Breaking News

ആംഗ്ലോ ഇന്ത്യരുടെ അവസ്ഥയെക്കുറിച്ചു പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കണം – ഹൈബി ഈഡന്‍ എംപി

ആംഗ്ലോ ഇന്ത്യരുടെ അവസ്ഥയെക്കുറിച്ചു പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കണം – ഹൈബി ഈഡന്‍ എംപി

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്ക് രണ്ട് ആംഗ്ലോ ഇന്ത്യന്‍ എംപിമാരെയും സംസ്ഥാന നിയമസഭകളിലേക്ക് ഓരോ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെയും നോമിനേറ്റ് ചെയ്യാനുള്ള ഭരണഘടനാ വ്യവസ്ഥ നിര്‍ത്തലാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഈ സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും ഹൈബി ഈഡന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി, വര്‍ഗ സംവരണം പത്തു കൊല്ലം കൂടി തുടരുന്നതിനുള്ള ഭരണഘടനയുടെ 126-ാം ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച കേന്ദ്ര നിയമ-നീതിന്യായ മന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യത്തെ ആംഗ്ലോ ഇന്ത്യക്കാര്‍ 296 പേര്‍ മാത്രമാണെന്ന കണക്ക് അവതരിപ്പിച്ചത് സഭയെ തെറ്റിദ്ധരിപ്പിക്കാനാണ്. ഇതിന് അവകാശലംഘനത്തിന് നോട്ടീസ് നല്‍കേണ്ടതാണ്. തന്റെ മണ്ഡലമായ എറണാകുളത്തുതന്നെ 20,000 ആംഗ്ലോ ഇന്ത്യക്കാരുണ്ട്. രാജ്യത്ത് 16 സംസ്ഥാനങ്ങളിലായി മൊത്തം 3,47,000 പേരാണ് ഈ സമുദായത്തിലുള്ളതെന്ന് അവരുടെ അംഗീകൃത സംഘടനകളുടെ ദേശീയ ഫെഡറേഷന്‍ വ്യക്തമാക്കുന്നുണ്ട്.
വിദ്യാഭ്യാസ മേഖലയിലും റെയില്‍വേ, ഡിഫന്‍സ് സര്‍വീസസ്, ടെലിഗ്രാഫ് തുടങ്ങിയ മേഖലകളിലും രാഷ്ട്രത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള അതിസൂക്ഷ്മ ന്യൂനപക്ഷമായ ആംഗ്ലോ ഇന്ത്യക്കാര്‍ക്ക് ഭരണഘടനയുടെ ശില്പികള്‍ ഉറപ്പുനല്‍കിയ നിയമനിര്‍മാണ സഭകളിലെ പ്രാതിനിധ്യം എന്ന അവകാശം സമുദായത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടിട്ടുണ്ട് എന്ന കേന്ദ്ര മന്ത്രിമാരുടെ ഒരു പാനലിന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തലാക്കുന്നത് അനീതിയും ആ ന്യൂനപക്ഷ സമുദായത്തിന്റെ ചരിത്രത്തോടു കാട്ടുന്ന വഞ്ചനയുമാണ്. ലോക്‌സഭയിലേക്കോ നിയമസഭകളിലേക്കോ പൊതുമണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയില്ലാത്തതിനാലാണ് അവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് നോമിനേഷന്‍ വ്യവസ്ഥ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. എഴുപതു വര്‍ഷമായി തുടര്‍ന്നു വരുന്ന ഈ പ്രാതിനിധ്യത്തിന്റെ കാലാവധി ജനുവരി 25ന് അവസാനിക്കുകയാണ്. പട്ടികജാതി-വര്‍ഗ സംവരണ കാലാവധി 10 കൊല്ലം കൂടി നീട്ടാനാണ് കേന്ദ്ര മന്ത്രി ഈ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം, ഇതിന്റെ രണ്ടാം ഖണ്ഡികയില്‍ വ്യവസ്ഥ ചെയ്യുന്ന ആംഗ്ലോ ഇന്ത്യന്‍ നോമിനേഷന്റെ കാലാവധി പുതുക്കുന്നതിനെക്കുറിച്ച് യാതൊന്നും ബില്ലില്‍ പറയുന്നില്ല.
കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം 2013ല്‍ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ വിശദമായ നിരീക്ഷണപഠനങ്ങള്‍ നടത്തി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആംഗ്ലോ ഇന്ത്യന്‍ സമുദായം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ തൊഴിലില്ലായ്മ, വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ, ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത, സ്വത്വബോധത്തിന്റെ പ്രതിസന്ധി, സാംസ്‌കാരിക അധഃപതനം എന്നിവയാണെന്ന് വിശദീകരിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന ഈ ന്യൂനപക്ഷ സമുദായത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ള എംപിമാരുടെയും എംഎല്‍എമാരുടെയും ഫണ്ടുകള്‍ ഇല്ലാതാകുന്നത് കടുത്ത അനീതിയാണ്.
ഓരോ സംസ്ഥാനത്തെയും പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ആംഗ്ലോ ഇന്ത്യന്‍ എംഎല്‍എമാരെ നോമിനേറ്റ് ചെയ്യുന്നത്. പൗരത്വ ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ഏറ്റവും ചെറിയ ന്യൂനപക്ഷമായ ആംഗ്ലോ ഇന്ത്യക്കാരുടെ ഭരണഘടനാദത്തമായ അവകാശങ്ങളാണ് ഇവിടെ നിഷേധിക്കുന്നത്. ഇതില്‍ എന്തു ന്യായമാണുള്ളത്?
ബ്രിട്ടീഷ് വംശപാരമ്പര്യമുള്ളവര്‍ മാത്രമാണ് ആംഗ്ലോ ഇന്ത്യന്‍സ് എന്ന വാദം ശരിയല്ല. ഭരണഘടനയില്‍ തന്നെ അവരെ നിര്‍വചിച്ചിട്ടുള്ളത് പിതാവിന്റെ വഴിയില്‍ ഇന്ത്യയില്‍ താമസമാക്കിയ യൂറോപ്യന്‍ വംശപാരമ്പര്യമുള്ളവര്‍ എന്നാണ്. സമുദായത്തിന്റെ യഥാര്‍ഥ സ്ഥിതിവിവരകണക്കുകള്‍ ശേഖരിക്കുകയും അവരുടെ സാമൂഹ്യാവസ്ഥയും ജീവിതസാഹചര്യങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്തുകയും വേണം. ആംഗ്ലോ ഇന്ത്യന്‍ സംഘടനകളുടെ 2017ലെ കണക്കുകള്‍ പ്രകാരം ഓരോ സംസ്ഥാനത്തെയും സമുദായത്തിന്റെ അംഗസംഖ്യ ഇതാണ്:

കേരളം 80,000;

കര്‍ണാടക 45,000;

തമിഴ്‌നാട് 42,000;

ബംഗാള്‍ 45,000;

മഹാരാഷ്ട്ര 25,000ച;

തെലങ്കാന 20,000;

മധ്യപ്രദേശ് 20,000;

ആന്ധ്രപ്രദേശ് 15,000;

ഉത്തര്‍പ്രദേശ് 15,000;

അസം 8,000;

ഝാര്‍ഖണ്ഡ് 7,000;

ഡല്‍ഹി 7,000;

ഛത്തീസ്ഗഢ് 5,000;

ഉത്തരാഖണ്ഡ് 5,000;

ഹരിയാന 5,000;

പഞ്ചാബ് 3,000.

ഗോവ ഉള്‍പ്പെടെ മറ്റു ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ഏതാണ്ട് 50,000 ആംഗ്ലോ-ഇന്ത്യന്‍ വംശജര്‍ ചിതറികഴിയുന്നുണ്ട്.
പട്ടികജാതി-വര്‍ഗ സംവരണം നീട്ടുന്നതിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം ഭരണഘടന 334-ാം വകുപ്പ് രണ്ടാം ഖണ്ഡികയില്‍ പറയുന്ന ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം നിര്‍ത്തലാക്കാനള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.


Related Articles

ജപമാലയുടെ ചരിത്രത്തിലേക്ക്

ജപമാലയുടെ ചരിത്രത്തിന് ഏകദേശം 1200 വര്‍ഷങ്ങളോളം പഴക്കമുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ ബെനഡിക്ടന്‍, ഫ്രാന്‍സിസ്‌കന്‍, ഡൊമിനിക്കന്‍ സഭാംഗങ്ങള്‍ ബൈബിളിലെ 150 സങ്കീര്‍ത്തനങ്ങള്‍ ഒരു ദിവസത്തില്‍ തന്നെ ചൊല്ലുന്ന പതിവുണ്ടായിരുന്നു.

കാന്‍സറിനെതിരെ സന്ദേശ പ്രചരണ ജലയാത്ര

വിജയപുരം: വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കാന്‍സര്‍ സാന്ത്വനപദ്ധതിയായ ആശാകിരണത്തിന്റെ ആഭിമുഖ്യത്തില്‍ ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് കാന്‍സറിനെതിരെയുള്ള സന്ദേശപ്രചരണ ജലയാത്ര സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം എന്നിവയുടെ

ചർച്ച് ബില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: വിവിധ െ്രെകസ്തവ സഭകളെ നിയന്ത്രിക്കുവാനായി നിയമപരിഷ്‌കാര കമീഷന്‍ ബില്‍ തയ്യാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് ഒരു ഉദ്ദേശ്യവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*