Breaking News

ആത്മാവിനെ തൊട്ടുണര്‍ത്തുന്ന സംഗീതലയം

ആത്മാവിനെ തൊട്ടുണര്‍ത്തുന്ന സംഗീതലയം

 

മുഖത്തെപ്പോഴും മായാത്ത ഒരു പുഞ്ചിരിയുണ്ടല്ലോ…
അത് ദൈവം നല്കിയതാണ്. എല്ലാം ദൈവം നല്കിയതുതന്നെ. ഇതുവരെ ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. സന്തോഷവും സംതൃപ്തിയുമാണ് ജീവിതത്തിലെപ്പോഴുമുള്ളത്. അതുകൊണ്ട് മുഖത്തെ പുഞ്ചിരി മായുന്നില്ല.

 

‘ജീവനാദ’ത്തിനു വേണ്ടി ജീവിതത്തിലൂടെ ഒരു തിരിഞ്ഞുനോട്ടം നടത്തിയാലോ…

ഇതുപോലുള്ള ഇന്റര്‍വ്യൂകള്‍ പലത് നടന്നിട്ടുണ്ട്. പല കാര്യങ്ങളും എന്നെക്കുറിച്ച് അച്ചടിച്ചുവന്നിട്ടുണ്ട്. ഒരുപാടൊക്കെ പ്രശംസിച്ചുപറയുന്നതാണ് പതിവ്. എനിക്ക് അതില്‍ വലിയ താല്പര്യമില്ല. എങ്കിലും നന്ദിയോടെ ജീവിതത്തിലേക്ക് കൂടെക്കൂടെ തിരിഞ്ഞുനോക്കാന്‍ എനിക്കിഷ്ടമാണ്. ദൈവപരിപാലനയുടെ അനുഭവങ്ങള്‍ നന്ദിയോടെ ഓര്‍ത്തെടുക്കാനും മറ്റുള്ളവരോടു പങ്കുവയ്ക്കാനും എനിക്ക് സന്തോഷമാണ്. മുന്നോട്ടുള്ള യാത്രയ്ക്ക് അത് ഊര്‍ജ്ജം പകരുന്നു.

 

സ്വന്തം കുടുംബത്തില്‍ നിന്ന് തുടങ്ങാം…

അവിടെത്തന്നെയാണ് തുടങ്ങേണ്ടത്. അവിടെയാണല്ലോ ദൈവം ഈ ജീവിതത്തിലേക്ക് എന്നെ വിളിച്ചത്. എറണാകുളം ജില്ലയില്‍ ഇന്നത്തെ കോട്ടപ്പുറം രൂപതയില്‍ തുരുത്തിപ്പുറം ഇടവകയില്‍ കുറുമ്പതുരുത്തില്‍ ഒള്ളാട്ടുപുറം വര്‍ഗീസിന്റെയും റോസക്കുട്ടിയുടെയും മകനായി 1944 ഫെബ്രുവരി 29ന് ജനനം. എട്ടു മക്കളില്‍ ഏഴാമത്തവനായിരുന്നു ഞാന്‍. ഒരു സാധാരണ കുടുംബമായിരുന്നു ഞങ്ങളുടേത്. പത്തുപേരും നന്നായി പാടുമായിരുന്നു എന്നതായിരുന്നു പ്രത്യേകത. ഒരുമിച്ച് പാട്ടുകള്‍ പാടി പ്രാര്‍ത്ഥിച്ചിരുന്ന കുടുംബം. ഇടവകപള്ളിയിലും സജീവസാന്നിദ്ധ്യമായിരുന്നു. പള്ളിയില്‍ പാടി വളര്‍ന്നു. സ്‌കൂളിലും പാടുന്നതിനുള്ള അവസരങ്ങള്‍ ലഭിച്ചു. ഇഷ്ടത്തോടെ ഓര്‍ക്കുന്ന ഒരു കാര്യമുണ്ട്. ക്ലാസ്സില്‍ പഠിക്കുന്ന പദ്യങ്ങള്‍ ഈണമിട്ട് പാടാന്‍ അദ്ധ്യാപകര്‍ ആവശ്യപ്പെട്ടിരുന്നു. സംഗീതസംവിധാനരംഗത്തെ ആദ്യ ചുവടുവയ്പ് അതായിരുന്നു. അദ്ധ്യാപകരും സഹപാഠികളും നല്കിയ അംഗീകാരവും പ്രോത്സാഹനവും വളരെ വിലപ്പെട്ടതായിരുന്നു.

