ആനക്കൂട്ടമിളകിയ പഞ്ചായത്ത് തിരഞ്ഞെടുപ്പ്

ആനക്കൂട്ടമിളകിയ പഞ്ചായത്ത് തിരഞ്ഞെടുപ്പ്

മാര്‍ട്ടിന്‍ ഈരേശ്ശേരില്‍

                          ജീവിതത്തില്‍ ഒരിക്കലും ഒരു രാഷ്ട്രീയക്കാരന്‍ അല്ലാതിരുന്ന ഒരാള്‍ ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വന്ന കഥയാണിത്. അതോടൊപ്പം, കേരളത്തിലെ (തിരുവിതാംകൂര്‍-കൊച്ചി) ആദ്യത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ കഥയും. സുഹൃത്തുക്കള്‍ ചെറിയാച്ചന്‍ എന്നും നാട്ടുകാര്‍ അച്ചായന്‍ എന്നും വിളിച്ചിരുന്ന ഈരേശ്ശേരില്‍ സേവ്യര്‍ ചെറിയാനാണ് കഥാപുരുഷന്‍-എന്റെ അച്ഛന്‍. (അക്കാലത്ത് റവന്യൂ രേഖകളില്‍ പിതാവിന്റെ പേര് ആദ്യം എഴുതുന്ന രീതി നിലനിന്നിരുന്നതുകൊണ്ട് സേവ്യര്‍ എന്ന പേര് ആദ്യം വരുംവിധമായിരുന്നു അച്ഛന്റെ പേര് എഴുതിയിരുന്നത്.) 1953ല്‍ നടന്ന ആ തിരഞ്ഞെടുപ്പിനെ വില്ലേജ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്നാണ് പറഞ്ഞിരുന്നത്. അന്ന് കേരള പഞ്ചായത്ത് ആക്ട് നിലവില്‍ വന്നിട്ടില്ല. ഞാനന്ന് ചെറിയ കുട്ടിയാണ്. മുതിര്‍ന്നവരില്‍ നിന്നു പറഞ്ഞുകേട്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അന്ന്, മത്സരരംഗത്ത് ഏതൊക്കെ പാര്‍ട്ടികള്‍ സജീവമായിരുന്നു എന്നെനിക്കറിയില്ല. കോണ്‍ഗ്രസ് ആയിരുന്നു മുഖ്യ പാര്‍ട്ടി. ഒളിവിലായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അന്നത്തെ മത്സരരംഗത്ത് എത്രത്തോളം സജീവമാകാന്‍ കഴിയുമായിരുന്നു എന്നു വ്യക്തമായി അറിയില്ല. ഏതായാലും ചെല്ലാനത്ത് അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളാരും മത്സരരംഗത്ത് ഉണ്ടായിരുന്നില്ല. മാത്രമല്ല പൊള്ളയില്‍ സണ്ണിയെപ്പോലുള്ള പ്രമുഖ പ്രാദേശിക കമ്യൂണിസ്റ്റ് നേതാക്കള്‍ അന്ന് അച്ഛന്റെ തിരഞ്ഞെടുപ്പ് കാംപെയിനിന്റെ മുഖ്യ സംഘാടകരുമായിരുന്നു. അന്ന് പൊതുവേ കേരളത്തില്‍ ജനങ്ങളുടെ മനസ് കോണ്‍ഗ്രസിനൊപ്പമായിരുന്നു. കോണ്‍ഗ്രസിനല്ലാതെ മറ്റാര്‍ക്കെങ്കിലും വോട്ടുചെയ്യുന്നതിനെക്കുറിച്ച് ജനം അന്നത്തെക്കാലത്ത് ചിന്തിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോള്‍ സ്ഥാനാര്‍ത്ഥികളായി പ്രാദേശിക പൗരമുഖ്യരെയാണ് മിക്ക പാര്‍ട്ടികളും ആശ്രയിച്ചത്.
ഞങ്ങളുടെ ചെല്ലാനം പഞ്ചായത്തില്‍ അന്ന് ആറു വാര്‍ഡുകളായിരുന്നു. ഞങ്ങള്‍ ആറാം വാര്‍ഡിലാണ് താമസിച്ചിരുന്നത്. അന്നുവരെ ഒരു രാഷ്ട്രീയ യോഗത്തില്‍ പ്രസംഗം കേള്‍ക്കാന്‍ പോലും പോയിട്ടില്ലാത്ത എന്റെ അച്ഛനെ ആറാം വാര്‍ഡില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന ആവശ്യവുമായി നാട്ടിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ സമീപിച്ചിടത്താണ് കഥകളുടെയും കളികളുടെയും