ആത്മധൈര്യം വീണ്ടെടുക്കുന്നതെങ്ങനെ?

എങ്ങനെയാണ് നമ്മില്‍ തന്നെയുള്ള ധൈര്യവും ഉറപ്പും നമ്മില്‍ നിന്ന് ചോര്‍ന്നുപോകുന്നത്? ചെറുപ്രായം മുതല്‍ കേട്ടുപോരുന്ന വിമര്‍ശനങ്ങളും തിരുത്തലുകളും ഒരു കാരണമായേക്കാം. ഓരോ വ്യക്തിയും ജീവിതം തുടങ്ങുന്നത് ഞാന്‍ ശരിയല്ല എന്ന തരത്തിലുള്ള ജീവിത നിലപാടിലൂടെയായിരിക്കും. പലരും ഇതേ തരത്തിലുള്ള നിഷേധാത്മകമായ ചിന്തകളില്‍ നിന്നു മോചിതരായിരിക്കുകയില്ല. ചെറുതും വലുതുമായ തിരിച്ചടികള്‍ സംഭവിക്കുമ്പോഴെല്ലാം താന്‍ ശരിയല്ല എന്ന ആദിയിലെ നിലപാടിലേക്ക് വഴുതിവീഴുന്നു. എന്നാല്‍ ഈ ആധുനികകാലത്ത് മനഃശാസ്ത്രപരമായ സമീപനത്തോടെ ശരിയല്ലായ്മയെ പടി കടത്താനാകും. കുട്ടിക്കാലത്ത് വിമര്‍ശനങ്ങളും കുത്തുവാക്കുകളും മറ്റും ഏറെ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കില്പ്പോലും ഇന്ന് ആ പഴിവാക്കുകളുടെ യഥാര്‍ത്ഥ വിലയോ വിലയില്ലായ്മയോ നിര്‍ണയിക്കുവാനും അതുവഴി അവയുടെ ദോഷകരമായ സ്വാധീനത്തില്‍ നിന്നു മോചനം നേടുവാനും നമുക്കു കഴിയും.
ഓരോരോ കാരണത്താല്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ ചിലപ്പോഴെങ്കിലും അശാന്തി ഉണ്ടാകാറില്ലേ? ജീവിതം നിരര്ഥകമാണെന്നു തോന്നാറില്ലേ? അങ്ങനെയുള്ള അവസരങ്ങളില്‍ നാം ജീവിതത്തെക്കുറിച്ച് പ്രതീക്ഷ നശിച്ചവരായി മാറുകയല്ല വേണ്ടത്. നാം എന്തിനു വെറുതെ നൈരാശ്യത്തിന്റെ കയത്തില്‍ മുങ്ങിത്താഴുന്നു? നാം എന്തിനു ജീവിതം അര്‍ഥശൂന്യമാണെന്നു വിലപിക്കുന്നു? നാം മനസായാല്‍ നമുക്ക് ഈശ്വരചിന്തയിലേക്കു തിരിഞ്ഞ് ശാന്തി കണ്ടെത്താമല്ലോ.
വിശ്വപ്രസിദ്ധനായ റഷ്യന്‍ സാഹിത്യകാരന് ലിയോ ടോള്‍സ്റ്റോയി ഒരു കുബേരകുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹം ജനിച്ച് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അമ്മ മരിച്ചു. പിന്നീട് ഏഴുവര്‍ഷം കഴിഞ്ഞപ്പോള്‍ പിതാവും മരിച്ചു. അതിനുശേഷം കുറെ വര്‍ഷം അദ്ദേഹത്തിന്റെ അമ്മായിയാണ് ടോള്‍സ്റ്റോയിയെ വളര്‍ത്തിയത്.
1844-ല്‍ ടോള്‍സ്റ്റോയി യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. അവിടെ ഫ്രഞ്ച് ചിന്തകനായ റൂസോയുടെ പഠനങ്ങള്‍ ടോള്‍സ്റ്റോയിയെ ഏറെ സ്വാധീനിച്ചു. 1847-ല്‍ അദ്ദേഹം യൂണിവേഴ്സിറ്റിയോടു വിടപറയുമ്പോള്‍ മതത്തിലും പ്രാര്ഥനയിലുമൊക്കെയുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തിന് വലിയ കോട്ടം സംഭവിച്ചിരുന്നു. പിന്നെ ജീവിതം കുത്തഴിഞ്ഞതായി. എന്നാല്‍, അധികം വൈകാതെ അങ്ങനെയുള്ള ജീവിതശൈലിയോടും അദ്ദേഹത്തിനു വെറുപ്പു തോന്നി. അതുകൊണ്ടുതന്നെ 1852-ല്‍ അദ്ദേഹം ആര്‍മിയില്‍ ചേര്‍ന്നു. 1854-ല്‍ ഓഫീസര്‍ പദവിയിലെത്തിയ അദ്ദേഹം ക്രീമിയന്‍ യുദ്ധത്തില്‍ ധീരമായി പോരാടി. ഇതിനിടയില്‍ അദ്ദേഹം എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. 1852-ലായിരുന്നു ചൈല്‍ഡ്ഹുഡ് എന്ന പേരിലുള്ള ആദ്യകൃതി പ്രസിദ്ധീകരിച്ചത്. തന്റെ ബാല്യകാല സ്മരണകള്‍ അയവിറക്കുന്ന കൃതിയായിരുന്നു അത്. 1862-ല്‍ വിവാഹിതനായ ടോള്‍സ്റ്റോയിക്ക് 13 മക്കളുണ്ടായി. ഇക്കാലയളവില്‍ ഒന്നിനു പിന്നാലെ ഒന്നായി അദ്ദേഹത്തിന്റെ പല പ്രസിദ്ധ കൃതികളും പുറത്തുവന്നു. ‘യുദ്ധവും സമാധാനവും,’ ‘അന്നാ കരെനീന’ എന്നിവയൊക്കെ അക്കൂട്ടത്തില്‍പെടുന്നു.
