Breaking News

ആരാണ് ഇന്ത്യന്‍ പൗരന്‍?

ആരാണ് ഇന്ത്യന്‍ പൗരന്‍?

ആരാണ് ഇന്ത്യന്‍ പൗരന്‍ എന്ന ചോദ്യത്തിന് മറുപടി ആരംഭിക്കുന്നത് ഭരണഘടനയുടെ രണ്ടാംഭാഗം ആര്‍ട്ടിക്കിള്‍ 5 മുതല്‍ 11 വരെയുള്ള വിവരണങ്ങളിലാണ്. ഭരണഘടന രൂപീകരിക്കപ്പെട്ട സമയം ഇന്ത്യയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും, ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ ജനിച്ചവര്‍ക്കും, മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ ജനിച്ചവരും, ഭരണഘടന ആരംഭിക്കുന്നതിനുമുമ്പ് അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിച്ചവരുമാണ് ആര്‍ട്ടിക്കിള്‍ 5 പ്രകാരം ഇന്ത്യയുടെ പൗരന്മാര്‍. 1948 ജൂലൈ 19നുമുമ്പ് പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് വന്നവരെ പൗരന്മാരായി കണക്കാക്കും. 1947 മാര്‍ച്ച് ഒന്നിനുശേഷം ഇന്ത്യയില്‍നിന്ന് പാക്കിസ്ഥാനിലേക്ക് കുടിയേറിയവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉണ്ടാവില്ല.
രാജ്യത്തിന്റെ പാര്‍ലമെന്റിന് പൗരത്വത്തെ നിര്‍വചിക്കാനും പൗരത്വം സംബന്ധിച്ചുള്ള നിയമനിര്‍മാണത്തിനും ഭരണഘടന അധികാരം നല്‍കുന്നു. ഇപ്രകാരമുള്ള അധികാരമുപയോഗിച്ച് 1955ല്‍ പൗരത്വനിയമം നിലവില്‍ വന്നു.

