Breaking News

അര്‍ദ്ധസത്യങ്ങള്‍, മറവികള്‍, ചരിത്രം തിരുത്തലുകള്‍

അര്‍ദ്ധസത്യങ്ങള്‍, മറവികള്‍, ചരിത്രം തിരുത്തലുകള്‍
ഡോ. ഗാസ്പര്‍ സന്യാസി.
കര്‍ണ്ണാടകയില്‍ തിരഞ്ഞെടുപ്പ് ചൂട് അതിന്റെ ഉച്ചസ്ഥായിയിലാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് റാലികളും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും വിവാദങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തോടെ കുതിക്കുന്ന എന്‍ഡിഎയുടെ മുഖ്യഘടകമായ ബിജെപി കര്‍ണാടക തങ്ങളുടെ ഭരണത്തിലാക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നു. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക പദവിയുടെ മഹത്വം മറന്ന് ചരിത്രവിരുദ്ധമായ വസ്തുതകള്‍ നിരത്തി വോട്ടുകള്‍ ലക്ഷ്യംവയ്ക്കുന്നുവെന്നാണ് എതിര്‍കക്ഷികളുടെ പ്രധാന പരാതി. അതില്‍ കഴമ്പില്ലാതില്ല. 
ഏറ്റവുമൊടുവില്‍ വിവാദമുണ്ടാക്കിയത്, ഇന്ത്യന്‍ സൈന്യത്തില്‍ ശുക്ര നക്ഷത്രങ്ങളെപ്പോലെ തിളങ്ങിയ ധീരരായ രണ്ടു സൈനികരെപ്പറ്റിയുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളാണ്-ഫീല്‍ഡ് മാര്‍ഷല്‍ കെ. എം കരിയപ്പയെയും ജനറല്‍ കെ. എസ് തിമ്മയ്യയെയും കുറിച്ച്. രണ്ടു കാര്യങ്ങളാണ് പ്രസ്തുത പരാമര്‍ശത്തില്‍ വന്നത്. 1948ല്‍ പാക്കിസ്ഥാനുമായുള്ള യുദ്ധത്തില്‍ ജനറല്‍ തിമ്മയ്യയുടെ നേതൃത്വം വിജയം നല്‍കിയിട്ടും പ്രധാനമന്ത്രി നെഹ്‌റുവും പ്രതിരോധമന്ത്രി വി. കെ കൃഷ്ണമേനോനും അദ്ദേഹത്തെ ധാര്‍മികമായും മാനസികമായും തളര്‍ത്താന്‍ ശ്രമിച്ചു. ഇതിന്റെ പേരില്‍ അദ്ദേഹം രാജിവച്ചു. ഈ രണ്ടു കാര്യങ്ങളും ചരിത്രവസ്തുതയാണോ എന്നതാണ് വിവാദമായത്. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തെക്കുറിച്ചും നരേന്ദ്ര മോദി പരാമര്‍ശിച്ചു. തുടര്‍ന്നദ്ദേഹം ചോദിക്കുന്നു, ആ യുദ്ധശേഷം ഫീല്‍ഡ് മാര്‍ഷലിനോട് അവരെന്താണ് ചെയ്തത്? ഇവിടെ സൂചന, കെ. എം. കരിയപ്പയെക്കുറിച്ചാണ്. നരേന്ദ്ര മോദിയെ കേട്ടുകൊണ്ടിരിക്കുന്ന ആളുകളുടെ ചോര തിളക്കാന്‍ മറ്റൊന്നും വേണ്ട. തങ്ങളുടെ രണ്ടു പ്രിയ പുത്രന്മാരെ കോണ്‍ഗ്രസിന്റെ ഭരണനേതൃത്വം അന്ന് എന്താണ് ചെയ്തത് എന്നവര്‍ ചിന്തിച്ച് രോഷാകുലരായില്ലെങ്കിലേ അത്ഭുതമുള്ളൂ! കേള്‍വിക്കാരെ ചിന്തയുടെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വൈകാരിക വിക്ഷോഭത്തിന്റെ ചതുപ്പുകുഴികളിലേക്ക് വീഴ്ത്തുന്ന വാക്‌സാമര്‍ത്ഥ്യം സൃഷ്ടിക്കുന്ന വിദൂരഫലങ്ങളെപ്പറ്റി പ്രധാനമന്ത്രി ചിന്തിക്കുന്നില്ലായെന്ന് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ഏതാനും വോട്ടുകള്‍ക്കുവേണ്ടി ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്രത്തെ പൊതുവേദിയില്‍ അര്‍ദ്ധസത്യമാക്കി അവതരിപ്പിക്കുന്നത് ശരിയല്ലായെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പ് റാലികളില്‍ നേതാക്കളെ കേള്‍ക്കാനെത്തുന്ന ജനങ്ങള്‍ എല്ലായ്‌പോഴും ചരിത്രവസ്തുതകളെപ്പറ്റി ധാരണകളുള്ളവരാകണമെന്നില്ല. ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയും ജനറല്‍ തിമ്മയ്യയും ഉള്‍പ്പെടുന്ന കൊഡവ സമുദായക്കാര്‍ ഭൂരിപക്ഷമുള്ള ഒരു സ്ഥലത്ത്, അവരുടെ ശ്രദ്ധ നേടാനും, അവരുടെ സമുദായ വികാരം ആളിക്കത്തിക്കാനും, അതുവഴി തന്റെ പാര്‍ട്ടിക്ക് എതിര്‍പാര്‍ട്ടിയെക്കാള്‍ കൂടുതല്‍ വോട്ടു നേടാനും ശ്രമിക്കുകയാണ് പ്രധാനമന്ത്രി. അദ്ദേഹം തന്റെ പാര്‍ട്ടിയുടെ ശക്തനായ നേതാവായിരിക്കുമ്പോള്‍ തന്നെ ഇന്ത്യയുടെ പ്രധാനമന്ത്രി കൂടിയാണെന്ന കാര്യം നിഷ്‌ക്കര്‍ഷയോടെ ശ്രദ്ധിക്കേണ്ടതല്ലേ?
ചരിത്രവസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളിലുണ്ട്. കശ്മീരിനു വേണ്ടിയുള്ള 1948ലെ പോരാട്ടത്തില്‍ ഇന്ത്യന്‍ ആര്‍മിയുടെ മേധാവി ബ്രിട്ടീഷ് ഓഫീസറായിരുന്നുവെന്ന ചരിത്രസത്യം ഇന്ത്യയുടെ പ്രധാനമന്ത്രി അറിയേണ്ടതല്ലേ? കശ്മീര്‍ ഓപ്പറേഷന്‍ സമയത്ത് ലഫ്റ്റനന്റ് ജനറല്‍ കരിയപ്പയുടെ ആര്‍മി കമാന്‍ഡിനു കീഴിലെ ജനറലായിരുന്നു തിമ്മയ്യ. ഈ ചരിത്രവസ്തുതകള്‍ പ്രധാനപ്പെട്ടതാണ്. ഓരോരുത്തര്‍ക്കും അന്നുണ്ടായിരുന്ന പദവികളും സൈനിക നീക്കത്തില്‍ അവര്‍ നടത്തിയ പങ്കും കേവലം വോട്ടു രാഷ്ട്രീയക്കളികള്‍ക്കുവേണ്ടി തിരുത്തിപ്പറയാന്‍ പാടില്ല. അന്ന് പ്രതിരോധമന്ത്രിയുടെ പദവി വി. കെ കൃഷ്ണമേനോന്റെ ചുമലിലല്ല; സര്‍ദാര്‍ ബല്‍ദേവ് സിങാണ് പ്രതിരോധത്തിന്റെ ചുമതല വഹിച്ചിരുന്നത്. 1948ലെ കശ്മീര്‍ ഓപ്പറേഷനുശേഷം ജനറല്‍ തിമ്മയ്യ രാജിവയ്ക്കുന്നില്ലായെന്നതും ചരിത്രവസ്തുതയാണ്. അതുപോലെ തന്നെ 1953ല്‍ ചുമതലയില്‍ നിന്നും വിരമിച്ച കരിയപ്പ 1962ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ പങ്കുവഹിച്ചുവെന്ന ധ്വനിയോടെ സംസാരിക്കുന്നത് തികച്ചും ഭോഷ്‌ക് തന്നെ. പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദിയുടെ പ്രഭാഷണങ്ങള്‍ കുറേക്കൂടി വസ്തുനിഷ്ഠമാകേണ്ടതുണ്ടെന്ന കാര്യത്തില്‍ വിമര്‍ശകരെപ്പോലെ നിഷ്പക്ഷമതികളും അഭിപ്രായം പറയുന്നു.
രാഷ്ട്രീയ സ്വയം സേവക് പ്രസ്ഥാനത്തിലൂടെ വളര്‍ന്നെത്തി രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പ്രഭാഷണങ്ങള്‍ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളുടെ നിലപാടുകളുടെ തുടര്‍ച്ച തന്നെയാണ്. കര്‍ണാടകയില്‍ വോട്ടു രാഷ്ട്രീയത്തിനായിട്ടാണ് ചൈന യുദ്ധത്തെപ്പറ്റി അദ്ദേഹം പരാമര്‍ശിക്കുന്നതെങ്കിലും, ചൈനായുദ്ധ പശ്ചാത്തലത്തില്‍ നെഹ്‌റുവിനെ താറടിച്ചു കാണിക്കാന്‍, കൃഷ്ണമേനോനെ നിര്‍ത്തിപ്പൊരിക്കാന്‍ ഹിന്ദുത്വ സംഘടനാ നേതാക്കള്‍ അന്നു നടത്തിയ എഴുത്തുകളും പ്രസംഗങ്ങളും ഇന്ന് ചരിത്രരേഖയായി ലഭ്യമാണ്. വോട്ടിനുവേണ്ടി സമുദായത്തെ സൂചിപ്പിക്കുമ്പോള്‍, ചൈനയുദ്ധകാലത്തെപ്പറ്റി അറിയാതെയാണെങ്കിലും പറയുമ്പോള്‍ ഓര്‍മിക്കേണ്ടത്, അതിര്‍ത്തിയില്‍ ഇപ്പോഴും പിരിമുറുക്കം ബാക്കിയാണെന്നതു തന്നെയാണ്. അനൗദ്യോഗിക സന്ദര്‍ശനം നടത്തി, ചൈന കണ്ട് പ്രധാനമന്ത്രി തിരിച്ചെത്തുമ്പോഴും തര്‍ക്കവിഷയങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പഴയതുപോലെ തന്നെ തുടരുന്നുണ്ട്. 