ആഘോഷങ്ങള്‍ ഒഴിവാക്കി പ്രളയബാധിതരെ പുനരധിവസിപ്പിക്കണം: ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

ആഘോഷങ്ങള്‍ ഒഴിവാക്കി പ്രളയബാധിതരെ പുനരധിവസിപ്പിക്കണം: ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

കോട്ടപ്പുറം: പ്രളയബാധിതരായവരെ ജാതി മതവ്യത്യാസമില്ലാതെ പുനരധിവസിപ്പിക്കേണ്ട ചുമതല എല്ലാ ക്രൈസ്തവര്‍ക്കുമുണ്ടെന്ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി വ്യക്തമാക്കി. നമ്മള്‍ എല്ലാവരും സഹോദരീസഹോദരന്മാരാണെന്ന ചിന്ത നമ്മെ പ്രചോദിപ്പിക്കട്ടെയെന്ന് ഇടയലേഖനത്തിലൂടെ ബിഷപ് വ്യക്തമാക്കി. പ്രളയബാധിതരില്‍ യേശുവിനെ കണ്ട് നമ്മള്‍ പ്രവര്‍ത്തിക്കുമ്പോള്‍ യേശു ആഗ്രഹിച്ച നന്മ സാര്‍ത്ഥകമാകും. നമ്മുടെ സഹോദരങ്ങള്‍ കഷ്ടത അനുഭവിക്കുമ്പോള്‍ നമുക്ക് എങ്ങിനെ ആഘോഷങ്ങള്‍ നടത്താന്‍ സാധിക്കും? നമ്മുടെ എല്ലാ ആഘോഷപരിപാടികളും മാറ്റിവയ്ക്കണം. ആര്‍ഭാടങ്ങള്‍ വേണ്ടെന്നു വയ്ക്കണം. 2019 സെപ്തംബര്‍1 വരെ കോട്ടപ്പുറം രൂപതയിലെ എല്ലാ ദൈവാലയങ്ങളിലെയും തിരുനാളുകളിലെ ബാഹ്യാഘോഷങ്ങള്‍ പൂര്‍ണമായും വേണ്ടെന്നു വച്ച് അതിനായി കരുതിയിട്ടുള്ള പണം പ്രളയബാധിതരുടെ പുനരധിവാസത്തിനായി ഉപയോഗിക്കണം.
ആരാധനാക്രമപരമായ കാര്യങ്ങള്‍ കൃത്യമായും ഭംഗിയായും നടത്തുമ്പോള്‍ തന്നെ വെടിക്കെട്ടുകളും സ്റ്റേജ് പ്രോഗ്രാമുകളും പൂര്‍ണമായും ഉപേക്ഷിക്കണം. ഊട്ടുസദ്യകള്‍ ഒഴിവാക്കണം. രൂപതയിലെ എല്ലാ വൈദികരും ത്യാഗമനോഭാവത്തോടെ അവരുടെ ഒരുമാസത്തെ ശമ്പളം പ്രളയബാധിതരുടെ പുനരധിവാസത്തിനായി നീക്കിവയ്ക്കണം. വൈദികരോടും സന്യസ്തരോടും ചേര്‍ന്ന് അല്മായരും അവരുടെ വരുമാനത്തിലെ ഒരു നിശ്ചിതശതമാനം തുക പുനരധിവാസത്തിനായി വിനിയോഗിക്കണം. വീടുകളിലെ വിവിധ ചടങ്ങുകളോടുനുബന്ധിച്ച് നടത്തുന്ന ആഘോഷങ്ങള്‍ ചുരുക്കി ആ തുകയും പുനരധിവാസ കാര്യങ്ങള്‍ക്കായി നീക്കിവയ്ക്കണമെന്നും ബിഷപ് ഡോ. ജോസഫ് കാരിക്കശേരി അഭ്യര്‍ത്ഥിച്ചു.
പ്രളയബാധിതരായ മുപ്പതിനായിരത്തോളം പേരെയാണ് കോട്ടപ്പുറം രൂപത വിവിധ ക്യാമ്പുകളിലായി സംരക്ഷിച്ചതെന്ന് രൂപതാ പിആര്‍ഓയും എപ്പിസ്‌കോപ്പല്‍ വികാരിയുമായ ഫാ. റോക്കി റോബി കളത്തില്‍, കിഡ്‌സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍, പിആര്‍ഒ അഡ്വ. റാഫേല്‍ ആന്റണി എന്നിവര്‍ അറിയിച്ചു. രൂപതാ പ്രദേശങ്ങളിലെ നാനാജാതി മതസ്ഥരായ ഇരുപതിനായിരത്തോളം കുടുംബങ്ങളിലെ ഒരു ലക്ഷത്തോളം ജനങ്ങളെയാണ് പ്രളയം ബാധിച്ചത്. രൂപതയിലെ 39 ഇടവകകളിലെ പരിധിയിലുള്ള ജനങ്ങള്‍ വീടുവിട്ടുപോകാന്‍ നിര്‍ബന്ധിതരായി. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മികച്ച സഹകരണം രക്ഷാപ്രവര്‍ത്തനത്തിലും ക്യാമ്പുകളിലും ലഭ്യമായിരുന്നു.
മതിലകം, കാര, കൊടുങ്ങല്ലൂര്‍, കോട്ടപ്പുറം കത്തീഡ്രല്‍, കോട്ടുവള്ളി, ചാത്തനാട്, മാള-പള്ളിപ്പുറം, കീഴൂപ്പാടം, കുരിശിങ്കല്‍, മാനാഞ്ചേരിക്കുന്ന്, തുരുത്തൂര്‍, ചാലക്കുടി, സമ്പാളൂര്‍, കെടാമംഗലം, കടക്കര, പള്ളിപ്പുറം, പൊയ്യ, കൃഷ്ണന്‍കോട്ട, ചെറുവൈപ്പ്, ചെറിയപ്പിള്ളി എന്നീ പള്ളികളിലും സ്‌കൂളുകളിലും, പാരീഷ്ഹാളുകളിലും രൂപതാ സ്ഥാപനങ്ങളായ കിഡ്‌സ്, വികാസ്, പ്രസന്റേഷന്‍ കോളജ്, ഐടിഐ, ഡോണ്‍ബോസ്‌കോ ആശുപത്രി എന്നിവിടങ്ങളിലും, സന്യാസസമൂഹങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളിലും സ്‌കൂളുകളിലും പ്രളയബാധിതരായ മുപ്പതിനായിരത്തോളം പേര്‍ക്ക് അഭയം നല്കുകയും ഭക്ഷണവും മറ്റു അവശ്യസൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും ചെയ്തു. കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസകേന്ദ്രം കോട്ടപ്പുറത്തായിരുന്നു. ഇവിടെ മാത്രം പതിനാറായിരത്തി അഞ്ഞൂറില്‍പ്പരം പേര്‍ക്ക് താമസസൗകര്യമൊരുക്കി.
സന്നദ്ധ പ്രവര്‍ത്തകരും സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് വീടുകളും പരിസരങ്ങളും വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കിഡ്‌സ് നേതൃത്വം നല്‍കുന്നു. പല വീടുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനങ്ങളുടെ സ്വത്തിനും-ഗൃഹോപകരണങ്ങള്‍ക്കും വലിയ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. ചില പ്രദേശങ്ങള്‍ മുഴുവനായും വെള്ളത്തില്‍ മുങ്ങിപോയിരുന്നു. ജനജീവിതം സാധാരണ നിലയിലാകും വരെ എല്ലാ സഹായങ്ങളും രൂപതയുടെ നേതൃത്വത്തില്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. വീടുകളും വസ്തുവകകളും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ കിഡ്‌സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. ജനങ്ങളുടെ ആരോഗ്യസ്ഥിതി ഉറപ്പാക്കാനും സാംക്രമിക രോഗങ്ങള്‍ വരാതിരിക്കുന്നത് തടയാനം ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കും. ചികിത്സാ ക്യാമ്പുകളും കൗണ്‍സിലിംഗ് സൗകര്യങ്ങളും കിഡ്‌സിന്റെയും പറവൂര്‍ ഡോണ്‍ ബോസ്‌ക്കോ ആശുപത്രിയുടെയും നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.


