ആരുമറിയാതെ കടന്നുപോയി നമ്മുടെ മാതൃഭാഷാദിനം

ആരുമറിയാതെ കടന്നുപോയി നമ്മുടെ മാതൃഭാഷാദിനം

ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി സമാചരിച്ചുവരികയാണ്. സ്വത്വാവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പിറന്നാളാണ് മാതൃഭാഷാദിനം. ആത്മാവിന്റെ ഭാഷയെ മൂര്‍ത്തമാക്കുന്ന മാതൃഭാഷാദിനാചരണം എന്നാല്‍, മലയാളിക്ക് വേണ്ടെങ്കിലോ? വൈദേശികമായെന്തും മെച്ചപ്പെട്ടതാണെന്ന മലയാളികളുടെ മിഥ്യാധാരണയ്ക്ക് എന്ന് അറുതിയുണ്ടാകും? ശ്രേഷ്ഠപദവി ലഭിച്ചിട്ടുപോലും മാതൃഭാഷയെ അവഗണിക്കുന്ന മലയാളികള്‍ അറിയേണ്ടതായി പലതുമുണ്ട്.
1852ല്‍ കിഴക്കന്‍ ബംഗാളില്‍ (ഇന്നത്തെ ബംഗ്ലാദേശ്) മാതൃഭാഷയായ ബംഗ്ലാക്കുവേണ്ടി നടന്ന സമരത്തെ തുടര്‍ന്നാണ് ഇത്തരമൊരുദിനം പ്രഖ്യാപിക്കുന്നതിനുള്ള ഉള്‍പ്രേരണ ഐക്യരാഷ്ട്ര സംഘടനയ്ക്കുണ്ടായത്. അന്ന് കിഴക്കന്‍ ബംഗാളില്‍ ഔദ്യോഗികഭാഷയായി പാക്കിസ്ഥാന്റെ ഭാഷയായ ഉറുദു അടിച്ചേല്പിക്കാനുള്ള ശ്രമമാണ് നാലുഭാഷാ സ്‌നേഹികളുടെ മരണത്തിനു കാരണമായത്. പൊതുവായിപ്പറഞ്ഞാല്‍ ലോകമെമ്പാടുമുള്ള ബഹുഭൂരിപക്ഷം രാജ്യങ്ങളിലും സ്വന്തം മാതൃഭാഷയെ പുണര്‍ന്നുകൊണ്ടുള്ള ജീവിതശൈലിയാണ് കാണുക. എഴുപതുകളുടെ ആദ്യം പഠനത്തിനായി ജര്‍മനിയില്‍ ആദ്യമായി കാലുകുത്തിയപ്പോഴാണ് എനിക്ക് മാതൃഭാഷയുടെ പ്രാധാന്യത്തെപ്പറ്റി കൂടുതല്‍ വെളിവുകളുണ്ടായത്. ജര്‍മന്‍കാര്‍ക്ക് അവരുടെ ഭാഷമാത്രം മതി, മറ്റൊന്നും വേണ്ട. പറയുന്നതും ചിന്തിക്കുന്നതും സ്വപ്‌നംകാണുന്നതുമെല്ലാം ജര്‍മന്‍ഭാഷയില്‍ തന്നെ. അവരുടെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസമേഖലകളിലും മാധ്യമങ്ങളിലും ജര്‍മന്‍ മാത്രം. അത്രമാത്രം അവര്‍ മാതൃഭാഷയെ സ്‌നേഹിക്കുന്നു.
എന്നാല്‍ കേരളത്തിലെ അവസ്ഥയെന്താണ്? മാതൃഭാഷയായ മലയാളത്തോട് പലര്‍ക്കും പുച്ഛമല്ലേ? മലയാളിയുടെ ഇംഗ്ലീഷ് അനുകരണഭ്രമത്തെ പരിഹസിക്കുന്ന കുഞ്ഞുണ്ണിക്കവിത പ്രസിദ്ധമാണ്: ‘കൃഷ്ണനെപ്പോലും കണ്ണനാക്കിയേ മലയാളം പണ്ടു കൈകൊണ്ടിടുന്നു; എന്നതു പോയിട്ടിപ്പോള്‍, ഏതൊരു ഫോറിന്‍ വേഡുമപ്പടിയിങ്ങോട്ടെടുത്തമട്ടില്‍ തന്നെ പ്രനൗണ്‍സ് ചെയ്യണമെന്നായി വന്നു. എന്തു കെയ്പബിലിറ്റി, എന്തൊരു കെപ്പേസിറ്റി യെന്തെബിലിറ്റിയെന്റെ മലയാളത്തിന്ന്!’
200 വര്‍ഷക്കാലം ബ്രിട്ടീഷുകാരുടെ അടിമത്തഭരണം ഇന്ത്യയ്ക്കു നല്കിയ വിലക്ഷണ സന്തതിയാണോ ഇംഗ്ലീഷ്ഭാഷ? ഇംഗ്ലീഷ്ഭാഷയെ കുറ്റം പറയുകയല്ല. അത് ലോകോത്തരഭാഷ തന്നെ. അത് ഏവരും അറിഞ്ഞിരിക്കുകയും വേണം. എന്നാല്‍ മാതൃഭാഷയെ വിറ്റുകിട്ടുന്ന കാശുകൊണ്ട് ഇംഗ്ലീഷ് വാങ്ങേണ്ട എന്നുമാത്രമാണ് പറയുന്നത്. മാതൃഭാഷയെ മറന്ന് ഇംഗ്ലീഷിനെ പുണരുന്ന ശൈലി മലയാളി മാറ്റണം. ഇന്ന് കേരളത്തിലെന്താണ് സംഭവിക്കുന്നത്? സ്‌കൂളില്‍ മലയാളം സംസാരിച്ചാല്‍ പിഴതന്നെ ശിക്ഷകൊടുക്കുന്ന അധികൃതരുണ്ടെന്ന് അറിയാമല്ലോ? മാതാപിതാക്കളാണെങ്കില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തേടിയുള്ള