എങ്ങനെയാണ് ഇന്ത്യയില്‍ പൗരത്വം ?
1985ലെ പൗരത്വനിയമപ്രകാരം, ഭരണഘടന നിര്‍വചനങ്ങള്‍ക്ക് വിധേയമായി നാലു തരത്തിലാണ് പൗരത്വം ലഭിക്കുന്നത്.
1. ജനനംകൊണ്ടുള്ള പൗരത്വം.
എ) 1950 ജനുവരി 26നോ അതിനുശേഷമോ, എന്നാല്‍ 1987 ജൂലൈ ഒന്നിനുമുന്‍പ് ഇന്ത്യയില്‍ ജനിച്ചവര്‍.
ബി) 1987 ജൂലൈ ഒന്നിനുശേഷവും 2003ലെ പൗരത്വഭേദഗതിക്ക് (6 ീള 2004) മുമ്പും ജനിച്ചവരില്‍ മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരന്‍ ആയിട്ടുള്ളവര്‍.
സി) 2003ലെ പൗരത്വനിയമ ഭേദഗതിക്ക് ശേഷം ജനിച്ചവരില്‍, മാതാപിതാക്കള്‍ രണ്ടുപേരും ഇന്ത്യന്‍ പൗരന്മാരായവരോ, മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരന്‍ ആയവരില്‍ മറ്റേയാള്‍ കുട്ടിയുടെ ജനനസമയം അനധികൃത കുടിയേറ്റക്കാരല്ല എന്നിരുന്നാലും പൗരത്വം ലഭിക്കും.
2. വംശപരമ്പര വഴിയുള്ള പൗരത്വം.
എ) ജനനസമയം പിതാവ് ഇന്ത്യന്‍ പൗരനായവരും 1950 ജനുവരി 26നോ അതിനുശേഷമോ ജനിച്ചവരും 1992 ഡിസംബര്‍ 10ന് മുന്‍പ് ജനിച്ചവരും.
ബി) 1992 ഡിസംബര്‍ 10നോ അതിനുശേഷമോ ജനിച്ചവരില്‍ മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ കുട്ടിയുടെ ജനനസമയം ഇന്ത്യന്‍ പൗരന്‍ ആയിട്ടുള്ളവര്‍.
3. രജിസ്‌ട്രേഷന്‍ വഴിയുള്ള പൗരത്വം.
അനധികൃത കുടിയേറ്റക്കാര്‍ അല്ലാത്തവര്‍ക്ക് കാലാകാലം ഉള്ള നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷ നല്‍കാവുന്നതാണ്.
4. സ്വാഭാവിക പൗരത്വം.
അനധികൃത കുടിയേറ്റക്കാരനല്ലാത്ത ഏതെങ്കിലും ഒരു പ്രായപൂര്‍ത്തിയായ വ്യക്തി അപേക്ഷ നല്‍കിയാല്‍ നിയമത്തിന്റെ മൂന്നാം പട്ടികയില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹതയുള്ള ആളാണെങ്കില്‍ പൗരത്വം നല്‍കും. ഈ ഭാഗം വിവരിക്കുന്ന മൂന്നാംപട്ടികയിലാണ് നിയമഭേദഗതി വരുത്തിയത്.
പൗരത്വനിയമത്തിന്റെ രണ്ടാം വകുപ്പില്‍ ഒരു ഉപവകുപ്പ് കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശ് പാക്കിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നും 2014 ഡിസംബര്‍ 31നുമുമ്പ് ഇന്ത്യയിലേക്ക് കടന്നിട്ടുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജെയിന്‍, പാഴ്‌സി ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടവരെ അനധികൃത കുടിയേറ്റക്കാര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തില്ല.
അതുപോലെതന്നെ നിയമത്തിന്റെ മൂന്നാം ഷെഡ്യൂളില്‍ സ്വാഭാവികമായി പൗരത്വം ലഭിക്കുന്നത് സംബന്ധിച്ച് ഭാഗത്ത് പൗരത്വത്തിന് അപേക്ഷിക്കുന്ന ആളുകള്‍ ഇന്ത്യയില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട കാലയളവ് മേല്പറഞ്ഞ രാജ്യങ്ങളില്‍നിന്നും വരുന്ന മുമ്പ് സൂചിപ്പിച്ച മതവിഭാഗങ്ങള്‍ക്ക് മാത്രമായി 11 വര്‍ഷത്തില്‍നിന്ന് അഞ്ചുവര്‍ഷമായി കുറച്ചു.
അതോടൊപ്പമുള്ള മറ്റൊരു ഭേദഗതി, ഏഴാംവകുപ്പില്‍ വരുത്തിയിരിക്കുന്ന ഭേദഗതി പ്രകാരം ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഛഇക) എന്ന ഗണത്തില്‍പ്പെടുന്നവര്‍ പൗരത്വ നിയമത്തെയോ സമയാസമയങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റ് ഉണ്ടാക്കുന്ന മറ്റു നിയമങ്ങളുടെയോ ലംഘനം നടത്തിയാല്‍ അതിനാല്‍ തന്നെ പൗരത്വം റദ്ദാക്കപ്പെടാം.

ലോക്‌സഭയും രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി നിയമം എങ്ങനെ നിയമവിരുദ്ധമാകും?
ഭരണഘടനയാണ് ലോക്‌സഭയേക്കാളും രാജ്യസഭയേക്കാളും വലുത്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ ഏതൊക്കെയാണ് എന്നു കേശവാനന്ദഭാരതി കേസില്‍ ചീഫ് ജസ്റ്റിസ് സിക്രിയുടെ നേതൃത്വത്തില്‍ സുപ്രീം കോടതിയുടെ 13 അംഗ ബഞ്ച് 1973ല്‍ നിര്‍വചിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരം, റിപ്പബ്ലിക് ജനാധിപത്യ സ്വഭാവമുള്ള ഭരണകൂടം, മതേതരസ്വഭാവം, അധികാര വേര്‍തിരിവ്, ഫെഡറല്‍ സ്വഭാവം എന്നിങ്ങനെ അഞ്ചു കാര്യങ്ങളാണ് പ്രധാനമായും ഭരണഘടനയുടെ അടിസ്ഥാനതത്വം. എത്ര മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിലും അടിസ്ഥാനതത്വങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് നിയമനിര്‍മ്മാണ സഭകള്‍ക്ക് അധികാരമില്ല. പൗരത്വ നിയമഭേദഗതി മതത്തെ അടിസ്ഥാനമാക്കി കൊണ്ടുവരികയും മതത്തിന്റെ പേരില്‍ വിവേചനം ഉണ്ടാവുകയും ചെയ്യുന്നതുവഴി ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളില്‍ ഒന്നായ മതേതരസ്വഭാവത്തിന് എതിരായ നിയമഭേദഗതിയാണിത്. ആര്‍ട്ടിക്കിള്‍ 14 എന്ന മൗലികാവകാശം പറയുന്നത് എല്ലാവരും നിയമത്തിനുമുന്നില്‍ തുല്യമായിരിക്കണം എന്നാണ്. ഈ ഭേദഗതിയില്‍ മതത്തിന്റെ പേരില്‍ ആളുകളെ വിവേചിച്ച് കാണുന്ന രീതിയാണുള്ളത്.

