Breaking News

അസാധാരണനായ ഒരു സാധാരണക്കാരന്‍

അസാധാരണനായ ഒരു സാധാരണക്കാരന്‍

”കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്, ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്രവും കര്‍ത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.”
(ലൂക്കാ 4, 18-19)
ദൈവദത്തമായ ചില സവിശേഷ നിയോഗങ്ങളില്‍ നിബന്ധങ്ങളായ ജീവിതങ്ങള്‍ നമ്മെ വല്ലാതെ അത്ഭുതപ്പെടുത്തും. അവരുടെ ഓരോ പ്രവൃത്തിയിലും ഈ ദൈവിക നിയോഗത്തിന്റെ കയ്യൊപ്പ് അദൃശ്യമാംവണ്ണം പതിഞ്ഞിരിക്കും. സ്വര്‍ഗോന്മുഖമായ ഒരു അകക്കണ്ണും സഹജീവികളുടെ ആത്മാവിനെപ്പോലും തങ്ങളിലേക്ക് സംക്രമിപ്പിക്കാന്‍ കഴിയുന്ന ഭൂതദയയും അവരില്‍ പരിലസിക്കുന്നുണ്ടാവും. തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. എം.സൂസപാക്യം പിതാവിനെ വാക്കുകളില്‍ വരച്ചിടാനുള്ള എളിയശ്രമം ആരംഭിക്കുന്നത് ഇത്തരമൊരു കണ്ടെത്തലില്‍നിന്നാണ്.
2019 ഒക്‌ടോബര്‍ മാസത്തിലെ അവസാന ദിനങ്ങളിലാണ് അഭിവന്ദ്യ പിതാവിന്റെ ആരോഗ്യനില മോശമാണെന്ന വിവരം ലോകം അറിയുന്നത്. ഒരു മെത്രാന്റെ രോഗവിവരം വാര്‍ത്തകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അറിഞ്ഞവര്‍ ഒരുനിമിഷം നിശബ്ദരായി, ഉള്ളിലുയര്‍ന്ന നെടുവീര്‍പ്പിനെ പ്രാര്‍ഥനയായി സമര്‍പ്പിച്ചപ്പോള്‍ അത് മേഘജാലങ്ങളെ പിന്നീട്ട് ചക്രവാളസീമകളെ ഭേദിച്ച് സ്വര്‍ഗത്തിന്റെ അകത്തളങ്ങളില്‍ തീവ്രതയോടെ പ്രതിധ്വനിച്ചു. മരണമുഖത്തുനിന്നും തങ്ങള്‍ക്ക് പ്രിയപ്പെട്ട ഇടയന്റെ ജീവനെ ഒരു ജനസമൂഹം ഒരേ മനസോടെ തിരികെ വിളിച്ചപ്പോള്‍ ആ സ്‌നേഹശാഠ്യത്തിന് ദൈവംപോലും വഴങ്ങിക്കൊടുത്തു. അതിഭാവുകത്വങ്ങള്‍ ഇല്ലാത്ത തീര്‍ത്തും സാധാരണക്കാരനായ വന്ദ്യ സൂസപാക്യം പിതാവ് രൂപത്തിലും ഭാവത്തിലും സംസാരത്തിലും സമീപനങ്ങളിലും പുലര്‍ത്തുന്ന സാധാരണത്വം നമ്മെ അത്ഭുതപ്പെടുത്തും. എന്നാല്‍ ഓരോ ദിവസവും അദ്ദേഹത്തോട് അടുത്തിടപഴകുമ്പോള്‍ കാണകാണെ അദ്ദേഹത്തിലെ അസാധാരണത്വം അനാവരണം ചെയ്യപ്പെടും. സാവകാശം അദ്ദേഹം നമ്മെ അത്ഭുതപ്പെടുത്തും, കീഴടക്കും, ബഹുമാനം ആരാധനാമനോഭാവമായി രൂപാന്തരപ്പെടും. താബോര്‍ അനുഭവത്തിന്റെ വിസ്മയത്തില്‍ സ്വയം മറന്ന പത്രോസിനെപ്പോലെ നമ്മളും പറയും ഈ പിതാവിനൊടൊത്തായിരിക്കുന്നത് നല്ലതാണ്. കാഴ്ചയില്‍ വെറും സാധാരണക്കാരനെങ്കിലും ചിരപരിചയത്വം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ അസാധാരണത്വത്തെ സ്പഷ്ടമാക്കും.
