Breaking News

ആത്മസമര്‍പ്പണത്തിന്റെ മണിനാദം

ആത്മസമര്‍പ്പണത്തിന്റെ മണിനാദം

ദേവാലയഗോപുരത്തില്‍ മനോഹരമായി മുഴങ്ങിക്കൊണ്ടിരുന്ന ആ വലിയ മണിയുടെ ശബ്ദം പൊടുന്നനെ നിലച്ചപ്പോള്‍ എല്ലാവരും ഒന്നു പകച്ചു. എന്നാല്‍ ലോകത്തിലെ ഓരോ സൂക്ഷ്മ ജീവിയുടെയും സ്പന്ദനങ്ങള്‍ തിരിച്ചറിയുന്ന ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു. നാദം നഷ്ടപ്പെട്ട ആ മണിയുടെ നാവിനെ ഉടച്ചുവാര്‍ത്ത് ചെറിയ മണിയാക്കി അള്‍ത്താരയില്‍ പൂജാവേളയില്‍ ഉപയോഗിക്കാവുന്ന തരത്തിലാക്കി മാറ്റുകയായിരുന്നു. ദൈവത്തോട് കുറച്ചുകൂടി അടുത്തുതന്നെ.
ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന യുവസാഹിത്യകാരി നാന്‍സി പോള്‍ എഴുതിയ തന്റെ ആത്മാംശമുള്ള കവിതയുടെ ആശയമാണ് മുകളില്‍ കുറിച്ചത്. മാരകമായ രോഗങ്ങളില്‍ നിരാശരായി കഴിയുന്ന നിരവധി സഹോദരങ്ങള്‍ക്ക് തിരിച്ചറിവിന്റെ ഒരു പാഠപുസ്തകമാണ് നാന്‍സിയുടെ ജീവിതകഥ. കാന്‍സറിനോട് പടപൊരുതി ദൈവിക ഇടപെടലുകളോടെ നടത്തിയ തിരിച്ചുവരവില്‍ ഒത്തിരി നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ നാന്‍സിക്കു സാധിച്ചു. കൊല്ലം രൂപത പാവുക്കര ഇടവകാംഗമായ നാന്‍സി ‘ജീവനാദ’ത്തോട് മനസ് തുറന്നപ്പോള്‍.


? സാഹിത്യലോകത്ത് വിലമതിക്കാനാവാത്ത നേട്ടങ്ങളാണ് നാന്‍സിയെ തേടിയെത്തിയത്. വിദേശസാഹിത്യകാരന്മാരായി സംവദിക്കാനുള്ള വേദികള്‍ ലഭിച്ചു. എന്താണ് അനുഭവം.
സാധാരണ ഒരു ഇംഗ്ലീഷ് അധ്യാപികയായി മാത്രം ഒതുങ്ങുന്നതിനെക്കാള്‍ ഉപരി എന്തൊക്കെയോ ആയിത്തീരണമെന്ന ദൈവനിശ്ചയമുണ്ടായിരുന്നു. തുര്‍ക്കിയില്‍ നടന്ന വിമന്‍സ് പോയട്രി ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക്‌ഫെയറില്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘കിതാബ്’ എന്ന പുസ്തകത്തില്‍ എന്റെ ഒരു കവിത ഉള്‍പ്പെട്ടിരുന്നു. തുര്‍ക്കിയില്‍വച്ച് ഒരുപാട് രാജ്യങ്ങളില്‍നിന്നുള്ള പ്രശസ്തരായ വ്യക്തികളെ പരിചയപ്പെടാന്‍ സാധിച്ചു. മറ്റൊരു രാജ്യത്ത് ചെല്ലുമ്പോള്‍ അവിടെ കണ്ടുമുട്ടുന്നവര്‍ നമ്മുടെ സംസ്‌കാരത്തെപ്പറ്റി ചോദിച്ചു മനസിലാക്കുകയും ആദരവ് പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. ഇത്ര വലിയ പ്രോഗ്രാമുകളിലൊക്കെ പങ്കെടുക്കുവാന്‍ സാധിച്ചതുതന്നെ ദൈവാനുഗ്രഹംകൊണ്ടാണ്.


