ആഗമനകാലം കാത്തിരിപ്പിന്റെ കാലം

by admin | November 25, 2021 7:46 am

ആഗമനകാലം (Advent)

ആഗമനകാലം യേശുക്രിസ്തുവിന്റെ വരവിനായുള്ള കാത്തിരിപ്പാണ്. പൊതു കലണ്ടര്‍ അനുസരിച്ച് ഡിസംബര്‍ മാസം വര്‍ഷാവസാനമാണെങ്കിലും ആരാധനാക്രമ വത്സരമനുസരിച്ച് അത് ആരംഭമാണ്. ആരാധനക്രമ വത്സരം തുടങ്ങുന്നത്
നവംബര്‍ 30-നു അടുത്തുള്ള ഞായറാഴ്ച്ചയാണ്. ക്രിസ്തുവിന്റെ ജനനത്തിലൂടെയുള്ള നമ്മുടെ രക്ഷയുടെ ആരംഭമാണിത്. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ ആത്മീയ ജീവിതത്തിന്റെ തന്നെ തുടക്കമാണിത്. കൃപകളുടെ നക്ഷത്ര വെളിച്ചം ജീവിതത്തെ പ്രകാശിപ്പിക്കുന്ന കാലം. വിശ്വാസികളെല്ലാവരും പ്രത്യേകിച്ച്, പുരോഹിതരും സന്ന്യസ്തരും തനതായ യാമപ്രാര്‍ത്ഥനകള്‍ ആഗമനകാലത്തിന്റെ ആദ്യ ഞായറാഴ്ച്ചയിലെ ഒന്നാം സായാഹ്ന പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്നു.

ലത്തീന്‍ റീത്തില്‍ അല്ലെങ്കില്‍ പാശ്ചാത്യസഭയില്‍ ‘ആഗമനകാലം’ എന്നാല്‍ ക്രിസ്തുമസിനു മുന്‍പുള്ള ആത്മീയ ഒരുക്കത്തിന്റെ നാല് ആഴ്ച്ചവട്ടങ്ങളാണ്. ബൈബിളിന്റെ ലത്തീന്‍ പരിഭാഷയായ വുള്‍ഗാത്തയില്‍ ക്രിസ്തുവിന്റെ വരവിനായി ഉപയോഗിച്ചിട്ടുള്ള പദം ആഗമനം എന്നര്‍ത്ഥമുള്ള അദ് വെന്തൂസ് (Adventus) ആണ്. ആഗമനകാലത്തെ രണ്ടായി തിരിക്കാം.

ആദ്യ ഭാഗം ഒന്നാം ഞായര്‍ മുതല്‍ ഡിസംബര്‍ 16 വരെയും രണ്ടാം ഭാഗം ഡിസംബര്‍ 17 മുതല്‍ 24 വരെയുമാണ്. ഒന്നാം ഭാഗത്തില്‍ ക്രിസ്തുവിന്റെ രണ്ടാം വരവിനെ കുറിച്ച് ധ്യാനിക്കുമ്പോള്‍ രണ്ടാം ഭാഗത്തില്‍ മനുഷ്യാവതാരത്തിനു പ്രാധാന്യം കൊടുക്കുന്നു.

ആഗമനകാലം ചരിത്രത്തിലൂടെ

അഞ്ചാം നൂറ്റാണ്ടിലാണ് ടൂര്‍സിലെ ബിഷപ്പ് പെര്‍പ്പെത്ത്യുസ് (AD 490) ക്രിസ്തുമസിനു മുമ്പുള്ള മൂന്നാഴ്ച്ചക്കാലം തീവ്രമായ ഒരുക്കമായി പ്രഖ്യാപിച്ചത്. ടൂര്‍സിലെ വിശുദ്ധ. മാര്‍ട്ടിന്റെ ( നവംബര്‍ 11) തിരുന്നാളു മുതല്‍ ക്രിസ്തുമസു വരെ ആഴ്ച്ചയില്‍ 3 ദിവസം ഉപവസിച്ചാണ് ഇതു ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ രവേനായിലാണ് (Ravenna in Italy) ഈ ആരാധനാക്രമം രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് ഇതിന്റെ കാതല്‍. ആറാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് റോമില്‍ ആഗമനകാല ആരാധനാക്രമം കാണപ്പെടാന്‍ തുടങ്ങിയത്.

ആഗമനകാലത്തിന്റെ അനുതാപ സ്വഭാവം സ്പെയിനില്‍ നിന്നും റോമന്‍ ആരാധനാക്രമത്തിലേക്കു വന്നത് പന്ത്രണ്ടാം നൂറ്റാണ്ടിലാണ്. ഗ്ലോറിയ ഒഴിവാക്കുന്നതും ധൂമ്ര വസ്ത്രം ധരിക്കുന്നതുമാണ് ഈ അനുതാപ സവിശേഷതകള്‍. പക്ഷെ, റോമില്‍ ‘അല്ലെല്ലുയ്യാ’ നിലനിര്‍ത്തിക്കൊണ്ടാണ് അങ്ങനെ ചെയ്തത്. ആഗമനകാലം നവംബര്‍ മുപ്പതിനോടടുപ്പിച്ചുള്ള ഞായറാഴ്ച്ചയിലെ ഒന്നാം സായാഹ്ന പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ചു ക്രിസ്തുമസിനു തലേന്നുള്ള ഒന്നാം സായാഹ്ന പ്രാര്‍ത്ഥനക്കു മുമ്പായി സമാപിക്കുന്നു.

Source URL: https://jeevanaadam.in/%e0%b4%86%e0%b4%97%e0%b4%ae%e0%b4%a8%e0%b4%95%e0%b4%be%e0%b4%b2%e0%b4%82-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d/