Breaking News

അരുമക്കിടാങ്ങളുടെ നിലയ്ക്കാത്ത രോദനം

അരുമക്കിടാങ്ങളുടെ നിലയ്ക്കാത്ത രോദനം
നിഷ്‌കളങ്ക ബാല്യങ്ങളുടെ നൈര്‍മല്യവും നാടിന്റെ നന്മയും ചവിട്ടിമെതിക്കപ്പെടുന്നു. പവിത്രവും അലംഘനീയവുമായ ധാര്‍മിക മൂല്യങ്ങള്‍ക്കും സന്മാര്‍ഗപാഠങ്ങള്‍ക്കും ചോരച്ചാര്‍ച്ചയ്ക്കും ഒരു വിലയും കല്പിക്കാത്ത, സ്‌നേഹത്തിന്റെയും കരുതലിന്റെയും അലിവിന്റെയും മനുഷ്യത്വത്തിന്റെയും അര്‍ഥമെന്തെന്ന് അറിയാത്ത അധമന്മാര്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായവരെ – കുഞ്ഞുങ്ങളെയും സ്ത്രീകളെയും വയോധികരെയും – അതിനിന്ദ്യമായി, നീചമായി, നികൃഷ്ടമായി, ഹീനമായി, ദാരുണമായി, ക്രൂരമായി, ഭയാനകമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചിലപ്പോള്‍ കൊല്ലുകയും ചെയ്യുന്നത് ഉള്‍ക്കിടിലത്തോടെ നാം അറിയുന്നു. നെഞ്ചകം വിങ്ങി നാം തേങ്ങുന്നു: ഈ നിലവിളികള്‍ക്ക് അറുതിയില്ലേ?
സിനിമ തിയേറ്ററില്‍ അമ്മയുടെ ഒത്താശയോടെ എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്‍കുഞ്ഞിനെ അറുപതുകാരനായ രാജ്യാന്തര ആഭരണകച്ചവടക്കാരന്‍ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയതും, മദ്യപിച്ച് ബൈക്കിലെത്തിയ ചെറുപ്പക്കാരന്‍ തെരുവോരത്ത് നാടോടികുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന ഏഴുവയസുകാരിയെ പൊക്കിയെടുത്തുകൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിച്ചതും, ബന്ധുവിന്റെ അതിക്രമത്തിന് ഇരയായി സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റിയ പന്ത്രണ്ടുകാരിയെ ചിലര്‍ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യകേന്ദ്രത്തിലാക്കിയതും കേരളത്തില്‍ വര്‍ധിച്ചുവരുന്ന ബാലികാപീഡനങ്ങളുടെ അവിശ്വസനീയ തലങ്ങളിലേക്കു വിരല്‍ചൂണ്ടുന്നു. അതോടൊപ്പം ഈ അരാജകത്വത്തിനും അരക്ഷിതാവസ്ഥയ്ക്കും പ്രതിവിധി കാണുന്നതില്‍ പ്രധാന പങ്കുവഹിക്കേണ്ട പൊലീസ് സംവിധാനത്തിലെ അക്ഷന്തവ്യമായ അലംഭാവവും വീഴ്ചകളും ഒത്തുകളിയും നെറികേടും നീതിനിഷേധവും വെളിവാക്കുകയും ചെയ്യുന്നു.
ആഡംബര കാറിലെത്തി സിനിമാപ്രദര്‍ശം തീരുവോളം പത്തുവയസുകാരിയെ അമ്മയുടെ സാന്നിധ്യത്തില്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ആളുടെ മുഖവും ചെയ്തികളും അയാളുടെ കാറിന്റെ നമ്പര്‍പ്ലേറ്റും വ്യക്തമായി ചിത്രീകരിച്ച നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ തെളിവു സഹിതം തിയേറ്റര്‍ മാനേജര്‍ ചെല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ സമീപിച്ചു. അവര്‍ ഒട്ടും വൈകാതെ വിവരങ്ങളെല്ലാം ശേഖരിച്ച് സിസിടിവി ദൃശ്യങ്ങളോടൊപ്പം നിയമാനുസൃതം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ 15 ദിവസം ഒരു നടപടിയുമുണ്ടായില്ല. ഒടുവില്‍ മാധ്യമങ്ങളിലൂടെ വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് അരമണിക്കൂറിനകം കേസ് രജിസ്റ്റര്‍ ചെയ്തു; മൂന്നുമണിക്കൂറിനുള്ളില്‍ മുഖ്യപ്രതി അറസ്റ്റിലായി. തിയേറ്റര്‍ നടത്തിപ്പുകാരും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും കാണിച്ച ജാഗ്രതയും ആത്മാര്‍ഥതയും പ്രശംസനീയമാണ്. ഇത്ര ആപല്‍ക്കരമായ അന്തരീക്ഷത്തില്‍ കഴിയുന്ന നിസഹായയായ ആ പെണ്‍കുഞ്ഞിനെ സുരക്ഷിതസ്ഥാനത്തേക്ക് എത്രയും വേഗം മാറ്റാന്‍ ശ്രമിക്കാതെ പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റകരമായ അനാസ്ഥയാണു കാണിച്ചത്. പണത്തിന്റെയോ രാഷ്ട്രീയ സ്വാധീനത്തിന്റെയോ സമ്മര്‍ദമാവാം ഇതിനുപിന്നില്‍ എന്ന ആരോപണം തള്ളിക്കളയാനാവില്ല. നാടോടി ബാലികയുടെ കേസിലും അഭയകേന്ദ്രത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മനോരോഗാശുപത്രിയിലാക്കിയ പെണ്‍കുട്ടിയുടെ കേസിലും ദിവസങ്ങളോളം പൊലീസ് അനങ്ങിയില്ല. പൊലീസ് അന്വേഷണത്തിലുണ്ടാകുന്ന കാലതാമസം ക്രിമിനല്‍ നീതിന്യായ നിര്‍വഹണം തടസപ്പെടുത്തുന്നതിനു തുല്യമാണ്. ഇവിടെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഇടപെടേണ്ടി വന്നു.