പിന്നീട് ജീവിതം സെമിനാരിയിലായിരുന്നു…

അതെ. കുഞ്ഞുനാള്‍ മുതല്‍ പള്ളിയോടുചേര്‍ന്നാണ് വളര്‍ന്നത്. തിരുക്കര്‍മ്മങ്ങളിലുള്ള പങ്കാളിത്തവും ഗായകസംഘത്തിലെ അംഗത്വവും വൈദികനാകാനുള്ള വലിയ ആഗ്രഹം ജനിപ്പിച്ചു. പത്താം ക്ലാസ് പാസ്സായികഴിഞ്ഞപ്പോള്‍ എല്ലാവരുടെയും ആശീര്‍വ്വാദത്തോടെ വരാപ്പുഴ അതിരൂപതയുടെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. ഉത്സാഹത്തോടെ പഠിച്ചു. ഒപ്പം ദേവാലയസംഗീത പരിശീലനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനുംകഴിഞ്ഞു. തുടര്‍ന്ന് ആലുവ മേജര്‍ സെമിനാരിയിലെത്തി. കുറച്ചുകൂടെ വിശാലമായ ഒരു ലോകമായിരുന്നു അത്. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള സഹപാഠികള്‍, സ്വദേശീയരും വിദേശീയരുമായ വൈദികര്‍, വ്യത്യസ്ത റീത്തുകളുടെ ആരാധനക്രമം, വൈവിദ്ധ്യമാര്‍ന്ന സംഗീതപശ്ചാത്തലം. ഇതെല്ലാം എന്റെ വളര്‍ച്ചയെ മുന്നോട്ടുനയിച്ചു. ഒപ്പം, നിലവിലുണ്ടായിരുന്ന ഏകതാനവും പാരമ്പര്യാധിഷ്ഠിതവും അനുകരണരീതിയിലുള്ളതുമായ ദേവാലയസംഗീതശൈലി മാറി പുതുമയും വൈവിധ്യവുമുള്ള സംഗീതം ഉണ്ടാകണമെന്ന മോഹം ഉള്ളില്‍ ജ്വലിച്ചിരുന്നു.

സെമിനാരിയിലായിരിക്കുമ്പോഴാണല്ലോ ആരാധനക്രമത്തിലും ദേവാലയസംഗീതത്തിലും കാതലായ മാറ്റങ്ങള്‍ സംഭവിച്ചത്…

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കത്തോലിക്കാ സഭയുടെ വാതായനങ്ങള്‍ തുറന്നിട്ട് പുതിയ കാറ്റും പുതിയ വെളിച്ചവും സ്വീകരിച്ചു. സഭാജീവിതത്തിന്റെ സമസ്ത മേഖലകളിലും മാറ്റങ്ങള്‍ കൈവന്നു. അത് ഏറ്റവും അധികം പ്രതിഫലിച്ചതും സഭാമക്കളുടെ ജീവിതത്തെ ഏറെ സ്വാധീനിച്ചതും ആരാധനക്രമത്തിലും ദേവാലയസംഗീതത്തിലുമാണ്. പ്രാര്‍ത്ഥനകള്‍ മാതൃഭാഷയിലേക്ക് മൊഴിമാറ്റം വരുത്തിയതോടൊപ്പം പ്രാദേശികസംഗീതവും പുതിയ ഗാനങ്ങളും ആരാധനയ്ക്ക് ഉപയോഗിക്കുവാനുള്ള അനുവാദവും അവസരവും ലഭിച്ചു. മലയാളത്തില്‍ അനുവദിക്കപ്പെട്ട മാറ്റങ്ങള്‍ ഏറ്റവും ഉചിതമായ വിധത്തില്‍ നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വം മംഗലപ്പുഴ സെമിനാരി അധികാരികളിലാണ് അര്‍പ്പിതമായിരുന്നത്.

പിന്നീട് മെത്രാനായിത്തീര്‍ന്ന ഭാഗ്യസ്മരണാര്‍ഹനായ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ഉള്‍പ്പെടെയുള്ള ശ്രേഷ്ഠവൈദികരുടെ നേതൃത്വത്തില്‍ ഞാനുള്‍പ്പെടുന്ന വൈദികവിദ്യാര്‍ത്ഥികളുടെ ഒരു സംഘം പ്രസ്തുത ദൗത്യം പ്രാര്‍ത്ഥനാപൂര്‍വ്വം ഏറ്റെടുക്കുകയും വിശ്വസ്തതയോടെ നിറവേറ്റുകയും ചെയ്തു. ജീവിതത്തിലെന്നും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്ന ദൈവിക നിയോഗമായിരുന്നു അത്. മലയാളക്കരയിലെ വിശ്വാസസമൂഹം നിറമനസ്സോടെ അത് സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തു. അതോടൊപ്പം പുതുനിയോഗങ്ങള്‍ ഞങ്ങളില്‍ വന്നുചേര്‍ന്നു. ലത്തീന്‍ക്രമത്തില്‍ മാത്രമല്ല സീറോ മലബാര്‍ ക്രമത്തിലും ആരാധനസംഗീതം ചിട്ടപ്പെടുത്തുവാനുള്ള അവസരം എനിക്ക് ലഭിച്ചു. ഈ കാലയളവില്‍ ആബേല്‍ അച്ചന്‍ എഴുതിയ ”ഗാഗൂല്‍ത്താമലയില്‍ നിന്നും വിലാപത്തിന്‍ മാറ്റൊലികേള്‍പ്പൂ” എന്ന ഗാനത്തിന് സംഗീതം നല്കാന്‍ കഴിഞ്ഞു. സ്വന്തമായി ഗാനങ്ങളെഴുതി സംഗീതം നല്‍കി പാടാനുള്ള അവസരങ്ങളും ലഭിച്ചു. ആലുവ മംഗലപ്പുഴ സെമിനാരിയില്‍ ആദ്യമായി ഗായകരായ വൈദികവിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി കര്‍ണാടക സംഗീത ക്ലാസ്സുകള്‍ ആരംഭിക്കാന്‍ മുന്‍കൈ എടുത്തു. അതിനായി ആലുവ സംഗീത സഭയില്‍നിന്ന് മധുസൂദനന്‍ മേനോന്‍ എന്ന ഭാഗവതരെ കണ്ടെത്തിയിരുന്നു.