തുടക്കം. അച്ഛന്‍ ആദ്യം തയ്യാറായില്ലെങ്കിലും സുഹൃത്തുക്കളും മറ്റു നാട്ടുപ്രധാനികളും വന്നു നിര്‍ബന്ധിച്ചപ്പോള്‍ അച്ഛന്‍ സമ്മതിച്ചു. അങ്ങനെയാണ് അച്ഛനും നാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അച്ഛന്റെ സുഹൃത്തുക്കളും കൂടി എറണാകുളത്തെ കോണ്‍ഗ്രസ് ഓഫീസില്‍ എത്തുന്നത്. അന്ന് അലക്‌സാണ്ടര്‍ പറമ്പിത്തറയായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റ്. ”നാട്ടിലെ ജന്മിയാണെന്നതല്ലാതെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചെറിയാച്ചനെന്തു രാഷ്ട്രീയ പാരമ്പര്യമുണ്ട്?” എന്നായിരുന്നു പ്രസിഡന്റിന്റെ ചോദ്യം. മാത്രമല്ല അച്ഛനെയും കൊണ്ട് കോണ്‍ഗ്രസ് ഓഫീസില്‍ എത്തിയ പ്രാദേശിക കോണ്‍ഗസ് നേതാക്കളില്‍ ഒരാളായ ഗ്രിഗറി തെക്കേവീടന്റെ ‘രാഷ്ട്രീയ പാരമ്പര്യം’ വിശദമാക്കി ചെല്ലാനം ആറാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഗ്രിഗറി മത്സരിച്ചാല്‍ മതി എന്നദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ കൂട്ടികൊണ്ടുപോയ അമ്മാവന്‍ കൂടിയായ ഗ്രിഗറി തെക്കേവീടന്‍ ‘കാലുമാറി’.
അച്ഛനും അച്ഛനോടൊപ്പം ചെന്ന സുഹൃത്തുക്കളും കോണ്‍ഗ്രസുകാര്‍ അല്ലാത്ത നാട്ടുകാരും ഏറെക്കുറെ അപമാനിതരായാണ് കോണ്‍ഗ്രസ് ഓഫീസില്‍ നിന്നു പുറത്തിറങ്ങിയത്. എന്നാല്‍, നോമിനേഷന്‍ കൊടുക്കാതെ മടങ്ങിപ്പോകാന്‍ അച്ഛന്റെ കൂടെ വന്നവര്‍ തയ്യാറായിരുന്നില്ല. അച്ഛനെയും കൂട്ടിപോയി സ്വതന്ത്രനായി മത്സരിക്കാന്‍ നോമിനേഷന്‍ കൊടുപ്പിച്ചാണ് അവര്‍ മടങ്ങിയത്. അച്ഛനാവട്ടെ തലയെടുപ്പിലും വാശിയിലും ഒട്ടും പിന്നില്‍ നില്‍ക്കുന്ന ആളുമായിരുന്നില്ല. അതുകൊണ്ടാവാം അച്ഛന് തിരഞ്ഞെടുപ്പ് ചിഹ്നമായി ‘ആന’ മതി എന്ന് എല്ലാവരും ചേര്‍ന്ന് തീരുമാനിച്ചത്.
നാട്ടില്‍ മടങ്ങിയെത്തിയ അച്ഛനും സുഹൃത്തുക്കളും രാത്രി വൈകുവോളം ചര്‍ച്ചയിലായിരുന്നു. വിവരമറിഞ്ഞ പ്രദേശത്തെ കള്ളുഷാപ്പുകാരന്‍ ഷാപ്പ് അടച്ച് അന്തിചെത്തിയത് അപ്പാടെ കൊണ്ടുവന്ന് വീട്ടില്‍ ഏല്‍പ്പിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അടുത്ത ദിവസം രാവിലെ തന്നെ അച്ഛനും സഹപ്രവര്‍ത്തകരും പഞ്ചായത്തിലെ ശേഷം അഞ്ചു വാര്‍ഡിലും പോയി. അവിടെയുള്ള അച്ഛന്റെ സുഹൃത്തുക്കളും പ്രാദേശികമായി സുസമ്മതരുമായവരെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ച് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകാന്‍ അവരെക്കൊണ്ട് സമ്മതിപ്പിച്ചു. അടുത്ത ദിവസങ്ങളില്‍ തന്നെ അവരെല്ലാവരും നോമിനേഷന്‍ കൊടുത്ത് ‘ആന’ ചിഹ്നം തന്നെ നേടി. എല്ലാ വാര്‍ഡിലും സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ ഒരു ‘ആനപ്പട’ ഒരുങ്ങി. 