ലാളിത്യത്തിന്റെ ആള്‍രൂപം
വെള്ളയമ്പലം അരമനയില്‍ എത്തുക… ഗേറ്റ് മുതല്‍ അദ്ദേഹത്തിന്റെ ലാളിത്യം പ്രകടമാണ്. സ്വീകരണമുറി കടന്ന് അദ്ദേഹത്തിന്റെ മുറിയില്‍ എത്തുക. സാധാരണ ഇരിപ്പിടങ്ങള്‍, ലാളിത്യത്തിന്റെ ഗാംഭീര്യം, വശ്യതയാര്‍ന്ന പെരുമാറ്റം, തന്നെക്കാള്‍ വലിയവരാണ് മറ്റുള്ളവര്‍ എന്നുള്ള വിചാരത്തോടെയുള്ള ഇടപെടല്‍, സംസാരിച്ചു തുടങ്ങുക… ഏതു വിഷയത്തെപ്പറ്റിയും പറയാനുണ്ട്. പണ്ഡിതരോട് അതേ പാണ്ഡ്യത്യത്തോടെ, എളിയവരോട് അതേ എളിമയോടും ലാളിത്യത്തോടും, വിശുദ്ധരോട് അതേ നൈര്‍മല്യത്തോടെ. അദ്ദേഹത്തിന്റെ മുമ്പില്‍ എത്തുന്ന എല്ലാവരും ബഹുമാനിതരാകുന്നു, പ്രായഭേദമെന്യേ എല്ലാവരെയും അംഗീകരിക്കുന്നു, ആദരിക്കുന്നു. ആ എളിമയുടെ മുമ്പില്‍ നാം വല്ലാതെ വിവശരാകുന്നു.
പ്രസംഗവേദികളില്‍ ലളിതമായി തുടങ്ങി ശാന്തമായി ഒഴുകുന്ന കൊച്ചരുവിയെപ്പോലെ ഒഴുകി ആഴമുള്ള ആഴിയുടെ അനന്തവിശാലതയിലേക്ക് നയിച്ച് അവിടെ മുങ്ങിത്തപ്പി നിരത്തുന്ന വിലയേറിയ മുത്തുകള്‍ കോര്‍ത്തിണക്കി ആശയസമ്പുഷ്ടിയുടെ മനോഹരമായ വര്‍ണപ്രപഞ്ചം തീര്‍ക്കുന്ന കാമ്പുള്ള പ്രഭാഷണങ്ങള്‍, സാമൂഹിക വിഷയങ്ങളിലും അവഗണനയുടെ അനുഭവങ്ങളിലും ആളിക്കത്തുന്ന പ്രവാചകധീരതയുടെ സ്വരമായി മാറും. അദ്ദേഹം മോഡറേറ്റു ചെയ്യുന്ന സമ്മേളനങ്ങളും കെആര്‍എല്‍സിബിസി, കെആര്‍എല്‍സിസി, കെസിബിസി ഉള്‍പ്പെടെയുള്ള നിരവധി ആലോചനാ സമിതികള്‍… കൃത്യതയോടെ, കാടുകയറാതെ ചര്‍ച്ചകളെ നിയന്ത്രിച്ച് സമയബന്ധിതമായി അവസാനിപ്പിക്കാന്‍, സങ്കീര്‍ണ പ്രശ്‌നങ്ങള്‍ ചര്‍ച്ചാവിഷയമാകുമ്പോള്‍ ഔചിത്യത്തിന്റെ ഇഴപിണയാതെ നയിക്കാന്‍, പ്രകടമാക്കുന്ന വൈഭവം, ശരിയായ ദിശയിലൂടെ നയിച്ച് ചര്‍ച്ചയെ ലക്ഷ്യത്തിലെത്തിക്കാനുള്ള അസാധാരണ വിവേകം, അനിവാര്യമായി വരുന്ന ആജ്ഞാശക്തിയും, മൂന്നുവര്‍ഷം കെസിബിസി സമ്മേളനങ്ങളെ നിയന്ത്രിച്ച് നയിച്ച അസാധാരണ മെയ്‌വഴക്കവും അദ്ദേഹത്തിന്റെ മാത്രം സവിശേഷതകളാണ്. കേരളത്തിലെ പൊതുസമൂഹത്തിന് മൂന്നു പതിറ്റാണ്ടുകാലം അദ്ദേഹം നല്കിയ നേതൃത്വം ഒരു ചരിത്രകാരനും വിസ്മരിക്കാനാവില്ല. എല്ലാ ദുഃഖവെള്ളിയാഴ്ചകളിലെയും കുരിശിന്റെ വഴി പ്രാര്‍ഥനയുടെ പ്രാരംഭമായി തിരുവനന്തപുരത്തിന്റെ നഗരമധ്യത്തില്‍ ഉച്ചൈസ്ഥരം മുഴങ്ങിയ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ എല്ലാം തന്നെ സമൂഹിക മാറ്റത്തിന്റെ ഉണര്‍ത്തുപാട്ടുകളായിരുന്നു. നാവ് പടവാളാക്കി, വാക്കുകള്‍ ശരങ്ങളാക്കി അദ്ദേഹം നേതൃത്വം നല്കിയ സമൂഹിക പരിഷ്‌കരണം ഈ നാട് എന്നും നന്ദിയോടെ ഓര്‍ക്കുന്നു.