1967ല്‍ സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് ആദ്യത്തെ മലയാളം ക്വയര്‍ ആലുവ സെമിനാരിയില്‍ നടത്തി. അന്ന് ഞങ്ങളുടെ പ്രൊഫസറും പിന്നീട് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പുമായ കേളന്തറ പിതാവ് ആ ക്വയറില്‍ പാടിയിരുന്നു. സെമിനാരിയില്‍ പഠിച്ച ദൈവശാസ്ത്രവും അഭ്യസിച്ച ആദ്ധ്യാത്മികതയും പരിശീലിച്ച സംഗീതവും ഒപ്പം നിന്ന വൈദികരും കൂട്ടുകാരുമെല്ലാം എന്നെ ഞാനാക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

സഭയിലെ ശുശ്രൂഷയും സംഭാവനകളും ഓര്‍ക്കുമ്പോള്‍…

വൈദികപരിശീലനം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് മുന്നോട്ടുള്ള എന്റെ വഴി മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞത്. വൈദിക ശുശ്രൂഷയല്ല, വൈദികരോടൊപ്പം സഭയിലും പൊതുസമൂഹത്തിലും എനിക്ക് നിറവേറ്റാന്‍ മറ്റൊരു ദൗത്യമുണ്ട് എന്നു മനസ്സിലാക്കി. വളര്‍ത്തി വലുതാക്കിയ ഗുരുകുലത്തോടുള്ള നിറഞ്ഞ നന്ദിയോടെ തന്നെ, പുതിയ ദൗത്യനിര്‍വ്വഹണത്തിലേക്കു തിരിഞ്ഞു. പുതിയ തുടക്കം എളുപ്പമായിരുന്നില്ല. വെറുമൊരു കലാകാരനായി വളരാനല്ല ഞാന്‍ ആഗ്രഹിച്ചത്. ദൈവം തന്ന കഴിവുകളെ അവിടുത്തെ മഹത്വത്തിന് ഉപകരിക്കുംവിധം വളര്‍ത്തുവാനും അവിടുത്തെ ശുശ്രൂഷയിലായിരിക്കുന്നതിനുമാണ് ഞാനെന്നും ആഗ്രഹിച്ചതും പരിശ്രമിച്ചതും. അതുകൊണ്ട് അഭിവന്ദ്യ ഡോ. പീറ്റര്‍ ബര്‍ണാഡ് പെരേരാ പിതാവിന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്തേക്ക് പോരുകയും പാളയം കത്തീഡ്രല്‍ ദേവാലായത്തിനരികിലുള്ള ഒരു വീട്ടില്‍ താമസമാവുകയും ചെയ്തു. ഇന്നും ഇവിടെത്തന്നെ തുടരുന്നു. പിതാവ് ആവശ്യപ്പെട്ട പ്രകാരം അന്നത്തെ തിരുവനന്തപുരം രൂപതയുടെ വിവിധ ഇടവകകളില്‍ ലിറ്റര്‍ജി ക്ലാസ്സുകള്‍ എടുക്കുകയും ഗാനങ്ങള്‍ പരിശീലിപ്പിക്കുകയും ഗായകസംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്തു. പുതിയ ആരാധനഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയും സംഗീത ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുകയും ആല്‍ബങ്ങള്‍ ഒരുക്കുകയും ചെയ്തു. 1973-ല്‍ ആരംഭിച്ച ഓള്‍ കേരള ലാറ്റിന്‍ കാത്തലിക് ലിറ്റര്‍ജിക്കല്‍ മ്യൂസിക് കമ്മിഷനില്‍ മെംബറായി. 1986-ല്‍ ശംഖുമുഖത്ത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ദിവ്യബലിയര്‍പ്പിച്ചപ്പോള്‍ 500 പേരുടെ ഗായകസംഘത്തെ ഒരുക്കി നേതൃത്വം നല്കാനുള്ള ഭാഗ്യം ലഭിച്ചു. ലത്തീന്‍ ക്രമപ്രകാരമുള്ള ദിവ്യബലിയുടെ ഗാനരൂപം തയ്യാറാക്കുന്നതിനും സംഗീതം നല്കുന്നതിനുമുള്ള നിയോഗവുമുണ്ടായി.

സംഗീതവുമായി പൊതുസമൂഹത്തിലേയ്ക്ക്…

ദൈവികദാനമായ സംഗീതത്തിന് അതിരുകളില്ല. പല മതിലുകളും തകര്‍ത്ത് ഏവരുമായുള്ള സൗഹൃദത്തിന്റെ പാലങ്ങള്‍ പണിയാന്‍ ദൈവം ഉപയോഗിക്കുന്നത് സംഗീതമാണ്. അതുകൊണ്ടുതന്നെ, പൊതുസ്വത്തായ സംഗീതം നല്കി എന്നെ അനുഗ്രഹിച്ച ദൈവത്തെ മഹത്വപ്പെടുത്താന്‍ എന്നിലുള്ള സംഗീതം പൊതുസമൂഹത്തിനു നല്‍കേണ്ടതുണ്ട്. ഇതരമതസംബന്ധിയായ ഗാനങ്ങളും ദേശഭക്തിഗാനങ്ങളും, ഉണര്‍വ്വ് ഗീതങ്ങളും ലളിതഗാനങ്ങളും രാഷ്ട്രീയപാര്‍ട്ടിക്കാരുടെ പാട്ടുകളും നാടകഗാനങ്ങളും സിനിമാപാട്ടുകളുമെല്ലാം ചിട്ടപ്പെടുത്താന്‍ ലഭിച്ച അവസരങ്ങള്‍ ഞാന്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവയെല്ലാം എന്റെ ക്രിസ്തീയ വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ടും വിശ്വാസജീവിത ധര്‍മ്മങ്ങളില്‍ വിട്ടുവീഴ്ചചെയ്യാതെയും പ്രാര്‍ത്ഥനാപൂര്‍വ്വം നിര്‍വ്വഹിക്കുവാന്‍ ദൈവമെന്നെ അനുഗ്രഹിച്ചിട്ടുണ്ട്.

