Breaking News

ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം നിലനിര്‍ത്തണം

ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം നിലനിര്‍ത്തണം

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി, വര്‍ഗ സംവരണം പത്തു കൊല്ലം കൂടി തുടരുന്നതിനുള്ള ഭരണഘടനയുടെ 126-ാം ഭേദഗതി ബില്‍ ഒരു എതിര്‍പ്പുമില്ലാതെ 352 അംഗങ്ങള്‍ ഏകകണമ്ഠമായി ലോക്‌സഭയില്‍ പാസാക്കിയപ്പോള്‍ അത്യധികം ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റര്‍ സന്ദേശത്തില്‍ കുറിച്ചു: നമ്മുടെ പൗരന്മാരുടെ, വിശേഷിച്ച് പാര്‍ശ്വത്കരിക്കപ്പെട്ടവരുടെ ശാക്തീകരണത്തിന് ഞങ്ങള്‍ അചഞ്ചലം പ്രതിജ്ഞാബദ്ധരാണ്.
ഭേദഗതിക്കു വിധേയമായ ഭരണഘടനാ വ്യവസ്ഥയുടെ (334-ാം വകുപ്പ്) രണ്ടാം ഖണ്ഡികയില്‍ പറയുന്ന ആംഗ്ലോ ഇന്ത്യന്‍ എന്ന അതിസൂക്ഷ്മ ന്യൂനപക്ഷത്തിന് ഈ നിയമനിര്‍മാണസഭകളിലുള്ള പ്രാതിനിധ്യം – 67 വര്‍ഷമായി നിലനില്‍ക്കുന്ന അവകാശം – പൊടുന്നനെ ഇല്ലാതാക്കുന്നതിനെക്കുറിച്ച് ഒരക്ഷരം അദ്ദേഹത്തിനു പറയാനില്ല. ഇന്ത്യയുടെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്താനുള്ള ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന്റെ ഭരണഘടനാദത്തമായ നോമിനേഷന്‍ ഉപാധിയുടെ മഹിത പാരമ്പര്യം അടുത്ത മാസം 25-ാം തീയതിയോടെ അസ്തമിക്കുകയാണ്. മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച് മുസ്‌ലിംകളെ വേര്‍തിരിച്ചുനിര്‍ത്താനുള്ള പൗരത്വ ഭേദഗതി ബില്ലിനു പിന്നാലെ ക്രൈസ്തവ ന്യൂനപക്ഷമായ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന്റെ കാര്യത്തിലും ഇങ്ങനെയൊരു തീര്‍പ്പുണ്ടാകുന്നത് അവര്‍ അത്രമേല്‍ ശാക്തീകരണം അര്‍ഹിക്കാത്ത പൗരന്മാരാണെന്ന മഹാഭൂരിപക്ഷ ബോധ്യത്തില്‍ നിന്നാകുമോ?
ഇന്ത്യയിലെ ആംഗ്ലോ ഇന്ത്യന്‍ ജനസംഖ്യ 2011ലെ സെന്‍സസ് പ്രകാരം 296 പേര്‍ മാത്രമെന്നാണ് ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച കേന്ദ്ര നിയമ-നീതിന്യായ മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രസ്താവിച്ചത്. ആംഗ്ലോ ഇന്ത്യന്‍ എന്ന നിര്‍വചനത്തില്‍ പെടുന്ന യൂറോപ്യന്‍ വംശപൈതൃകമുള്ളവര്‍ വിദേശത്തേക്കു കുടിയേറുകയോ അവരുടെ പെണ്‍മക്കള്‍ ഇതര ഭാരതീയ സമൂഹങ്ങളില്‍ വിവാഹബന്ധത്തിലേര്‍പ്പെട്ട് ആംഗ്ലോ ഇന്ത്യന്‍ എന്ന ഐഡന്റിറ്റി ഉപേക്ഷിക്കുകയോ ചെയ്തിരിക്കുന്നുവെന്നാണ് കേന്ദ്രത്തിലെ ഭരണകക്ഷിയുടെ പ്രമുഖ വക്താവു കൂടിയായ ഈ മന്ത്രിയുടെ കണ്ടെത്തല്‍. 20 കോടി വരുന്ന പട്ടികജാതിക്കാരുടെയും 10 കോടി വരുന്ന പട്ടികവര്‍ഗക്കാരുടെയും ക്ഷേമത്തെക്കാള്‍ പ്രതിപക്ഷം ആംഗ്ലോ ഇന്ത്യന്‍സിനെക്കുറിച്ച് എന്തിനാണിത്ര വേവലാതിപ്പെടുന്നതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
