Breaking News

ആംഗ്ലോ ഇന്ത്യരോട് കാട്ടുന്നത് ക്രൂരമായ അനീതി – ഷാജി ജോര്‍ജ്

ആംഗ്ലോ ഇന്ത്യരോട് കാട്ടുന്നത് ക്രൂരമായ അനീതി – ഷാജി ജോര്‍ജ്

തിരുവനന്തപുരം: ആംഗ്ലോ ഇന്ത്യര്‍ക്ക് ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലുമുള്ള പ്രാതിനിധ്യ അവകാശം പിന്‍വലിച്ചത് അതിക്രൂരമായ നടപടിയാണെന്ന് കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെആര്‍എല്‍സിസി) വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്. ഇന്ത്യന്‍ ഭരണഘടന വ്യവസ്ഥ ചെയ്ത നോമിനേഷന്‍ കേന്ദ്ര ഗവണ്‍മെന്റ് ഏകപക്ഷീയമായി നിര്‍ത്തലാക്കിയതിനെതിരെ ആംഗ്ലോ ഇന്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവരായതുകൊണ്ടാണോ അവര്‍ക്ക് അവകാശങ്ങള്‍ നിഷേധിച്ചതെന്ന് സംശയിക്കണം. രാജ്യത്തിനുവേണ്ടി നിരവധി സംഭാവനകള്‍ നല്കിയ സമൂഹമാണ് ആംഗ്ലോ ഇന്ത്യക്കാര്‍. തങ്ങള്‍ക്കു ലഭിച്ച അവകാശങ്ങളുപയോഗിച്ച് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്കിയവരാണവര്‍. ഈനാട്ടിലെ എത്രയോ തലമുറകള്‍ അവര്‍ നല്കിയ ഇംഗ്ലീഷ് ഭാഷയടക്കമുള്ള വിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കളാണ്. ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണസഭയില്‍ ഡോ. എച്ച്.സി മുഖര്‍ജി, ഫാ. ജെറോം ഡിസൂസ, ഫ്രാങ്ക് ആന്റണി എന്നീ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശമില്ലാതിരുന്ന കാലഘട്ടത്തില്‍ വസ്ത്രം ധരിച്ച് മറ്റു സ്ത്രീകള്‍ക്ക് മാതൃകയും പ്രചോദനവുമേകിയവരാണ് ആംഗ്ലോ ഇന്ത്യന്‍ വനിതകള്‍. ഡിഫന്‍സ് സര്‍വീസസിലും റെയില്‍വേയിലും പോസ്റ്റ്-ടെലിഗ്രാഫ് ഡിപ്പാര്‍ട്ടുമെന്റിലുമെല്ലാം ഒരു കാലത്ത് അവരുടെ സേവനം ഒഴിച്ചുകൂടാനാകാത്തതായിരുന്നു. കേരളത്തില്‍ സമീപകാലത്ത് പ്രളയദുരന്തമുണ്ടായപ്പോള്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളില്‍ ആംഗ്ലോ ഇന്ത്യരുമുണ്ടായിരുന്നു. എറണാകുളത്ത് മൂലമ്പിള്ളിയിലും ഇടുക്കിയില്‍ മൂന്നാറിലും കൊല്ലത്ത് തങ്കശേരിയിലുമൊക്കെ ഇവരുടെ സേവനത്തിന്റെ കയ്യൊപ്പുകള്‍ പതിഞ്ഞുകിടപ്പുണ്ട്. ഇപ്പോഴും സേവനനിരതരായ ഈ സമുദായം രാജ്യത്ത് പുതിയ പൗരത്വനിയമവും ജനസംഖ്യാകണക്കെടുപ്പും വരുന്നതിനു മുമ്പു തന്നെ കണക്കില്‍പെടാത്തവരായി മാറിയിരിക്കുകയാണ്.
കേരളം വലിയ ആദരവാണ് ഈ സമൂഹത്തിനു നല്കിയിട്ടുള്ളത്. 1938ല്‍ കൊച്ചി നിയമസഭ രൂപീകരിച്ചപ്പോള്‍ അതില്‍ ആംഗ്ലോ ഇന്ത്യര്‍ക്ക് പ്രാതിനിധ്യം നല്കിയിട്ടുണ്ട്. ഇന്ത്യയിലാകെ 296 ആംഗ്ലോ ഇന്ത്യരേ ഉള്ളൂവെന്നാണ് കേന്ദ്ര നിയമമന്ത്രി ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യത്തിന്റെ കാലാവധി പുതുക്കേണ്ടതില്ല എന്ന ഭരണഘടനാഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ച വേളയില്‍ പറഞ്ഞത്. 2011ലെ കണക്കെടുപ്പില്‍ ശേഷമുള്ളവര്‍ പെടാതെ പോയതാണെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. പക്ഷേ അതിന്റെ പേരിലാണോ സംവരണം പിന്‍വലിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.
ആംഗ്ലോ ഇന്ത്യര്‍ ഒരു ചെറിയ ശക്തിയാണെങ്കിലും ചെറിയ ശക്തികള്‍ക്ക് വലിയ കാര്യങ്ങള്‍ പലതും ചെയ്യാന്‍ കഴിയുമെന്ന് അധികാരികള്‍ മനസിലാക്കണം. ലത്തീന്‍ സമുദായത്തിന്റെയും കെആര്‍എല്‍സിസിയുടെയും എല്ലാവിധ പിന്തുണയും ആംഗ്ലോ ഇന്ത്യര്‍ക്കുണ്ടാകും. അവരുടെ പോരാട്ടത്തില്‍ ലത്തീന്‍ കത്തോലിക്കര്‍ ഒറ്റക്കെട്ടായി അണിനിരക്കുമെന്നും ഷാജി ജോര്‍ജ് വ്യക്തമാക്കി.