1953ലെ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചെല്ലാനത്ത് മത്സരത്തിനിറങ്ങാതെ കോണ്‍ഗ്രസിനെ ‘ഒതുക്കാന്‍’ കിട്ടിയ അവസരം നഷ്ടമാക്കാതെ എല്ലാ വാര്‍ഡുകളിലും അച്ഛന്റെ ഒത്താശയോടെ നിര്‍ത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയുമായി കളത്തിലിറങ്ങി. അപകടം മനസിലാക്കിയ അലക്‌സാണ്ടര്‍ പറമ്പിത്തറ പലതവണ സന്ധിസംഭാഷണവും പുതുവാഗ്ദാനങ്ങളുമായി വന്നുവെങ്കിലും അച്ഛന്‍ വഴങ്ങിയില്ല. ‘നിങ്ങള്‍ പറഞ്ഞ രാഷ്ട്രീയപാരമ്പര്യം നമുക്ക് തിരഞ്ഞെടുപ്പില്‍ കാണാം,’ എന്നായി അച്ഛന്‍.
പിന്നെ ചെല്ലാനത്ത് അരങ്ങേറിയത് ഒരു പടയോട്ടം തന്നെയായിരുന്നു. അങ്ങനെ, ചെല്ലാനത്തെ ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അച്ഛനും കൂട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഒരു ഉത്സവമാക്കി. ‘ഞങ്ങട അച്ചായനോടാ അവന്റെയൊക്കെ കളി’ എന്നു പറഞ്ഞ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോക്കുനിര്‍ത്തി ഇലക്ഷന്‍ വര്‍ക്കിനിറങ്ങി. അച്ഛന്‍ അവര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ‘അച്ചായന്‍’ തന്നെ ആയിരുന്നു. പൊടിപാറിയ തിരഞ്ഞെടുപ്പ് കോലാഹലം. അച്ഛന്‍തന്നെയാണ് എല്ലാ സ്വതന്ത്ര സ്ഥാനാര്‍ഥികളുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മേല്‍നോട്ടവും പ്രധാന ചെലവുകളും വഹിച്ചത്.
അങ്ങനെ, ജില്ലയില്‍ (അന്ന് എറണാകുളം ജില്ല നിലവില്‍ വന്നിട്ടില്ല; തൃശൂര്‍ ജില്ലയുടെ ഭാഗമാണ്) ചെല്ലാനം തിരഞ്ഞെടുപ്പിലെ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറി. അതുകൊണ്ടുതന്നെ ചെല്ലാനത്തെ തിരഞ്ഞെടുപ്പുഫലം അറിയാനായിരുന്നു എല്ലാവര്‍ക്കും കൗതുകം. ജനങ്ങള്‍ ആദ്യമായി വോട്ട് ചെയ്യുകയാണ്. അക്കാലത്ത് ചെല്ലാനത്ത് റോഡോ വൈദ്യുതിയോ ഉണ്ടായിരുന്നില്ല. ഇന്നത്തെ റോഡ് നാട്ടുവഴിയായി കിടന്നിരുന്നു. മണ്ണെണ്ണ വിളക്കായിരുന്നു എല്ലാ വീട്ടിലും ആശ്രയം. ഫലം പ്രഖ്യാപിച്ച ദിവസം അര്‍ദ്ധരാത്രി കഴിഞ്ഞ് വെടിമരുന്നുപ്രയോഗവും ചെണ്ടമേളവുമൊക്കെ കേട്ടാണ് ഞങ്ങള്‍ കുട്ടികള്‍ ഉണര്‍ന്നത്. വീട്ടിലുള്ളവരൊക്കെ വരാന്തയില്‍ പുറത്തേക്കു നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. ആഘോഷമായി നാട്ടുകാര്‍ അച്ഛനെയും കൊണ്ട് വീട്ടിലേക്കു വന്ന ആ കാഴ്ച ഇന്നും മറന്നിട്ടില്ല. വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു അച്ഛന്റെ വിജയം. അച്ഛന്‍ മാത്രമല്ല അച്ഛന്‍ നിര്‍ത്തിയ എല്ലാ സ്ഥാനാര്‍ത്ഥികളും വന്‍ഭൂരിപക്ഷത്തോടെ ജയിച്ചു. അലക്‌സാണ്ടര്‍ പറമ്പിത്തറ ചെല്ലാനം പഞ്ചായത്തില്‍ നിര്‍ത്തിയ ‘രാഷ്ട്രീയ പാരമ്പര്യമുള്ള’ ഒരൊറ്റ കോണ്‍ഗ്രസുകാരന്‍ പോലും ജയിച്ചില്ല എന്നു മാ
ത്രമല്ല എല്ലാവര്‍ക്കും കെട്ടിവെച്ച പണവും പോയി.
