Breaking News

ആമസോണ്‍ സിനഡ്: മൂന്നു കര്‍ദിനാള്‍മാരെ അധ്യക്ഷരായി നിയോഗിച്ചു

ആമസോണ്‍ സിനഡ്: മൂന്നു കര്‍ദിനാള്‍മാരെ അധ്യക്ഷരായി നിയോഗിച്ചു

വത്തിക്കാന്‍ സിറ്റി: ലാറ്റിന്‍ അമേരിക്കയിലെ ഒന്‍പത് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വിശാല ആമസോണ്‍ മേഖലയ്ക്കായി ഒക്‌ടോബര്‍ ആറു മുതല്‍ 27 വരെ റോമില്‍ ചേരുന്ന മെത്രാന്മാരുടെ പ്രത്യേക സിനഡിലേക്കുള്ള ഡലിഗേറ്റ് പ്രസിഡന്റുമാരായി വെനസ്വേലയിലെ മെറീഡയില്‍ നിന്നുള്ള കര്‍ദിനാള്‍ ബെല്‍ത്തസാര്‍ പൊറാസ് കര്‍ഡോസോ, പെറുവിലെ യുവന്‍സ്യോയില്‍ നിന്നുള്ള കര്‍ദിനാള്‍ പേദ്രോ ബരേറ്റോ ജിമേനോ, അര്‍പ്പിത ജീവിതത്തിനായുള്ള ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്കും അപ്പസ്‌തോലിക ജീവിതത്തിനായുള്ള സൊസൈറ്റികള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷനായ ബ്രസീല്‍ സ്വദേശിയായ കര്‍ദിനാള്‍ യൊവാവോ ബ്രാസ് ദെ ആവിസ് എന്നിവരെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു.
‘സഭയ്ക്കും സമഗ്ര പരിസ്ഥിതിക്കുമായി പുതിയ പാതകള്‍’ എന്ന മുഖ്യവിഷയത്തില്‍ അധിഷ്ഠിതമായ സിനഡ് സമ്മേളനത്തിന്റെ അധ്യക്ഷന്‍ പരിശുദ്ധ പിതാവാണെങ്കിലും ദൈനംദിന സമ്മേളനങ്ങളുടെ ഉപക്രമ നടപടികളുടെ ചുമതല വഹിക്കുന്നത് ഈ മൂന്നു കര്‍ദിനാള്‍മാരായിരിക്കും. പൊതുവായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു പുറമെ പ്രത്യേക ദൗത്യത്തിനായി പ്രതിനിധികളെ നിയോഗിക്കാനുള്ള ചുമതലയും ഇവര്‍ വഹിക്കും.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിങ്ങനെ ഭൂഖണ്ഡങ്ങളുടെ ഭൂമിശാസ്ത്രപരമായ അതിരുകളെ മാനദണ്ഡമാക്കി പ്രത്യേക സിനഡുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു പ്രത്യേക മേഖലയ്ക്കായി മെത്രാന്മാരുടെ സിനഡ് സമ്മേളിക്കുന്നത് ആദ്യമായാണ്. ബ്രസീല്‍, ബൊളീവിയ, പെറു, ഇക്വഡോര്‍, കൊളംബിയ, വെനസ്വേല, ഗയാന, സുരിനാം, ഫ്രഞ്ച് ഗയാന എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോണ്‍ മഴക്കാടുകളെ ഭൂമിയുടെ ശ്വാസകോശമെന്നാണ് വിശേഷിപ്പിക്കുന്നത്. ഏതാണ്ട് 390 ഗോത്രവിഭാഗങ്ങളിലായി 30 ലക്ഷം വരുന്ന ആദിവാസികള്‍ ഉള്‍പ്പെടെ 340 ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന വിശാല മേഖലയിലെ സുവിശേഷവത്കരണം, ആദിവാസി ജനവിഭാഗം നേരിടുന്ന സാമൂഹിക അനീതി, കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍, ആമസോണ്‍ വനനശീകരണത്തിന്റെ പാരിസ്ഥിതിക പ്രതിസന്ധി, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ വിഷയങ്ങളാണ് സിനഡ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
ആമസോണ്‍ വനഭൂമിയുടെ 60 ശതമാനവും ഉള്‍പ്പെടുന്ന ബ്രസീലിലെ പ്രസിഡന്റ് ജയീര്‍ ബൊല്‍സാനറോയുടെ വലതുപക്ഷ ഗവണ്‍മെന്റ് ആദിവാസികളുടെ പൈതൃക സംരക്ഷണ മേഖലകളും സംരക്ഷിത പ്രദേശങ്ങളും വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിഭൂമിയായും ഖനന മേഖലയായും പുതിയ നിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കാനും വനഭൂമികൈയറ്റക്കാരെ സഹായിക്കാനും കൈക്കൊള്ളുന്ന വികസന നയത്തിനെതിരെയും വ്യാപകമായി പടരുന്ന കാട്ടുതീ നിയന്ത്രിക്കുന്നതിന് കാര്യക്ഷമമായി നടപടി സ്വീകരിക്കാത്തതിലും രാജ്യാന്തര തലത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സഭാ സിനഡിലെ പല നിലപാടുകളും രാഷ്ട്രീയമായി തങ്ങള്‍ക്കെതിരാകും എന്ന ആശങ്കയില്‍ രാഷ്ട്രീയ പ്രതിരോധത്തിനും സമ്മര്‍ദതന്ത്രങ്ങള്‍ക്കും ഗവണ്‍മെന്റ് നീക്കം നടത്തുന്നതായി നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.
സഭാനേതൃത്വത്തിനെതിരെ രാജ്യത്തെ ആഭ്യന്തരസുരക്ഷാ രഹസ്യാന്വേഷണ വിഭാഗം ചാരവൃത്തി നടത്തുകയാണെന്ന ആരോപണം നിഷേധിച്ചുകൊണ്ട് ബ്രസീല്‍ വിദേശകാര്യ മന്ത്രാലയംതന്നെ ദേശീയ ടെലിവിഷനില്‍ പരസ്യപ്രസ്താവന നടത്തിയത്, സിനഡ് ചര്‍ച്ചകളുടെ ചില പ്രമാണരേഖകളെയും അടിസ്ഥാന ഡാറ്റയെയും കുറിച്ച് തങ്ങള്‍ സൂക്ഷ്മപരിശോധന നടത്തുകമാത്രമാണ് ചെയ്യുന്നത് എന്നാണ്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആമസോണ്‍ മേഖലയിലെ വനനശീകരണം 43 ശതമാനം വര്‍ധിച്ചതായും, ഓരോ കൊല്ലവും ബ്രിട്ടന്റെ മൊത്തം ഭൂപ്രദേശത്തോളം വരുന്ന വനഭൂമി ഇല്ലാതായിക്കൊണ്ടിരിക്കയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇക്കൊല്ലത്തെ അഭൂതപൂര്‍വമായ വനാഗ്നിയുടെ കനത്ത ആശങ്ക ലോകവ്യാപകമായി പടര്‍ന്നത്. ഫ്രാന്‍സിസ് പാപ്പായും യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്ര സഭയും ഇടപെട്ടതിനെ
തുടര്‍ന്നാണ് ബ്രസീല്‍ ഗവണ്‍മെന്റ് 44,000 സൈനികരെ ആമസോണ്‍ മേഖലയിലെ കാട്ടുതീ നിയന്ത്രിക്കാനുള്ള രാജ്യാന്തര ദൗത്യത്തിന് പ്രത്യേകം നിയോഗിച്ചത്.