തിയേറ്റര്‍ പീഡനക്കേസില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നിയമപ്രകാരം (പോക്‌സോ) മുഖ്യപ്രതിയെയും കുട്ടിയുടെ അമ്മയെയും റിമാന്‍ഡ് ചെയ്‌തെങ്കിലും തക്കസമയത്ത് കേസെടുക്കുന്നതില്‍ വീഴ്ച വരുത്തി എന്നതിന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണുണ്ടായത്. പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യേണ്ടത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ്. ഡിവൈഎസ്പിയും ജില്ലാ പൊലീസ് മേധാവിയും വിവരം അറിഞ്ഞിരുന്നുവെങ്കിലും നടപടി എടുത്തില്ല എന്നാണ് ആക്ഷേപം. വരാപ്പുഴ കസ്റ്റഡി കൊലപാതക കേസിലെന്നപോലെ ഇവിടെയും ഉന്നതതല പൊലീസ് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീങ്ങുന്നില്ല.
കശ്മീരിലെ കഠ്‌വയില്‍ നാടോടി ബാലികയെ പൊലീസുകാര്‍ ഉള്‍പ്പെടെ വര്‍ഗീയവാദികളായ ഒരുസംഘമാളുകള്‍ ചേര്‍ന്ന് ദിവസങ്ങളോളം ക്ഷേത്രസങ്കേതത്തില്‍ തടങ്കലില്‍ വച്ച് ബലാത്കാരം ചെയ്ത് തലയ്ക്കടിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ സംഭവം മൂന്നു മാസം കഴിഞ്ഞ് ലോകം അറിഞ്ഞപ്പോള്‍ ഉയര്‍ന്ന പ്രതിഷേധ കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍, 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ വരെ – ചുരുങ്ങിയത് 20 വര്‍ഷമോ ജീവപര്യന്തം തടവോ – ലഭിക്കുന്നതിനുള്ള ക്രിമിനല്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുകയുണ്ടായി. ആറു മാസത്തേക്കാണ് ഈ ഓര്‍ഡിനന്‍സിന് പ്രാബല്യം; ഇത് നിയമമാകണമെങ്കില്‍ പാര്‍ലമെന്റ് പാസാക്കണം. ജനകീയ പ്രതിഷേധം ശമിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ തന്ത്രം മാത്രമാണ് ഈ വധശിക്ഷാ ഓര്‍ഡിനന്‍സ് എന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ചില പ്രമുഖ സാമൂഹിക നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശിക്ഷയുടെ കാഠിന്യം കൂട്ടുന്നതുകൊണ്ട് കുറ്റകൃത്യം കുറയുന്നില്ല എന്നാണ് വിദഗ്ധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസിലേ വധശിക്ഷ നല്‍കാവൂ. ലോകരാഷ്ട്രങ്ങള്‍ പൊതുവെ വധശിക്ഷ ഒഴിവാക്കണമെന്ന നിലപാടിലേക്കു നീങ്ങുകയാണ്.
അതിക്രമത്തിന് ഇരയായവര്‍ക്ക്, അതിനെ അതിജീവിച്ചവര്‍ക്ക് എത്രയും വേഗം നീതിയും ഉചിതമായ നഷ്ടപരിഹാരവും മതിയായ സംരക്ഷണവും പുനരധിവാസവും ഉറപ്പുവരുത്തുന്നതിനു മുന്‍ഗണന നല്‍കണം. പൊലീസ് അന്വേഷണത്തിലെ കാലവിളംബം ഒഴിവാക്കണം. സുപ്രധാന തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെയും ചിലപ്പോള്‍ ഇരകളെതന്നെയും സ്വാധീനിക്കാനും പ്രതികള്‍ക്ക് അവസരം നല്‍കുന്നതാകും പൊലീസിന്റെ അമാന്തം. കുറ്റപത്രത്തിലെ പാകപ്പിഴകള്‍ ബോധപൂര്‍വമാണെങ്കില്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമാണ്. ഫോറന്‍സിക് പരിശോധനാഫലങ്ങള്‍ വൈകാതെ നോക്കണം. ക്രിമിനല്‍ നീതിന്യായ സംവിധാനത്തില്‍ സാക്ഷികളുടെ സംരക്ഷണത്തിന് സമഗ്രമായ നടപടി വേണം. കൂറുമാറ്റം തടയാനും പ്രോസിക്യൂഷന്‍ നടപടികള്‍ ഫലവത്താകാനും ഇത് അത്യന്താപേക്ഷിതമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കേസുകള്‍ കോടതിയില്‍ എത്തിയാലും ശിക്ഷിക്കപ്പെടുന്നത് താരതമ്യേന വളരെ കുറച്ചുപേരാണ്. 