? രോഗാവസ്ഥയില്‍നിന്നും എഴുത്തിന്റെ ലോകത്തേക്കുള്ള പ്രയാണം.
അസുഖമായിരുന്ന സമയത്ത് മനസിലുള്ള വേദനകളും ദുഃഖങ്ങളും കടലാസില്‍ കുറിച്ചിടുമായിരുന്നു. ഒത്തിരിപേര്‍ക്ക് അതൊക്കെ അയച്ചുകൊടുത്തു. ചിലരൊക്കെ അവഗണിച്ചു. ചിലര്‍ പ്രോത്സാഹനം നല്‍കി. എങ്കിലും എഴുത്തിന്റെ വഴികളിലൂടെയുള്ള സഞ്ചാരം തുടര്‍ന്നു. പിന്നീട് ടികെഎം കോളജില്‍ ജോലി ചെയ്യുന്ന സമയത്ത് അവിടത്തെ ഇന്ദിര മാഡവും വാണിയെന്ന സുഹൃത്തും എന്റെ രചനകളെ വിലയിരുത്തുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പ്രീത് നമ്പ്യാരെന്ന വ്യക്തിയാണ് എന്റെ ഒരു കവിത ലിറ്ററേച്ചര്‍ ഒണ്‍ലി എന്ന പുസ്തകത്തില്‍ ആദ്യമായി വെളിച്ചം കാണാന്‍ ഇടയാക്കിയത്. അണ്‍മ്യുറ്റഡ് മ്യൂസിക് എന്നതാണ് എന്റെ ആദ്യ പുസ്തകം. സ്ട്രഗിള്‍ഡ് വോയ്‌സ് എന്ന രണ്ടാമത്തെ പുസ്തകവും വൈകാതെ പുറത്തിറങ്ങി. മാര്‍ട്ടി ആന്‍ഡ് അദര്‍ പോയംസ് എന്ന മൂന്നാമത്തെ പുസ്തകത്തിന്റെ പ്രിന്റിംഗ് ജോലികള്‍ പുരോഗമിക്കുന്നു. 50 കവിതകളാണ് അതിലുള്ളത്. കൂടാതെ ചെറുകഥാ സമാഹാരവും പുസ്തകമാക്കിയിട്ടുണ്ട്.


? തികച്ചും ദൈവത്തിന്റെ ഇടപെടല്‍ തന്നെയായിരുന്ന ആ തിരിച്ചുവരവ് പ്രാര്‍ത്ഥനയുടെയും പ്രത്യാശയുടേയും ആ കാത്തിരിപ്പിനെപ്പറ്റി പറയാമോ.
അസുഖം സ്ഥിരീകരിച്ചതിനുശേഷം പലരും ചെയ്യുന്നതുപോലെ തന്നെ ഞങ്ങളും മറ്റു പല ആശുപത്രികളിലും പരിശോധന നടത്തിയിരുന്നു. പക്ഷേ പരിശോധനാഫലമെല്ലാം പ്രതികൂലമായിരുന്നു. ഒരു ദിവസം ഷാര്‍ജയിലെ ഒരു ആശുപത്രിയില്‍നിന്നുമിറങ്ങി സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ കയറി ഞാനും ഭര്‍ത്താവും പ്രാര്‍ഥിക്കുകയായിരുന്നു. അപ്പോള്‍ ഞങ്ങളെക്കണ്ട് അവിടെ സന്ദര്‍ശനത്തിനുവന്ന ഇറ്റലിക്കാരനായ ഒരു വൈദികന്‍ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുകയും തലയില്‍ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തു. ഈശോ നിന്നെ സുഖമാക്കുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് പ്രവാചകന്റെ ശബ്ദമായിരുന്നു എന്നെനിക്കിപ്പോള്‍ തോന്നുന്നു. പിന്നീടുള്ള രാപ്പകലുകള്‍ പ്രാര്‍ഥനകളുടേതു മാത്രമായിരുന്നു. നാട്ടില്‍ മാതാപിതാക്കളും മക്കളും സഹോദരങ്ങളും സുഹൃത്തുക്കളും മനമുരുകി പ്രാര്‍ഥിച്ചു. പ്രാര്‍ഥനയ്ക്ക് ഒരുത്തരം ലഭിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. ശബ്ദമില്ലാത്ത ആ ദിവസങ്ങളില്‍ സങ്കീര്‍ത്തനങ്ങള്‍ ഉറക്കെ ചൊല്ലുവാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ശബ്ദം പുറത്തേക്കുവന്നില്ല. ചികിത്സയിലായിരിക്കുന്ന സമയത്ത് ദൈവത്തോട് കൂടുതല്‍ അടുക്കുന്ന ധ്യാനചിന്തകളും ആരാധനകളുമൊക്കെ ലാപ്‌ടോപ്പില്‍ കേള്‍ക്കാനും പ്രാര്‍ഥനയിലേക്ക് കൂടുതല്‍ അടുക്കാനും സഹായിച്ചത് ബന്ധുകൂടിയായ ആലീസ് എന്ന നഴ്‌സാണ്. ആ കരുതലും സാന്ത്വനവും മറക്കാനാവില്ല. ഈശോയ്ക്ക് എന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ട്, അത് നടപ്പിലാക്കാന്‍ വിട്ടുകൊടുക്കണമെന്ന മാനസികാവസ്ഥ താനേ രൂപപ്പെട്ടു. അവസാനം ദൈവാനുഗ്രഹങ്ങള്‍ പെയ്തിറങ്ങി. സ്വന്തം കുഞ്ഞിനെ സ്‌നേഹത്തോടെ ‘മോനേ’ എന്നു വിളിക്കാന്‍ വീണ്ടും ദൈവം അനുവദിച്ചു. അതൊരിക്കലും മറക്കാനാവില്ല.


