അവഗണനയുടെ അവതരണമായി കേന്ദ്ര ബജറ്റ്

അവഗണനയുടെ അവതരണമായി കേന്ദ്ര ബജറ്റ്

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പൂര്‍ണ ചുമതലയുള്ള ഒരു വനിത ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ, വിശേഷിച്ച് കേരളത്തിലെ വനിതകളും കുടുംബിനികളും മോദി സര്‍ക്കാരിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഒരു വനിത ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിനെ സവിശേഷ കൗതുകത്തോടെയാണ് കാത്തിരുന്നതെന്നു പറയാം. കേരളത്തിന്റെ കാര്യമെടുത്താല്‍, ഓഖിക്കുശേഷം, നോട്ടുനിരോധനത്തിനുശേഷം, പ്രളയത്തിനുശേഷം വളരെ പരിതാപകരമായ അവസ്ഥയിലാണ് സംസ്ഥാനം. ഇന്ത്യയില്‍ തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും മോശമായ നിലയിലേക്ക് എത്തിയിരിക്കുന്ന സ്ഥിതിവിശേഷമാണ്. ഉപഭോക്താക്കളുടെ വാങ്ങല്‍ശേഷി തീരെ കുറവ്. വ്യവസായരംഗത്ത് ഉത്പാദനം കുറയുന്നു. വാഹനങ്ങളുടെ വില്പന നന്നേ കുറയുന്നു. ഇതെല്ലാം കാണിക്കുന്നത് ജനങ്ങളുടെ കയ്യില്‍ വേണ്ടത്ര പണമില്ല, സമ്പാദ്യം ഇല്ല എന്നതാണ്. ഈ ബജറ്റില്‍ ഊന്നല്‍ കൊടുക്കേണ്ടിയിരുന്നത് സമ്പദ്‌വ്യവസ്ഥയെ വളര്‍ച്ചയുടെ പാതയിലേക്ക് വീണ്ടും കൊണ്ടുപോകാനുള്ള ഉപാധികള്‍ക്കായിരുന്നു. ഉപഭോഗശേഷി വര്‍ദ്ധിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വ്യവസായ മാന്ദ്യം തടയുകയും കൂടുതല്‍ നിക്ഷേപം ഉണ്ടാക്കുകയും കൃഷി മേഖലയെ ഉത്തേജിപ്പിക്കുകയും വേണമായിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ ഉണ്ടായില്ല. വനിത ധനമന്ത്രിയില്‍ നിന്ന് രാജ്യത്തെ വനിതകള്‍ തങ്ങള്‍ക്കുവേണ്ടി പ്രത്യേകം ആവിഷ്‌കരിക്കുന്ന ചില പദ്ധതികളെങ്കിലും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങളുടെ വിവരണമായാണ് രണ്ടു മണിക്കൂര്‍ അഞ്ചു മിനിറ്റ് നീണ്ട ശ്രീമതി നിര്‍മ്മല സീതാരാമന്റെ കന്നി ബജറ്റ് പ്രസംഗം അനുഭവപ്പെട്ടത്. 2019-20 സാമ്പത്തികവര്‍ഷം ഏഴു ശതമാനം ജിഡിപി ലക്ഷ്യമിടുന്നതായാണ് അതില്‍ പറയുന്നത്. ഇപ്പോള്‍ 6.2 ശതമാനം മാത്രം വളര്‍ച്ചയുള്ള ഇന്ത്യ ചൈനയെ മറികടന്ന് ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി മാറണമെങ്കില്‍ ജിഡിപി എട്ടു ശതമാനം വരെ ഉയരേണ്ടതുണ്ട്. 2025ഓടെ സമ്പദ്‌വ്യവസ്ഥ അഞ്ചു ട്രില്യന്‍ ഡോളര്‍ ആകണമെങ്കില്‍ ഇതു കൂടിയേ തീരൂ. വളരെയേറെ പ്രതീക്ഷയോടെ കാത്തിരുന്ന കുടുംബിനികള്‍ക്ക് ഏറെ നിരാശജനകമായ ബജറ്റ് ആയിട്ടാണ് തോന്നിയത്. അവസാനം പറഞ്ഞ ഒന്നുരണ്ടു കാര്യങ്ങള്‍ നമ്മെ ഏറെ ബാധിക്കുന്നവയാണ്. പെട്രോളിനും ഡീസലിനും വില കൂടും. സര്‍വ്വ അവശ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില കൂടിയാല്‍ കാര്യങ്ങളെല്ലാം അവതാളത്തിലാകുമെന്നും ഭാരിച്ച വിലക്കയറ്റത്തില്‍ കുടുംബ ബജറ്റെല്ലാം താളംതെറ്റുമെന്നും ആരും പറഞ്ഞുതരേണ്ടതില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കാര്യമെടുത്താല്‍, ഇവിടെ 60 ശതമാനം ജനങ്ങളും ഇത്തരം ആനുകൂല്യങ്ങള്‍ക്കു പുറത്തുനില്‍ക്കുകയാണ്. തങ്ങളുടെ ജീവിതസമ്പാദ്യം മുഴുവന്‍ ഉപയോഗിച്ചാണ് മിക്കവരും രോഗങ്ങള്‍ക്കു ചികിത്സ തേടുന്നത്. ചരക്കുസേവന നികുതി (ജിഎസ്ടി) വന്നപ്പോള്‍ അവശ്യമരുന്നുകളുടെ വില കുറയുമെന്നു പറഞ്ഞിരുന്നു. എന്നാല്‍ മരുന്നുകളുടെ വില അഞ്ചു മുതല്‍ 25 ശതമാനം വരെ കൂടിയിരിക്കുന്നു.
തൊഴിലില്ലായ്മ ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും രൂക്ഷമായിരിക്കുന്ന അവസ്ഥയില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരങ്ങള്‍ ഉണ്ടെങ്കിലും ഇവിടെ പഠിച്ചിറങ്ങുന്ന യുവജനങ്ങള്‍ക്ക് തങ്ങളുടെ വിദ്യാഭ്യാസ വായ്പയുടെ ഇഎംഐ അടയ്ക്കാന്‍ പോലും സാഹചര്യമില്ല. രാജ്യത്തെ തൊഴില്‍നിയമങ്ങള്‍ ഏകോപിപ്പിച്ച് നാലായി ചുരുക്കുന്നത് തൊഴില്‍രംഗത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കും. ഹയര്‍ ആന്‍ഡ് ഫയര്‍ പോളിസിയാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. ഏതു ജീവനക്കാരെയും എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാം. തൊഴിലിന് ഒരു സുരക്ഷയുമില്ല. കഴിഞ്ഞ 40 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും രൂക്ഷമായ തോതില്‍ തൊഴിലില്ലായ്മ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു തൊഴില്‍നിയമ ഏകോപനം കൂടി വരുന്നതോടെ ഉദ്യോഗാര്‍ഥികളുടെയും തൊഴിലാളികളുടെയും സ്ഥിതി കൂടുതല്‍ ആശങ്കാജനകമാകുമെന്നതില്‍ സംശയമില്ല.
തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളും തൊഴില്‍ സുരക്ഷയുടെ വ്യവസ്ഥകളും ഓരോ ചെറിയ നിയമഭേദഗതി പോലും പോരാടി നേടിയതാണ്. പ്രസവാവധിക്കാല വേതനം തുടങ്ങി തൊഴില്‍സ്ഥലങ്ങളില്‍ ഇരിക്കാനുള്ള അവകാശം വരെയും പൊരുതി നേടിയതാണ്. സ്വയം സഹായ സംഘത്തിലെ ഒരു വനിതയ്ക്ക് ഒരു ലക്ഷം രൂപയുടെ മുദ്ര ലോണ്‍ മാത്രമാണ് ഈ ബജറ്റില്‍ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന വലിയ ആനുകൂല്യം. സ്ത്രീ സുരക്ഷിതത്വത്തിനുവേണ്ടി യാതൊരു പൈസയും വകവച്ചിട്ടില്ല.
ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ പൊതുമേഖലാസ്ഥാപനങ്ങള്‍ എല്ലാം വിറ്റുതുലച്ചുകൊണ്ട് കോര്‍പറേറ്റുകളെ സഹായിക്കുന്ന ഒരു ബജറ്റ് ആണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.