തന്റെ മണ്ഡലമായ എറണാകുളത്തു മാത്രം 20,000 ആംഗ്ലോ ഇന്ത്യന്‍ പൗരന്മാരുണ്ടെന്ന കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്റെ വാദവും, കേരളത്തിലെ 80,000 അംഗസംഖ്യ അടക്കം രാജ്യത്ത് 16 സംസ്ഥാനങ്ങളിലായി മൊത്തം 3,47,000 പേരാണ് തങ്ങളുടെ സമുദായത്തിലുള്ളതെന്ന 14 ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷനുകളുടെ ദേശീയ ഫെഡറേഷന്റെ 2017ലെ കണക്കും സെന്‍സസ് കമ്മീഷണര്‍ കൂടിയായ രജിസ്ട്രാര്‍ ജനറലിന്റെ സെന്‍സസ് റിപ്പോര്‍ട്ടിന്റെ ബലത്തിലാണത്രെ രവിശങ്കര്‍ പ്രസാദ് തള്ളുന്നത്. 1941നു ശേഷം ഇന്ത്യയില്‍ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന്റെ ജനസംഖ്യാ കണക്കെടുപ്പ് ആരും നടത്തിയിട്ടില്ലെന്നാണ് ഇന്ത്യയുടെ പാര്‍ലമെന്ററി ചരിത്രത്തില്‍ നാമനിര്‍ദേശത്തിലൂടെയല്ലാതെ തെരഞ്ഞെടുക്കപ്പെട്ട (രാജ്യസഭയിലേക്ക്) ഏക ആംഗ്ലോ ഇന്ത്യന്‍ എംപിയായ ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറക് ഒബ്രയന്‍ (കൊല്‍ക്കത്ത) സാക്ഷ്യപ്പെടുത്തുന്നത്.
ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന്റെ ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെട്ടിരിക്കുന്നുവെന്നും അതിനാല്‍ അവര്‍ക്ക് പ്രത്യേക പ്രാതിനിധ്യത്തിന്റെ പരിരക്ഷ ആവശ്യമില്ലെന്നും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സാമൂഹികക്ഷേമ മന്ത്രി ഥാവര്‍ ചന്ദ് ഗഹലോത് എന്നിവരടങ്ങുന്ന പാനലിന്റെ നിഗമനം അംഗീകരിച്ചുകൊണ്ടാണത്രെ കേന്ദ്ര മന്ത്രിസഭ ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം ‘തല്‍ക്കാലത്തേക്ക്’ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. ഏതെങ്കിലും തരത്തിലുള്ള തെളിവെടുപ്പോ പഠനമോ ഡേറ്റാ ശേഖരണമോ മന്ത്രിതല സമിതി നടത്തിയതായി ഒരു സൂചനയുമില്ല. അതേസമയം കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം 2013ല്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ ആംഗ്ലോ ഇന്ത്യന്‍ സമുദായം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ തൊഴിലില്ലായ്മ, വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ, ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത, സ്വത്വബോധത്തിന്റെ പ്രതിസന്ധി, സാംസ്‌കാരിക അധഃപതനം എന്നിവയാണെന്ന് വിശദീകരിക്കുന്നുണ്ട്.