ടോള്‍സ്റ്റോയിക്ക് 50 വയസുള്ളപ്പോള്‍ വലിയൊരു പ്രതിസന്ധി അദ്ദേഹത്തിനു നേരിടേണ്ടിവന്നു. അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്ന വിഷാദരോഗമായിരുന്നു പ്രശ്നം. ജീവിതം അദ്ദേഹത്തിനു നിരര്‍ത്ഥകമായി തോന്നി. ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചുള്ള ചിന്ത പലപ്പോഴും അദ്ദേഹത്തില്‍ ഉയര്‍ന്നു. തൂങ്ങിച്ചാവുന്നതിന് കയര്‍ ഉപയോഗിച്ചേക്കുമോ എന്ന ഭയം നിമിത്തം വീട്ടില്‍ സൂക്ഷിച്ചിരുന്ന കയറെല്ലാം അദ്ദേഹംതന്നെ നശിപ്പിച്ചു. വേട്ടയ്ക്കുപോകുമ്പോള്‍ സ്വയം വെടിവയ്ക്കാന്‍ മുതിര്‍ന്നേക്കുമോ എന്ന ഭീതിമൂലം വേട്ടയ്ക്കുപോകുന്ന പരിപാടിയും അദ്ദേഹം നിര്‍ത്തി.
ജീവിതം അര്‍ത്ഥശൂന്യമാണെന്ന ചിന്ത വര്‍ധിച്ചപ്പോള്‍ ആത്മഹത്യ ചെയ്യണമെന്ന ചിന്തയും വര്‍ധിച്ചു. അപ്പോഴാണ് സഹായത്തിനായി അദ്ദേഹം പെട്ടെന്ന് ഈശ്വരനിലേക്ക് തിരിഞ്ഞത്. അപ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയം ശാന്തികൊണ്ട് നിറഞ്ഞു. അതോടൊപ്പം ജീവിതത്തെക്കുറിച്ച് കൂടുതല്‍ പ്രതീക്ഷയുണ്ടായി. അദ്ദേഹം പറഞ്ഞു: ”ഞാന്‍ ദൈവത്തെ അന്വേഷിക്കും. അങ്ങനെ ഞാന്‍ ജീവിക്കും.”
ടോള്‍സ്റ്റോയി പിന്നീട് അതാണു ചെയ്തത്. അദ്ദേഹം ദൈവത്തെ അന്വേഷിച്ചു, ദൈവത്തോടൊപ്പം ജീവിക്കാന്‍ ശ്രമിച്ചു. അങ്ങനെ അശാന്തിയില്‍നിന്നും ആത്മഹത്യാപ്രവണതയില്‍നിന്നും അദ്ദേഹം കരകയറി.
ടോള്‍സ്റ്റോയി ചെയ്തത് അതാണ്. തന്റെ ശക്തിയാല്‍ തനിക്കൊരിക്കലും സ്വന്തം ജീവിതത്തില്‍ ശാന്തി കണ്ടെത്താന്‍ സാധിക്കുകയില്ലെന്ന് അദ്ദേഹം മനസിലാക്കി. അങ്ങനെയാണ് സര്‍വശക്തനായ ദൈവത്തിങ്കലേക്ക് സഹായത്തിനായി അദ്ദേഹം തിരിഞ്ഞത്. അപ്പോള്‍ മനഃശാന്തി കൈവന്നു.
ഒരിക്കല്‍ ഒരു കൊച്ചുകുട്ടി ഒരു വലിയ കല്ല് വഴിയില്‍നിന്നു തള്ളിമാറ്റാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, അവന് ഏറെ ശ്രമിച്ചിട്ടും കല്ല് അനങ്ങിയില്ല. അവന് ആകെ വിഷമമായി. അല്പം കഴിഞ്ഞപ്പോള്‍ അവന്റെ പിതാവ് ആ വഴിയെചെന്നു. വിഷാദമൂകനായി നില്ക്കുന്ന മകനെ കണ്ടപ്പോള്‍ അയാള്‍ കാര്യം തിരക്കി. കല്ല് തള്ളിമാറ്റാന്‍ ശ്രമിച്ച കഥ അവന് പറഞ്ഞു.