ആംഗ്ലോ ഇന്ത്യരുടെ അവകാശങ്ങള്‍ നിഷേധിച്ചത് ഭരണഘടനാ ലംഘനമാണെന്ന് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആംഗ്ലോ ഇന്ത്യര്‍ നടത്തുന്ന സമരങ്ങള്‍ക്ക് ലത്തീന്‍ സമുദായത്തിന്റെ ഐക്യദാര്‍ഢ്യം ആര്‍ച്ച്ബിഷപ് പ്രഖ്യാപിച്ചു. അധികാരവും ബലവും ഉപയോഗിച്ച് എന്തും ചെയ്യാമെന്നത് ആശാസ്യമല്ല. ചര്‍ച്ചയോ പഠനമോ വിശദീകരണമോ ഒന്നുമില്ലാതെ പെട്ടെന്നൊരു ദിവസം അവകാശങ്ങള്‍ നിഷേധിച്ചതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഭരണഘടനയിലെ 334 (ബി) വകുപ്പിന്റെ ആനുകൂല്യം നിലനിര്‍ത്തണം. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി ആംഗ്ലോ ഇന്ത്യന്‍ സമുദായത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് രണ്ട് എംപിമാരെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി നാമനിര്‍ദേശം ചെയ്തുവരികയായിരുന്നു. സംസ്ഥാന നിയമസഭകളിലേക്കും ഇപ്രകാരം ഓരോ എംഎല്‍എയെ നാമനിര്‍ദേശം ചെയ്തിരുന്നു.
രാജ്യത്തെമ്പാടുമായി ചിതറിക്കിടക്കുന്ന ഈ സമുദായത്തിന് രാഷ്ട്രീയ സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നും പിന്നാക്കം നില്‍ക്കുന്ന അവരുടെ ഉന്നമനത്തിനായി നിയമനിര്‍മാണസഭകളില്‍ ശബ്ദം ഉയരേണ്ടതുണ്ടെന്നും മനസിലാക്കിയാണ് ഭരണഘടനാ ശില്പികള്‍ ഈ സമുദായത്തിന് സംവരണം ഏര്‍പ്പെടുത്തിയത്. പത്തു വര്‍ഷം കൂടുമ്പോള്‍ സംവരണം പാര്‍ലമെന്റ് പുതുക്കിയിരുന്നു.
എന്നാല്‍ ഇത്തവണ ഈ സംവരണം കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്യുകയായിരുന്നു. എന്താണ് ഇതിനു കാരണമെന്ന് വ്യക്തമായിട്ടില്ല. രാഷ്ട്രശില്‍പികള്‍ വിഭാവനം ചെയ്ത രീതിയില്‍ ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് മുന്നേറാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സമുദായത്തിന്റെ എണ്ണക്കുറവു മാത്രം പറഞ്ഞ് സംവരണം റദ്ദാക്കിയത്. 2011ലെ സെന്‍സസ് അനുസരിച്ച് രാജ്യത്ത് 296 ആംഗ്ലോ ഇന്ത്യരേയുള്ളൂവെന്നാണ് സര്‍ക്കാര്‍ വാദം. യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ നാലര ലക്ഷത്തോളം ആംഗ്ലോ ഇന്ത്യരുണ്ട്. യഥാര്‍ഥ പഠനം നടത്താതെയാണ് എണ്ണം കണക്കായിട്ടുള്ളതും അതുവഴി സംവരണം നിഷേധിച്ചിട്ടുള്ളതും. വിദ്യാഭ്യാസം, ആരോഗ്യം, പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ്, റെയില്‍വേ, സൈനികവിഭാഗങ്ങള്‍, എന്‍ജിനീയറിംഗ് എന്നിങ്ങനെ വിവിധ മേഖലകളില്‍ വലിയ സംഭാവനകള്‍ നല്കിയ സമുദായമാണിത്.
കേരളത്തിനു പുറത്ത് പല സംസ്ഥാനങ്ങളിലും ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന്റെ അവസ്ഥ വളരെ മോശമാണ്. ഭൂരിഭാഗം പേരും ഇന്നും വാടകവീടുകളിലാണ് താമസിക്കുന്നത്. ഇവരുടെ ഭരണഘടനാപരമായ അവകാശം ഇല്ലാതാക്കുന്നത് നീതിനിഷേധമാണെന്നും ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം ചൂണ്ടിക്കാട്ടി.
യൂണിയന്‍ ഓഫ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍, ഓള്‍ കേരള ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍, ഓള്‍ ഇന്ത്യ ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് രാജ്ഭവന്‍ മാര്‍ച്ച് നടത്തിയത്. രാഷ്ട്രപതിക്കു നല്കുന്നതിനായി പതിനായിരങ്ങള്‍ ഒപ്പുവച്ച ഹര്‍ജി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമര്‍പ്പിച്ചു.
കര്‍ണാടക മുന്‍ എംഎല്‍എ ഐവാന്‍ നിഗ്ലി മാര്‍ച്ച് ഫഌഗ് ഓഫ് ചെയ്തു. വി.എസ്.ശിവകുമാര്‍ എംഎല്‍എ, ബിഡിജെഎസ് (ഡെമോക്രാറ്റിക്) ചെയര്‍മാന്‍ നിര്‍മല്‍ ചൂരനാല്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, കെഎല്‍സിഎ പ്രസിഡന്റ് ആന്റണി നൊറോണ, സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, കെഎല്‍സിഎ സംസ്ഥാനസമിതി അംഗം ജെ. സഹായദാസ്, കെഎല്‍സിഡബ്ല്യുഎ പ്രസിഡന്റ് ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, മുന്‍ എംപി ചാള്‍സ് ഡയസ്, കണ്‍വീനര്‍ സ്റ്റാന്‍ലി ഫിഗരെസ്, മാര്‍ഷല്‍ ഡിക്കൂഞ്ഞ, ഡാല്‍ബിന്‍ ഡിക്കൂഞ്ഞ, മുന്‍ എംഎല്‍എ ലൂഡി ലൂയീസ്, കാല്‍വിന്‍ കൊറയ, ഡോണല്‍ ബിവേര, ഗോഡ്‌വിന്‍ ഗോമസ് എന്നിവര്‍ നേതൃത്വം നല്കി.