വിമോചന ശബ്ദം
പ്രവാചകധീരത കൈമുതലാക്കിയ വന്ദ്യപിതാവ് താന്‍ ജീവിച്ച സമൂഹത്തിന്റെ സര്‍തതോന്മുഖമായ വിമോചനം ലക്ഷ്യംവച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയില്‍ നടപ്പാക്കിയ വികസന വിമോചന പദ്ധതികള്‍ ലോകത്തിനുമുമ്പില്‍ മാതൃകയും വെല്ലുവിളിയും ഉയര്‍ത്തി എന്നുള്ളത് പില്ക്കാല ചരിത്രമാണ്. അടിസ്ഥാന സമൂഹങ്ങളുടെ സ്ഥാപനം വഴി ആരംഭിച്ച വികസനപ്രവര്‍ത്തനങ്ങള്‍ പില്‍ക്കാലത്ത് അനേകര്‍ക്ക് പ്രചോദനവും മാതൃകയുമായി. അടിച്ചമര്‍ത്തപ്പെട്ടും അവകാശങ്ങള്‍ ധ്വംസിക്കപ്പെട്ടും കഴിഞ്ഞിരുന്ന ഒരു ജനതതിയെ തൊട്ടുണര്‍ത്തി അവകാശങ്ങളെപ്പറ്റിയുള്ള ബോധ്യവും ഉത്തരവാദിത്വങ്ങളെപ്പറ്റിയുള്ള ധാരണയും നല്കി, ഒരു സംഘടിത ശക്തിയാക്കി വളര്‍ത്തി. കെആര്‍എല്‍സിസിയുടെ സ്ഥാപക നേതാവും ചാലകശക്തിയും അദ്ദേഹമായിരുന്നു. ഇടവകയെ ചെറുസമൂഹങ്ങളായി തിരിച്ച് അവരെ നയിക്കാനുള്ള നേതാക്കളെ അവരില്‍നിന്നുതന്നെ തെരഞ്ഞെടുത്ത് ഇടവകയുടെ സമഗ്ര വികസനത്തിന് പദ്ധതികള്‍ രൂപപ്പെടുത്തുക എന്ന ലക്ഷ്യവുമായി ആരംഭിച്ച ബിസിസി ഏകദേശം 2045 കുടുംബ യൂണിറ്റുകളായി പ്രവര്‍ത്തിക്കുന്നു. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് അനേകം ധിഷണാശാലികള്‍ ഈ സംരംഭത്തെപ്പറ്റി പഠിക്കുവാനും മാതൃകയാക്കുവാനും മുന്നോട്ടുവന്നു.
പൊഴിയൂരിലെ വ്യാജമദ്യോല്പാദനം വലിയ പ്രതിസന്ധിയും ഭീഷണിയും ഉയര്‍ത്തിയപ്പോള്‍ ഗവണ്‍മെന്റും പോലീസുംപോലും നിസഹായരായ ഇടങ്ങളില്‍ സൗമ്യദീപ്തമായ ഇടപെടലുകളിലൂടെയും പിതാവിനടുത്ത സമീപനങ്ങളിലൂടെയും ഒരു പ്രദേശത്തെ മുഴുവന്‍ മാനസാന്തരത്തിന്റെ അനുഭവത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഈ ഒരൊറ്റ സംഭവംമതി അദ്ദേഹത്തിലെ ആത്മീയനേതാവിന്റെ ധാര്‍മികശക്തി തിരിച്ചറിയാന്‍. അറിവിനെ ആയുധമാക്കി, പ്രാര്‍ഥന കവചമാക്കി, അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ സ്വര്‍ഗോത്മുഖമായ തീര്‍ഥയാത്രയുടെ ആവേശങ്ങളായി.
