Breaking News

ആമസോണിലെ തീയും മരടിലെ ഫ്‌ളാറ്റും മറക്കരുത്

ആമസോണിലെ തീയും മരടിലെ ഫ്‌ളാറ്റും മറക്കരുത്

ആമസോണ്‍ കാടുകളില്‍ തീ ഇപ്പോഴും അണഞ്ഞിട്ടില്ല. മരട് ഫഌറ്റ് സമുച്ചയത്തിലെ താമസക്കാരുടെ ഉള്ളിലെ തീയും ആളിക്കത്തുകയാണ്. ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിടാതെ ചര്‍ച്ച ചെയ്ത ആമസോണ്‍ കാടുകളിലെ തീനാളങ്ങള്‍ക്കും, പ്രാദേശിക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത മരട് ഫഌറ്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി നല്‍കിയ ഉത്തരവിനും ഇടയില്‍ പൊതുവായുള്ളത് എന്താണ്? രണ്ടിടത്തും മുറിവേറ്റത്. പ്രകൃതിക്കും അതിന്റെ കരുതലിനുമാണ്. രണ്ട് വെള്ളപ്പൊക്കങ്ങള്‍ക്കുശേഷം ഈ നാട്ടില്‍ പ്രകൃതിയെന്നും പരിസ്ഥിതിയെന്നുമൊക്കെയുള്ള വര്‍ത്തമാനങ്ങള്‍ക്ക് പഴയപോലെ പരിഹാസം നേരിടേണ്ടിവരുന്നില്ല. ഭൂമിയിലാകമാനമുള്ള വെള്ളവും വായുവും വനവും പ്രകൃതി സമ്പത്തും മനുഷ്യര്‍ക്ക് ചൂഷണം ചെയ്ത് ഉപയോഗിക്കാനുള്ളതാണെന്ന കാഴ്ചപ്പാടിന് ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
സെപ്റ്റംബര്‍ 23-ാം തീയതി യുഎന്‍ പൊതുസഭയില്‍ ലോകനേതാക്കളെ സാക്ഷിനിര്‍ത്തി ഗ്രേറ്റ തുന്‍ബെര്‍ഗ് എന്ന സ്വീഡിഷ് പെണ്‍കുട്ടി നടത്തിയ പ്രസംഗം ലോകനേതാക്കളെ അക്ഷരാര്‍ഥത്തില്‍ നിര്‍ത്തിപ്പൊരിക്കുന്ന അനുഭവമായി മാറി. ഹൗ ഡെയര്‍ യു! എന്ന് ആക്രോശിച്ച ഗ്രേറ്റ ലോകരാഷ്ട്രങ്ങളെ അവയുടെ ഉത്തരവാദിത്വമാണ് ഓര്‍മിപ്പിച്ചത്. ലോകം നാശത്തിലേയ്ക്ക് നീങ്ങുമ്പോള്‍ നിങ്ങള്‍ക്കെങ്ങിനെയാണ് പണത്തെക്കുറിച്ചുമാത്രം ചിന്തിക്കാനും പറയാനുമാകുന്നതെന്ന് ഗ്രേറ്റ പരിഹസിക്കുന്നു. തുന്‍ബെര്‍ഗിന്റെ പ്രസംഗ പിറ്റേന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നടത്തിയ ട്വീറ്റില്‍ ഈ പെണ്‍കുട്ടി നല്‍കിയ ഷോക്ട്രീറ്റ്‌മെന്റിന്റെ മുഴുവന്‍ കയ്പുമുണ്ടായിരുന്നു. പാരീസ് ഉടമ്പടിയില്‍ നിന്ന് ഏകപക്ഷീയമായി മാറിനില്‍ക്കുന്ന അമേരിക്കയ്ക്ക് കാലാവസ്ഥയെപ്പറ്റിയുള്ള ഏതു വര്‍ത്തമാനവും അസ്വസ്ഥതയുണ്ടാക്കുമല്ലോ. തന്റെ പ്രസംഗം പറഞ്ഞ് തീര്‍ത്ത് നന്ദി പറയും മുന്‍പ് ഗ്രേറ്റ പറയുന്ന അവസാനവാക്യം ഇങ്ങനെയാണ്: ‘കൈയും കഴുകി പോകാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കുകയില്ല. ദാ, ഇവിടെ ഇപ്പോള്‍ അതിര്‍ത്തികള്‍ നമുക്ക് നിശ്ചയിക്കണം. ലോകം ഉണര്‍ന്നുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മാറ്റം വന്നുകൊണ്ടേയിരിക്കുന്നു.’