”നീ കല്ലുമാറ്റാന്‍ ശ്രമിച്ചിട്ട് അതു മാറിയില്ല, അല്ലേ?” അവന്റെ പിതാവു ചോദിച്ചു. ”ഇല്ല” എന്ന് അവന് മറുപടി പറഞ്ഞു. ”ഈ കല്ല് തള്ളിമാറ്റുന്നതിന് നീ എന്തുകൊണ്ടാണ് എന്റെ സഹായം ചോദിക്കാതിരുന്നത്?” അയാള്‍ കൗതുകപൂര്‍വം തിരക്കി. അപ്പോഴാണ് തന്റെ പിതാവിന്റെ സഹായത്താല്‍ ആ കല്ല് ഉരുട്ടിമാറ്റാമായിരുന്നു എന്ന കാര്യം അവന് ഓര്‍മ്മവന്നത്. അവന് ഉടനെ പിതാവിന്റെ സഹായം തേടി. ഇരുവരും ചേര്‍ന്ന് അതിവേഗം ആ കല്ല് വഴിയില്‍നിന്ന് ഉരുട്ടിമാറ്റുകയും ചെയ്തു.
ഈ ബാലന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെയാണ് പലപ്പോഴും നമ്മുടെ കാര്യങ്ങളില്‍ സംഭവിക്കുന്നത്. നാം പലപ്പോഴും നമ്മുടെ പ്രശ്നങ്ങളൊക്കെ നമ്മുടെ സ്വന്തം ശക്തികൊണ്ടുമാത്രം പരിഹരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, നമ്മുടെ പല പ്രശ്നങ്ങളും നമ്മുടെ സ്വന്തം ശക്തികൊണ്ട് പരിഹരിക്കാനാവില്ല എന്നതാണ് വസ്തുത. അവ പരിഹരിക്കുന്നതിന് മറ്റുള്ളവരുടെ സഹായവും ദൈവത്തിന്റെ ശക്തിയും നമുക്ക് ലഭിച്ചേ മതിയാകൂ. പ്രശ്നങ്ങളോട് നാം തനിയെ പോരാടിയാല്‍ വിജയം എപ്പോഴും നമ്മില്‍നിന്ന് അകന്നുനില്‍ക്കാനാണ് സാധ്യത.
സ്വന്തം ശേഷിയിലുള്ള വിശ്വാസത്തോടെ ശരിയല്ലായ്മകളും പാഴ്ബോധങ്ങളും ഉപേക്ഷിക്കുക. അഹങ്കാരത്തിന്റെ കറയേശാത്ത ആത്മധൈര്യത്തോടെ ജീവിതത്തിന്റെ വലിയ, വലിയ വെല്ലുവിളികളെ നേരിടാന്‍ തയ്യാറെടുക്കുകയും ചെയ്യുക.
എല്ലാ ശക്തിയും നമ്മില്‍നിന്നുതന്നെയാണ് ഉത്ഭവിക്കുന്നത്.അതിനാല്‍തന്നെ നമുക്ക് നിയന്ത്രിക്കാവുന്നതുമാണ് –റോബര്‍ട്ട് കോളിന്.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ലത്തീന്‍ വിദ്യാര്‍ഥികള്‍ക്ക്
എയ്ഡഡ്, അണ് എയ്ഡഡ് മേഖലകളിലായി ആകെ 27 ആര്‍ട്സ് കോളേജുകളും, അഞ്ച് പ്രൊഫഷണല്‍ കോളേജുകളും, മൂന്നു എഞ്ചിനീയറിംഗ് കോളേജുകളും, എട്ടു പോളിടെക്നിക്/ഐടിസികളും , ഒന്‍പത് ബിഎഡ് കോളേജുകളും,
പുന്നപ്ര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയം ആശീര്‍വദിച്ചു
ആലപ്പുഴ: മൂന്നുവര്‍ഷം മൂന്നുമാസം മുന്നുദിവസം കൊണ്ട് പണി പൂര്‍ത്തീകരിച്ച സെന്റ് ജോസഫ്സ് ഫൊറോനാ ദേവാലയം ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ആശീര്‍വദിച്ചു. ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത പൊന്തിഫിക്കല്‍
മാനുഷിക മൂല്യങ്ങളെ വിലമതിച്ച മഹാനടന്
ഗിരീഷ് കര്‍ണാട് തന്റെ വേഷം പൂര്‍ത്തിയാക്കി അരങ്ങിനോടു വിടപറയുമ്പോള്‍ നഷ്ടം ഇന്ത്യയിലെ കലാസ്നേഹികള്‍ക്കു മാത്രമല്ല, മാനുഷികമൂല്യങ്ങളെ വര്‍ഗത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അതിര്‍ത്തികള്‍ക്കുള്ളില്‍ തളച്ചിടാന്‍ വിസമ്മതിക്കുന്ന മാനവികമൂല്യങ്ങള്ക്കുമാണ്. മഹാരാ്ട്രയില്