ആരാണ് റോമന്‍ കത്തോലിക്കര്‍?

ആരാണ് റോമന്‍ കത്തോലിക്കര്‍?

റോമന്‍ കത്തോലിക്കരെന്നാല്‍ സീറോ മലബാര്‍ സഭയില്‍പെട്ടവരാണെന്നാണ് കേരളത്തില്‍ പൊതുവേ കരുതിപ്പോരുന്നത്. സാധാരണക്കാരായ സീറോ മലബാറുകാരും ലത്തീന്‍കാരും ഇതുതന്നെ വിശ്വസിച്ചുപോരുന്നു. പത്രങ്ങളിലെ വിവാഹപരസ്യങ്ങളില്‍ സീറോ മലബാറുകാരെയാണ് റോമന്‍ കത്തോലിക്കരായി ചിത്രീകരിക്കുന്നതും.
കത്തോലിക്കാസഭയിലെ ബഹുഭൂരിപക്ഷം വരുന്നവരുടെ റീത്താണ് റോമന്‍ റീത്തെന്ന കാര്യം മിക്കവര്‍ക്കും അറിയില്ല. ആ റീത്തിന്റെ ആരാധനാക്രമഭാഷയാണ് ലത്തീന്‍. എന്നുവച്ചാല്‍ റോമന്‍സഭയുടെ അപരനാമമാണ് ലത്തീന്‍സഭ. ആരാധനാക്രമത്തിലും ദൈവശാസ്ത്രത്തിലും ഭരണരീതിയിലുമെല്ലാം തനിമ പുലര്‍ത്തുന്ന സഭയാണിത്.
അതേസമയം ആഗോളവ്യാപകമായ സഭയായതിനാല്‍ ഓരോ നാടിന്റെയും സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്കും ഉചിതമായ ഇടം തിട്ടപ്പെടുത്തിയിട്ടുമുണ്ട്. റോമന്‍ കത്തോലിക്കാസഭയുടെ തലവനും പത്രോസിന്റെ സിംഹാസനത്തിന്റെ നേരവകാശിയുമായ പാപ്പായുമായി ഐക്യത്തില്‍ കഴിയുന്ന 22 പൗരസ്ത്യസഭകളുണ്ട്. വിശാലമായ അര്‍ഥത്തില്‍ ഇവരെയും റോമന്‍ കത്തോലിക്കരെന്ന് പറയാമെന്നാണ് റോമന്‍സഭയെന്ന ലത്തീന്‍ സഭ എന്ന ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തുന്നത്.
റോമന്‍ സഭയുടെ ഉത്ഭവം, വികാസം, തനിമ എന്നിവയെക്കുറിച്ച് സംക്ഷിപ്തമായ വിവരങ്ങള്‍ നല്കുന്നതാണ് റവ. ഡോ. ആന്റണി പാട്ടപ്പറമ്പിലിന്റെ റോമന്‍സഭയെന്ന ലത്തീന്‍ സഭ.
വളരെ ചെറിയ 16 അധ്യായങ്ങളിലായി റോമന്‍ സഭയെന്തെന്ന് വിശദീകരിക്കുന്നതിനോടൊപ്പം മറ്റു പൗരസ്ത്യസഭകളെക്കുറിച്ചും ഗ്രന്ഥകര്‍ത്താവ് വ്യക്തമായ കാഴ്ച വായനക്കാരന് സമ്മാനിക്കുന്നുണ്ട്. കത്തോലിക്കാസഭയുടെ പരമാധ്യക്ഷനും റോമന്‍സഭയുടെ തലവനുമായ പാപ്പായുടെ ആദരശീര്‍ഷകങ്ങള്‍ പ്രത്യേകം നല്കിയിട്ടുണ്ട്.
തിരുസഭ എന്ന ആദ്യഅധ്യായത്തില്‍ സഭ എന്ന പദത്തിന്റെ ഉത്പത്തിയും അര്‍ഥവും ചുരുങ്ങിയ വാക്കുകളില്‍ വിശദമാക്കുന്നു. കത്തോലിക്കാസഭ 24 വ്യക്തിസഭകളുടെ കൂട്ടായ്മയാണെന്നും പാശ്ചാത്യമെന്നും പൗരസ്ത്യമെന്നുമുള്ള വേര്‍തിരിവിന്റെ ചരിത്രപശ്ചാത്തലവും അടുത്ത അധ്യായത്തില്‍ കാണാം. കേരളത്തിലെ സീറോ മലങ്കര റീത്ത് അന്ത്യോക്യന്‍ പാരമ്പര്യം പിന്തുടരുന്നവരാണെന്നും പൗരസ്ത്യ സിറിയന്‍ പാരമ്പര്യം അഥവാ കാല്‍ദിയന്‍ പാരമ്പര്യം പിന്തുടരുന്നവരാണ് സീറോ മലബാര്‍ റീത്തുകാരെന്നും പൗരസ്ത്യസഭകളെന്ന അധ്യായത്തില്‍ പറയുന്നു.
ലത്തീന്‍സഭയുടെ ചരിത്രം യേശുവിന്റെ വരവിന്റെ മുന്നൊരുക്കങ്ങളിലാണെന്ന് ചരിത്രം ചികഞ്ഞ് പരിശോധിച്ച് ഡോ. ആന്റണി പാട്ടപ്പറമ്പില്‍ രേഖപ്പെടുത്തുന്നു. സീനായ് മലമുകളില്‍ ദൈവവുമായി അബ്രഹാം ഉണ്ടാക്കുന്ന ഉടമ്പടിയോളം പാരമ്പര്യമാണ് ലത്തീന്‍സഭയ്ക്ക് ലേഖകന്‍ കല്പിച്ചുകൊടുക്കുന്നത്. യേശുവിന്റെ മരണസമയത്ത് ഉത്ഥാനകാലത്ത് ഏകദേശം 600 പേര്‍ മാത്രമുണ്ടായിരുന്ന ഈ സഭയില്‍ ഇപ്പോള്‍ 120 കോടിയാണ് ജനസംഖ്യ. റോമന്‍സഭയോട് ഐക്യപ്പെട്ടവരും അല്ലാത്തവരുമായ െ്രെകസ്തവരും കോടിക്കണക്കിനുണ്ട്.