എന്തുകൊണ്ടാണ് തുല്യത എന്ന മൗലികാവകാശത്തിന്റെ ലംഘനമാകുന്നത് ?
1. ഒരു നിയമം തുല്യത എന്ന മൗലികാവകാശത്തിന്റെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണോ എന്ന് മനസിലാക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ ഉപയോഗിക്കാം. (1) ഒന്നാമതായി ഈ നിയമഭേദഗതി സ്വേച്ഛാപരമായത് (Arbtirary) ആണോ എന്നുള്ളതാണ്. രാജ്യത്തിന്റെ അതിര്‍ത്തി പങ്കിടുന്ന നിരവധി രാജ്യങ്ങളില്‍ ഇതില്‍ പല മതവിഭാഗത്തില്‍ ഉള്ളവരും പല കാരണങ്ങളാല്‍ വംശീയ, രാഷ്ട്രീയ, ഭാഷാപരമായ, മതപരമായ പീഡനങ്ങള്‍ നടക്കുമ്പോള്‍ മതപീഡനങ്ങളുണ്ട് എന്ന കാരണത്താല്‍ മൂന്നു രാജ്യങ്ങളെ (അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്) മാത്രം തിരഞ്ഞെടുക്കുകയും ആറു മതങ്ങളെ മാത്രം ഉള്‍പ്പെടുത്തുകയും മുസ്ലീം മതത്തെ ഒഴിവാക്കുകയും ചെയ്തതു വഴി സ്വേച്ഛാപരമായ തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളത്.
2. സുവ്യക്തമായ, നീതിപൂര്‍വമായ വേര്‍തിരിവ് (Intelligible differentia) ആണോ രാജ്യങ്ങളെയും മതങ്ങളെയും തിരഞ്ഞെടുത്ത കാര്യത്തില്‍ ഉണ്ടായിട്ടുള്ളത് എന്നത് അന്വേഷിച്ചാലും മറുപടി സുവ്യക്തമായ, യുക്തിപൂര്‍വമായ തെരഞ്ഞെടുപ്പല്ല എന്നുള്ളതായിരിക്കും. കാരണം വിവിധ തരത്തിലുള്ള പീഡനങ്ങള്‍ നടക്കുമ്പോള്‍ മതപീഡനംമാത്രം തിരഞ്ഞെടുത്തതും ശ്രീലങ്ക, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, ടിബറ്റ് തുടങ്ങിയ അയല്‍രാജ്യങ്ങളിലും മതപീഡനങ്ങള്‍ നടക്കുമ്പോള്‍ മൂന്നു രാജ്യങ്ങള്‍ മാത്രം തിരഞ്ഞെടുത്തതും സുവ്യക്തമായ തെരഞ്ഞെടുപ്പ് അല്ല.
3. വിവിധതരം പീഡനങ്ങളില്‍ മതപീഡനം മാത്രം തിരഞ്ഞെടുത്തത് യുക്തിപൂര്‍വമായ വര്‍ഗീകരണം (Rational nexus) അല്ല. മുസ്ലീം വിഭാഗത്തിലെ തന്നെ അഹമ്മദീയ ഷിയ വിഭാഗങ്ങള്‍ ഈ പറഞ്ഞ മൂന്നു രാജ്യങ്ങളില്‍ തന്നെ പീഡനത്തിന് ഇരയാകുന്നുണ്ട്; എന്നാല്‍ അവയൊന്നും ഉള്‍പ്പെടുത്താതിരുന്നതും യുക്തിപരമായ വര്‍ഗീകരണം അല്ല എന്നു പറയേണ്ടിവരും.
കേശവാനന്ദഭാരതി കേസില്‍ വിധി പറഞ്ഞത് ഇന്ത്യയിലെ സുപ്രീംകോടതി ആണെങ്കില്‍, അതിന് ആധാരമായത് ഈ രാജ്യത്തിന്റെ ഭരണഘടനയാണെങ്കില്‍ ഈ കോടതിയിലും ഭരണഘടനയിലും വിശ്വസിക്കുന്ന ഭാരതീയന് ഈ നിയമഭേദഗതി നിയമവിരുദ്ധമെന്നേ പറയാനാകൂ.