വിദ്യാഭ്യാസം
വികസനവും വിമോചനവും സാധ്യമാകുന്നത് വിദ്യാഭ്യാസത്തിലൂടെയാണ് എന്നു വന്ദ്യപിതാവ് മനസിലാക്കി. പിതാവ് രൂപതയുടെ സാരഥ്യം ഏറ്റെടുത്തതിനുശേഷം ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതിനു സാക്ഷ്യംനല്കുന്നു. മരിയന്‍ എന്‍ജിനീയറിംഗ് കോളജ്, ബിഎഡ് കോളജ്, ആര്‍ക്കിടെക്ചറല്‍ കോളജ്, കമ്യൂണിറ്റി കോളജുകള്‍, സെന്റര്‍ ഫോര്‍ എക്‌സലന്‍സ് എന്നിവയെല്ലാം പിതാവിന്റെ വിദ്യാഭ്യാസ വീക്ഷണത്തിന്റെയും ക്രാന്തദര്‍ശനത്തിന്റെയും ഫലമത്രെ. ജൂബിലി മെഡിക്കല്‍ സെന്റര്‍ ഇന്നുകാണുന്ന തലത്തിലേക്ക് വളര്‍ത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. ഇപ്രകാരം ആസൂത്രിതവും സമഗ്രവുമായ ഒരു വിദ്യാഭ്യാസ ദര്‍ശനത്തിലൂടെ നന്മനിറഞ്ഞ ഒരു ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ആഴമേറിയ ആത്മീയത
ദിവ്യപൂജാര്‍പ്പണം, വിശുദ്ധഗ്രന്ഥ പാരായണം, യാമനമസ്‌കാരങ്ങള്‍, ജപമാല എന്നിവയെല്ലാം അദ്ദേഹത്തിന്റെ ആത്മീയതയെ ബലപ്പെടുത്തിയ സ്രോതസുകളായിരുന്നു. ഭക്തിപൂര്‍വമായ ദിവ്യബലിയര്‍പ്പണവും ഹൃദയാവര്‍ജ്ജകമായ വചനപ്രഘോഷണവും അനിതരസാധാരണമായ ആത്മീയാനുഭവം പകരുന്നവയാണ്. ഗൗരവമുള്ള ആശയങ്ങളെ സരളമായി വ്യാഖ്യനിക്കാനുള്ള പിതാവിന്റെ പാഠവവും എത്രയും പ്രശംസനീയമാണ്. പ്രസംഗിക്കേണ്ട വചനം ധ്യാനവിഷയമാക്കി പരിശുദ്ധാത്മ പ്രേരണയാല്‍ ലഭിക്കുന്ന ഉള്‍ക്കാഴ്ചകള്‍ സ്ഫുടംചെയ്ത വാക്കുകളില്‍ അവതരിപ്പിക്കുമ്പോള്‍ അതു ശ്രോതാക്കളില്‍ മാനസാന്തരം ഉണ്ടാക്കുന്നു, അതുകൊണ്ടുതന്നെ വര്‍ധിച്ച ആവേശത്തോടെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി ജനം കാതോര്‍ക്കും.