ദേവരാജന്‍ മാഷും എം.ബി. ശ്രീനിവാസനും ഓവിയാറിനെ വിളിച്ചതാണല്ലോ…
അതെ. സിനിമാലോകത്തേക്ക് അവര്‍ രണ്ടുപേരും എന്നെ വിളിച്ചതാണ്. എല്ലാ കലകളും സമ്മേളിക്കുന്ന ഇടമാണല്ലോ സിനിമ. സിനിമയിലെത്തിച്ചേരുക എന്നത് ഒരു വലിയ നേട്ടംതന്നെയാണ്. സംഗീതത്തിന് സിനിമയില്‍ വളരെയേറെ പ്രാധാന്യമുണ്ട്. ‘ചക്രവാളം,’ ‘നീലാംബരി,’ ‘കുടിയന്മാരുടെ ഭാര്യമാര്‍ക്കുവേണ്ടി’ എന്നീ സിനിമകള്‍ക്കുവേണ്ടി ഞാന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. സുപ്രസിദ്ധ പിന്നണി ഗായിക കെ.എസ്. ചിത്ര 12-ാം വയസ്സില്‍ സിനിമയില്‍ ആദ്യമായി പാടിയത് ഞാന്‍ സംഗീതം നല്‍കിയ ‘നീലാംബരി’ എന്ന സിനിമയ്ക്കുവേണ്ടിയായിരുന്നു. എങ്കിലും സിനിമയില്‍ തുടരാനുള്ള ഉള്‍പ്രേരണയും അന്തര്‍ദാഹവും എന്തുകൊണ്ടോ എനിക്കുണ്ടായിരുന്നില്ല. അവസരങ്ങള്‍ തേടി പോകാനോ ലഭിച്ചവ സ്വീകരിക്കാനോ ഞാന്‍ ശ്രമിച്ചില്ല. സിനിമയ്ക്കുവേണ്ടി ഞാന്‍ ചിട്ടപ്പെടുത്തിയ ‘അള്‍ത്താര തന്നിലെ മെഴുതിരി വെട്ടത്തില്‍’ എന്ന ഗാനം പാടിക്കേട്ട് ഇഷ്ടപ്പെട്ട ദേവരാജന്‍ മാഷ് തന്നോടൊപ്പം സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ പലപ്രാവശ്യം എന്നെ ക്ഷണിച്ചിട്ടുണ്ട്. സംഗീതലോകത്ത് ലഭിക്കാവുന്ന ഏറ്റവും നല്ല അംഗീകാരവും അവസരവുമായിരുന്നു അത്. പല കാരണങ്ങളാല്‍ ആ ക്ഷണം ഞാന്‍ നിരസിച്ചു. അതുപോലെതന്നെ, എം.ബി. ശ്രീനിവാസന്‍ സിനിമാ സംഗീതരംഗത്ത് ജ്വലിച്ചുനിന്നപ്പോള്‍, പാശ്ചാത്യസംഗീതത്തിലുള്ള എന്റെ അറിവ് പരീക്ഷിച്ച് അംഗീകരിക്കുകയും തന്നോടൊപ്പം ചേരാന്‍ ക്ഷണിക്കുകയും ചെയ്തു. സിനിമാലോകം മോശമായതുകൊണ്ടല്ല, എന്റെ നിയോഗം, ദൈവവിളി സിനിമാസംഗീതമല്ല എന്ന് എന്റെ ഉള്ളിലിരുന്ന് ആരോ പറയുന്നുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ പിന്‍വാങ്ങി. എങ്കിലും എന്നോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ചിലരെയും എന്റെ മകനെയും സിനിമയിലേക്ക് വളര്‍ത്താന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യമുണ്ട്.

ആരാധനസംഗീതത്തില്‍ പുതുമ കൊണ്ടുവന്ന അങ്ങ് ”അടിപൊളി”യെ നിശിതമായി വിമര്‍ശിക്കുന്നുണ്ടല്ലോ…