ജി-7 രാഷ്ട്രങ്ങളുടെ ആഗസ്റ്റിലെ ഉച്ചകോടി ഫ്രാന്‍സില്‍ നടക്കുമ്പോഴാണ് ആമസോണ്‍ കാടുകള്‍ കത്തുന്ന പ്രശ്‌നം ലോകശ്രദ്ധയിലേക്ക് കൂടുതല്‍ വേഗത്തിലെത്തിയത്. ബ്രസീലിന്റെ അധീനതയിലുള്ള ആമസോണ്‍ വനപ്രദേശങ്ങളില്‍ മനുഷ്യരുടെ ഇടപെടലിലൂടെ കൂടുതല്‍ കൈയേറ്റങ്ങള്‍ നടക്കുകയാണ്. തീവ്ര വലതുപക്ഷപാര്‍ട്ടി ഭരിക്കുന്ന ബ്രസീലിന്റെ വനനയം ലോകത്തിന്റെ ശ്വാസകോശത്തിന് ആഴത്തിലും വ്യാപ്തിയിലുമുള്ള ക്ഷതമേല്പിക്കുന്നു. ഷയിര്‍ ബൊല്‍സനാരോയുടെ ആമസോണ്‍ നയം വനഭൂമിയില്‍ ഖനനവും വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷിയും പ്രോത്സാഹിപ്പിക്കുന്നതാണ്. ലോകരാഷ്ട്രങ്ങളുടെ അഭ്യര്‍ഥനകളെല്ലാം ബൊല്‍സനാരോ പുച്ഛിച്ചുതള്ളുകയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും നാശം വിതയ്ക്കുന്ന തീക്കളിയാണ് 2019 ആഗസ്റ്റ് മാസാവസാനം ആമസോണ്‍ കാടുകളിലുണ്ടായത്. ഈ വര്‍ഷത്തില്‍ ആഗസ്റ്റ് മാസാവസാനം വരെയുള്ള കാലയളവില്‍ 26,000 കാട്ടുതീ പ്രശ്‌നം ആമസോണ്‍ പ്രദേശത്തുണ്ടായി എന്ന കണക്ക് അവിശ്വസനീയമാം വിധം അമ്പരപ്പിക്കുന്നതാണ്. ഫ്രഞ്ച് പ്രസിഡന്റും ബ്രസീലിയന്‍ പ്രസിഡന്റും തമ്മില്‍ വാക്കേറ്റമുണ്ടായത് ലോകജനതയുടെ ശ്രദ്ധയിലെത്തി. ലോകരാഷ്ട്രങ്ങള്‍ ആമസോണ്‍ വനപ്രദേശത്തെപ്പറ്റി വ്യാകുലപ്പെടേണ്ടതില്ലയെന്നും അത് ബ്രസീലിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നുമായിരുന്നു ബൊല്‍സനാരോയുടെ നിലപാട്. ആമസോണ്‍ വനപ്രദേശങ്ങളില്‍ ഇനിയും അവശേഷിക്കുന്ന ആദിമഗോത്ര ജനതയെ തുടച്ചുമാറ്റി തന്റെ വ്യവസായ വിപ്ലവസ്വപ്‌നം നടപ്പാക്കാനുള്ള ബ്രസീലിയന്‍ പ്രസിഡന്റിന്റെ ധിക്കാരം നിറഞ്ഞ നടപടികള്‍ക്ക് ലോകരാഷ്ട്രങ്ങള്‍ തക്ക മറുപടി തന്നെ നല്‍കുകയുണ്ടായി. തീയണയ്ക്കാനുള്ള പരിശ്രമങ്ങള്‍ക്ക് പണമില്ലായെന്ന ബ്രസീലിയന്‍ പ്രസിഡന്റിന്റെ വാക്കുകള്‍ക്ക് ജി-7 രാഷ്ട്രങ്ങള്‍ മറുപടി കൊടുത്തത് 22 മില്യണ്‍ ഡോളര്‍ സഹായവാഗ്ദാനമായിട്ടാണ്. ബ്രസീല്‍ അത് നിരസിച്ചു. പിന്നീടുണ്ടായത് ഇമ്മാനുവേല്‍ മാക്രോണുമായുള്ള വാഗ്വാദമാണ്. ഫ്രാന്‍സ് കയറ്റുമതി ചെയ്യുന്ന കാര്‍ഷികോല്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് നഷ്ടപ്പെടുമെന്ന