ആയിരത്തിലെ ജയഘോഷവും അനര്‍ത്ഥങ്ങളുടെ അലോസരവും

ആയിരത്തിലെ ജയഘോഷവും അനര്‍ത്ഥങ്ങളുടെ അലോസരവും

കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിനു കനത്ത തിരിച്ചടിയായി പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വായിലെ ബാലാകോട്ടില്‍ കൊടുംഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ മുഖ്യപരിശീലനകേന്ദ്രവും പാക്ക് അധീന കശ്മീരിലെ രണ്ട് ഭീകരത്താവളങ്ങളും ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് പോര്‍വിമാനങ്ങള്‍ മിന്നലാക്രമണത്തില്‍ തകര്‍ത്ത സാഹചര്യത്തില്‍ ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ഛിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ യുദ്ധസമാനമായ വെല്ലുവിളികളുടെ സ്‌ഫോടനാത്മകമായ അന്തരീക്ഷം ദേശീയ രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിക്കാതിരിക്കില്ല. ജാഗ്രത്തും കൂടുതല്‍ തീക്ഷ്ണവുമായ ദേശീയതയുടെ ഉണര്‍ച്ചയാണത്.
കേരളത്തില്‍ പിണറായി വിജയന്‍ നയിക്കുന്ന രാജ്യത്തെ ഏക ഇടതുമുന്നണി സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നതു പ്രമാണിച്ച് ഏതാണ്ട് പത്തു കോടി രൂപയുടെ ആഘോഷങ്ങളും വിപുലമായ പ്രചാരണയജ്ഞവും സംഘടിപ്പിച്ചത് നവകേരളം എന്ന പോലെ ‘നന്മ’ എന്ന അഭ്യുന്നതിയുടെയും ക്ഷേമത്തിന്റെയും ഗുണഭാവത്തിലൂന്നിയാണ്. അച്ചടി, ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെയും സമുഹമാധ്യമങ്ങളിലൂടെയുമുള്ള ഇമേജ് ബ്രാന്‍ഡിംഗ്, എംബെഡെഡ് മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലാനാവില്ലെങ്കിലും, സംസ്ഥാന ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സാമൂഹിക സമ്പര്‍ക്ക മാധ്യമശേഷിയും സര്‍ക്കാര്‍ സംവിധാനങ്ങളും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ വ്യാപകമായ സാംസ്‌കാരിക, രാഷ്ട്രീയ സ്വാധീനവും, കേരള സംരക്ഷണ യാത്രകളുടെ ഊര്‍ജവും ആവേശവുമൊക്കെ ചേരുമ്പോള്‍ നമ്മുടെ മുഖ്യമന്ത്രിയുടെ നല്ല ആയിരം ദിന പ്രതിഛായയും അഭിനവ നവോത്ഥാനത്തിന്റെ പെണ്‍മതില്‍ പോലെ ഏറെ പ്രശോഭിക്കേണ്ടതാണ്. 2017 നവംബര്‍ അവസാനത്തിലെ ഓഖി ചുഴലിക്കാറ്റും, 2018 ഓഗസ്റ്റിലെ മഹാപ്രളയവും, നിപ്പ പകര്‍ച്ചവ്യാധിയും, കേന്ദ്ര ഗവണ്‍മെന്റിന്റെ വിവേചന നയവും അവഗണനയും വഞ്ചനയും മൂലം സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക അരിഷ്ടതകളും, ശബരിമല ക്ഷേത്രത്തില്‍ എല്ലാ സ്ത്രീകള്‍ക്കും ദര്‍ശനം നടത്താന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്ന സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത നിറവേറ്റുന്നതിന്റെ പേരിലുണ്ടായ നാമജപ പ്രക്ഷോഭവും അക്രമങ്ങളും, ഉദാരമായ മദ്യനയത്തിന്റെ ഉന്മത്ത ദിനരാത്രങ്ങളും, ചില ലോക്കപ്പ് മരണങ്ങളും പൊലീസ് സ്റ്റേഷന്‍ ആക്രമണങ്ങളും, ഏതാനും കര്‍ഷക ആത്മഹത്യകളും, രാഷ്ട്രീയ വൈരത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും പോലുള്ള അലോസരപ്പെടുത്തുന്ന ദുര്‍ന്നിമിത്തങ്ങളും അനര്‍ത്ഥങ്ങളും ‘ഒന്നാണ് നാം, ഒന്നാമതാണ് കേരളം’ എന്ന സദ്ഭാവനയ്ക്കു ചേരാത്തതിനാല്‍ ഇത്തരുണത്തില്‍ ഓര്‍മിപ്പിക്കുന്നത് സാമാന്യബോധമില്ലാത്ത മാധ്യമങ്ങളാണെന്നാണ് ഭരണപക്ഷം കുറ്റപ്പെടുത്തുന്നത്.