അല്ലെങ്കില്‍തന്നെ, എന്തെങ്കിലും സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരിലല്ല ഇന്ത്യയുടെ ഭരണഘടനാശില്പികള്‍ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് നിയമനിര്‍മാണസഭകളിലേക്ക് പ്രതിനിധികളെ നോമിനേറ്റ് ചെയ്യണമെന്ന വ്യവസ്ഥ എഴുതിചേര്‍ത്തത്. സംസ്‌കാരം, ജീവിതശൈലി, ഭാഷ, മതവിശ്വാസം, സാമൂഹികവ്യവസ്ഥ, സവിശേഷ സ്വത്വസാരൂപ്യം എന്നിവയാല്‍ തികച്ചും വേറിട്ട വംശപാരമ്പര്യമുള്ള ഇവര്‍ക്ക് ഒരു മാതൃസംസ്ഥാനമില്ലാത്ത അവസ്ഥയില്‍ രാജ്യത്തെ വ്യത്യസ്ത നഗരപ്രദേശങ്ങളിലായി ചിതറികിടക്കുന്ന സമൂഹത്തിന് പാര്‍ലമെന്റിലോ നിയമസഭകളിലോ പൊതുവിഭാഗത്തില്‍ മത്സരിച്ച് പ്രാതിനിധ്യം നേടിയെടുക്കുക ദുസ്സാധ്യമാകയാല്‍ ലോക്‌സഭയിലേക്ക് പരമാവധി രണ്ടുപേരെയും സംസ്ഥാന നിയമസഭകളിലേക്ക് ഒരു അംഗത്തെ വീതവും നോമിനേറ്റു ചെയ്യണമെന്ന നിര്‍ദേശം ബഹുസ്വരതയുടെയും തുല്യനീതിയുടെയും മൗലിക തത്ത്വങ്ങളെ ജനാധിപത്യത്തിന്റെ അന്തസ്സത്തയായി കണ്ട ആധുനിക ഭാരതത്തിന്റെ ദേശീയ നേതൃത്വം അംഗീകരിച്ചത്. സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു മുന്‍പുപോലും ഡല്‍ഹിയിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് 1920 മുതല്‍ 1934 വരെ അഞ്ചു വട്ടം സ്‌പെഷല്‍ ഇന്ററസ്റ്റ് – ആംഗ്ലോ ഇന്ത്യന്‍ എന്ന വിഭാഗത്തില്‍ ഹെന്റി ഗിഡ്‌നി എന്ന ആര്‍മി ഡോക്ടറെ നാമനിര്‍ദേശം ചെയ്തതായി കാണാം. അതിപ്രഗത്ഭരായ രണ്ട് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികള്‍ – ഫ്രാങ്ക് ആന്റണിയും ഫാ. ജറോം ഡിസൂസയും – ഭരണഘടനാനിര്‍മാണസഭയില്‍തന്നെ അംഗങ്ങളായിരുന്നു.
പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശത്തിന്റെ അഞ്ചു നൂറ്റാണ്ടിന്റെ ചരിത്രപാരമ്പര്യമുള്ള ഈ ചെറു ന്യൂനപക്ഷ സമൂഹം സിവില്‍, മിലിട്ടറി, മറൈന്‍ മേഖലകളിലും, സവിശേഷമായി റെയില്‍വേ, പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ്, കസ്റ്റംസ്, നഴ്‌സിംഗ്, വിദ്യാഭ്യാസം, കല, സംഗീതം, സ്‌പോര്‍ട്‌സ്, ബോട്ടുനിര്‍മാണം, കെട്ടിടനിര്‍മാണം, പാചകകല തുടങ്ങിയ രംഗങ്ങളിലും നല്‍കിവന്ന സേവനങ്ങളുടെ വിശിഷ്ട പാരമ്പര്യം മുന്‍നിര്‍ത്തി നിയമനങ്ങളിലും വിദ്യാഭ്യാസ ഗ്രാന്റിന്റെ കാര്യത്തിലും മറ്റും ഇവര്‍ക്കായി പ്രത്യേക ആനുകൂല്യങ്ങളും സ്വതന്ത്രഭാരതത്തില്‍ നിശ്ചിത കാലത്തേക്ക് വ്യവസ്ഥ ചെയ്തിരുന്നു. ന്യൂനപക്ഷ അവകാശങ്ങള്‍, ഭാഷ, വിദ്യാഭ്യാസം, സംസ്‌കാരം എന്നിവയെപ്രതിയുള്ള പ്രത്യേക ആനൂകൂല്യങ്ങള്‍ക്കു പുറമെയാണ് ഭരണഘടനയുടെ 331, 333 വകുപ്പുകള്‍ പ്രകാരം നിയമനിര്‍മാണസഭകളിലെ പ്രത്യേക പ്രാതിനിധ്യം. ഏറ്റവും ദുര്‍ബലരായ ന്യൂനപക്ഷങ്ങളോടുള്ള സമീപനമാണ് ജനാധിപത്യത്തിന്റെ യഥാര്‍ഥ അളവുകോലെന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി നമ്മെ പഠിപ്പിച്ചതാണ്.