1959 സെപ്തംബറില്‍ ഇന്തോ-ചൈന അതിര്‍ത്തിയില്‍ ആദ്യസംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതു മുതല്‍ നെഹ്‌റുവിനെ ഘോരഘോരം വിമര്‍ശിച്ചവരില്‍ മുഖ്യന്‍ ജനസംഘത്തിന്റെ പ്രത്യയശാസ്ത്രകാരനും, ഇപ്പോള്‍ ബിജെപി ഗവണ്‍മെന്റ് കൊണ്ടാടുകയും ചെയ്യുന്ന ദീന്‍ദയാല്‍ ഉപാധ്യായ ആയിരുന്നു. ആര്‍എസ്എസ് മുഖപത്രമായ ‘ഓര്‍ഗനൈസറി’ല്‍ ഉപാധ്യായ എഴുതിയ മുഖപ്രസംഗങ്ങളും കുറിപ്പുകളും രാഷ്ട്രീയ വിമര്‍ശനം ഇത്രയ്ക്ക് തരംതാഴാമോ എന്നതിന്റെ ഉദാഹരണങ്ങള്‍ കൂടിയാണ്. പറഞ്ഞുവന്നത്, രാഷ്ട്രീയ എതിരാളികളെപ്പറ്റി എന്തും പറയുന്ന ഉളുപ്പില്ലായ്മ ചില പ്രസ്ഥാനങ്ങള്‍ക്ക് പണ്ടേയുണ്ട് എന്നു തന്നെയാണ്. ഉപാധ്യായയുടെ അത്തരമൊരു കുറിപ്പില്‍ അവധിലെ ഭരണാധികാരിയും കുപ്രസിദ്ധ കഴിവുകെട്ടവനുമായിരുന്ന വാജിദ് അലിഷായുമായി നെഹ്‌റുവിനെ താരതമ്യം ചെയ്യുന്ന എഴുത്തുകാരനെ വായനക്കാര്‍ കണ്ടുമുട്ടും. ഉപമകളിലൂടെയും താരതമ്യങ്ങളിലൂടെയും സംസാരിക്കുന്ന വങ്കത്തര വര്‍ത്തമാനങ്ങളുടെ പാരമ്പര്യം ഇന്നും തീര്‍ന്നിട്ടില്ലായെന്ന് കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് റാലികള്‍ സാക്ഷ്യം പറയുന്നു. ഏറ്റവുമൊടുവില്‍ പ്രധാനമന്ത്രി പ്രതിപക്ഷ നേതാവിനെ താരതമ്യപ്പെടുത്തുന്നതും അതിനേക്കാള്‍ താഴെ നിറുത്തുന്നതും ‘മുധോള്‍നായ്ക്കളോടാണ്’. എന്തൊരു മഹത്തായ രാഷ്ട്രീയ പാരമ്പര്യം! എന്ന് മൂക്കത്തു വിരല്‍വയ്ക്കുന്നതു തന്നെ കരണീയമായിട്ടുള്ളത്. 
ഉപാധ്യായയുടെ ഈ കാലത്തു തന്നെ, നെഹ്‌റുവിന്റെ ചൈനാ നയത്തെയും ചേരിചേരാ നയത്തെയും രൂക്ഷമായി വിമര്‍ശിക്കുന്നവരില്‍ റാം മനോഹര്‍ ലോഹ്യയും ‘രാജാജി’ എന്ന സി. രാജഗോപാലാചാരിയുമുണ്ട്. അവരുടെ വിമര്‍ശനഭാഷയും ഉപാധ്യായയുടെ വിമര്‍ശനഭാഷയും രാവും പകലും പോലെ അന്തരമുള്ളവയാണ്. വ്യക്തിഹത്യയുടെയും തേജോവധത്തിന്റെയും അങ്ങേയറ്റത്തെത്തുന്ന വിമര്‍ശനത്തിന്റെ രാഷ്ട്രീയ പാരമ്പര്യം തിരുത്തപ്പെടേണ്ടതു തന്നെയാണ്.
പിന്‍കുറിപ്പ്: ഈ കോലാഹലത്തിനിടയില്‍ ചെങ്ങന്നൂരിനെയും മറന്നുകൂടാ. അച്ഛന്‍ വെള്ളാപ്പള്ളിയും മകന്‍ വെള്ളാപ്പള്ളിയും ധര്‍മവും ചോദിച്ച് പടിവാതില്‍ക്കല്‍ തന്നെയുണ്ട്. മാളികമുകളേറിയ മന്നന്മാരുടെ തോളില്‍ വീഴുന്ന ഓരോരോ മാറാപ്പുകളേയ്! അമിത് ഷാ യ്ക്കു നാവൊഴിയാന്‍ നേരം കാത്തുനില്പാണ് ധര്‍മജനസേനക്കാര്‍. ‘ഇവിടൊന്നും കിട്ടീല്ല; ഇവിടൊന്നും വിളമ്പീല്ലാ’ എന്ന് കരഞ്ഞു തുടങ്ങിയിട്ട് വര്‍ഷം നാലായി. ബെന്‍സും ചാരി നിന്ന സുരേഷ്‌ഗോപി എംപിയായി; ഓടാന്‍ പോയ കണ്ണന്താനം മന്ത്രിയുമായി. അച്ഛനും മകനും വരമ്പത്തു തന്നെ! കലികാലം തന്നെ. കൂട്ടത്തില്‍കൂടാന്‍ ചെന്നവനോട് ഇതാണ് മട്ടുംമാതിരിയുമെങ്കില്‍, പ്രതിപക്ഷത്തുള്ളവന്റെ കാര്യം കട്ടപ്പൊക തന്നെ ശിവനേ! ആയതിനാല്‍ കോണ്‍ഗ്രസും നെഹ്‌റു കുടുംബവും ജാഗ്രതൈ! ചരിത്രവും പഠിതാക്കളും പ്രത്യേകം ജാഗ്രതൈ!