Related Articles

ഡിസംബർ 6 ലത്തീൻ കത്തോലിക്ക സമുദായദിനം

സഹോദരന്റെ കാവലാളാകുക   സ്വന്തം ഏകാന്തതകൾക്ക് കാവൽക്കാരനാകാനാണ് കോവിഡ് കാലം നമ്മെ നിർബന്ധിച്ചത്. കൊറന്റയിൻ എന്നു പറഞ്ഞാൽ എല്ലാവരിൽ നിന്നും അകന്ന് ഒറ്റക്കാകുക എന്നതാണല്ലോ? ഈ കാലത്തെ

മോണ്‍. സെബസ്ത്യാനിയുടെ യാത്രാവിവരണങ്ങളിലെ കൊച്ചി-വെണ്ടുരുത്തി പള്ളി

റവ. ഡോ. പീറ്റര്‍ കൊച്ചുവീട്ടില്‍ ചിരപുരാതനമായ വരാപ്പുഴ അതിരൂപതയുടെ പ്രാഗ്‌രൂപമായി 1659 ഡിസംബര്‍ 3ന് സ്ഥാപിതമായ (The Madras Catholic Directory,1887, Pg.138) മലബാര്‍ വികാരിയത്തിന്റെ പ്രഥമ

വരാപ്പുഴ ബസിലിക്ക കേരളസഭയുടെ ദേവാലയ മാതാവ്

ചരിത്രപ്രസിദ്ധമായ വരാപ്പുഴയിലെ പരിശുദ്ധ കര്‍മ്മല മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ദേവാലയം മൈനര്‍ ബസിലിക്കാ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുകയാണല്ലോ. കര്‍മ്മലീത്താപൈതൃകം പേറുന്ന വരാപ്പുഴ ദ്വീപിലെ ദേവാലയവും ആശ്രമവും കേന്ദ്രീകരിച്ചുകൊണ്ടാണ് കേരള

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*