ദിവ്യകാരുണ്യത്തിന്റെ മുമ്പില്‍ അനുദിനം ഏറെസമയം ചെലവഴിക്കാറുള്ള പിതാവ് തന്റെ ശ്രേഷ്ഠാചാര്യ ശുശ്രൂഷ അധികാരി എന്നതിനേക്കാള്‍ കാര്യസ്ഥന്‍ എന്ന നിലയിലാണ് സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ ദിവസവും ഉറങ്ങുന്നതിനുമുന്‍പ് തന്റെ സ്വകാര്യ ചാപ്പലില്‍ കയറി ഈശോയോട് അദ്ദേഹം ഇപ്രകാരം പറയും, കര്‍ത്താവേ അങ്ങ് എന്നെ ഏല്പിച്ച ഉത്തരവാദിത്വങ്ങള്‍ എന്റെ കഴിവിനൊത്തവണ്ണം ഞാന്‍ നിര്‍വഹിച്ചു. ഇനി ഞാന്‍ ഉറങ്ങാന്‍ പോകുന്നു. എല്ലാ ചുമതലകളും അങ്ങയെ ഭരമേല്പിക്കുന്നു. സമര്‍പ്പണത്തിന്റെ സമ്പൂര്‍ണതയില്‍നിന്ന് ഉരുത്തിരിഞ്ഞ വാക്കുകളാണിത്. ഒരു ആര്‍ച്ച്ബിഷപ്പിന്റെ പ്രൗഢിയേക്കാള്‍ ഇടയന്റെ ലാളിത്യമാണ് അദ്ദേഹത്തില്‍ നാം ദര്‍ശിക്കുന്നത്. ദൈവജനത്തിനുവേണ്ടി ദൈവതിരുമുമ്പില്‍ മുട്ടുകള്‍ മടക്കാനും കരംവിരിക്കാനും അദ്ദേഹം ഒരിക്കല്‍പോലും മടിച്ചിട്ടില്ല. എന്റെ ജനം എന്ന ചിന്തയാണ് എപ്പോഴും പിതാവിനെ നയിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ സ്വകാര്യദുഃഖങ്ങളും വേദനകളും ഇച്ഛാഭംഗങ്ങളും ആഗ്രഹങ്ങളും എല്ലാം അദ്ദേഹത്തിന്റെ പ്രാര്‍ഥനാവിഷയങ്ങളായി. ഈ ഒരു ആത്മീയബന്ധമാണ് പിതാവിന്റെ രോഗാവസ്ഥയില്‍ തങ്ങളുടെ രക്തബന്ധുക്കളില്‍ ഒരാള്‍ രോഗിയായാല്‍ എന്നപോലെ മിഴിനിറഞ്ഞും മനം മുറിഞ്ഞും ഏകമനസോടെ പ്രാര്‍ഥിക്കുവാന്‍ ദൈവജനത്തെ പ്രേരിപ്പിച്ചത്. ഉരുക്കഴിക്കുന്ന ജപമാലമണികളില്‍ ആത്മീയതയുടെ അദൃശ്യമായ ചരടുകളാല്‍ അദ്ദേഹം നമ്മെയും ബന്ധിക്കുന്നുണ്ട് പുത്രനിര്‍വിശേഷമായ വാത്സല്യത്തോടെ പരിശുദ്ധ അമ്മയുടെ കരംപിടിച്ച് അദ്ദേഹം എന്നും മുന്നോട്ടുനീങ്ങുന്നു. പൗരോഹിത്യ മേല്പട്ട ശുശ്രൂഷാജീവിതത്തില്‍ പ്രചോദനാത്മക മാതൃകയും വഴികാട്ടിയുമാണ് പിതാവ്.
ബൈബിളും ആരാധനാക്രമവും
വിശുദ്ധ ഗ്രന്ഥത്തോട് അദ്ദേഹം പുലര്‍ത്തിയ ഹൃദയബന്ധം ബൈബിളിന്റെ സജീവഭാഷ്യമായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചു. വചനംഗ്രസിച്ച ജീവിതങ്ങള്‍ക്കേ പ്രവാചകധീരത ഉണ്ടാവുകയുള്ളൂ. പിതാവിന്റെ ഉന്നത ബിരുദത്തിന്റെ വിഷയംപോലും ആരാധനാക്രമവും തിരുവചനവുമായിരുന്നു. തന്റെ ജീവിതത്തില്‍ ഇവ രണ്ടും ഏകീഭവിക്കുന്നു. വചനം സ്വീകരിച്ച് ആരാധിക്കാന്‍ ജനത്തെ പ്രചോദിപ്പിക്കുകയും തിരുവചന വ്യാഖ്യാനം ദിവ്യബലിയെ കൂടുതല്‍ സജീവമാക്കുന്നു എന്ന യാഥാര്‍ഥ്യം തിരിച്ചറിയുകയും ചെയ്യുന്നു. കെസിബിസി ബൈബിള്‍ കമ്മീഷന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ കേരളസഭയ്ക്ക് നല്‍കിയിട്ടുള്ള നിസ്ഥുല സംഭാവനകളും സ്മരണീയമാണ്.