Related Articles

നീതിക്കായി ഇപ്പോഴും വിശക്കുന്നുണ്ട്

വീട്ടുമുറ്റത്ത് കടല്‍വെള്ളം കയറിയെന്ന് വീട്ടിലേയ്ക്ക് വിളിച്ചപ്പോള്‍ അമ്മ പറഞ്ഞു. ക്യാമ്പുകളിലേക്കു പോയാല്‍ കൊറോണ പകരുമോ എന്നു ഭയം. ചെല്ലാനത്തിന്റെ അതിര്‍ത്തികള്‍ അടഞ്ഞപ്പോള്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് ക്ഷാമമാകാന്‍ തുടങ്ങിയെന്ന് പറഞ്ഞു.

വായന കണ്ടെത്തുന്ന വര്‍ത്തമാനങ്ങള്‍

ശരത്കാലത്തിന്റെ ചിറകുകളെപ്പറ്റിയും അഗ്നിയുടെയും മഞ്ഞിന്റെയും കുതിപ്പുകളെക്കുറിച്ചും കഥകളെഴുതുന്ന അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് ആര്‍.ആര്‍. മാര്‍ട്ടിന്‍ തന്റെ ഒരു ചെറുകുറിപ്പില്‍ എഴുതി: മരണമെത്തും മുന്‍പേ ഹാ, വായനക്കാരി, നീ

സമൂഹം, രാഷ്ട്രീയം, നേതൃത്വം ചില ഉള്‍ക്കാഴ്ചകള്‍

പുനലൂര്‍ രൂപതയുടെ പത്തനാപുരം സെന്റ് സേവ്യേഴ്‌സ് ആനിമേഷന്‍ സെന്ററില്‍ കേരളാ റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ജനറല്‍ അസംബ്ലിയില്‍ കുറച്ചുസമയം പങ്കെടുത്തതിന്റെ വെളിച്ചത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*