില്‍ ഏതോ സഹൃദയന്‍ കുറിച്ചതോര്‍ക്കുന്നു: i miss you എന്ന ആംഗലേയ വാചകത്തിന് മനോഹരവും ചാരുതയും പകര്‍ന്ന മലയാള വിവര്‍ത്തനം ഒഎന്‍വിയുടെ ‘അരികില്‍ നീയുണ്ടായിരുന്നെങ്കില്‍’ എന്ന കവിതയാണ്. ജേസി സംവിധാനം ചെയ്ത നീയെത്ര ധന്യ എന്ന സിനിമയിലേതാണ് ഈ ഗാനം. കെപിഎസിയില്‍ തുടങ്ങിയ ഒഎന്‍വി-ദേവരാജന്‍ കൂട്ടുകെട്ട് മലയാളത്തിനു നല്കിയ പാട്ടുസംസ്‌കാരം വീരോചിതമാണ്. ജീവിതപുസ്തകത്തിലെ അച്ചടിപിശകുപോലെ ആ കൂട്ടുകെട്ട് ഇടയ്‌ക്കൊന്നുലഞ്ഞു. നീണ്ട പതിമുന്ന് വര്‍ഷങ്ങളോളം ഒഎന്‍വിയും ദേവരാജനും പരസ്പരം മിണ്ടാതെ അകന്നു കഴിഞ്ഞു. അവരുടെ പുനഃസമാഗമത്തിന് വഴിയൊരുക്കിയത് ജേസിയാണ്. ജോണ്‍പോള്‍ തിരകഥയെഴുതിയ നീയെത്ര ധന്യ എന്ന സിനിമയിലൂടെ.
തന്റെ പാട്ടുകള്‍ക്ക് സംഗീതം നല്കിയ പത്ത് സംഗീതശില്പികളെ കുറിച്ച് ഒഎന്‍വി എഴുതിയ ഓര്‍മപുസ്തകത്തിന്റെ ശീര്‍ഷകം ‘അരികില്‍ നീയുണ്ടായിരുന്നെങ്കില്‍’ എന്നാണ്. അതില്‍ ഈ പുനഃസമാഗമം വിവരിക്കുന്നതിങ്ങനെ: ‘നിശാഗന്ധി! നീയെത്ര ധന്യ!’ എന്നത് എന്റെ ഒരു കവിതയുടെ പേരാണ്. അതേ പേരില്‍ത്തന്നെ ജേസി ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുകയായിരുന്നു. ആ സിനിമയാണ് ഞങ്ങളുടെ പഴയ കൂട്ടായ്മയെ വീണ്ടെടുത്തത്. അന്തരിച്ച നടന്‍ ഭരത് മുരളി നായകനായഭിയിച്ച ആ ചിത്രത്തില്‍, നല്ലൊരു പാട്ടിന്റെ സന്ദര്‍ഭമുണ്ടായിരുന്നു: പ്രണയാതുരനായ നായകന്റെ വിചാരധാരയായൊഴുകിവരുന്ന ഒരുഗാനമാണ് വേണ്ടത്. ‘അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍ – ഒരു മാത്ര വെറുതേ നിനച്ചുപോയി’! കടലാസില്‍ തനിയെ വാര്‍ന്നു വീണതാണാവരികള്‍. ആ പല്ലവി ഏതു നഷ്ടസൗഹൃദത്തെപ്പറ്റിയുമാവാം. ഏതു പ്രവാസിയുടേതുമാവാം; ഏതു വിരഹിയുടേതുമാവാം.
എറണാകുളത്തെ കലൂരില്‍ കുറ്റിക്കാട് ജോസഫ്-മേരി ദമ്പതികളുടെ ആറ് ആണ്‍മക്കളില്‍ മൂത്തവനായിരുന്നു ജേസി എന്ന ചുരുക്കെഴുത്തില്‍ വിഖ്യാതനായ ചിന്നന്‍ ജോസഫ്. വര്‍ഗീസ് എന്നായിരുന്നു പേരെങ്കിലും വീട്ടില്‍ ചിന്നന്‍ എന്നു വിളിച്ചു. എറണാകുളം സെന്റ്അഗസ്റ്റിന്‍ വിദ്യാലയത്തില്‍ സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മലയാളമനോരമ ആഴ്ചപ്പതിപ്പിലാണ് ജേസി എഴുതിതുടങ്ങിയത്. അക്കാലത്ത് എല്ലാ ആഴ്ചകളിലും ജേസിയുടെ നീണ്ടകഥകള്‍ മനോരമ വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. എല്ലാ ആഴ്ചകളിലും കഥകള്‍ എഴുതി പ്രസിദ്ധീകരിച്ച വേറെ ഏതെഴുത്തുകാരനുണ്ട് മലയാളത്തില്‍? ‘അലയാഴി’ എന്ന ജേസിയുടെ നോവലും മനോരമ ആഴ്ചപ്പതിപ്പില്‍ തന്നെയാണ് ഖണ്ഡശ പ്രസിദ്ധീകരിച്ചത്. അതിന്റെ ചിത്രീകരണത്തിനുമുണ്ടായിരുന്നു പുതുമ. തന്റെ സുഹൃത്തുക്കളെ നോവലിലെ കഥാപാത്രങ്ങളായി അഭിനയിപ്പിച്ച് ആ ചിത്രങ്ങള്‍ നോവലിനോടൊപ്പം അദ്ദേഹം ചേര്‍ത്തു. ഇലുസ്‌ട്രേഷനു പകരം ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന രീതി അങ്ങിനെ മലയാളത്തില്‍ തുടക്കമായി. റെയില്‍വേയില്‍ ക്ലര്‍ക്കായി ജോലി നേടിയ ജേസിയെ നാടകരംഗത്തേക്കാനയിച്ചത് ഒ. മാധവനാണ്. കൊല്ലം കാളിദാസകലാകേന്ദ്രത്തിന്റെ അള്‍ത്താര, മുത്തുച്ചിപ്പി, റൂം നമ്പര്‍ വണ്‍ എന്നീ നാടകങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. പൊന്‍കുന്നും വര്‍ക്കി എഴുതിയ ‘അള്‍ത്താര’ നാടകത്തില്‍ പാട്ടുപാടി അഭിനയിക്കുമ്പോള്‍ ജേസി കൂടുതല്‍ തിളങ്ങി. ജേസി രംഗത്തവതരിപ്പിച്ച പാട്ടിതായിരുന്നു:
അത്തികായ്കള്‍ പഴുത്തല്ലോ, ചെ
മ്മുന്തിരിവള്ളി തളിര്‍ത്തല്ലോ!
യരൂശലേമിന്‍ കന്യകയാളെ
വരൂ, വരൂ, വീണ്ടും…
ബൈബിളിലെ പഴയ നിയമത്തില്‍ നിന്നുള്ള ഈരടികള്‍. ദേവരാജന്‍-ഒ.എന്‍.വി. കൂട്ടുകെട്ടിലെ അത്യുജ്വല ഗാനം. ഇന്നും മലയാളിയുടെ ഇഷ്ടഗാനങ്ങളിലൊന്നാണിത്. ‘അള്‍ത്താര’ നാടകം പള്ളിപറമ്പുകളില്‍ അവതരിപ്പിച്ചപ്പോള്‍ കര്‍ത്താവീശോമിശിഹായുടെ മുഖമുള്ള നടനെയൊന്നു തൊടാന്‍ സ്ത്രീകള്‍ തിരക്കുകൂട്ടിയതിനെപ്പറ്റി ഒ. മാധവന്‍ വാചാലമായി പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് മലയാള സിനിമയില്‍ ജേസി അദ്ദേഹം തന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തി. ഭൂമിയിലെ മാലാഖ, ഒരു സുന്ദരിയുടെ കഥ, കള്ളിച്ചെല്ലമ്മ, അടിമകള്‍, രാത്രിവണ്ടി, നിഴലാട്ടം, ഗംഗാസംഗമം, കുട്ട്യേടത്തി, മാന്‍പേട, അള്ളാഹു അക്ബര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു. കാലടി ഗോപിയുടെ നാടകം ‘ഏഴു രാത്രികള്‍’ എന്ന പേരില്‍ രാമു കാര്യാട്ട് സിനിമയാക്കിയപ്പോള്‍ അതിലെ നായകനായി അദ്ദേഹം തിരഞ്ഞെടുത്തത് ജേസിയെ തന്നെയാണ്.
രണ്ടു ടെലിവിഷന്‍ സീരിയലുകളും മുപ്പത്തിരണ്ട് സിനിമകളും ജേസി സംവിധാനം ചെയ്തിട്ടുണ്ട്. മനോരമ വിഷനുവേണ്ടി ജേസി സംവിധാനം നിര്‍വഹിച്ച മോഹപക്ഷികള്‍, കുതിരകള്‍ എന്നീ സീരിയലുകള്‍ ദൂരദര്‍ശനിലാണ് പതിമൂന്ന് എപ്പിസോഡുകളായി പ്രക്ഷേപണം ചെയ്തത്. രണ്ട് സീരിയലുകള്‍ക്കും സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. ആരും അന്യരല്ല, അവള്‍ വിശ്വസ്ഥയായിരുന്നു, ഒരിക്കല്‍ ഒരിടത്ത്, ഇവിടെ എല്ലാവര്‍ക്കും സുഖം, പുറപ്പാട്, നീയെത്ര ധന്യ എന്നീ സിനിമകള്‍ ജേസിയുടെ സംവിധായകമികവ് പ്രകടമാക്കിയവയാണ്. നീയെത്ര ധന്യയിലൂടെയാണ് ഭരത് മുരളി മലയാള സിനിമയില്‍ നായകവേഷത്തിലെത്തുന്നത്. രണ്ടാഴ്ച മാത്രം നീണ്ടു നിന്ന ഒറ്റ ഷെഡ്യൂളിലാണ് ഈ ചിത്രം പൂര്‍ത്തികരിച്ചത്. കൊല്ലം സ്വദേശിയായ കൃഷ്ണന്‍ നായരെ ‘ജയന്‍’ എന്ന പേരില്‍ ‘ശാപമോക്ഷം’ സിനിമയിലൂടെ നടനാക്കിയത് ജേസിയായിരുന്നു. അഴിമുഖം, ഭൂമിയിലെ മാലാഖ, തുറമുഖം എന്നീ സിനിമകള്‍ക്ക് കഥയും തിരക്കഥയും ജേസി എഴുതി.