ഭയമാണ് ബ്രസീലിന്റെ കാര്‍ഷിക-വ്യാവസായിക താല്പര്യങ്ങള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കാന്‍ അതിനെ പ്രേരിപ്പിക്കുന്നതെന്നും, ലോകരാഷ്ട്രങ്ങളില്‍ പലതിനും ആമസോണ്‍ കാടുകളെപ്പറ്റിയുള്ള ഉത്ക്കണ്ഠ ഈ സാമ്പത്തിക താല്പര്യ സംരക്ഷണത്തിന്റെ പേരിലാണെന്നുമായിരുന്നു ബോല്‍സൊനാരോയുടെ വാദം. മാക്രോണിന്റെ ട്വീറ്റ് ബ്രസീല്‍ ജനതയോടായിരുന്നു. അദ്ദേഹമെഴുതി; ‘ബ്രസീലിയന്‍ ജനതയായ നിങ്ങളോട് എനിക്ക് സൗഹൃദമുണ്ട്, ആദരവുമുണ്ട്. മര്യാദയോടെ പെരുമാറുന്ന നല്ലൊരു പ്രസിഡന്റിനെ നിങ്ങള്‍ക്കെത്രയും വേഗത്തില്‍ ലഭിക്കട്ടെയെന്നാശംസിക്കുന്നു.’ ഫ്രഞ്ച് പ്രസിഡന്റ് മാപ്പ് പറഞ്ഞാല്‍ ജി-7 രാഷ്ട്രങ്ങളുടെ സഹായം സ്വീകരിക്കാമെന്ന നിലപാടിലേക്ക് ബൊസനാരോ പിന്നീടെത്തി. ബൊല്‍സനാരോയുടെ വനനയത്തോടും വലതുപക്ഷ നിലപാടുകളോടും യോജിച്ചും വിയോജിച്ചും ലോകരാഷ്ട്രങ്ങള്‍ വാദങ്ങള്‍ തുടരുമ്പോഴും ആമസോണ്‍ കത്തിക്കൊണ്ടേയിരിക്കുന്നു. വെനസ്വേലയുടെയും പെറുവിന്റെയും ആമസോണ്‍ അതിര്‍ത്തികളില്‍ അവര്‍ കാര്യക്ഷമമായിത്തന്നെ, കാര്യഗൗരവത്തോടെ ഇടപെടുന്നുണ്ട്.
മരടിലെ ഫഌറ്റില്‍ നിന്ന് താമസക്കാരായ പലരും പടിയിറങ്ങുകയാണ്. ഒഴിഞ്ഞുപോകലും ഒഴിപ്പിക്കലും ഖേദകരം തന്നെ. പക്ഷേ, നിയമം നടപ്പാക്കണമെന്നുതന്നെ പരമോന്നത കോടതി പറഞ്ഞു. തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ചു നടന്ന കയ്യേറ്റങ്ങള്‍ ഇവിടെ ഇനിയുമുണ്ട്. മരടിലെ നിയമം എല്ലായിടത്തേക്കും കര്‍ക്കശമായി വ്യാപിപ്പിച്ചാല്‍ ഇനിയും പൊളിച്ചടുക്കലുകള്‍ വേണ്ടിവരും. നിയമങ്ങള്‍ അനുസരിക്കാനുള്ളത് തന്നെയാണ്. ഫഌറ്റിന്റെ നിര്‍മാതാക്കള്‍ തുടങ്ങി ഘട്ടം ഘട്ടമായി നിയമങ്ങള്‍ ലംഘിക്കാനും മറികടക്കാനും കൂട്ടുനിന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടുകളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും മതിയായ ശിക്ഷ ഉറപ്പുവരുത്താനും കാലം എത്രയെടുക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. ഫഌറ്റ് വാങ്ങിയവര്‍ക്ക്, അതിന്റെ നിര്‍മ്മാതാക്കളില്‍നിന്ന് പിഴ ഈടാക്കി അവര്‍ മുടക്കിയ തുകയുടെ പലിശയടക്കം പിടിച്ചെടുത്ത് നല്‍കാന്‍ കോടതി ഉത്തരവിട്ടു. താല്ക്കാലിക ആശ്വാസമായി 25 ലക്ഷം വീതം നല്‍കാനും വിധിയായിട്ടുണ്ട്. ഫഌറ്റ് നിര്‍മ്മാതാക്കള്‍ തെറ്റുകാരാണെന്ന് തെളിഞ്ഞത് ഈ പണം വസൂലാക്കുന്നതുവരെ, ഗവണ്‍മെന്റ് ഉടമകള്‍ക്ക് നല്‍കുന്ന പണം തിരികെ ഖജനാവിലെത്തുന്നതുവരെ, നാട്ടുകാരായ നമ്മുടെ നികുതിപ്പണം എടുത്ത് ഒഴിഞ്ഞുപോകുന്നവര്‍ക്ക് തല്ക്കാലത്തേയ്‌ക്കെങ്കിലും നല്‍കേണ്ടിവരുമെന്ന് ചുരുക്കം. കേസുമായി മുന്നോട്ടുപോയി, വാദങ്ങളും പ്രതിവാദങ്ങളുമായി വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍ സര്‍ക്കാരിന്റെ കയ്യില്‍ നമ്മള്‍ നല്‍കിയ നികുതിപ്പണത്തിന്റെ കാര്യം കഷ്ടത്തിലാകാതിരുന്നാല്‍ മതിയായിരുന്നു. സമ്പന്നര്‍ക്കും അതിസമ്പന്നര്‍ക്കും നികുതി വെട്ടിപ്പുകാര്‍ക്കും ഉദാരമായി കടംകൊടുത്ത് പിന്നീട് തിരിച്ചടവില്ലാതെ വരുമ്പോള്‍, കടവും പലിശയും കൂട്ടുപലിശയും എഴുതിത്തള്ളുന്നതാണല്ലോ നമ്മുടെ സാമ്പത്തിക ചരിത്രത്തിന്റെ മുഖ്യധാരാരീതി തന്നെ! ഫഌറ്റ് വാങ്ങിയവര്‍ എല്ലാവരാലും വഞ്ചിക്കപ്പെട്ടുവെന്ന് ഏതാണ്ട് വ്യക്തമാണ്. പരിശോധിച്ച രേഖകളെല്ലാം കൃത്യമായിരുന്നെന്നും പിന്നീട് കൂടുതലൊന്നും ചിന്തിക്കാതെ ഈ കെട്ടിടം തങ്ങള്‍ സ്വന്തമാക്കുകയായിരുന്നെന്നും ഫഌറ്റുടമകള്‍ പറയുന്നു. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ ആരെല്ലാമാണ് കൃത്യതയോടെ അറിഞ്ഞിരിക്കേണ്ടത് എന്ന പൗരധര്‍മപ്രാധാന്യമുള്ള ചോദ്യം മരട് ഫഌറ്റ് പ്രശ്‌നവുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. എല്ലാവര്‍ക്കും ബാധകമായ, എല്ലാവരും അറിഞ്ഞിരിക്കേണ്ട, എല്ലാവരും പാലിക്കാന്‍ കടപ്പെട്ട നിയമങ്ങള്‍ കടപുഴകുമ്പോള്‍, ജനാധിപത്യ ക്രമത്തില്‍ ആരെങ്കിലുമൊക്കെ ഇടപെട്ട് നിയമവാഴ്ച പുനഃസ്ഥാപിക്കേണ്ടതായുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ അന്തിമമായി നീതി പ്രതീക്ഷിക്കപ്പെടുന്ന കോടതിയുടെ സമയോചിത ഇടപെടല്‍ ഉണ്ടാകുന്നുവെന്നത് ആശ്വാസകരമാണ്. പാലാരിവട്ടം പാലത്തിന്റെ നീതിനിര്‍വ്വഹണത്തിനായി കാലം കാത്തിരിക്കുകയാണല്ലോ.
ഇനിയും അവശേഷിക്കുന്ന കുറച്ച് പച്ചപ്പിനെ, വെള്ളത്തെ, ചതുപ്പുകളെ, കണ്ടല്‍ക്കാടുകളെ, ആവാസവ്യവസ്ഥകളെ, മണ്ണിന്റെ മക്കളെ കൈകള്‍ കുമ്പിളാക്കി കാത്തു പോരാനുള്ള കടമ കാലമേല്‍പ്പിക്കുന്നെന്ന ബോധം എല്ലാവരിലുമുണ്ടാകണം. ആമസോണ്‍ കാടുകള്‍ കത്തുമ്പോഴും കേരളത്തിന്റെ തീരങ്ങള്‍ നഷ്ടപ്പെടുമ്പോഴും ഭാവിയാണ് ഇരുളിലാകുന്നത്. മറക്കരുതല്ലോ നമ്മള്‍.