Related Articles

അതിര്‍ത്തി മേഖലയില്‍ കരുതലിന്റെ കോട്ടയായി എസ്.എം.എസ്.എസ്.എസ്

കൊറോണക്കാലത്തെ സുരക്ഷാ പ്രവര്‍ത്തനങ്ങളിലും ആരോഗ്യപ്രവര്‍ത്തനങ്ങളിലും സുല്‍ത്താന്‍പേട്ട് മള്‍ട്ടിപര്‍പ്പസ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (എസ്.എം.എസ്.എസ്.എസ്) നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. കേരളത്തില്‍ കൊറോണയുടെ പ്രരംഭഘട്ടത്തില്‍തന്നെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതിനാല്‍

കേരളത്തില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു.

തിരുനവനന്തപുരം:കേരളത്തില്‍ നിലവില്‍ ആറ് പേര്‍ക്കാണ് വകഭേതം വന്ന കോറോണ വയറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി കെ.കെ ഷൈലജയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ഉത്സവങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നതിന്

ഗ്വാളിയോര്‍ ബിഷപ്പ് തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു

ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോര്‍ രൂപത ബിഷപ്പ് തോമസ് തെന്നാട്ട് എസ്എഎസി വാഹനാപകടത്തില്‍ മരിച്ചു. 65 വയസായിരുന്നു. 14ന് രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*