പൗരത്വ നിയമ ഭേദഗതിമൂലം നിലവില്‍ ഇന്ത്യയില്‍ നിയമവിധേയമായി ജീവിക്കുന്നവര്‍ക്ക് എന്താണ് പ്രശ്‌നം?
പൗരത്വ നിയമഭേദഗതിയില്‍ ഒരു മതത്തെ ഒഴിവാക്കി എന്നതുകൊണ്ട് ആ മതവിഭാഗത്തിന് മാത്രമായിരിക്കില്ല ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരിക. പൗരത്വ നിയമഭേദഗതി നടപ്പിലാക്കുന്നത് പൗരത്വ രജിസ്റ്റര്‍ വരുമ്പോഴാണ്. പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാന്‍ എന്തൊക്കെയാണ് മാനദണ്ഡങ്ങള്‍ എന്നത് നിലവില്‍ ആസാമില്‍ മാത്രമാണ് ചൂണ്ടിക്കാണിക്കാവുന്നത്. 14 തരത്തിലുള്ള രേഖകളാണ് ഇതിന് തെളിവായി വരുന്നത്. 1971 മാര്‍ച്ച് 24നുമുമ്പുള്ള രേഖകള്‍ ആയിരിക്കണം ഇത്.

ആ രേഖകള്‍ ഇവയാണ്
1. 1951ലെ പൗരത്വത്തില്‍ പേരുള്ളവര്‍.
2. 1971 മാര്‍ച്ച് 24നുമുന്‍പുള്ള തിരഞ്ഞെടുപ്പ്
പട്ടികയിലുള്ളവര്‍.
3. ഭൂമി ഉടമസ്ഥത രേഖകള്‍.
4. പൗരത്വ സര്‍ട്ടിഫിക്കറ്റ്.
5. സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്.
6. അഭയാര്‍ഥി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.
7. ഏതെങ്കിലും സര്‍ക്കാര്‍ ലൈസന്‍സ് /സര്‍ട്ടിഫിക്കറ്റ്.
8. സര്‍ക്കാര്‍ ഉദ്യോഗം/ ഉപയോഗ സര്‍ട്ടിഫിക്കറ്റ്.
9. ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് അക്കൗണ്ട്.
10. ജനന സര്‍ട്ടിഫിക്കറ്റ്.
11. സ്‌കൂള്‍/യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ്.
12. കോടതി ഉത്തരവുകള്‍.
13. പാസ്‌പോര്‍ട്ട്.
14. ഏതെങ്കിലും എല്‍ഐസി പോളിസി.