അടിപൊളി സംഗീതം ആരാധനസംഗീതമല്ല. ആഴമായ ആന്തരികാനുഭൂതിയിലേക്കും പ്രാര്‍ത്ഥനാ അനുഭത്തിലേക്കും നയിക്കുന്നതാവണം ആരാധനസംഗീതം. ബഹളമയമായ സംഗീതം ആസ്വദിക്കുന്നവരുണ്ടാകാം. അത് സംഗീതാസ്വാദനത്തിനായി ഉപയോഗിക്കാം. ആരാധനയില്‍ അതു പറ്റില്ലല്ലോ, അത് പാടില്ലല്ലോ. വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായാലും സംഘമായ കര്‍മ്മങ്ങളിലായാലും മനസ്സില്‍ തങ്ങിനില്ക്കുകയും ആത്മാവിനെ തൊട്ടുണര്‍ത്തുകയും ചെയ്യുന്ന സംഗീതമുണ്ടാകണം. പൊതുആരാധനയില്‍ ‘കോറല്‍ സിംഗിംഗ്’ ആണു വേണ്ടത്. ഏവര്‍ക്കും ഒരുമിച്ച് പാടാവുന്ന പാട്ടുകള്‍ ഉപയോഗിക്കണം. അതിന് സഹായിക്കാന്‍ കഴിയുന്ന ഒരു ഗായകസംഘവും വേണം. ആരുടെയും വ്യക്തിപരമായ മികവ് പ്രടിപ്പിക്കുകയല്ല ചെയ്യേണ്ടത്. അതിന് മറ്റു വേദികളുണ്ടല്ലോ.

സംഗീതോപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ച്…

എല്ലാ സംഗീത ഉപകരണങ്ങളും ആരാധനയ്ക്ക് ഉപയോഗിക്കാം എന്ന പക്ഷക്കാരനാണ് ഞാന്‍. ആരാധനയ്ക്ക് ഇലക്ട്രിക് ഓര്‍ഗണ്‍ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത് ഞാനാണ്. കേരളത്തിലെ ആദ്യത്തെ ഇലക്ട്രോണിക് കീബോര്‍ഡ് എന്റേതായിരുന്നു. ഇന്നും ഞാന്‍ അത് ഒരു നിധിപോലെ കാത്തുസൂക്ഷിക്കുന്നു. എല്ലാവിധ സംഗീതോപകരണങ്ങളും ദിവ്യബലിഗാനാലാപനത്തിന് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവ ഉപയോഗിക്കുന്നത് ഗാനങ്ങളുടെ അര്‍ത്ഥവും ഈണവും കൂടുതല്‍ വ്യക്തമാക്കി പ്രാര്‍ത്ഥാനാ അനുഭവവും ആഴപ്പെടുത്തുന്നതിനുവേണ്ടിയാകണം. ഗായകര്‍ക്ക് അകമ്പടി എന്നതില്‍ കവിഞ്ഞ് ആലാപനത്തെ ദോഷമായി ബാധിക്കുകയോ കേള്‍വിക്കാര്‍ക്ക് അസ്വസ്ഥത ഉളവാക്കുകയോ ചെയ്യരുത്. താളമേളങ്ങളുടെ ലയത്തില്‍ ആത്മാവില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയായി ആരാധനസംഗീതം മാറണം. ആരാധന സമൂഹത്തെ ഒരു ഹൃദയവും ഒരു മനസ്സുമാക്കി, ദൈവവുമായ് ഒന്നായി തീരാന്‍ സഹായിക്കണം.

ഈ ശുശ്രൂഷയിലെ ആത്മസംതൃപ്തി…

ആത്മസാക്ഷാത്കാരമാണെന്നു പറയുന്നതാവും കൂടുതല്‍ ശരി. ഞാന്‍ ഞാനായിത്തീര്‍ന്നത് സംഗീതത്തിലൂടെയാണ്, പ്രധാനമായും ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിലൂടെ. ഞാന്‍ പാടിത്തുടങ്ങിയതും പാടി വളര്‍ന്നതും പാട്ടുകള്‍ സൃഷ്ടിച്ചതും ഇന്നും മുന്നോട്ടുനീങ്ങുന്നതും ഈ വഴിയേ ആണ്. ഞാനെന്തെങ്കിലും സ്വന്തമായി നേടി എന്നതിലുപരി, സഭ എന്നെ ഏല്പിച്ച ശുശ്രൂഷകള്‍ വിശ്വസ്തയോടെ നിറവേറ്റി എന്നതിലാണ് എന്റെ വിജയം എന്നു പറയാം. അതിനുവേണ്ടി ആത്മാര്‍ത്ഥമായി അത്യദ്ധ്വാനം ചെയ്തിട്ടുണ്ട്. ഇന്നും തുടരുന്നു. ഇക്കാര്യത്തില്‍ റിട്ടയര്‍മെന്റും വിശ്രമവുമില്ല. ജീവിതാവസാനം വരെ ഞാന്‍ ഈ ദൈവികശുശ്രൂഷയിലായിരിക്കും.

കുടുംബത്തെക്കുറിച്ച് പറഞ്ഞാല്‍ …

ഞാന്‍ ജനിച്ചുവളര്‍ന്ന കുടുംബം പോലെ തന്നെ അനുഗ്രഹപൂര്‍ണമായ ഒരു കുടുംബജീവിതം ദൈവം എനിക്കു തന്നു. ഭാര്യ റാണി റാഫേല്‍ അദ്ധ്യാപികയും ഗാനരചയിതാവും സംഗീത ആസ്വാദകയും ആണ്. ഉത്തമവിശ്വാസിയും സഭാജീവിതത്തില്‍ സജീവ പങ്കാളിയും. എന്നെ പൂര്‍ണമായി മനസ്സിലാക്കി പിന്തുണയ്ക്കുന്നു. മകന്‍ റോണി കുഞ്ഞുനാള്‍ മുതലേ സംഗീതപ്രതിഭ പ്രകടമാക്കുന്നു. നിരവധി സമ്മാനങ്ങളുംഅവാര്‍ഡുകളും നേടിയിട്ടുണ്ട്. ഇന്ന് അറിയപ്പെടുന്ന സിനിമാ സംഗീതസംവിധായകനാണ്. മരുമകള്‍: പ്രിറ്റി. കൊച്ചുമക്കള്‍: റോണ്‍, റയാന്‍. മകള്‍ റിന്റ എന്നോടൊപ്പം കഴിയുന്നു.

കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ മാദ്ധ്യമ കമ്മീഷന്റെ ‘ഗുരുപൂജ’ പുരസ്‌ക്കാരം, സമുദായത്തിനും സഭയ്ക്കും സംഗീതത്തിനും ചെയ്ത സംഭാവനകളെ മുന്‍നിര്‍ത്തി 2012-ല്‍ കേരള ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ലൈഫ്ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം, 2016-ല്‍ കെആര്‍എല്‍സിസിയുടെ കലാപ്രതിഭാ പുരസ്‌ക്കാരം, തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ‘വിശിഷ്ടസേവാ’ പുരസ്‌ക്കാരം, സംഗീതത്തിനും സമൂഹത്തിനും സമുദായത്തിനും ചെയ്ത സേവനങ്ങള്‍ക്കായി എല്‍.കെ.എ.വിയുടെ പ്രഥമ ആനി മസ്‌ക്രീന്‍ പുരസ്‌ക്കാരം, ദേവാലയസംഗീതത്തിന് നല്‍കിയ മഹനീയ സേവനങ്ങള്‍ക്കായി ചെട്ടിക്കാട് പള്ളി സുവര്‍ണ ജുബിലിയോടനുബന്ധിച്ച് കെ.ജെ. യേശുദാസില്‍ നിന്നു പുരസ്‌ക്കാരം, ‘ഫെഫ്ക’ മ്യൂസിക് ഡയറക്ടേഴ്‌സ് യൂണിയന്റെ ‘സംഗീത ഭാരതി’ പട്ടം, അനന്തപുരി മ്യൂസിക് ആന്‍ഡ് ഡാന്‍സ് അക്കാദമിയുടെ പുരസ്‌ക്കാരം, തിരുവനന്തപുരം ആര്‍ട്ട് സൊസൈറ്റി പുരസ്‌ക്കാരം, സൗപര്‍ണിക കലാസമിതിയുടെയും വെട്ടുകാട് ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ പ്രഗത്ഭ സംഗീത സംവിധായകനുള്ള അവാര്‍ഡ്, മാതൃഭൂമി മീഡിയാ കമ്മിഷന്‍ അവാര്‍ഡ്, ട്രാവന്‍കൂര്‍ മ്യൂസിക് ക്ലബ് അവാര്‍ഡ്, റോട്ടറി ക്ലബ് ഓഫ് ട്രിവാന്‍ഡ്രം റോയലിന്റെ ലൈഫ് അച്ചീവ്മെന്റ് അവാര്‍ഡ്, സംഗീതത്തിനായുള്ള വൈസ്മെന്‍ ട്രിവാന്‍ഡ്രം ടവര്‍ ക്ലബ്ബിന്റെ പുരസ്‌ക്കാരം എന്നിങ്ങനെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നിരവധിയാണല്ലോ…

ധാരാളം ലഭിച്ചിട്ടുണ്ട്. അവയെ ഞാന്‍ മാനിക്കുന്നു. എങ്കിലും അതിന്റെ പിന്നാലെ പോയിട്ടില്ല. ഈ ലോകത്തിന്റെ അംഗീകാരം ലഭിക്കേണ്ട ജോലിയല്ല ദൈവം എന്നെ ഏല്പിച്ചിട്ടുള്ളത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സഭയും സമൂഹവും നല്കിയിട്ടുള്ള അവാര്‍ഡുകളെ നന്ദിയോടെ ഓര്‍ക്കുന്നുണ്ട്.

അഭിമാനപൂര്‍വം ഓര്‍ക്കാനാഗ്രഹിക്കുന്ന മറ്റു ചില കാര്യങ്ങള്‍ കൂടി…

പിന്നിലേക്ക് നോക്കുമ്പോള്‍ ദൈവത്തോടുള്ള നന്ദിയോടെ, അഭിമാനപുരസരം ഓര്‍ക്കുവാനാഗ്രഹിക്കുന്ന ധാരാളം കാര്യങ്ങളുണ്ട്. പെട്ടെന്ന് ഓര്‍ത്തെടുക്കാവുന്ന ചില കാര്യങ്ങള്‍ കൃത്യമായ ക്രമത്തിലല്ലാതെ ഞാന്‍ സൂചിപ്പിക്കാം: ആകാശവാണിയിലെ ലൈറ്റ് മ്യൂസിക് ആന്‍ഡ് കോറല്‍ മ്യൂസിക് കമ്പോസര്‍ എന്ന നിയോഗം. ദൂരദര്‍ശന്‍ തിരുവനന്തപുരം കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ടാഗോര്‍ തിയറ്ററില്‍ നടന്ന സംഗീത പരിപാടി കണ്ടക്റ്റ് ചെയ്തു. തുടര്‍ന്ന് ദൂരദര്‍ശന്റെ ആദ്യത്തെ മ്യൂസിക് കമ്പോസര്‍ ആയി.