പെന്തക്കുസ്താനാളിലാണ് സഭയുടെ ഔദ്യോഗികമായ ആരംഭം. യേശുവിന്റെ ശിഷ്യരും അനുയായികളും അനുഭവിക്കേണ്ടിവന്ന കടുത്ത പീഡകളെക്കുറിച്ചും പത്രോസും പൗലോസും സഭയുടെ നെടുംതൂണുകളായി മാറിയതിനെക്കുറിച്ചും അടുത്ത അധ്യായങ്ങളില്‍ പറയുന്നു. പുരാതനകാലം മുതല്‍ സഭ അനുവര്‍ത്തിച്ചുവരുന്ന ആരാധനാക്രമത്തെക്കുറിച്ചാണ് ഏഴാം അധ്യായത്തില്‍ പറയുന്നത്. മതപീഡനകാലത്ത് രഹസ്യമായി ഭവനങ്ങളിലും ഭൂഗര്‍ഭമുറികളിലുമായിരുന്നു വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയിരുന്നത്. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി എഡി 313ല്‍ മിലാന്‍ വിളംബരം പുറപ്പെടുവിച്ചശേഷമാണ് പൊതു ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. െ്രെകസ്തവര്‍ക്ക് മതസ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതായിരുന്നു മിലാന്‍ വിളംബരം. ഗ്രീക്ക്, ലത്തീന്‍, ഹീബ്രു ഭാഷകളിലായിരുന്നു ആദ്യകാലങ്ങളില്‍ തിരുക്കര്‍മങ്ങള്‍ നടത്തിയിരുന്നത്. റോമില്‍ ആദ്യകാല െ്രെകസ്തവര്‍ ഗ്രീക്ക് ഭാഷയാണ് ഉപയോഗിച്ചിരുന്നത്. ലത്തീന്‍ ഭാഷ പിന്നീടെങ്ങനെ ശക്തിപ്രാപിക്കുന്നുവെന്നും മുഖ്യആരാധനാഭാഷയായി മാറുന്നതെന്നും പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. 1558ഓടുകൂടിയാണ് ആരാധനാക്രമം പരിഷ്‌കരിക്കുന്നത്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ ആഹ്വാനപ്രകാരമാണ് ആരാധനാക്രമം പ്രാദേശികഭാഷകളിലേക്കും എത്തുന്നത്.
ആരാധനാക്രമത്തില്‍ കൂട്ടപ്രാര്‍ഥനയും ഗാനാലാപനവും നടത്തുന്നതുപോലെ പലപ്പോഴും നിശബ്ദതപാലിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചിരിക്കുന്നു. പലര്‍ക്കും ഇത് പുതിയ അറിവായിരിക്കും. അതുപോലെ ശരീരഭാഷ, സംഗീതം, യാമപ്രാര്‍ഥനകള്‍, നോമ്പ് എന്നിവയെക്കുറിച്ചും പരാമര്‍ശിക്കുന്നു. പെസഹാ വ്യാഴാഴ്ച ദിവ്യബലിമധ്യേ സ്ത്രീകളുടെ പാദം കഴുകല്‍ റോമന്‍സഭയില്‍ 2014 ഡിസംബര്‍ 20ന് ആരംഭിച്ചു. ഫ്രാന്‍സിസ് പാപ്പായാണ് ഈ മാതൃക ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചത്. എന്തുകൊണ്ട് സ്ത്രീകളുടെ പാദം കഴുകുന്നു എന്ന ചോദ്യത്തിനും ഡോ. ആന്റണി പാട്ടപ്പറമ്പില്‍ മറുപടി നല്കുന്നു.
അപ്പസ്‌തോലിക പിതാക്കന്മാരെക്കുറിച്ചും ലത്തീന്‍ സഭാപിതാക്കന്മാരെക്കുറിച്ചും പുസ്തകത്തിലൂടെ വിശദീകരിക്കുന്നു. സഭയുടെ നിയമങ്ങള്‍, കലകള്‍, സന്യാസവൈവിധ്യം, ദേവാലയനിര്‍മാണം, ഭാരതസഭയിലെ ഇപ്പോഴത്തെ മെത്രാപ്പോലീത്തമാരുടെയും മെത്രാന്മാരുടെയും രൂപതകളുടെയും സ്ഥാപനങ്ങളുടെയും എണ്ണവും നല്കിയിട്ടുണ്ട്.
മുഖക്കുറിപ്പില്‍ കെആര്‍എല്‍സിസി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം എഴുതുന്നതുപോലെ, യുവാക്കള്‍ക്കും മതബോധന വിദ്യാര്‍ഥികള്‍ക്കും യുവജനപ്രസ്ഥാനങ്ങള്‍ക്കും പാഠ്യപുസ്തകമോ വിവരശേഖരണോപാധിയോ ആക്കാന്‍ സര്‍വഥാ യോഗ്യമായ ചരിത്രകൃതിയാണിത്.
പ്രസിദ്ധീകരണം അയിന്‍ പബ്ലിക്കേഷന്‍സ്. വില 50 രൂപ.
-ബിഎസ്‌