നിങ്ങള്‍ക്ക് ഈ രേഖകള്‍ ഉണ്ടോ ?
ഉത്തരം എളുപ്പമായി തോന്നും. ഈ രേഖകളില്‍ ഏതെങ്കിലുമൊക്കെ നിങ്ങള്‍ക്ക് ഇപ്പോള്‍ ഉണ്ടാകാം. എന്നാല്‍ അത് പോരാ. അസമിന്റെ കാര്യത്തില്‍ 1971 ആയിരുന്നുവെങ്കില്‍ (അസം കരാര്‍) കേരളത്തില്‍ അത് പൗരത്വ നിയമത്തിലെ വകുപ്പ് 3(1)എ പൊതുവായി പറഞ്ഞിരിക്കുന്നതുപ്രകാരം 1950 ജനുവരി 26നോ അതിനുശേഷമോ ജനിച്ചവരും എന്നാല്‍ 1987 ജൂലൈ ഒന്നിനുമുമ്പ് ജനിച്ചവരും ആയിരിക്കണം എന്ന കണക്ക് അടിസ്ഥാനമാക്കിയായിരിക്കും. അതിനുശേഷം 2003 വരെയുള്ള കാലയളവില്‍ ജനിച്ചവര്‍ക്ക് പൗരത്വം ലഭിക്കണമെങ്കില്‍ മാതാപിതാക്കള്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കണം. 2003 നുശേഷം ജനിച്ചയാളുടെ മാതാപിതാക്കള്‍ രണ്ടുപേരും ഇന്ത്യന്‍ പൗരന്മാരാവുകയും അവരിലൊരാള്‍ അനധികൃത കുടിയേറ്റക്കാരാകാതിരിക്കുകയും വേണം. ചുരുക്കത്തില്‍ നിങ്ങളോ നിങ്ങളുടെ പൂര്‍വികരോ 1987 ജൂലൈ ഒന്നിനുമുമ്പ് ഇന്ത്യയില്‍ ജനിച്ചു എന്ന് തെളിയിക്കുന്ന രേഖകള്‍ ഉണ്ടാവണം. അസാമില്‍ അത് മേല്‍പ്പറഞ്ഞ 14 രേഖകള്‍ ആണെങ്കില്‍ ഇവിടെ എന്തായിരിക്കുമെന്ന് പറഞ്ഞിട്ടില്ല. ഇന്ന് രാജ്യത്തെ ജനസംഖ്യയില്‍ നല്ലൊരു ശതമാനം 33 വയസിന് താഴെയാണ്. (1987നുശേഷം ജനിച്ചവരെ ഉദ്ദേശിക്കുന്നു). അങ്ങനെയുള്ളവര്‍ തങ്ങളുടെ പൗരത്വം തെളിയിക്കാന്‍ ഏതു മതമാണെങ്കിലും, മാതാപിതാക്കള്‍ ഇന്ത്യന്‍ പൗരന്മാരായിരുന്നു എന്ന സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കണം. അങ്ങനെ തെളിയിക്കാന്‍ പറ്റിയില്ലെങ്കില്‍ മുസ്ലീം ഒഴികെയുള്ള മറ്റു ആറു മതവിഭാഗങ്ങള്‍ക്ക് അവര്‍ അഫ്ഗാനിസ്ഥാനില്‍നിന്നോ ബംഗ്ലാദേശില്‍നിന്നോ പാക്കിസ്ഥാനില്‍നിന്നോ വന്ന അനധികൃത കുടിയേറ്റക്കാരാണ് എന്നു പറഞ്ഞാല്‍ പൗരത്വം ലഭിക്കുമത്രെ. സ്വന്തമായി ഭൂമിയില്ലാത്തവരാണ് ദളിത്-പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടുവരുന്നവരില്‍ ഭൂരിഭാഗവും. അസമില്‍ പറഞ്ഞതുപോലുള്ള രേഖകള്‍ ആണെങ്കില്‍ തന്നെ, പൂര്‍വികന്മാരുടെ പേരില്‍ അതൊക്കെ സംഘടിപ്പിക്കാന്‍ നന്നായി മെനക്കെടേണ്ടിവരും. ദളിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെയും കാര്യത്തില്‍ ആയിരിക്കും ഇത്തരത്തില്‍ രേഖകള്‍ ഹാജരാക്കാന്‍ ഏറെ ബുദ്ധിമുട്ട്. പൗരത്വം തെളിയിക്കാനായില്ലെങ്കില്‍ പാസ്‌പോര്‍ട്ട് നിയമപ്രകാരവും ഫോറിനേഴ്‌സ് നിയമപ്രകാരവും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട അനധികൃത കുടിയേറ്റക്കാരായ പരിഗണിക്കും. അവര്‍ക്കുവേണ്ടി കല്‍ത്തുറുങ്കുകള്‍ തയ്യാറാകുന്നുണ്ട്.