Related Articles

ഈ വാരത്തിലെ മതബോധന ക്ളാസുകൾ

Lesson 2 Module 2 ഭവനകേന്ദ്രീകൃത ഓൺലൈൻ മതബോധന ക്ളാസുകൾ KRLCBC മതബോധന കമ്മിഷൻ ഗുഡ്നസ് ടി വി യിലൂടെ തിങ്കൾ മുതൽ ശനി വരെ രാവിലെ

പിന്നാക്ക ക്ഷേമവകുപ്പ്‌ രൂപീകരിക്കണം -കെആര്‍എല്‍സിസി

എറണാകുളം: ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ പിന്നാക്ക ക്ഷേമവകുപ്പ്‌ രൂപീകരിക്കണമെന്ന്‌ കെആര്‍എല്‍സിസി സംഘടിപ്പിച്ച സംവരണപഠന സെമിനാര്‍ ആവശ്യപ്പെട്ടു. പുതിയതായി രൂപീകരിക്കപ്പെടുന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌

ലോക്ഡൗണ്‍ വൈറസിനെ പരാജയപ്പെടുത്തില്ല; ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുകയാണ് ഏകമാര്‍ഗം- രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ ചെറുക്കാനുള്ള പ്രതിവിധി ലോക്ഡൗണ്‍ അല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആക്രമണോത്സുകതയോടെ തന്ത്രപരമായി സാമ്പിള്‍ പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*