? പ്രതിസന്ധിഘട്ടങ്ങളില്‍ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ വളരെ വലുതായിരുന്നു. അതിനെപ്പറ്റി…
രോഗം പിടികൂടിയ അവസ്ഥയില്‍ മൂത്തമകന് നാലുവയസും ഇളയ മകന് മൂന്നു മാസവുമാണ് പ്രായം. ജീവിതത്തില്‍ അമ്മയുടെ നിരന്തരസാന്നിധ്യം ആവശ്യമുള്ള സമയം. അവരെ ഒന്നു സ്‌നേഹത്തോടെ വിളിക്കാന്‍ സാധിക്കാത്ത ഒരവസ്ഥ… എന്റെ കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ ശബ്ദം ഇനിയൊരിക്കലും കേള്‍ക്കാന്‍ സാധിക്കില്ലേ എന്ന ചിന്ത നിരന്തരം അലട്ടി. സര്‍ജറിക്കുമുന്‍പ് ഞാന്‍ പാടിയ ഒരു പാട്ട് ഭര്‍ത്താവ് റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ചിരുന്നു. ഞാനും ഭര്‍ത്താവും ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക് യാത്ര നടത്തുമ്പോള്‍ മക്കളെ സുഹൃത്തുക്കളുടെ വീട്ടിലാണ് നിര്‍ത്തുന്നത്. അവരുടെയൊക്കെ നിരന്തര സഹായം മറക്കാനാവില്ല. പ്രാര്‍ഥനകൊണ്ടും സാന്നിധ്യംകൊണ്ടും കൂട്ടുകാരും സഹപ്രവര്‍ത്തകരും സഹോദരങ്ങളും എനിക്കുവേണ്ടി ഒത്തിരി സഹായങ്ങള്‍ ചെയ്തു.
അമേരിക്കന്‍ സ്‌കൂള്‍ ഓഫ് ദുബായില്‍ ഐടി വകുപ്പില്‍ നെറ്റ്‌വര്‍ക്ക് എന്‍ജിനീയറായി ജോലി ചെയ്യുകയാണ് ഭര്‍ത്താവ് പോള്‍ മാത്യു. ദൈവം എനിക്കു നല്‍കിയ വലിയ സമ്മാനമാണദ്ദേഹം. വലിയ റേഡിയേഷന്‍ പ്രശ്‌നങ്ങളുള്ളതിനാല്‍ ചികിത്സയുടെ സമയം ഐസൊലേഷന്‍ പിരീഡില്‍ ആരും അടുത്തുവരാന്‍ പാടില്ല എന്നാണ് നിര്‍ദേശം. എങ്കിലും പ്രത്യേക അനുവാദം വാങ്ങി, എന്റെ കൂടെ എപ്പോഴുമുണ്ടായിരുന്നു. ആ സാന്നിധ്യവും ആത്മവിശ്വാസവും എഴുത്തിന്റെ വഴിയില്‍ ഒത്തിരി സഹായിച്ചിട്ടുണ്ട്.
കെആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ പാവൂക്കര, ഇടവക വികാരി ഫാ. ബെനറ്റ് എന്നിവര്‍ നല്കിയ പ്രചോദനം ഒരിക്കലും മറക്കാനാവില്ല.