ഏറ്റവുമൊടുവില്‍, കാസര്‍കോട്ടെ പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസുകാരായ രണ്ടു യുവാക്കളെ നിഷ്ഠൂരമായി വെട്ടിക്കൊന്ന സംഭവത്തില്‍ ഏതാനും മാധ്യമങ്ങള്‍ കൂട്ടംചേര്‍ന്ന് സിപിഎംവിരുദ്ധ വാര്‍ത്തകള്‍ ചമയ്ക്കുകയാണെന്നും, ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും സ്വീകരിച്ച മാതൃകാപരമായ നടപടികളെ മുഖവിലയ്‌ക്കെടുക്കാതെ ചില മാധ്യമങ്ങള്‍ എരിതീയില്‍ എണ്ണ ഒഴിക്കുകയാണെന്നുമാണ് അവര്‍ ആരോപിക്കുന്നത്. പ്രദേശത്ത് കോണ്‍ഗ്രസുകാര്‍ സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെയും പാര്‍ട്ടി ഓഫീസിനുനേരെയും നടത്തിയ അക്രമത്തിന്റെ തുടര്‍ച്ചയായിരുന്നു ഇരട്ടക്കൊലപാതകം. ഇക്കാര്യം മറച്ചുവച്ചാണ് മാധ്യമങ്ങള്‍ ഏകപക്ഷീയമായി സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി തന്നെ ചൂണ്ടിക്കാട്ടുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നുവെങ്കില്‍, മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പും പൊലീസുമല്ലേ ക്രമസമാധാനപാലനം ഉറപ്പുവരുത്തേണ്ടിയിരുന്നത്? പാര്‍ട്ടി തലത്തില്‍ പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചതിന്റെ ഫലമായുണ്ടായ ഇരട്ടക്കൊലപാതകത്തിന് മാധ്യമങ്ങളെ എന്തിനു പഴിക്കണം?
ആയിരം ദിനത്തില്‍ പതിനായിരം കോടി രൂപയുടെ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ആയിരം ദിവസത്തിനിടെ 937.45 കോടി രൂപ 2.57 ലക്ഷം പേര്‍ക്ക് സഹായധനമായി അനുവദിച്ചു. ഓഖി, പ്രളയ ദുരിതാശ്വാസത്തില്‍ ഉള്‍പ്പെടാതെയാണ് ഇത്രയും ധനസഹായമത്രെ. അതേസമയം, ഓഖി ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ കൃത്യമായ വിവരം ഇതേവരെ ലഭ്യമായിട്ടില്ല. ദുരിതാശ്വാസത്തിന് കേന്ദ്രം നല്‍കിയ ഫണ്ട് ചെലവാക്കാത്തതിനാല്‍ 143 കോടി രൂപ തിരിച്ചെടുത്തു. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ രൂപരേഖ പോലും ഇനിയു തയാറായിട്ടില്ല. വീടും ജീവനോപാധികളും നഷ്ടപ്പെട്ട ആയിരങ്ങള്‍ക്ക് പതിനായിരം രൂപയുടെ ദുരിതാശ്വാസ വിഹിതത്തില്‍ കവിഞ്ഞ് മറ്റൊന്നും അനുവദിച്ചുകിട്ടിയിട്ടില്ല എന്ന ആവലാതിയും നിലനില്‍ക്കുന്നു. തീരദേശ പുനരധിവാസ പാക്കേജ് പ്രഖ്യാപനങ്ങള്‍ രണ്ടു ബജറ്റുകളിലായി ആവര്‍ത്തിക്കപ്പെട്ടുവെങ്കിലും നടപ്പാക്കിയ പദ്ധതികളുടെ വിശദവിവരങ്ങള്‍ നിയമസഭയില്‍ പോലും അവതരിപ്പിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. കടല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പൊലീസിനെ സഹായിക്കുന്നതിന് തീരദേശ മേഖലയില്‍ നിന്ന് കോസ്റ്റല്‍ വാര്‍ഡന്‍ തസ്തികയിലേക്കു തെരഞ്ഞെടുത്ത അഞ്ചു വനിതകള്‍ ഉള്‍പ്പെടെ 179 പേര്‍ക്ക് നിയമന ഉത്തരവ് ലഭിച്ചു. ഓഖി ദുരന്തത്തില്‍ നിരാലംബരായ കുടുംബങ്ങളിലെ വീട്ടമ്മമാര്‍ക്ക് സര്‍ക്കാര്‍ ജോലി എന്ന പേരില്‍ മത്സ്യഫെഡ് വലനിര്‍മാണശാലയില്‍ താത്കാലിക ജോലി നല്‍കിയതു പോലെയാവില്ല 18 തീരദേശ സ്‌റ്റേഷനുകളില്‍ ഇവരുടെ നിയമനം എന്ന് ആശ്വസിക്കാം.
കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇടുക്കിയില്‍ ആത്മഹത്യ ചെയ്തത് ഏഴു കര്‍ഷകരാണ്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ ഏറെയും ബാധിച്ചത് ആലപ്പുഴ, ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലെ കാര്‍ഷിക മേഖലയെയാണ്. കടക്കെണിയും കൃഷിനാശവും മൂലം ജീവിതം വഴിമുട്ടിയവരെ സഹായിക്കാന്‍ കടാശ്വാസവും വായ്പ തിരിച്ചടവിന് മോറട്ടോറിയവും പ്രഖ്യാപിച്ചുവെന്ന് സര്‍ക്കാര്‍ പറയുന്നു. രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആദ്യഗഡുവായി 2,000 രൂപ കേന്ദ്ര ഗവണ്‍മെന്റ് നേരിട്ടു നിക്ഷേപിക്കുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന കൃഷിമന്ത്രി വൈക്കത്ത് നിര്‍വഹിച്ചതിനു സമാന്തരമായി തിരുവനന്തപുരത്ത് കേന്ദ്ര ടൂറിസം മന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനം സ്വന്തം നിലയില്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത് കൗതുകവാര്‍ത്ത എന്നതിനെക്കാളേറെ ഈ പദ്ധതിയുടെ രാഷ്ട്രീയ മാനമാണ് സൂചിപ്പിച്ചത്. പ്രതിവര്‍ഷം 6,000 രൂപയുടെ കിസാന്‍ സമ്മാന്‍ നിധി ലഭിക്കുന്നതിന് സംസ്ഥാനത്ത് 12 ലക്ഷം കര്‍ഷകരാണ് അപേക്ഷ സമര്‍പ്പിച്ചത്. തെലങ്കാന സര്‍ക്കാര്‍ റൈത്തു ബന്ധു പദ്ധതിയില്‍ ഏക്കറിന് 8000 രൂപയും, ഒഡീഷ സര്‍ക്കാര്‍ കാലിയ പദ്ധതിയില്‍ രണ്ടു ഹെക്ടര്‍ ഭൂമിയുള്ളവര്‍ക്ക് പതിനായിരം രൂപയും അതില്‍ കുറഞ്ഞ ഭൂമിയുള്ളവര്‍ക്ക് 12,500 രൂപയും വീതം നല്‍കുന്നുണ്ട്. സംസ്ഥാന ബജറ്റില്‍ കുട്ടനാട് പാക്കേജ്, ഇടുക്കി പാക്കേജ്, വയനാട് പാക്കേജ് തുടങ്ങിയ വന്‍ പദ്ധതി പ്രഖ്യാപനങ്ങള്‍ ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്നത് എത്രകാലം കഴിഞ്ഞാവും എന്ന ആശങ്കയാണ് ഇവിടെ വ്യാപകമായുള്ളത്.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ സാമൂഹിക പ്രത്യാഘാതം മനസിലാക്കി വിശ്വാസപാരമ്പര്യത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും കാര്യത്തില്‍ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളുടെ പിന്തുണയും സഹകരണവും ഉറപ്പുവരുത്തുന്നതിന് കൂടിയാലോചനകളും അനുരഞ്ജന ചര്‍ച്ചകളും നടത്തുന്നതിനു പകരം സര്‍ക്കാര്‍ പ്രകോപനപരമായ നിലപാടു സ്വീകരിച്ചതിന്റെ ഫലമായാണ് ആ പുണ്യസങ്കേതം സംഘര്‍ഷഭൂമിയായി മാറിയതും സംഘപരിവാറിന് വര്‍ഗീയ ചേരിതിരിവിന് അവസരം ഒരുങ്ങിയതും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ നോക്കുകുത്തിയാക്കിയാണ് സര്‍ക്കാര്‍ സ്ത്രീ-പുരുഷ സമത്വത്തിന്റെയും ലിംഗനീതിയുടെയും പുരോഗമനാശയം നടപ്പാക്കുന്നതിന് പൊലീസ് സംരക്ഷണവലയത്തില്‍ ഏതാനും വനിതാ ആക്ടിവിസ്റ്റുകളെ സന്നിധാനത്ത് എത്തിക്കാന്‍ പെടാപാടുപെട്ടത്. ഒടുവില്‍ ഏതാനും ജാതിസംഘടനകളെ മുന്നില്‍ നിര്‍ത്തി സംസ്ഥാനത്ത് നവോത്ഥാനത്തിന്റെ വനിതാ മതില്‍ എന്ന ലോകമഹാദ്ഭുതം സൃഷ്ടിച്ചും അത് ചരിത്രത്തില്‍ അടയാളപ്പെടുത്താനായി പ്രളയാനന്തര സംസ്ഥാന ബജറ്റില്‍ മുഖ്യതീമായി അവതരിപ്പിച്ച് സ്മാരകപദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
എസ്‌ഐ റാങ്കില്‍ കെപി-ബോട്ട് എന്ന ഹ്യൂമനോയ്ഡ് റോബട്ടിനെ സംസ്ഥാന പൊലീസിന്റെ സൈബര്‍ഡോമില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച് ചരിത്രം സൃഷ്ടിച്ചപ്പോഴും ലിംഗനീതിയുടെയും സ്ത്രീസമത്വത്തിന്റെയും വായ്ത്താരി അവിടെയും ഉയര്‍ന്നുകേട്ടു എന്നതാണ് അദ്ഭുതം. വനിതാ മതിലിന്റെ മുഖ്യസംഘാടകനായ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കണിച്ചുകുളങ്ങര ദേവസ്വത്തിന് പില്‍ഗ്രിം ടൂറിസം ഫസിലിറ്റേഷന്‍ സെന്റര്‍ എന്ന അഞ്ചര കോടി രൂപയുടെ പദ്ധതി മുഖ്യമന്ത്രി തന്റെ ആയിരം ദിനത്തില്‍ ഉള്‍പ്പെടുത്തി എത്രയും വേഗം അനുവദിച്ചുകൊടുത്തതും അവിസ്മരണീയം!