സിനിമലോകത്തെ തിരക്കിനിടയില്‍ കാര്‍മല്‍ തീയറ്റേഴ്‌സിനുവേണ്ടി ജേസി സംവിധാനം ചെയ്ത പ്രവാചകന്‍ നാടകം അനുവാചകരെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. നൃത്തങ്ങളും സ്റ്റേജിലെ സജീകരണങ്ങള്‍ കൊണ്ടും പ്രേക്ഷകരെ നിരുത്സാഹപ്പെടുത്തിയിരുന്ന മലയാള ബൈബിള്‍ നാടകവേദിയിലെ പുതിയ പരീക്ഷണമായിരുന്നു പ്രവാചകന്‍. ആ പരീക്ഷണം വന്‍വിജയമായി. ഒരു വര്‍ഷം ആ നാടകം കേരളത്തിലെ വിവിധ വേദികളില്‍ തുടര്‍ച്ചയായി അവതരിപ്പിച്ചു. സ്റ്റേജ് ഇന്ത്യ എന്ന പേരില്‍ ഒരു നാടകട്രൂപ്പിനും ജേസി പ്രാരംഭം കുറിച്ചു. ഗോവിന്ദന്‍കുട്ടി, ജി. കെ പിള്ള തുടങ്ങിയ പ്രമുഖര്‍ സ്റ്റേജ് ഇന്ത്യയിലെ അഭിനേതാക്കളായിരുന്നു.
ചിത്രകാരന്‍ കൂടിയായിരുന്ന ജേസി പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫിലിംനാദം വാരികയുടെ പത്രാധിപരായിരുന്നു അദ്ദേഹം. വര്‍ണ്ണശാല, ഉഷ മാസികകളിലും അദ്ദേഹം സഹകാരിയായി. എഴുത്തും വരകളും, ഫോട്ടോ ഫീച്ചര്‍ പോലുള്ള പംക്തികളും അദ്ദേഹം ശ്രദ്ധേയമായി കൈകാര്യം ചെയ്തു.
നടനും പത്രാധിപരും തിരകഥാകൃത്തും ചലച്ചിത്രസംവിധായകനുമായി പടവുകള്‍ കയറിയ ജേസി പക്ഷാഘാതത്താല്‍ അയ്യപ്പന്‍കാവിലെ വീട്ടില്‍ ഒതുങ്ങികൂടേണ്ട അവസ്ഥ വന്നു. ആ അവസ്ഥയില്‍ ജേസിയെ സന്ദര്‍ശിച്ച ബാലചന്ദ്രമേനോനോടു നനുനനുത്ത ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു: ഒട്ടും പ്രതീക്ഷിക്കാതെ പൊടുന്നനെ ചെറുപ്പമായി പോയി…. കണ്ടില്ലെ, പിച്ചവെച്ച് തുടങ്ങിയിട്ടേയുള്ളു…. ആ സമയത്ത് അദ്ദേഹത്തിന് തുണയായി ഭാര്യ ബേബിയും മകള്‍ ഷേളിയും ഉണ്ടായിരുന്നു. 2001 ഏപ്രില്‍ 10ന് ആ അനശ്വരകലാകാരന്‍ ഈ ലോകത്തോടു വിടവാങ്ങി. ജേസിയുടെ സ്മരണയും സംഭാവനകളും നിലനിര്‍ത്താന്‍ 2004ല്‍ രൂപികരിച്ച ജേസി ഫൗണ്ടേഷന്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ജെ. ജെ കുറ്റികാട് ഫൗണ്ടേഷന്റെ ചെയര്‍മാനും ജേസിയുടെ അനുജന്‍ എബ്രഹാം ലിങ്കന്‍ പ്രധാന സംഘാടകനുമാണ്. കൃഷ്ണപക്ഷകിളികള്‍ എന്ന സിനിമയിലൂടെ 2002ലെ കുട്ടികള്‍ക്കുവേണ്ടിയുള്ള ചലച്ചിത്രത്തിന് സംസ്ഥാന അവാര്‍ഡ് നേടിയ സംവിധായകനാണ് എബ്രഹാം ലിങ്കന്‍.
ചിന്നന്‍ ജോസഫ് കുറ്റിക്കാടെന്ന ജേസി കുറ്റിക്കാടിനെ അടുത്തറിയുന്നവര്‍ ഹൃദയത്തില്‍ ഇന്നും മന്ത്രിക്കും അരികില്‍ നീയുണ്ടായിരുന്നെങ്കില്‍. അത്രമാത്രം സഹൃദയനായിരുന്നു ജേസി.