? സംസാരശേഷി നഷ്ടപ്പെട്ട സമയത്തെ മാനസികാവസ്ഥയെക്കുറിച്ച്  ഓര്‍മിക്കാനാവുമോ.
സംസാരശേഷി നഷ്ടപ്പെട്ട സമയത്ത് ആശുപത്രിയില്‍നിന്നും ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുന്ന സമയം. മമ്മി കുറച്ചുമാറി മറ്റൊരു സീറ്റില്‍ ഇരിക്കുന്നു. കണ്ണുകാണാന്‍ കഴിയാത്ത ഒരു പ്രായമുള്ള വ്യക്തി ലോട്ടറി വില്ക്കാന്‍ വന്ന സമയത്ത് ആ മനുഷ്യനോട് സംസാരിക്കാന്‍ പറ്റാതെ വന്ന സാഹചര്യം ഭയങ്കര വേദനയുളവാക്കി. പിന്നെ എന്റെ മനസിലുണ്ടായ ഒരു വിഷമം കുഞ്ഞുങ്ങള്‍ എന്തെങ്കിലും അപകടത്തിലേക്ക് നീങ്ങുമ്പോള്‍ അരുതേയെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് പിന്തിരിപ്പിക്കാന്‍ കഴിയാത്ത ഒരവസ്ഥ. പഠിപ്പിച്ച കുട്ടികള്‍ അരികില്‍ വരുമ്പോള്‍ അവരോട് ഒന്നും മിണ്ടാന്‍ പറ്റാതെയായ അവസ്ഥ… അതൊക്കെ ഒരിക്കലും മറക്കാന്‍ പറ്റില്ല.