2016ലെ ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ പ്രകാരം കോടതിയിലെത്തുന്ന കേസുകളില്‍ 18.9 ശതമാനമാണ് ശിക്ഷിക്കപ്പെടുന്നവരുടെ തോത്. സ്‌റ്റേറ്റ് ഏജന്‍സികളുടെ വീഴ്ച തന്നെയാണ് ഇതിനു പിന്നില്‍.  ലൈംഗിക അതിക്രമ കേസുകളിലെ പ്രതികള്‍ കുറ്റവിമുക്തരായി കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നത് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ പാളിച്ചയാണ് എടുത്തുകാട്ടുന്നത്. ഇരകള്‍ എന്നും ഈ ക്രിമിനലുകളെ പേടിച്ചുകഴിയേണ്ട അവസ്ഥയാണ്.
വിദ്യാലയങ്ങളിലെ കൗണ്‍സലിംഗ്, പഞ്ചായത്ത് വാര്‍ഡുതലത്തില്‍ ജാഗ്രതാ സമിതി, ശിശുക്ഷേമ സമിതി, ചൈല്‍ഡ്‌ലൈന്‍ ഉള്‍പ്പെടെയുള്ള സന്നദ്ധസേവന സംഘടനകള്‍ തുടങ്ങി കുട്ടികളുടെ സുരക്ഷയ്ക്കു മുന്‍ഗണന നല്‍കുന്ന സംവിധാനങ്ങള്‍ കാര്യക്ഷമമാകുന്നതിന്റെ ഫലമായാകാം കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. എന്നാല്‍ മാനഹാനി ഭയന്നും മറ്റു സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയും മറച്ചുവയ്ക്കപ്പെടുന്ന ക്രൂരകൃത്യങ്ങളുടെ എണ്ണം അളവറ്റതാണ്. എന്താണു സംഭവിക്കുന്നതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത പിഞ്ചോമനകളും ഹീനമായ അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. സ്വന്തം കുടുംബങ്ങളില്‍ പോലും കുട്ടികള്‍ – ആണും പെണ്ണും – സുരക്ഷിതരല്ല എന്നു വരുന്നത് അതിഭയാനകമായ സാമൂഹികപ്രശ്‌നമാണ്. ഇളം മനസിലും കുരുന്നുദേഹത്തും ഏല്‍ക്കുന്ന മുറിവുകളും മുറിപ്പാടുകളും ജീവിതകാലം മുഴുവന്‍ അവരെ വേട്ടയാടുന്നു. കലുഷിതമായ ജീവിതാന്തരീക്ഷത്തില്‍ സ്‌നേഹം, വിശ്വാസം, നന്മ, കാരുണ്യം, പ്രത്യാശ തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങള്‍ നിരര്‍ഥകമാകും. 
ഒളിഞ്ഞും തെളിഞ്ഞും തങ്ങളെ കാത്തിരിക്കുന്ന ഭീഷണികളെയും അതിക്രമ സാധ്യതകളെയും കുറിച്ച് കുട്ടികളെ ബോധവത്കരിക്കാന്‍ മനഃശാസ്ത്രപരവും ശാസ്ത്രീയവുമായ ആധുനിക സങ്കേതങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണം. അനാവശ്യമായ ഭയപ്പാടും ആശങ്കകളും ഉണര്‍ത്താതെ തന്നെ കരുതലോടെ ഇതര മനുഷ്യരോട് പെരുമാറാന്‍ അവരെ പ്രാപ്തരാക്കുകയാണു വേണ്ടത്. അപരിചിതര്‍ കുഞ്ഞുങ്ങളോട് അമിതമായ അടുപ്പം കാണിക്കാന്‍ ശ്രമിക്കുന്നതും കവിളില്‍ തലോടുന്നതും മടിയിലിരുത്തുന്നതും ഉമ്മ നല്‍കുന്നതും, കുട്ടികളെ പരിചിതമല്ലാത്ത ചുറ്റുപാടില്‍ തനിച്ചാക്കുന്നതും മറ്റും നിരുത്സാഹപ്പെടുത്തേണ്ടതാണ്. കൗതുകവും ജിജ്ഞാസയും വളര്‍ത്തി കുട്ടികളെ ആകര്‍ഷിച്ച് ചൂഷണം ചെയ്യാനോ ഭീഷണിപ്പെടുത്താനോ ഉള്ള അവസരം ആര്‍ക്കും നല്‍കരുത്. എന്തുണ്ടായാലും അതു തുറന്നുപറയാ
നും വിശ്വാസത്തിലെടുക്കാനും പറ്റിയ രക്ഷിതാവുണ്ടാകുക എന്നത് ഒരു കുട്ടിയെ സംബന്ധിച്ച് വലിയ ആശ്വാസമാകും. കരുതലാണ് ഏറ്റവും ഫലവത്തായ പ്രതിരോധം. അരുതാത്തത് സംഭവിച്ചാല്‍ അതിന് ഉത്തരവാദികളാരായാലും അവരെ നിയമത്തിനു മുന്‍പിലെത്തിക്കാനും അര്‍ഹമായ ശിക്ഷ എത്രയും വേഗം ഉറപ്പുവരുത്താനും ഇരകളെയും സാക്ഷികളെയും പൂര്‍ണമായി സംരക്ഷിക്കാനുമുള്ള ചുമതല നിര്‍വഹിക്കേണ്ടത് പൊലീസും നീതിന്യായ വ്യവസ്ഥയും മറ്റുഭരണ സംവിധാനങ്ങളുമാണ്. നിരാശ്രയരായ കുട്ടികളുടെയും സ്ത്രീകളുടെയും ദീനരോദനം നാടിന്റെ തീരാശാപമായി മാറരുത്.