Related Articles

മോണ്‍. ജെന്‍സന്‍ പുത്തന്‍വീട്ടില്‍ കോഴിക്കോട് രൂപത വികാരി ജനറല്‍

കോഴിക്കോട്: കോഴിക്കോട് രൂപതയുടെ പുതിയ വികാരി ജനറലായി മോണ്‍. ജെന്‍സന്‍ പുത്തന്‍വീട്ടിലിനെ ഏപ്രില്‍ 15ന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നിയമിച്ചു. 2014 മുതല്‍ മംഗലാപുരം മേജര്‍

ട്രംപിനെ യുഎസ് അതിജീവിക്കുമ്പോള്‍

  അമേരിക്കയെ തോല്പിക്കാനും ലോകജനതയ്ക്കു മുമ്പാകെ നാണംകെടുത്തി മുട്ടുകുത്തിക്കാനും റഷ്യയ്ക്കോ ചൈനയ്ക്കോ ഇറാനോ ഉത്തര കൊറിയയ്ക്കോ തുര്‍ക്കിക്കോ ഇസ്‌ലാമിക ഭീകരവാദികള്‍ക്കോ കഴിയുന്നില്ലെങ്കില്‍ തനിക്കാകുമെന്ന് അമേരിക്കന്‍ ഐക്യനാടുകളുടെ സര്‍വസൈന്യാധിപനും

പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിലെ ജപമാല പ്രദര്‍ശനം ശ്രദ്ധേയമായി

കോട്ടപ്പുറം: പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ ജപമാല പ്രദര്‍ശനം നിരവധി പേരെ ആകര്‍ഷിച്ചു. അമ്പതിനായിരത്തില്‍പ്പരം വ്യത്യസ്ത ജപമാലകളുടെ ശേഖരമാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. 80 രാജ്യങ്ങളില്‍ നിന്നുള്ള ജപമാലകള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*