‘എനിക്കു ദാഹിക്കുന്നു,’ ‘നില്‍ക്കൂ ജനമേ,’ ‘ജ്വാലതിങ്ങും ഹൃദയമേ’ തുടങ്ങിയ ഗാനങ്ങള്‍ അടങ്ങിയ, യേശുദാസ് ആലപിച്ച തരംഗിണിയുടെ ‘സ്‌നേഹബലി’ എന്ന ആല്‍ബത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചു.

പിതാക്കന്മാരായ ഡോ. ജേക്കബ് അച്ചാരുപറമ്പില്‍, ഡോ. സൂസപാക്യം, ഡോ. വിന്‍സെന്റ് സാമുവല്‍, ഡോ. പീറ്റര്‍ ചേനപ്പറമ്പില്‍, ഡോ. ക്രിസ്തുദാസ് തുടങ്ങിയവരുടെ മെത്രാഭിഷേകത്തിന് 300 പേരടങ്ങിയ ഗായകസംഘത്തെ നയിച്ചു.

‘സര്‍ഗ സംഗീത സായാഹ്നം’ എന്ന മെഗാ ഷോ 1975-ല്‍ തിരുവനന്തപുരം സെനറ്റ് ഹാളില്‍ നടത്തുകയുണ്ടായി. ഒരേ രചനയ്ക്ക് മൂന്നു വ്യത്യസ്ത ഈണം നല്കി അതില്‍ അവതരിപ്പിച്ചു. നമ്മുടെ ഗായകരെ കൂടാതെ വെസ്റ്റേണ്‍ വോക്കല്‍ പാടുന്നതിനുവേണ്ടി ബെല്‍ജിയമില്‍നിന്നുള്ള ഗായകരെ ഉള്‍പ്പെടുത്തിയുള്ള പ്രോഗ്രാമായിരുന്നു.

ദേവാലയസംഗീതത്തില്‍ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന എനിക്ക് വളരെ വര്‍ഷത്തെ ആഗ്രഹമായിരുന്നു ഒരു മെഗാ പ്രോഗ്രാം നടത്തി അതില്‍നിന്നുകിട്ടുന്ന വരുമാനംകൊണ്ട് നിര്‍ധനരുടെ വിവാഹം നടത്തികൊടുക്കുക എന്നത്. ഈ ആഗ്രഹം ഫാ. ജോണ്‍ ഡി ബോസ്‌കോയുമായി പങ്കുവയ്ക്കുകയും അദ്ദേഹം മുന്‍കൈ എടുത്ത് സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് അവരുടെ സെന്റിനറി സെലിബ്രേഷനോട് അനുബന്ധിച്ച് 100 ദമ്പതിമാരുടെ വിവാഹം നടത്തികൊടുക്കുകയും ചെയ്തു. 100 പേരടങ്ങുന്ന ഗായകസംഘത്തെ ഉള്‍പ്പെടുത്തി ഫൈവ് പാര്‍ട്‌സ് വോക്കല്‍ സിംഫണി ഇന്ത്യയില്‍ ആദ്യമായി മലയാളത്തില്‍ അവതരിപ്പിച്ചു. വരികള്‍ ഇല്ലാതെ ശബ്ദത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചു എന്നുള്ളതായിരുന്നു അതിന്റെ പ്രത്യേകത.

ആര്‍ച്ച്ബിഷപ് സൂസപാക്യം പിതാവിന്റെ നിര്‍ദേശപ്രകാരം ലത്തീന്‍ റീത്തിലുള്ള മലയാള കുര്‍ബാന ഗാനരൂപത്തില്‍ എഴുതി സംഗീതം നല്കുവാന്‍ കഴിഞ്ഞത് എന്റെ ദേവാലയസംഗീതസമര്‍പ്പണ ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യമായി കരുതുന്നു. പരിശുദ്ധാത്മാവിന്റെ പ്രത്യേക വരത്താല്‍, ‘സര്‍വ സംപൂജ്യന്‍ പിതാവിന്റെയും’ എന്നു തുടങ്ങുന്ന കുര്‍ബാന പതിനാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ എനിക്ക് സാധിച്ചു. ഏകാഗ്രതയുടെയും ഭക്തിമാര്‍ഗത്തിന്റെയും ഒന്‍പതുവര്‍ഷത്തെ എന്റെ സെമിനാരി ജീവിതവും തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കാന്‍ കഴിഞ്ഞതും ഈ മഹാകാര്യം ചെയ്യുന്നതിന് ദൈവം എന്നെ ഒരുക്കുകയായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

പുതിയ സഹസ്രാബ്ദം (മില്ലേനിയം) പ്രമാണിച്ച് യുകെയില്‍ നിന്ന് ബി.ബി.സിയുടെ ഒരു സംഘം ഇവിടെ എത്തുകയും ഭക്തിഗാനങ്ങളെക്കുറിച്ച് ഇന്റര്‍വ്യൂ നടത്തി 2000 മേയ് 8-ാം തീയതി ബി.ബി.സിയില്‍ എന്റെ അഭിമുഖവും ഞാന്‍ അവതരിപ്പിച്ച വോക്കല്‍ സിംഫണിയും പ്രക്ഷേപണം ചെയ്തു.