നെട്ടോട്ടമാണ്. അങ്ങനെ ചെറുപ്പത്തിലേ തന്നെ മക്കളില്‍ മാതൃഭാഷയോടുള്ള അവജ്ഞ കുത്തിക്കയറ്റുന്നു. പിന്നെങ്ങനെ നമ്മുടെ കുട്ടികള്‍ മലയാളത്തെ സ്‌നേഹിക്കും? ബഹുഭാഷാ രാജ്യമായ ഇന്ത്യയില്‍ ആശയവിനിമയത്തിന് ഇഗ്ലീഷ് ഭാഷ അനിവാര്യമാണെങ്കിലും അതിന്റെ മൂര്‍ത്തീകരണം മാതൃഭാഷയെ ബലികൊടുത്തുകൊണ്ടാവരുത്. സര്‍ക്കാര്‍-വിദ്യാഭ്യാസ-മാധ്യമതലങ്ങളിലെല്ലാം മലയാളം തന്നെയായിരിക്കണം മുഖ്യഭാഷ. അത് പഠിക്കാനും പറയാനും മാതാപിതാക്കളും അധ്യാപകരും മുന്‍കൈയെടുത്ത് കുട്ടികളെ പ്രേരിപ്പിക്കണം.
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്താണ് ഇതു കൂടുതല്‍ വഷളായി കാണുന്നത്. ഇംഗ്ലീഷില്‍മാത്രം പഠിച്ച് പാസാകുന്ന ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ സാധാരണക്കാരായ രോഗികളോട് സംസാരിക്കുന്നത് കാണുമ്പോള്‍ കഷ്ടം തോന്നും. കൂടുതലും ഇംഗ്ലീഷ്പദങ്ങള്‍. പൊതുവേ ഡോക്ടര്‍മാരുടെ ഭാഷ എവിടെയും ഇംഗ്ലീഷായിക്കഴിഞ്ഞു. അതിന്റെ തിക്തഫലങ്ങള്‍ പാവപ്പെട്ട രോഗികള്‍ അനുഭവിക്കുന്നുവെന്നു മാത്രം.
ലോകത്ത് ഏതാണ്ട് 7000ത്തില്‍പരം ഭാഷകളുണ്ട്. ഇന്ത്യയില്‍ ഔദ്യോഗികമായി 22 മുഖ്യഭാഷകളുണ്ട്. എന്നാല്‍ പ്രാദേശികഭാഷകളും ഓരോ ഭാഷയില്‍ തന്നെയുള്ള ഭാഷാഭേദങ്ങളും കണക്കാക്കിയാല്‍ സംഖ്യ 720 കവിയും. ഹിന്ദിയും ഇംഗ്ലീഷുമാണ് രാഷ്ട്രത്തിന്റെ ഔദ്യോഗിക ഭാഷകള്‍. 5000 വര്‍ഷങ്ങള്‍ പഴക്കമുള്ള തമിഴാണ് ഇന്ത്യയിലെ ഏറ്റവും പ്രാചീനഭാഷയെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ സംസ്‌കൃതമാണ് തമിഴിനെക്കാള്‍ പഴയതെന്ന വാദവുമുണ്ട്. മലയാളം ചെന്തമിഴില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന് കരുതപ്പെടുന്നു. മലകളുടെ നാട് എന്നറിയപ്പെടുന്ന മലയാളം ദ്രാവിഡഭാഷയാണ്. ഉച്ചാരണഭേദങ്ങള്‍ കണക്കാക്കിയാല്‍ ഏതാണ്ട് പതിമൂന്നോളം ഭാഷാവ്യതിയാനങ്ങള്‍ മലയാളത്തിലുണ്ട്. കോട്ടയത്തുകാര്‍ ശുദ്ധമലയാളം സംസാരിക്കുന്നു.


Related Articles

എറണാകുളവും കൊവിഡ് മുക്തമാകുന്നു

കൊച്ചി: എറണാകുളം ജില്ല കൊവിഡ് രോഗമുക്തമാകുന്നു. നിലവില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ്-19 ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

മുന്നോക്ക പ്രീണനത്തിന്റെ തുല്യ നീതി

  മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം ചെയ്തുകൊണ്ട് കേരള സ്റ്റേറ്റ് സബോര്‍ഡിനേറ്റ് റൂള്‍സ് ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് വിജ്ഞാപനമിറക്കി.

അധ്വാനത്തിന്റെ മഹത്വം പഠിപ്പിച്ച പുരോഹിതന്‍

              യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ ജോസഫ് നാമധാരിയായ മോണ്‍. തണ്ണിക്കോട്ട് വിടപറഞ്ഞിരിക്കുന്നു. മോണ്‍സിഞ്ഞോര്‍ തിരുസഭയ്ക്ക് ആരായിരുന്നു എന്തായിരുന്നു എന്നുള്ള ചോദ്യങ്ങള്‍ക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*