രാജ്യത്തിന് ഒരു പൗരത്വപട്ടിക വേണ്ടേ ?
പ്രസക്തമായ ചോദ്യം. പൗരത്വപട്ടിക പ്രസിദ്ധീകരിക്കാന്‍ മുന്‍പ് ശ്രമിച്ചുവെങ്കിലും പ്രായോഗികമല്ല എന്ന കാരണത്താല്‍ ഉപേക്ഷിച്ചതാണ്. ഇനി എല്ലാത്തരം കഷ്ടപ്പാടുകളും നേരിട്ട് പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കണമെങ്കില്‍, നോട്ടുനിരോധന സമയത്ത് (എന്തിനുവേണ്ടിയായിരുന്നുവെന്ന് അധികാരികള്‍ക്കുപോലും ഇന്ന് മറുപടിയില്ല) ജനം വരിനിന്നതുപോലെ വലിയ വരികള്‍ ഇനിയുമുണ്ടാകും.
ഇന്ത്യയില്‍ ജനിച്ചവരാണെന്ന് കാണിക്കാന്‍ ആധികാരികമായ രേഖകള്‍ പറയുമ്പോള്‍ ഏറ്റവും എളുപ്പത്തില്‍ ആളുകളെ ഉള്‍പ്പെടുത്താന്‍ പറ്റുന്നതായിരിക്കണം. നിലവിലെ വോട്ടര്‍പട്ടികയിലെ പേര്, സ്വയം സമര്‍പ്പിക്കുന്ന സത്യവാങ്മൂലം മുതലായവയൊക്കെ അതിന് ഉപകരിക്കുന്നതാകണം. അവിടെ എല്ലാ മതവിഭാഗക്കാര്‍ക്കും ഒരുപോലുള്ള മാനദണ്ഡങ്ങളായിരിക്കണം എന്നതു പരമപ്രധാനമായ കാര്യം. ഒരു രാജ്യത്തെ പൗരന്മാര്‍ ആരാണെന്ന് തീരുമാനിക്കുന്നതിനുള്ള ബാധ്യത പൗരന്മാരില്‍ മാത്രമായി അടിച്ചേല്‍പ്പിക്കാനുള്ളതല്ല. കോടിക്കണക്കിന് ജനങ്ങളെ പൗരത്വം തെളിയിക്കുന്നതിന് വരിനിര്‍ത്തുന്നതിന് പകരം സാമാന്യമായ രീതിയില്‍ ജാതിമത വേര്‍തിരിവുകള്‍ക്ക് അതീതമായി ഒരു സംവിധാനം ഉണ്ടാക്കുന്നതിന് മുന്നോട്ടു വരികയാണ് ഭരണകൂടം ചെയ്യേണ്ടത്.


Related Articles

ഫ്രാൻസിസ് പാപ്പാ യുഎഇ പ്രസിഡന്‍ഷ്യല്‍ പാലസില്‍

150 ഹെക്ടര്‍ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശത്താണ് 1,60,000 ചതുരശ്രമീറ്റര്‍ വലിപ്പമുള്ള ഈ മന്ദിരം സ്ഥിതിചെയ്യുന്നത്. 2017 ലാണ് ഈ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായത്. സ്ഫടികവും സ്വര്‍ണ്ണവും പതിച്ച

ദേവാലയം ക്യാമ്പാക്കിമാറ്റി വിജയപുരം രൂപതയുടെ ചപ്പാത്തിലെ സെന്റ് ആന്റണീസ് ദൈവാലയം.

കുട്ടിക്കാനം – ദേവാലയം ക്യാമ്പാക്കിമാറ്റി വിജയപുരം രൂപതയുടെ ചപ്പാത്തിലെ സെന്റ് ആന്റണീസ് ദൈവാലയം. കട്ടപ്പന റൂട്ടിലെ ചപ്പാത്ത് പാലം നിറഞ്ഞൊഴുകുമ്പോൾ സെന്റ് ആന്റണീസ് ദൈവാലയ വികാരിയായ റെവ.ഫാ.സെബാസ്റ്റ്യൻ

മൂലമ്പിള്ളി: വല്ലാര്‍പാടം ടെര്‍മിനലിലേക്ക് മാര്‍ച്ച് നടത്തി

എറണാകുളം: വല്ലാര്‍പാടം പദ്ധതിക്കു വേണ്ടി തയ്യാറാക്കിയ പുനരധിവാസപ്പാക്കേജിന് 10 വയസ് തികയുന്നതിനോടനുബന്ധിച്ച് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തി. പുനരധിവാസ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*