റോമില്‍ നിന്ന് ഇറ്റാലിയന്‍ റേഡിയോയില്‍ ആദ്യമായി പ്രക്ഷേപണം ചെയ്ത മലയാള ഗാനങ്ങളുടെ രചനയും സംഗീതവും നിര്‍വ്വഹിച്ചു.

സംഗീത രംഗത്ത് ധാരാളം പേരുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്ക് അങ്ങ് വഹിച്ചിട്ടുണ്ട്. ഭാവി തലമുറയില്‍ സാറിന് പ്രതീക്ഷ നല്കുന്ന കുഞ്ഞുതാരങ്ങള്‍ …

ആരുടെയും തലതൊട്ടപ്പനായി അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും എല്ലാ അര്‍ത്ഥത്തിലും ഒരു കുത്തിന്റെ തലതൊട്ടപ്പനാണ് ഞാന്‍. ആന്‍ ബെന്‍സന്‍ ഏറെ പ്രതീക്ഷ നല്ക്കുന്ന ഒരു പ്രതിഭയാണ്. ഇപ്പോള്‍ ഫഌവേഴ്‌സ് ചാനലില്‍ ടോപ് സിങ്ങര്‍ റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയാണ്. സംഗീതം അടിസ്ഥാനപരമായി ദൈവത്തിന്റെ ദാനമാണ്. സ്വര്‍ഗ്ഗത്തിന്റെ ഭാഷയാണ്. ദൈവം നല്കുന്ന അളവില്‍ എല്ലാ മനുഷ്യര്‍ക്കും സംഗീതം ലഭിച്ചിട്ടുണ്ട്. അദൃശ്യനായ ദൈവത്തെ അനുഭവിക്കാന്‍ അവിടുന്ന് നമുക്കായി ഒരുക്കുന്ന മാര്‍ഗമാണ് സംഗീതം. ഇതെന്റെ ഉത്തമ ബോധ്യമാണ് – ഏീറ ശി്ശശെയഹല ശ െലഃുീലെറ വേൃീൗഴവ ാൗശെര. ഒപ്പം, ദൈവത്തെ മഹത്വപ്പെടുത്താനായി ദൈവം നമുക്ക് നല്കിയിരിക്കുന്ന മാര്‍ഗവും സംഗീതമാണ്. നാമത് വളര്‍ത്തിയെടുക്കണം. ഇന്ന് അതിന് കൂടുതല്‍ അവസരങ്ങളുണ്ട്. അത് പരമാവധി ഉപയോഗിച്ച് വളരാന്‍ എല്ലാവരും പരിശ്രമിക്കണം. ദൈവം അനുഗ്രഹിക്കട്ടെ.

ഫൈനല്‍ നോട്ട്

അനുഗ്രഹപൂര്‍ണമായ ഒരു സംഗീതാനുഭവമാണ് ഓവിആറുമായുള്ള സംഭാഷണം. വിശ്വാസത്തില്‍ ആഴപ്പെടുന്നതിനും ശരിയായ ഒരു ജീവിതദര്‍ശനം നേടുന്നതിനും അദ്ദേഹത്തിന്റെ മാതൃക സഹായകരമാകുന്നു. കേരള കത്തോലിക്കാ സഭയ്ക്ക് അദ്ദേഹം നല്കിയിട്ടുള്ള സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല. വരുംതലമുറകളെ സഭയോടും ദൈവികപദ്ധതിയോടും കൂടുതല്‍ വിശ്വസ്തതയുള്ളവരായി വളരാന്‍ ഈ മാതൃക സഹായകരമാകും. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ജീവിതത്തിനും ശുശ്രൂഷകള്‍ക്കും ഭാവുകങ്ങള്‍ നേരാം.
(2020 ഡിസംബര്‍ 13ന് ഓവിആറിന്റെ സഹധര്‍മ്മിണി ദേഹവിയോഗം ചെയ്തു. ആദരാഞ്ജലികളോടെ ഈ അഭിമുഖം റാണി ടീച്ചറിന് സമര്‍പ്പിക്കുന്നു.)

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 

 

 

 

 

 

 

 

 

 

 

 

 

 

 


Related Articles

അനന്യ മഹിമയുടെ അനശ്വര ദീപ്തി

  സ്വര്‍ഗവും കാലവും തങ്ങള്‍ക്കായി കാത്തുവച്ച സുകൃതം നിറഞ്ഞ പ്രേഷിതഭൂമിയായാണ് കര്‍മ്മലീത്താ മിഷണറിമാര്‍ മലയാളനാടിനെ ഹൃദയത്തിലേറ്റിയത്. കേരളത്തിലെ കത്തോലിക്കാസഭയുടെ നിലനില്പും ചരിത്രഭാഗധേയവും നിര്‍ണയിച്ച ദൈവിക ഇടപെടലിന്റെ വലിയ

ഗൃഹസുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തു

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ (ഇഎസ്എസ്എസ്) ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഗൃഹസുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം

പ്രവചനാതീതമായ പരിണതികളിലേക്ക്

ഇന്നു ജീവിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ ആയുസിലെ ഏറ്റവും വിധിനിര്‍ണായകമായ തെരഞ്ഞെടുപ്പു ഫലമാണിത്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും വോട്ടെണ്ണിതീരുമ്പോള്‍ തെളിയുന്ന കക്ഷിനിലയും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളും എന്തായാലും ഭാരതം എന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*