Related Articles

ലോകത്തിന് ഭീഷണിയായി ലണ്ടനില്‍ കോവിഡ് വൈറസിന് ജനിതക മാറ്റം

ലണ്ടന്‍: കോവിഡ് 19 നെതിരായുള്ള വാക്‌സിനുകളുടെ അവസാനഘട്ട പരീക്ഷണങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്ന ലോകത്തിനു മുമ്പിലേക്ക് ആശങ്ക വര്‍ധിപ്പിച്ച് ബ്രിട്ടനില്‍ കൊറോണ വൈറസിന് ജനിതക മാറ്റം. പുതിയ സാഹചര്യത്തില്‍

കര്‍ണാടകത്തില്‍ ലോക്ഡൗണ്‍ ലംഘിച്ച് രഥോല്‍സവം

ബംഗളൂരു: രാജ്യത്ത് കൊവിഡ് രോഗഭീതി നിലനില്‍ക്കെ കര്‍ണാടകയില്‍ ലോക്ഡൗണ്‍ ലംഘിച്ച് രഥോല്‍സവം നടത്തി. കര്‍ണാടകയിലെ കൊവിഡ് തീവ്രബാധിത മേഖലയായ കല്‍ബുര്‍ഗിയിലാണ് ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് രഥോല്‍സവം നടത്തിയത്.

ജീവിതം തിരിച്ചുപിടിക്കാന്‍ ആന്റിബോഡി ടെസ്റ്റ്

മുഖമറയോ സുരക്ഷാകവചങ്ങളോ ഒന്നുമില്ലാതെ ജോലി ചെയ്യാനും എവിടെയും യാത്രചെയ്യാനുമുള്ള ഇമ്യൂണിറ്റി പാസ്പോര്‍ട്ടാകും ഈ ടെസ്റ്റിന്റെ പോസിറ്റീവ് ഫലം ന്യൂയോര്‍ക്ക്: കൊറോണവൈറസ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്ക് വൈറസിനെ നിര്‍വീര്യമാക്കുന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*