Tags assigned to this article:
anglo indiansklcakrlcclatin church

Related Articles

ചെല്ലാനം തുറമുഖവും യാഥാര്‍ത്ഥ്യങ്ങളും: പരമ്പര, ഭാഗം 2

ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങി; ഉദ്യോഗസ്ഥര്‍ അള്ളുവച്ചു ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിനായി ഭൂമി ഏറ്റെടുക്കുന്നത് മരവിപ്പിക്കുക എന്ന ഉദ്യോഗസ്ഥഅജണ്ട തുടക്കം മുതലേ വ്യക്തമായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഡ്വാന്‍സ് പൊസഷനില്‍

എട്ടാം ക്ലാസുകാരന്‍ പഠിപ്പിച്ച കൃപയുടെ പാഠം

വിശുദ്ധ കുര്‍ബാനയ്ക്കിടയിലാണ്, തികച്ചും അവിചാരിതമായി ആ എട്ടാം ക്ലാസുകാരന്‍ എന്റെ ശ്രദ്ധയില്‍പ്പെടുന്നത.് കാല്‍മുട്ട് വരെയുള്ള ട്രൗസറും തൊപ്പിയും-അതായിരുന്നു വേഷം. തുടര്‍ന്നുള്ള ദിവസങ്ങളിലെ ദിവ്യബലിയിലും ആ മകനെ മുന്‍നിരയില്‍

കേരളത്തിലെ ക്രൈസ്തവരോടുള്ള അവഗണന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു സി.എസ്.എസ്.

കൊച്ചി: കേരളത്തിലെ ക്രൈസ്തവരോടുള്ള അവഗണന കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശക്തമായി പ്രതിഫലിച്ചതായി സി.എസ്.എസ്. സംസ്ഥാന സമിതി വിലയിരുത്തി. നാളെ വൈകിട്ട് നാലിന് നടക്കുന്ന സി.എസ്.എസ് 23

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*