വേറിട്ട അജപാലകന്‍
പങ്കാളിത്വത്തിലൂടെയും അഭിപ്രായ സമന്വയത്തിലൂടെയും ദര്‍ശനങ്ങള്‍ രൂപപ്പെടുത്തുന്ന പുത്തന്‍ശൈലി ആര്‍ജിച്ച് സഭാജീവിതത്തെ ദൈവരാജ്യ അനുഭവത്തിന്റെ മുന്നാസ്വാദനമാക്കി പിതാവ് മാറ്റി. ജനങ്ങള്‍ക്കുവേണ്ടിയുള്ള സഭ എന്ന കാഴ്ചപാടില്‍നിന്ന് ജനങ്ങളുടെ സഭ എന്ന തലത്തിലേക്ക് ഉയര്‍ത്തി. ദൈവരാജ്യ ശുശ്രൂഷയില്‍ അല്മായരുടെ പങ്ക് ഉറപ്പിക്കുന്ന തരത്തില്‍ അല്മായശാക്തീകരണം ലക്ഷ്യംവച്ചുകൊണ്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വിജയം കണ്ടു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ രണ്ടര ലക്ഷത്തിലധികം വരുന്ന അല്മായരുടെ വിശുദ്ധീകരണവും സമഗ്രവളര്‍ച്ചയും അദ്ദേഹത്തിന്റെ മുന്‍ഗണനകളായിരുന്നു. അല്മായരുടെ ശുശ്രൂഷ ഇടവക തലങ്ങളില്‍ വ്യാപിപ്പിക്കുന്നതിനു പകരമായി ബൈലോ ഭേദഗതി ചെയ്യാന്‍പോലും പിതാവ് തയ്യാറായി. കഴിവും പ്രാപ്തിയുമുള്ള അല്മായരെ കണ്ടെത്തി വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കാന്‍ അവരെ സജ്ജരാക്കുന്ന തലത്തില്‍ വിവിധ ശുശ്രൂഷകളുടെ സാരഥ്യം അവരെ ഏല്പിച്ചു. ലൈംഗീകചൂഷണം, ഗാര്‍ഹികപീഡനം എന്നിവ തടയാന്‍ സ്ത്രീശാക്തീകരണം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കേരള ലത്തീന്‍ കത്തോലിക്കാ വിമന്‍സ് അസോസിയേഷന്‍ രൂപീകരിച്ച് സമുദായത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി വിവിധ പദ്ധതികള്‍ വിഭാവനം ചെയ്തു. സ്ത്രീശാക്തീകരണം നടപ്പിലാക്കാന്‍ എല്ലാ സംഘടനകളിലും ഇടവക കമ്മിറ്റികളിലും 30 ശതമാനം വനിതാ സംവരണം ഉറപ്പുവരുത്തി. 2014 ഫെബ്രുവരി 28ന് നടന്ന ലത്തീന്‍ കത്തോലിക്കാ മഹാസംഗമം അവകാശ സംരക്ഷണത്തിനും അവസരസമത്വത്തിനുമായുള്ള ലത്തീന്‍ ജനതയുടെ കാല്‍വയ്പായിരുന്നു. അതിലൂടെ അല്മായ നേതൃത്വത്തിന്റെ നവീനസരണികള്‍ വെട്ടിത്തുറക്കാന്‍ പിതാവിന് സാധിച്ചു.