സ്വഭാവികമായും അച്ഛന്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ചെല്ലാനം പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ്. ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് അന്ന് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഇന്നത്തെപോലെ സര്‍ക്കാര്‍ ധനസഹായമോ പദ്ധതി വിഹിതമോ ഒന്നും പഞ്ചായത്തിനു ലഭിച്ചിരുന്നില്ല. തികച്ചും ‘ജനകീയ’ സംവിധാനം. മിക്കവാറും പ്രസിഡന്റ് തന്നെ സ്വന്തം പണം മുടക്കിയാണ് പല കാര്യങ്ങളും നടത്തിയിരുന്നത്.
സുദീര്‍ഘമായിരുന്നു ആദ്യ പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി. 1953 ആഗസ്റ്റ് 15ന് അധികാരമേറ്റു; അഞ്ചുവര്‍ഷത്തിനു പകരം പത്തുവര്‍ഷത്തോളം ഭരിച്ചു. കേരള പഞ്ചായത്ത് ആക്ട് നിലവില്‍ വരാനുണ്ടായ കാലതാമസമായിരുന്നു കാരണം. തിരുവിതാംകൂര്‍-കൊച്ചി പഞ്ചായത്ത് ആക്ട് പോലുള്ള നിയമങ്ങള്‍ റദ്ദു ചെയ്ത് കേരള പഞ്ചായത്ത് ആക്ട് നിലവില്‍ വന്നത് 1960ല്‍ ആണ്. തുടര്‍ന്ന്, 1962ല്‍ തിരഞ്ഞെടുപ്പ് നടന്നു. 1963ല്‍ പുതിയ ഭരണസമിതി അധികാരം ഏല്‍ക്കുന്നതുവരെ പഴയ സമിതി തുടരുകയായിരുന്നു. അങ്ങനെ ചെല്ലാനം പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ആയി 10 വര്‍ഷക്കാലം അച്ഛന്‍ ചുമതല വഹിച്ചു.
അച്ഛന്റെ ഭരണകാലത്തെ ആദ്യ നടപടികളില്‍ ഒന്നായിരുന്നു, കടലാക്രമണത്തിന് വിധേയരായിരുന്ന ചെല്ലാനത്തെ ഭൂഉടമകള്‍ക്ക് പാട്ടനികുതി ഒഴിവാക്കുവാന്‍ നടത്തിയ ശ്രമം. അക്കാലത്ത് ‘ജന്മി’യുടെ പേരിലുള്ള ഭൂമി വിരളം. ഭൂമി എല്ലാം കൊട്ടാരം വകയാണ്. ഭൂവുടമ ‘പാട്ടാധാരക്കാരന്‍’ മാത്രമാണ്. വസ്തുവിന്റെ തണ്ടപ്പേര്‍ ഉടമ കോവിലകമോ നേത്യാരമ്മയോ ആണ്. ഇപ്പോഴും അങ്ങനെ തുടരുന്ന വസ്തുക്കള്‍ ചെല്ലാനത്ത് കാണാം. കടലാക്രമണത്തിനു വിധേയമായ ഭൂമിക്ക് പാട്ടം ഇളവ് ചോദിച്ച് ഒരു ‘ജനകീയ ഹര്‍ജി’യുമായി അച്ഛനും സഹപ്രവര്‍ത്തകരും കൊച്ചി രാജാവായിരുന്ന പരീക്ഷിത്ത് തമ്പുരാനെ കണ്ടു. അങ്ങനെയാണ് പരീക്ഷിത്ത് തമ്പുരാന്‍ ചെല്ലാനം കാണാന്‍ വന്നത്. ആദ്യമായാണ് ഒരു കൊച്ചി രാജാവ് തന്റെ രാജ്യത്തിന്റെ തെക്കുപടിഞ്ഞാറേ അതിര്‍ത്തിപ്രദേശമായ ചെല്ലാനം സന്ദര്‍ശിക്കുന്നത്. കടലാക്രമണ പ്രദേശങ്ങള്‍ മാത്രമല്ല കോവിലകം വസ്തുക്കളില്‍ നിലനിന്നിരുന്ന ചെല്ലാനത്തെ എല്ലാ പാട്ടവ്യവസ്ഥയും നികുതിയും അതോടെ അദ്ദേഹം നിര്‍ത്തലാക്കി.
അച്ഛന്റെ ജന്മശതാബ്ദിയാണിത്്. നൂറാം ജന്മവാര്‍ഷികം. അച്ഛന്‍ ഇന്നു ഞങ്ങളോടൊപ്പമില്ല. രണ്ടു ദശവര്‍ഷം മുന്‍പ് (1998 നവംബര്‍ 15) ഞങ്ങളില്‍ നിന്നു വേര്‍പിരിഞ്ഞതാണ്. അച്ഛന്‍ ഇല്ലാതായ ശേഷമാണ് ആ സാന്നിദ്ധ്യത്തിന്റെ വില ശരിക്കും അറിഞ്ഞുതുടങ്ങിയത്. എല്ലാവരും അങ്ങനെ ആയിരിക്കുമല്ലോ.