? നാന്‍സി എവിടെയായിരുന്നു ജോലി ചെയ്തിരുന്നത്. ഇപ്പോള്‍ എന്തു ചെയ്യുന്നു.
യുഎഇയിലെ ഈസ്റ്റ് പോയിന്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് വിഭാഗം ഹെഡ് ആയാണ് ആ സമയം ജോലി ചെയ്തിരുന്നത്. ഒരു അധ്യാപിക എന്ന നിലയില്‍ ശബ്ദത്തിന്റെ പ്രാധാന്യം ഞാന്‍ പറയാതെ അറിയാമല്ലോ. പക്ഷേ ആ സമയത്തൊക്കെ സ്‌കൂളിലെ മേലധികാരികളും സഹപ്രവര്‍ത്തകരും പകര്‍ന്നു നല്കിയ ആത്മവിശ്വാസം ചെറുതല്ല. അവരുടെ നിരന്തരമായ സാന്നിധ്യം ഏറെ ആശ്വാസം പകര്‍ന്നു നല്കിയിരുന്നു. നാട്ടില്‍ വിവിധ കോളജുകളില്‍ ഗസ്റ്റ് ലക്ചററായും ജോലി ചെയ്തിട്ടുണ്ട്.
ട്രാന്‍സ്‌ഫോര്‍മേഷണല്‍ പ്രൊട്ടന്‍ഷ്യല്‍ ഓഫ് ട്രോമ ഇന്‍ കാന്‍സര്‍ നരേറ്റീവ് എന്ന വിഷയത്തില്‍ ഗവേഷണം നടത്തുകയാണ് ഇപ്പോള്‍. ഞാന്‍ കടന്നുപോയ രോഗാവസ്ഥയും ദൈവിക ഇടപെടലുകളും ഉള്‍ക്കൊള്ളുന്ന തരത്തില്‍ റിസര്‍ച്ച് വര്‍ക്കുകള്‍ പുരോഗമിക്കുന്നു.
? ഇംഗ്ലീഷ് സാഹിത്യമാണോ പ്രിയം.
മലയാളം മീഡിയത്തിലാണ് പഠിച്ചതെങ്കിലും പപ്പയ്ക്ക് എന്നെ ഇംഗ്ലീഷ് അധികമായി പഠിപ്പിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഇംഗ്ലീഷ് ഭാഷയിലെ മാഗസിനുകള്‍ വാങ്ങി വായിപ്പിക്കുമായിരുന്നു. ഹൈസ്‌കൂള്‍ ക്ലാസുകളിലും കോളജുകളിലും അധ്യാപകര്‍ ഒത്തിരി സഹായിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലെ അച്ചാമ്മ അലക്‌സ്, അന്നമ്മ ഉമ്മന്‍ എന്നീ ടീച്ചേഴ്‌സ് നല്‍കിയ പ്രചോദനം ഒരിക്കലും മറക്കാനാവില്ല. വലിയ കുട്ടികളെ സാഹിത്യം പഠിപ്പിക്കണമെന്ന ആഗ്രഹം നല്കിയത് അവരാണ്.
? കാന്‍സര്‍ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന സഹോദരങ്ങളോട്  പങ്കുവയ്ക്കാനുള്ളത്.
ദൈവത്തിന് നമ്മുടെമേല്‍ ഒരു പദ്ധതിയുണ്ട്. കാന്‍സര്‍ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തികളുടെയും കുടുംബത്തിന്റെയും മാനസികാവസ്ഥ പറഞ്ഞറിയിക്കാനാവില്ല. ജീവിതത്തില്‍നിന്നും നേരത്തെ പിരിഞ്ഞുപോകുന്നവരെ ദൈവം തിരിച്ചുവിളിക്കുന്നത് അവരെ അത്രത്തോളം ഇഷ്ടപ്പെട്ടിട്ടാണ്. കുറച്ചുപേരെ സൗഖ്യം നല്കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. ദൈവത്തിന്റെ കാരുണ്യവും അനുഗ്രഹവും മറ്റുള്ളവരിലേക്ക് എത്തിക്കാനും ദൈവവചനം പകര്‍ന്നുനല്‍കി മറ്റുള്ളവരെ പ്രചോദിപ്പിക്കാനുമാണത്.
കൊല്ലം രൂപതയിലെ പാവൂക്കര സെന്റ് പീറ്റേഴ്‌സ് ഇടവകാംഗമാണ് നാന്‍സി. ആന്റണി-സില്‍വിയ ദമ്പതികളുടെ മകളാണ്. ജൊഹാന്‍, ജോഥം, ജെമയ്മ എന്നിവര്‍ മക്കള്‍.


Related Articles

സുബ്രതോ കപ്പിനായി ലിഫ റസിഡൻഷ്യൽ അക്കാദമിയിലെ താരങ്ങൾ തയ്യാർ

തിരുവനന്തപുരം: കടലോളം സ്വപ്നവുമായി കടലിന്റെ കുരുന്നുകൾ സുബ്രതോ കപ്പിനായി ഇന്ന് ഡൽഹിയിലേക്ക് പോകുന്നു. കേരളത്തിൽ നിന്നുമുള്ള ആയിരത്തോളം സ്‌കൂൾ ടീമുകളെ പിന്നിലാക്കിയാണ് അണ്ടർ 14 ലിഫ റസിഡൻഷ്യൽ

മാനവീകതയുടെ ഹൃദയമറിഞ്ഞ് ഫ്രാൻസിസ് പാപ്പ മരുഭൂമിയിൽ

അബുദാബി: സാഹോദര്യ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ യുഎഇയില്‍. ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പ അറബ് മേഖലയില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. ഇന്ത്യന്‍ സമയം രാത്രി 11.30ന് പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലെത്തിയ മാര്‍പാപ്പയെയും

ഐസാറ്റും സീമും ധാരണാപത്രം കൈമാറി

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കളമശേരിയിലെ ആല്‍ബെര്‍ട്ടീയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും (ഐസാറ്റ്), സൊസൈറ്റി ഓഫ് എനര്‍ജി എന്‍ജിനീയേഴ്‌സ് ആന്‍ഡ് മാനേജേഴ്‌സും (സീം) തമ്മില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*