മനുഷ്യസ്‌നേഹി മഹാത്മാഗാന്ധിയുടെ പ്രവര്‍ത്തനശൈലി സ്വാംശീകരിച്ച് ഒരിന്ത്യന്‍ പൗരനെന്ന നിലയില്‍ ജനനേതാവായി, പൊതുജനത്തിന്റെ മനസാക്ഷിയായി, കര്‍മനിരതനായി പിതാവ് പ്രവര്‍ത്തിക്കുന്നു. കടലോര പ്രദേശങ്ങളിലെ പാവപ്പെട്ടവന്റെ ഉന്നമനം എന്നും അദ്ദേഹത്തിന്റെ മുഖ്യഅജന്‍ഡയായിരുന്നു. ഭൗതികത വിഴുങ്ങിത്തുടങ്ങിയ മൂല്യശ്രേണികളെ വിശുദ്ധീകരിച്ച് പുണ്യപരിപൂര്‍ണത ലക്ഷ്യമാക്കി ജീവിക്കാനുതകുന്ന സഭാദര്‍ശനം അദ്ദേഹം രൂപപ്പെടുത്തി. തന്നെ സമീപിക്കുന്ന എല്ലാവരോടും നിഷ്‌കളങ്കമായ പുഞ്ചിരിയോടും സ്വസിദ്ധമായ നര്‍മബോധത്തോടും അദ്ദേഹം സംസാരിക്കും. ക്ഷമയോടെ മറ്റുള്ളവരെ കേള്‍ക്കും. ക്ഷുഭിതമാകാത്ത മനസ് കൈമുതലായുള്ളതുകൊണ്ട് ആരെയും വ്രണപ്പെടുത്താതെ എല്ലാവരുടെയും സ്വന്തമായി തീരാന്‍ സൂസപാക്യം പിതാവിന് കഴിയുന്നുണ്ട്. കേരള സമൂഹം ജാതിമതഭേദമെന്യേ സ്വന്തമായി അംഗീകരിക്കുന്ന ശാന്തിസമിതിയുടെ പ്രേരകശക്തി അദ്ദേഹമാണ്. സ്വന്തം ബലഹീനതകളെ സ്വയം ഏറ്റുപറഞ്ഞ് ദൈവത്തിലാശ്രയിച്ച് മുന്നോട്ടുപോകാന്‍ നമുക്കെല്ലാം ചൂണ്ടു പലകയാവുകയാണ് പിതാവിന്റെ ജീവിതം.
മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും സാമൂഹിക തിന്മകളായി വളര്‍ന്നപ്പോള്‍ അതിന്റെ തീരാക്കെടുതികളില്‍ ഇരുണ്ടുരുകിയ ജ്യേഷ്ഠത്തിമാരുടെയും അനുജത്തിമാരുടെയും അമ്മമാരുടെയും തേങ്ങലുകള്‍, യുവവൈധവ്യങ്ങളായ നിറതാരുണ്യങ്ങളുടെ അടക്കിപ്പിടിച്ച ഗദ്ഗദം, സ്വപ്‌നംകാണേണ്ട മിഴികളില്‍നിന്നരിച്ചിറങ്ങുന്ന തീരാവ്യഥയുടെ കണ്ണീരുകലര്‍ന്ന ബാല്യങ്ങള്‍, അനാഥത്വത്തിന്റെ കയ്പുനീരുകുടിക്കുന്ന ശൈശവങ്ങള്‍… ഇവയെല്ലാം ആ മനുഷ്യസ്‌നേഹിയുടെ ഹൃദയത്തെ വ്രണപ്പെടുത്തി. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കാന്‍ ഇതു കാരണമായി.
ഉപസംഹാരം
പൗരോഹിത്യത്തിന്റെ ദൗത്യം തിരിച്ചറിഞ്ഞ് നലംതികഞ്ഞ ആത്മീയതയുടെ ജീവിക്കുന്ന നേര്‍സാക്ഷ്യമായി, അനന്തപുരിയുടെ ധാര്‍മികശബ്ദമെന്ന നിലയില്‍ മൂന്നു പതിറ്റാണ്ടിലേറെയായി അഭിവന്ദ്യ സൂസപാക്യം പിതാവ് നിലകൊള്ളുന്നു. പ്രവാചക ധീരതയോടെ ശാസിക്കാനും തിരുത്താനും ചേര്‍ത്തുനിര്‍ത്താനും സാന്ത്വനിപ്പിക്കാനും പൗരോഹിത്യ വിശുദ്ധിയില്‍ ദൈവജനത്തെ നിര്‍മലരാക്കാനും ആശ്വസിപ്പിക്കാനും സ്വര്‍ഗപാതയിലൂടെ രാജകീയമായി അവരെ നയിക്കാനും അതുവഴി ക്രിസ്തുവിന്റെ പൗരോഹിത്യപൂര്‍ണതയില്‍ ജീവിക്കാനും അരനൂറ്റാണ്ടുകാലം ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യത്തിനു സാധിച്ചു.