രാജ്യത്തെ 13 സംസ്ഥാന നിയമസഭകളിലേക്ക് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്യാനുള്ള വ്യവസ്ഥ നിലനില്‍ക്കെ ഒറ്റയടിക്ക് അത് പിന്‍വലിക്കുന്നതിനു മുന്‍പ് ഏതെങ്കിലും സംസ്ഥാനവുമായി കേന്ദ്രം കൂടിയാലോചന നടത്തിയിട്ടുണ്ടോ? കേന്ദ്രത്തിലെ ഭരണകക്ഷിയുടെ രണ്ടോ മൂന്നോ നേതാക്കളുടെ രഹസ്യയോഗം എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒറ്റരാത്രികൊണ്ട് ഭരണഘടനയുടെ മൗലികതത്ത്വങ്ങള്‍ തന്നെ മാറ്റിയെഴുതിക്കൊണ്ട് സംസ്ഥാനങ്ങളുടെ അധികാരത്തില്‍ ഇങ്ങനെ കൈകടത്തുന്നത് എന്തു ഫെഡറലിസമാണ്?
പട്ടിക വിഭാഗങ്ങളുടെ സംവരണ വ്യവസ്ഥയില്‍ തൊട്ടുകളിച്ചാല്‍ എന്താവും രാഷ്ട്രീയ തിരിച്ചടി എന്ന് എല്ലാവര്‍ക്കും അറിയാം. എന്തായാലും ലോക്‌സഭയില്‍ 84 പട്ടികജാതി സീറ്റും, 47 പട്ടികവര്‍ഗ സീറ്റും, സംസ്ഥാന നിയമസഭകളിലായി 614 പട്ടികജാതി സീറ്റും, 554 പട്ടികവര്‍ഗ സീറ്റും അടുത്ത 10 വര്‍ഷത്തേക്കു കൂടി ഏകകണ്ഠമായി സംവരണം ചെയ്യുമ്പോള്‍, ഇതിനെക്കാള്‍ മുന്തിയ പരിഗണനയ്ക്ക് അര്‍ഹമായിരുന്ന ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തെ പ്രത്യേകിച്ചൊരു കാരണവും പറയാതെ തഴയുന്നത് അവരുടെയും അവരെ ഉള്‍ക്കൊള്ളുന്ന ക്രൈസ്തവ സമൂഹത്തിന്റെയും പ്രതികരണശേഷി തികച്ചും ദുര്‍ബലമാണെന്ന ഉറപ്പിലാവണം. ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യത്തിന്റെ ഭരണഘടനാധിഷ്ഠിത അവകാശം സംരക്ഷിക്കുന്നതിന് ജനാധിപത്യവിശ്വാസികളുടെ അതിശക്തമായ മുന്നേറ്റത്തിന് ക്രൈസ്തവ സഭകള്‍ നേതൃത്വം നല്‍കണം. രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന തൊഴിലില്ലായ്മയുടെയും പട്ടിണിയുടെയും വിലക്കയറ്റത്തിന്റെയും അതിഗുരുതരമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാതെ, മതന്യൂനപക്ഷങ്ങളുടെമേല്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ രാഷ്ട്രീയ സമഗ്രാധിപത്യവിജയം കൊണ്ടാടുന്നത് രാജ്യത്തിന്റെ സ്വാസ്ഥ്യം കെടുത്തും. ഉള്‍ക്കൊള്ളലിന്റെ മഹനീയ പാരമ്പര്യവും ഇന്ത്യ എല്ലാവരുടേതുമാണെന്ന ഉദാത്ത ദര്‍ശനവും വീണ്ടെടുക്കേണ്ടതുണ്ട്. ‘അര്‍ധരാത്രിയിലെ അനാഥര്‍’ എന്ന ദൈന്യത പേറുന്ന ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള കടുത്ത അനീതിയുടെയും വിവേചനത്തിന്റെയും വെല്ലുവിളിയുടെയും കടന്നാക്രമണങ്ങള്‍ക്ക് അറുതിയുണ്ടാകണം. പ്രതിപക്ഷം എത്ര ദുര്‍ബലമാണെങ്കിലും, രാജ്യാന്തര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് ഫെഡറല്‍ കമ്മീഷന്റെ ഉപരോധ ഭീഷണിക്ക് അമിത് ഷാ പുല്ലുവില കല്പിച്ചാലും, രാജ്യത്തെ സമാധാനപ്രിയരായ സാധാരണ പൗരന്മാരുടെ രാഷ്ട്രീയ വിവേകത്തിന്റെ വിധിതീര്‍പ്പിനെ ഉദ്ദണ്ഡമേലാളന്മാര്‍ ഭയക്കുകതന്നെവേണം.