Related Articles

നിങ്ങളുടെ വഴിയെ ഞങ്ങളില്ല.. ഫാ മാർട്ടിൻ

കുരിശുയുദ്ധത്തിന്റെ പശ്ചാതലത്തിൽ ക്രിസ്ത്യാനികളെ മുസ്‌ലിം അടിമത്വത്തിൽ നിന്നും മോചിപ്പിക്കുവാനായി സ്നേഹവും കാരുണ്യവും ആയുധമാക്കുകയാണ് വി പീറ്റർ നൊളാസ്കോയും സംഘവും. മെഴ്സിഡാരിയൻ സന്ന്യാസ സമൂഹത്തിന്റെ പൈതൃകത്തെ കുറിച്ച് ഫാ

അക്കാദമി പുരസ്‌കാരം ചവിട്ടുനാടകത്തിനുള്ള അംഗീകാരം

എറണാകുളം: റവ. ഡോ. വി. പി ജോസഫ്‌ വലിയവീട്ടിലിന്‌ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചപ്പോള്‍ അത്‌ കേരളത്തിലെ ലത്തീല്‍ കത്തോലിക്കരുടെ തനത്‌ കലാരൂപമായ

മഞ്ചേരിയില്‍ ചികിത്സയ്ക്കിടെ മരിച്ച വ്യക്തിയുടെ കൊവിഡ് ഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി (85) ക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*