വിവരിച്ചു തീര്‍ക്കാനാവാത്ത വ്യക്തിയനുഭവങ്ങള്‍ പിതാവുമായി ബന്ധപ്പെട്ട് എനിക്കുണ്ട്. അദ്ദേഹവുമായി ഇടപഴകാന്‍ ലഭിച്ച അവസരങ്ങളെല്ലാം വ്യക്തിജീവിതത്തില്‍ ഊഷ്മളതയുടെയും ശാക്തീകരണത്തിന്റെയും കൂടുതല്‍ വ്യക്തമായ ദിശാബോധം ലഭിക്കുന്നതിന്റെയും അവസരങ്ങളായിരുന്നു. ഇത്രമേല്‍ എന്റെ വ്യക്തിജീവിതത്തെ സ്വാധീനിച്ചിട്ടുള്ള വ്യക്തിത്വങ്ങള്‍ എണ്ണിപ്പറയാനേറെയില്ല. ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയോട് അദ്ദേഹം പുലര്‍ത്തിയിരുന്ന മകനടുത്ത മനോഭാവം എന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പിതാവിനെ യാത്രയാക്കിക്കൊണ്ട് 1994 ഒക്‌ടോബറില്‍ പാളയത്തുനിന്നാരംഭിച്ച നഗരികാണിക്കല്‍ വിലാപയാത്രയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് തിരുമേനി പറഞ്ഞ വാക്കുകള്‍ ഇപ്പോഴും അനേകരുടെ മനസില്‍ മുഴങ്ങുന്നുണ്ട്. വാത്സല്യത്തോടെ ചേര്‍ത്തുനിര്‍ത്തി വ്യക്തിപരമായി എനിക്ക് തന്നിട്ടുള്ള പ്രോത്സാഹനവും പിന്തുണയും എന്നില്‍ ചൊരിഞ്ഞിട്ടുള്ള അനുഗ്രഹങ്ങളും ഹൃദയപൂര്‍വം ഞാന്‍ ഓര്‍ക്കുന്നു. പൗരോഹിത്യത്തിനു സ്വജീവിതത്തിലൂടെ കാലോചിത നിര്‍വചനം നല്കുന്ന വന്ദ്യപിതാവ് സുവിശേഷമൂല്യങ്ങള്‍ക്കനുസരിച്ച് സമൂഹത്തെ പരിവര്‍ത്തനം ചെയ്ത് ആത്മീയതയുടെ പരിസരങ്ങളില്‍ എപ്പോഴും പരിലസിച്ചുകൊണ്ട് ഉത്തമ അജപാലകനായി, മനുഷ്യസ്‌നേഹിയായി, ദൈവജനത്തെ ഉപരി വിശുദ്ധീകരിച്ച് മാതൃകയും ചൂണ്ടുപലകയുമായി ഇനിയുമനേകരെ പ്രകാശിപ്പിച്ച് പൗരോഹിത്യ വിശുദ്ധിയില്‍ ബലിജീവിതം അനസ്യൂതം തുടരട്ടെയെന്ന പ്രാര്‍ഥനയോടെ ഈ വിചാരങ്ങളവസാനിപ്പിക്കുന്നു. വന്ദ്യപിതാവിന് പൗരോഹിത്യ സുവര്‍ണജൂബിലിയുടെ ആശംസകള്‍ ഹൃദയപൂര്‍വം ആശംസിക്കുന്നു.


Related Articles

കരുതലോടെ ഇരിക്കുക അഗ്നിബാധയെ: കേരള പോലീസ്

തീപിടുത്തം നമ്മുടെ അശ്രദ്ധ മൂലമാണ് മിക്കവാറും ദുരന്തമായി മാറുന്നത്. ഈ കഠിനമായ വേനൽകാലത് എല്ലാദിവസവും തന്നെ തീപിടിത്തത്തെ കുറിച് വാർത്തകൾ കേൾകുന്നുണ്ട്. നഗരത്തിലും നാട്ടിൻപുറങ്ങളിലും തീപിടുത്തം ഉണ്ടാവാതിരിക്കാൻ

ഹൃദയമിടിപ്പിന്റെ താളം

ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്‍ക്കാം, നീ ഉറങ്ങുക. ഓരോ ഡോക്ടറും രോഗിയോട്

മനസ്സുകളില്‍ വളരുന്ന മതഭീകരത

കഴിഞ്ഞ രണ്ടുമാസമായി മൂന്നു പെണ്‍കുട്ടികള്‍ ഒളിവില്‍ താമസിക്കുന്നു. 2019 ഏപ്രില്‍ അവസാനം ഇതെഴുതുമ്പോഴും അവര്‍ക്ക് ഒളിയിടത്തില്‍ നിന്നും പുറത്തുവന്ന് സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല. ഇവരെ സംരക്ഷിക്കുവാന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*