Related Articles

ഓഖി: ദുരന്തപാഠങ്ങളിലെ ഇരകളും പിഴയാളികളും

വിലാപത്തിന്റെ മണികള്‍ മുഴങ്ങുന്ന തുറകളില്‍ മഹാദുരന്തസ്മൃതിയുടെ ഒരാണ്ടുവട്ടത്തില്‍ സങ്കടക്കടല്‍ ആര്‍ത്തിരമ്പുകയാണ്. ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ സംഹാരമുദ്ര പതിഞ്ഞ തീരഭൂമിയില്‍ ആത്മശാന്തിയുടെ അനുസ്മരണശുശ്രൂഷകള്‍ക്കൊപ്പം ആര്‍ത്തരുടെയും അശരണരുടെയും ഇടയിലേക്കിറങ്ങി ദൈവിക കാരുണ്യത്തിന്റെയും

മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം

ചുഴലിക്കൊടുങ്കാറ്റല്ല, എത്ര പ്രചണ്ഡ വിക്ഷോഭമുണ്ടായാലും അനങ്ങാന്‍ കൂട്ടാക്കാതെ എല്ലാം ശരിപ്പെടുത്തുന്നവര്‍ വാഴുന്ന നമ്മുടെ നാട്ടില്‍, 580 കിലോമീറ്റര്‍ വരുന്ന കടലോര മേഖലയിലെ ജീവിതാവസ്ഥ കൂടുതല്‍ ദുരിതപൂര്‍ണമാവുകയാണ്‌. ആഴക്കടലില്‍

സെപ്റ്റംബര്‍ 22ന് പ്രവാസികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമായുള്ള സാര്‍വ്വദേശീയ ദിനം

സ്വന്തം ദേശത്ത് കുടിയൊഴിപ്പിക്കപ്പെട്ട്- യേശുക്രിസ്തുവിനെപ്പോലെ പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട മനുഷ്യരെ സ്വീകരിക്കുക, പരിരക്ഷിക്കുക, വളര്‍ത്തുക, അനുരൂപണം ചെയ്യുക എന്ന സഭയുടെ ദൗത്യമാണ് പ്രവാസികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമായുള്ള 106-ാമത് സാര്‍വദേശീയ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*