Related Articles

തീരത്തിന്റെ അമരക്കാരന്‍

ഫാ. ജെയിംസ് കുലാസ് ഒക്ടോബര്‍ 8-ാം തീയതി രാത്രി വളരെ വൈകി എനിക്കൊരു സുഹൃത്തിന്റെ നിര്യാണവാര്‍ത്ത ലഭിച്ചു. ടി. പീറ്ററിന്റെ മരണമായിരുന്നു. വിശ്വസിക്കാനായില്ല. കുറേ ദിവസങ്ങളായി കൊവിഡ്

നിങ്ങള്‍ രാജ്യത്തിന് അകത്തോ പുറത്തോ?

ദേശീയ പൗരത്വ പട്ടികയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മൂന്നു കാര്യങ്ങള്‍ ഓര്‍മയിലിരിക്കുന്നത് നല്ലതാണ്. 2024ഓടെ പുതിയ ഇന്ത്യ സൃഷ്ടിക്കപ്പെടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനമാണ് ഒന്നാമത്തേത്. 1923ല്‍ വിനായക് ദാമോദര്‍

കടൽക്ഷോഭം നേരിടാൻ എസ് പി വി രൂപീകരിച്ച് അടിയന്തര നടപടികൾ എടുക്കണം

കേരളത്തിലെ തീരദേശ ജില്ലകളിൽ, നിലവിലുള്ള കടൽ ഭിത്തികൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനും തകർന്നുപോയ ഇടങ്ങളിൽ പുതിയവ നിർമ്മിക്കുന്നതിനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ച് അടിയന്തര നടപടികൾ എടുക്കണമെന്ന് കെഎൽസിഎ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*