Related Articles

വൈറസിനും തിരകള്‍ക്കുമിടയില്‍
മുങ്ങിപ്പോകുന്ന രോദനങ്ങള്‍

രാജ്യത്ത് ആദ്യമായി കൊവിഡ് സമൂഹവ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ച കേരളത്തിലെ തീരദേശത്ത് ദുരിതക്കടല്‍ ഇരമ്പിയാര്‍ക്കുമ്പോള്‍, ജീവിതം വഴിമുട്ടിയ മനുഷ്യരുടെ ചങ്കുപിളര്‍ക്കുന്ന നിലവിളിക്കുള്ള പ്രത്യുത്തരം ഇനിയും നിരര്‍ഥകമായ വീണ്‍വാക്കുകളാകരുത്. കൊറോണവൈറസ്

ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണം

മാവോയിസ്റ്റ് തീവ്രവാദി ബന്ധം ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി ഈശോസഭയുടെ ഝാര്‍ഖണ്ഡ് ജംഷേദ്പുര്‍ പ്രോവിന്‍സ് അംഗവും മനുഷ്യാവകാശപ്രവര്‍ത്തകനുമായ എണ്‍പത്തിമൂന്നുകാരനായ ഫാ. സ്റ്റനിസ്ലാവുസ് ലൂര്‍ദുസ്വാമിയെ റാഞ്ചി നാംകുമിലെ ബഗൈചാ ജസ്വിറ്റ്

ശബരിമല സംഘര്‍ഷഭൂമിയാക്കരുത്

ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നായ ശബരിമല ക്ഷേത്രത്തില്‍ 10-50 പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ ധാര്‍മികതയ്ക്കു വിരുദ്ധമാണെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായവും കാലത്തിനൊപ്പം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*