Related Articles

സഞ്ജു വി. സാംസണിനു ശേഷം ഷോണ്‍ റോജര്‍ ദേശീയ നിരയിലേക്ക്

ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ കിട്ടിയ ഷോണ്‍ റോജറുമായി തിരുവനന്തപുരം അതിരൂപത മീഡിയാ കമ്മീഷനു വേണ്ടി ജെന്നിഫര്‍ ജോര്‍ജ് നടത്തിയ അഭിമുഖം. മികച്ചൊരു ക്രിക്കറ്റ്

അക്ഷരങ്ങളുടെ ആനന്ദം

സ്വന്തം ചിന്തകള്‍ മറ്റൊരാള്‍ക്ക് സംവേദനമാകാന്‍ തക്കവിധം പകര്‍ത്തിവെക്കാന്‍ കഴിയുക എന്നത് ദൈവദത്തമായ കല തന്നെയാണ്. എഴുത്തിന്റെ ആനന്ദവും ശക്തിയും മാധുര്യവും ധാരാളം അനുഭവിച്ചിട്ടുള്ള അനുഗൃഹീത പുരോഹിതനാണ് ബിഷപ്

ലത്തീന്‍ സമൂഹത്തിന്റെ സ്വപ്‌നങ്ങള്‍ പൂവണിയുന്ന കാലം വിദൂരമല്ല

കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ സെക്രട്ടറിയായി ഒന്‍പതു വര്‍ഷം സേവനം ചെയ്തശേഷം വിരമിക്കുന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*